കാലികം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
കാലികം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2011 ഏപ്രിൽ 28, വ്യാഴാഴ്‌ച

രാജാവ് നഗ്നനാണോ?

നിലവിളികളും നിസ്സഹായതയും കനലുകളായി മനസ്സില്‍ പേറി, ഭരണകൂട ഭീകരതയുടെ ജീവിക്കുന്ന രക്തസാക്ഷികളായ “ഇര“കള്‍ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് കൊണ്ടും,ദുസ്സഹമായ രാഷ്ട്രീയ പേകൂത്തുകള്‍ക്കുമപ്പുറത്ത് മനുഷ്യത്വമെന്ന ഏറ്റവും മൂല്യവത്തായ ഒരു വികാരം ഇന്ത്യയെന്ന “ഇടിവെട്ട്” രാജ്യത്തിന്റെ നിഘണ്ടുവില്‍ നിന്നും എടുത്തമാറ്റപ്പെട്ടുവെന്നുമുള്ള ദുഖ സത്യം തന്ന ഞെട്ടലോടെ എഴുതി തുടങ്ങട്ടെ...

ഒരു പറ്റം കോട്ടും സൂട്ടുമണിഞ്ഞ രാഷ്ട്രത്തലവന്മാര്‍ക്കിടയില്‍ വെറുമൊരു കൌപീനം മാത്രം ധരിച്ച ഒരു തലപ്പാവുധാരിയെ ഒന്നു സങ്കല്‍പ്പിച്ചു നോക്കൂ. അതെ! അതാണ് ഇന്ത്യയെന്ന കൊട്ടിഘോഷിക്കപ്പെടുന്ന ജനാധിപത്യ രാജ്യത്തിന്റെ പ്രധാനമന്ത്രിയുടെ ഇന്നത്തെ അവസ്ഥ. നാറിയ ഭരണകൂടമെന്ന് ഏത് കൊട്ടാ‍ര മട്ടുപ്പാവില്‍ കേറി വിളിച്ചാലും അത് കൂടിപ്പോവില്ലെന്ന ഉറപ്പോടെയാണ് ഇതെഴുതി തുടങ്ങുന്നത്. സ്വന്തം മണ്ണിലും വിണ്ണിലും വിഷം കയറ്റി വിട്ടവരെയും ഇന്നും വിഷമഴ പൊഴിക്കുന്നവരെയും തടയണമെന്ന ഒരു ജനതയുടെ വിലാപത്തെ കണ്ടില്ലെന്ന് നടിക്കുന്നത് ആര്‍ക്കുവേണ്ടിയാണ്? ഏത് രാഷ്ട്രീയത്തിന്റെ, അല്ലെങ്കിലേത് നീതിയുടെ പേരിലാണിതൊന്നും ഞങ്ങളുടെ ജോലിയല്ലെന്ന് ഇവര്‍ ഭാവിക്കുന്നത്?

പൊട്ടിയൊലിക്കുന്ന തൊലിയും, എടുത്താല്‍ പൊങ്ങാത്ത തലയുമായി കിടക്കപ്പായില്‍ തേങ്ങുന്ന തങ്ങളുടെ പിഞ്ചോമനകള്‍ക്ക് കണ്ണീരോടെ കൂട്ടിരിക്കുന്ന ഏതമ്മയുടെ നെഞ്ചിന്‍ കൂട്ടിലേക്കാണ് നിങ്ങളിനിയും ക്രൂരതയുടെ കൂരമ്പുകള്‍ അടിച്ചു കയറ്റുന്നത്, ആരുടെ മുന്നിലാണ് നിങ്ങള്‍ ആര്‍ദ്രതയെയും, ദൈന്യതയേയും കുറിച്ച് വേദാന്തമോതുന്നത്? പട്ടടയ്ക്കു കാവലിരിക്കുന്ന അമ്മമാരോട് പഠന റിപ്പോര്‍ട്ടിന്റെ മഹത്വവും, എന്‍ഡോസള്‍ഫാന്റെ ഗുണഗണങ്ങളെക്കുറിച്ചും നീട്ടി കുരയ്ക്കുന്നവര്‍ ആരോടാണ് കടപ്പാടുകള്‍ കാണിക്കുന്നത്?

ആണവകരാറുണ്ടാക്കാനും ഇറാന്റെ മേക്കിട്ട് കേറാന്‍ സഭയില്‍ കൈ പൊക്കാനും ഒട്ടും ആലോചിക്കേണ്ടി വന്നിട്ടില്ലാത്ത മാന്യദേഹങ്ങള്‍ക്ക് മരിച്ചു ജീവിക്കുന്ന എന്റോസള്‍ഫാന്‍ ഇരകള്‍ക്ക് നീതി നല്‍കാന്‍ ഒരു പാട് പഠനങ്ങളും, കുത്തിനോക്കലുകളും അത്യാവശ്യമത്രേ!! പുതിയ ലോകത്തെ നയിക്കാന്‍ ഷണ്ഡത്വമാണോ ആയുധം? അങ്ങനെയാണോ അമേരിക്കയിലെയും ബ്രിട്ടനിലെയും പാതിരാ ചര്‍ച്ചകളില്‍ പഠിപ്പിച്ചെടുത്തത്? നാഴികയ്ക്ക് നാല്പത് വട്ടം ഗാന്ധിയെ വിളിക്കുന്നവര്‍ ഒരു വടിയും കുത്തി ഏന്തി നടന്ന ആ എല്ലിന്‍ കൂടിലെ മനുഷ്യത്വത്തെ ഇനിയും തിരിച്ചറിഞ്ഞില്ലേ?

മന്ത്രിപ്പണിക്കയച്ച കുറെ കോന്തന്മാര്‍ തലങ്ങും വിലങ്ങും പ്രസ്താവനാ മഹോത്സവങ്ങള്‍ സംഘടിപ്പിച്ച ഒരു കാലമുണ്ടായിരുന്നു ഈ അടുത്ത നാള്‍ വരെ കേരളത്തില്‍. എന്നാലിന്ന് മരുന്നിനെങ്കിലും ഒരെണ്ണത്തിനെപ്പോലും കാണാനില്ല ഒരിടത്തും. പച്ചയ്ക്ക് പറഞ്ഞാല്‍, ഏത് രാഷ്ട്രീയത്തിന്റെ പേരിലായാലും ജനങ്ങള്‍ക്ക് വേണ്ടി ശബ്ദിക്കാന്‍ സുധീരനെപ്പോലെ ഒറ്റ തന്തയ്ക്ക് പിറന്നവര്‍ തന്നെ വേണം.

എല്ലാം മനസ്സിലൊതുക്കി വിധിയ്ക്കു കീഴടങ്ങി വിതുമ്പി ജീവിതം തീര്‍ക്കുന്ന ഒരു ജനതയുടെ വിലാപമല്ല ഇന്ന് കേരളത്തിന്റെ തെരുവോരങ്ങളില്‍ കേള്‍ക്കുന്നത്. ജീവിക്കാനും, ജനിച്ച മണ്ണിനെ സാന്ത്വനിപ്പിക്കാനുമുള്ള മരിക്കാത്ത മനസ്സുകളുടെ പോരാട്ട വീര്യത്തിന്റെ ഗര്‍ജ്ജനമാണവിടെ മുഴങ്ങുന്നത്. അമ്മമാരുടെ ഒടുങ്ങാത്ത കണ്ണീരു കാണാത്ത ഒരു ഭരണകൂടവും നമുക്കു വേണ്ട. പദപ്രയോഗങ്ങളിലൂടെ ഷണ്ഡത്വം മറക്കാന്‍ മിനക്കെടുന്ന രാഷ്ട്രീയ ആരാച്ചാര്‍മാരെ തെരുവില്‍ തന്നെ നമുക്കു കുഴിച്ചു മൂടാം. ഒരു കോര്‍പ്പറേറ്റിന്റെയും മരുന്നു കമ്പനിക്കാരന്റെയും കക്ഷത്തു തിരുകി വെക്കാനുള്ളതല്ല വരും തലമുറയുടെ സ്വപ്നങ്ങള്‍.

ജനാധിപത്യത്തിനു പുല്ലു വിലകല്‍പ്പിക്കുന്ന ഒരു പ്രധാനമന്ത്രിയും രാജാവ് നഗ്നനാണെന്ന് വിളിച്ചു പറയാന് മടിക്കുന്ന മുക്കാല്‍ കാശിനു കൊള്ളാത്ത പരിവാരങ്ങളും ജനമുന്നേറ്റത്തിനു മുന്നില്‍ തല കുനിച്ചേ മതിയാവൂ. ഇത് കാലം നമ്മളെ ഏല്‍പ്പിക്കുന്ന കര്‍മ്മമാണ്. കാണാത്ത കേള്‍ക്കാത്ത അറിയാത്ത, പക്ഷെ ചോരയും മാസവും നമ്മുടേത് പോലെ തന്നെയുള്ള നമ്മുടെ കൂടപ്പിറപ്പുകളുടെ വേദന നമ്മുടെ സിരകളില്‍ അഗ്നിയായി പടരട്ടെ. എന്‍ഡോസള്‍ഫാന്‍, നമുക്കിനി വേണ്ടേ വേണ്ട.

2010 ഏപ്രിൽ 17, ശനിയാഴ്‌ച

കാറ്റുപോയോ

കാര്‍മേഘങ്ങളും കാറ്റും കോളും എല്ലാം അടങ്ങിയിരിക്കുന്നു. രക്തദാഹികളും, ശവം തീനികളും, വിഷപാമ്പുകളും പത്തിമടക്കി പൊത്തിലൊളിച്ചിരിക്കുന്നു. വാര്‍ത്തകള്‍ സൃഷ്ടിച്ചവരും, വാര്‍ത്തകളുടെ പിന്നാമ്പുറങ്ങള്‍ തേടുന്നവരും, വാര്‍ത്തകളുടെ തലനാരിഴ കീറി മുറിക്കുന്നവരും ഇനി എന്തു പറയും എന്ന് കേള്‍ക്കാനും കാണാനും നമുക്ക് കാത്തിരിക്കാം. ഊഹക്കച്ചവടവും, ഊതിപ്പെരുപ്പിച്ച നുണകളും ഇനി ഏതറ്റത്തു പോയി തട്ടിയുടയും എന്നറിയാന്‍ കാത്തിരുന്നേ മതിയാകൂ.

ഇന്ത്യ കണ്ട ഏറ്റവും വലിയ അഴിമതി വീരനെ കുരിശില്‍ തറയ്ക്കുമെന്ന് പ്രതിഞ്ജ ചെയ്ത രാഷ്ട്രീയ മാധ്യമ മാഫിയ കൂട്ടുകെട്ടിനെ പൊതു ജനം പൊന്നാടയിട്ട് സ്വീകരിക്കുക തന്നെ വേണം. പിണറായി വിജയനെന്ന സമുന്നതനായ നേതാവിനെ ക്രൂശിച്ചു രസിച്ചവരുടെ മുന്നില്‍ നട്ടെല്ലു വളയ്ക്കാതെ, ലാവ്ലിന്‍ കേസിനെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്ന് അര്‍ത്ഥശങ്കയ്ക്കിടയില്ലാതെ പ്രഖ്യാപിച്ച സി.പി.എമ്മിന്റെ ചങ്കൂറ്റം കണ്ട്, അത് കുറ്റവാളിയെ രക്ഷിക്കാനുള്ള അടവ് നയമാണെന്ന് പരിഹസിച്ചവര്‍ ഇനിയെങ്ങനെ തലപൊക്കി നടക്കും. മടിയില്‍ കനമുള്ളവനേ ഭയക്കേണ്ടൂ എന്ന് ആവര്‍ത്തിച്ച പിണറായി ആദര്‍ശ രാഷ്ട്രീയം പ്രസംഗിച്ച് നടക്കുന്നവരുടെ കൂട്ടത്തിലല്ല. മറിച്ച് ആദര്‍ശരാഷ്ട്രീയം ജീവിതത്തില്‍ പ്രയോഗിച്ച് കാണിക്കുന്ന അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ രാഷ്രീയ പര്യായങ്ങളില്‍ ഒന്നാകുന്നു. സി.പി.എം എന്ന രാഷ്ട്രീയ പ്രസ്ഥാനത്തെ തേജോവധം ചെയ്യാന്‍ പല്ലും നഖവും പ്രയോഗിക്കുന്നവരുടെ ചെകിട്ടത്ത് കിട്ടിയ അടിയാണ് സി.ബി.ഐ കോടതിയില്‍ നല്‍കിയ മൊഴി. എന്നിട്ടും മുഖ്യധാരാ മാധ്യമങ്ങള്‍ നല്‍കിയ വാര്‍ത്തകള്‍ “പിണറായി പണം വാങ്ങിയതിന് തെളിവില്ല” എന്നു മാത്രമാണ്. അവിടെയും സംശയം നിലനിര്‍ത്തി ഇത്തിരിയെങ്കിലും പുകമറ സൃഷ്ടിക്കാനുള്ള വൃഥാശ്രമം. പണം വാങ്ങി പക്ഷെ തെളിവില്ല എന്ന മട്ടില്‍.

എന്തിനായിരുന്നു ഈ പടപ്പുറപ്പാട്. സ്വന്തം ചെയ്തികളില്‍ ഒരിക്കല്‍ പോലും കുറ്റബോധം തോന്നാത്ത അഴിമതിക്കാരുടെ കൂടാരങ്ങളെ സംരക്ഷിക്കാനോ? അതോ കമ്മ്യൂണിസ്റ്റുകാരും അഴിമതിയുടെ ഭാഗമാണെന്നു വരുത്തി രാഷ്ട്രീയ സാമൂഹ്യ കേരളത്തില്‍ അരാജകത്വം സൃഷ്ടിച്ച് അതില്‍ മുതലെടുപ്പ് നടത്താന്‍ മത വര്‍ഗ്ഗീയ ശക്തികള്‍ക്കും സാമ്രാജത്വ ശക്തികള്‍ക്കും വളക്കൂറുള്ള മണ്ണൊരുക്കാനോ? കേരളത്തിലെ ഇടത്പക്ഷ മനോഭാവികള്‍ക്കിടയില്‍ അതിശക്തമായ ചലനമുണ്ടാക്കാന്‍ മാധ്യമങ്ങളുടെ അതിശക്തമായ പ്രചാരവേലയിലൂടെ കഴിഞ്ഞു എന്നത് നിസ്തര്‍ക്കമാണ്. പിണറായി കള്ളനാണെന്നും, പാര്‍ട്ടി പടുത്തുയര്‍ത്തിയ പത്ര-മാധ്യമ ശ്രൃംഗലകള്‍ മൊത്തം കള്ളം പണത്തിലൂടെ ഉണ്ടാക്കിയതാണെന്നുമുള്ള പ്രചാരങ്ങള്‍ ഒളിഞ്ഞും തെളിഞ്ഞും തൊടുത്തു വിടാന്‍ ഒരറപ്പും ഇക്കൂട്ടര്‍ കാണിച്ചില്ല. കൃത്യമായ അജണ്ടയിലൂടെ സി.പി.എമ്മിനെയും അതിന്റെ നേതാക്കളേയും താറടിച്ച് മൂലക്കിരുത്താമെന്ന മാസ്റ്റര്‍പ്ലാന്‍. അതിനെ ചങ്കൂറ്റത്തോടെ നേരിട്ട പിണറായിക്കും പ്രസ്ഥാനത്തിനും അഭിമാനിക്കാം. സത്യത്തിന്റെ മുഖം ഇടതുപക്ഷത്തിന്റെ സ്വന്തമാണെന്ന് അടിവരയിട്ടു പറഞ്ഞ് പാര്‍ട്ടിക്കിനി ജനങ്ങള്‍ക്കിടയിലേക്കിറങ്ങാം.

ഒപ്പം കമ്യൂണിസ്റ്റ് മുഖം മൂടിയണിഞ്ഞ് വൃത്തിഹീനമായ വഴികളിലൂടെ സഞ്ചരിക്കുന്ന ഒരുകൂട്ടം ശിങ്കിടികളെ ചവറ്റു കൊട്ടയിലേക്കെറിയാനും പാര്‍ട്ടി തയ്യാറാവണം. അനാവശ്യമായ വിവാദങ്ങള്‍ സൃഷ്ടിച്ച് എല്ലാ നന്മകളെയും വെട്ടി നിരത്താന്‍ സദാ ജാഗരൂകരായി ഒരു പടതന്നെ നിലയുറപ്പിച്ചത് മറന്നു കൂടാ. ചില നേതാക്കളുടെ മക്കളും, മരുമക്കളും ആശ്രിതരും ചേര്‍ന്ന് നടത്തുന്ന നെറികെട്ട ചില കൂട്ടുകെട്ടുകളും സംരംഭങ്ങളും അസത്യമാണെന്ന് പുരപ്പുറത്ത് കയറി വിളിച്ചു കൂവിയാലും, അതില്‍ അല്പമെങ്കിലും സത്യമുണ്ടെന്നത് അംഗീകരിച്ചേ മതിയാവൂ. അവരെ നിലയ്ക്കു നിര്‍ത്താനുള്ള ബാധ്യത കൂടെ പ്രസ്ഥാനം സമയം കളയാതെ ഏറ്റെടുക്കണം.

കേരളത്തെ അപ്പാടെ പിണറായി വിഴുങ്ങിയെന്ന് കലിതുള്ളീ ഉറഞ്ഞ് എഴുതിപ്പരത്തിയവരും, “ന്യൂ ജനറേഷന്‍ ഇടത് ചിന്തകരും“ അന്തിചര്‍ച്ചകളിലെ വെറും വെളിച്ചപ്പാടുകള്‍ മാത്രമായിരുന്നുവെന്ന് തിരിച്ചറിയേണ്ടിയിരിക്കുന്നു. തെളിവുകളുടെ കുത്തൊഴുക്കുകളും മാലപ്പടക്കളും കണ്ട് മഞ്ഞളിച്ചു പോയ മലയാളക്കരയോട് ചുരുങ്ങിയ പക്ഷം ഒരു മാപ്പ് പറയാനുള്ള സാമാന്യ മര്യാദയെങ്കിലും ചാനല്‍ വ്യഭിചാരം തൊഴിലാക്കിയ എക്സ് വിപ്ലവകാരികള്‍ കാണിക്കുമോ എന്ന് നമുക്ക് നോക്കാം.ഒരു കാലത്ത് വിപ്ലവത്തിന് വീര്യം പോരെന്ന് പറഞ്ഞവരും, പാര്‍ട്ടിക്കകത്ത് ഒളിയുദ്ധം നടത്തി കുപ്പത്തൊട്ടിയിലേക്ക് വലിച്ചെറിയപ്പെട്ടവരും ഒരേ നാ‍ക്കും നോക്കുമായി സി.പി.എമ്മിനും പിണറായിക്കുമെതിരെ ചാനലുകളിലും പത്രത്താളുകളിലും വിശുദ്ധമാലാഖകള്‍ ചമഞ്ഞപ്പോള്‍ ചോദ്യം ചെയ്യപ്പെട്ടത് മലയാളിയുടെ സാമാന്യബോധത്തെയായിരുന്നില്ലേ? എന്നിട്ടും പലരും പലതും വിശ്വസിച്ചു. വരിയുടയ്ക്കപ്പെട്ടവന്റെ ശൌര്യവുമായി വരുന്ന എക്സ് വിപ്ലവകാരികളെയും, മാധ്യമ-രാഷ്ട്രീയ കൂട്ടുകെട്ടുകളേയും സഹിക്കേണ്ട ബാധ്യത ഇനി നമുക്കുണ്ടാവില്ലെന്ന് മാത്രം പ്രത്യാശിക്കാം.

പിണറായിക്ക് നയിക്കാം...രക്തക്കൊതിയന്മാരുടെ പല്ലു പിഴുതെടുത്ത ആത്മവിശ്വാസവുമായി.കൈമോശം വരാത്ത ആദര്‍ശ ശുദ്ധിയുടെ പത്തരമാറ്റില്‍ സി.പി.എമ്മിന് നെഞ്ചൂക്കോടെ പ്രതിയോഗികളെ വെല്ലുവിളിക്കാം. പാര്‍ട്ടിയ്ക്കിതെന്തു പറ്റിയെന്ന് ഒരു നിമിഷമെങ്കിലും വേദനിച്ചു പോയവര്‍ക്ക് ആശ്വസിക്കാം. നമ്മളിഷ്ടപ്പെട്ടത്, നമ്മള്‍ സ്നേഹിച്ചത് ഒന്നും വെറുതെയായില്ലെന്ന്. സഖാവ് വി.എസി ന് വരികള്‍ക്കിടയില്‍ അര്‍ത്ഥം പെറുക്കുന്ന പത്രക്കാരോട് തുറന്ന് പറയാം...ഞങ്ങളുടെ പാര്‍ട്ടി സിക്രട്ടറി അഴിമതിയുടെ കറപുരളാ‍ത്ത കമ്യൂണിസ്റ്റ്കാരനാണെന്ന്.

2010 ഏപ്രിൽ 5, തിങ്കളാഴ്‌ച

സംഘടനകള്‍ എവിടെ?

അനുകരണങ്ങളില്ലാത്ത വിധം സാമൂഹ്യ രാഷ്ട്രീയ പ്രശ്നങ്ങളില്‍ ഇടപെടുകയും, ജനകീയമായ ഇടപെടലുകളിലൂടെ പ്രശ്നങ്ങള്‍ക്ക് തീര്‍പ്പുണ്ടാക്കുകയും ചെയ്യുന്ന ഒരു രീതി കേരളീയ യുവജന സംഘടനകളുടെ പ്രത്യേകതകളില്‍ ഒന്നായിരുന്നു. എന്നും എവിടെയും പറയപ്പെടുമ്പോലെ, പണ്ടത്തെ രാഷ്ട്രീയപ്പാര്‍ട്ടികളും സംഘടനകളും വ്യക്തികളും നേതാക്കളുമായിരുന്നു നല്ലതെന്നും ഇപ്പോഴുള്ളവര്‍ എല്ലാം മോശപ്പെട്ടവരാണെന്നുമുള്ള അഭിപ്രായങ്ങളെ മുഖവിലക്കു പോലും എടുക്കേണ്ടതില്ല. കാരണം നല്ലതും ചീത്തയും ഒരു നാണയത്തിന്റെ ഇരു വശങ്ങള്‍ പോലാണ്. ഒരു കൂട്ടരുടെ “നന്മ” മറ്റുള്ളവര്‍ക്ക് നന്മയാകണമെന്നുമില്ലല്ലോ. ഇവിടെ ചര്‍ച്ച ചെയ്യുന്ന വിഷയം വളരെ വികാരപരമായ, തീര്‍ത്തും അത്യാവശ്യമായ ഒന്നാണ്. പ്രകൃതിയോടും ചുറ്റുപാടുകളോടുമുള്ള മാറേണ്ട നമ്മുടെ കാഴ്ചപ്പാട്.

2009 ജനുവരി 1, വ്യാഴാഴ്‌ച

ഗാസയുടെ സ്വപ്നങ്ങള്‍

നിറങ്ങളുംസ്വപ്നങ്ങളുമില്ലാത്ത ഭാവിയെക്കുറിച്ച്...
ആശങ്കകള്‍ പകുത്തെടുക്കാന്‍ കൂടപ്പിറപ്പുകളില്ലാത്ത ഞങ്ങളെക്കുറിച്ച്...
നിലയ്ക്കാത്ത വെടിയൊച്ചകളില്‍ അലിഞ്ഞില്ലാതാവുന്ന പ്രിയപ്പെട്ടവരുടെ ദീനരോദനങ്ങളെക്കുറിച്ച്...
അപ്രിയസത്യങ്ങള്‍ക്ക് നേരെ കണ്ണടയ്ക്കുന്ന എന്റെ ലോകത്തിന്റെ നെറികേടിനേക്കുറിച്ച്...
പ്രാണവായുവിനു പോലും അധിനിവേശക്കാരനോട് ഇരക്കേണ്ടി വരുന്ന ഗതികേടിനെക്കുറിച്ച്..
എന്റെ പേര്, പാലസ്തീന്‍...

പിറന്നു വീഴുന്ന ഓരോ കുഞ്ഞും അഭയാര്‍ത്ഥികളാകണമെന്ന ക്രൂരതയെ കണ്ടില്ലെന്നു നടിക്കാം
പിറന്ന മണ്ണില്‍ ജീവിക്കാനായ് കല്ലുകളുമായ് യുദ്ധം നയിക്കുന്നവരെ കടന്നുകയറ്റക്കാരനാക്കുന്ന
പുതിയ നീതിശാസ്ത്രവും അംഗീകരിക്കാം.
വികൃതമായ ഒരു ഭൂപടം പോലും സ്വന്തമായില്ലാത്ത ഒരു ജനതയുടെ ആത്മരോഷത്തെയും അവഗണിക്കാം.

പക്ഷെ, ഞങ്ങള്‍ കുഞ്ഞുങ്ങള്‍ എന്തു പിഴച്ചു?

അക്ഷരങ്ങള്‍ പഠിക്കേണ്ട ഞങ്ങളിന്ന് കല്ലെറിയാന്‍ പഠിക്കുന്നു.
ചോരകൊണ്ട് ചിത്രങ്ങള്‍ വരക്കുന്നു...
പൊട്ടിയൊലിക്കുന്ന തലച്ചോറുകള്‍ ഞങ്ങള്‍ക്ക് പൊതിച്ചോറിനേക്കാളും പരിചിതമായിരിക്കുന്നു.
ഞങ്ങളുടെ ബാല്യവും കൌമാരവും ചോരപ്പൂക്കള്‍ മാത്രം സ്വപ്നം കാണാന്‍ ശീലിച്ചു തുടങ്ങിയിരിക്കുന്നു

പ്രിയപ്പെട്ട ഇസ്രയേല്‍,
നിന്നെ ഞങ്ങള്‍ പ്രണയിച്ചേനെ...ആരെക്കാളുമേറെ.
നീ വര്‍ഷിക്കുന്ന ബോബുകള്‍ക്കും മിസൈലുകള്‍ക്കും പകരം
ഞങ്ങളുടെ നരച്ചു നിറം കെട്ട കോട്ടിനുള്ളിലെ
തുന്നിക്കെട്ടിയ കുടലിന്റെ പട്ടിണി മാറ്റാന്‍
റൊട്ടിയും ആഹാരപ്പൊതികളും വലിച്ചെറിഞ്ഞെങ്കില്‍...
നിന്നെ ഞങ്ങള്‍ സ്നേഹം കൊണ്ട് പൊതിഞ്ഞേനെ.

2007 ഒക്‌ടോബർ 7, ഞായറാഴ്‌ച

വാക്കുകളുടെ പെരുമഴക്കാലം...

അതെ, യുക്തിഭദ്രമായ, സ്ഫോടനാത്മകമായ വാക്കുകളുടെ പെരുമഴക്കാലം ഇവിടെ അവസാനിക്കുന്നു.
ഭാവനാ സമ്പന്നമായ, തീക്ഷണമായ അക്ഷരങ്ങള്‍ കൊണ്ട് മലയാള മസ്തിഷ്കങ്ങളോട് സദാ ജാഗരൂകരായിരിക്കണമെന്ന് പെരുമ്പറകൊട്ടിയ മാനുഷികാശയങ്ങളുടെ സൂക്ഷിപ്പുകാരന്‍ അരങ്ങൊഴിഞ്ഞിരിക്കുന്നു. തനിക്ക് ശേഷം പ്രളയമല്ലെന്നും, വരും തലമുറയുടെ ഇടര്‍ച്ചയില്ലാത്ത പോരാട്ടങ്ങളാണെന്നും സ്വപ്നം കണ്ട വിജയന്‍ മാഷ്. ലാളിത്യമെന്നാല്‍ ജീവിതചര്യയിലൂടെ തെളിയിക്കേണ്ട നൈര്‍മല്യമാണെന്ന് ഓരോ നിമിഷവും മലയാളത്തെ ഓര്‍മ്മപ്പെടുത്തിയ മഹാശയന്‍. അതിജീവനത്തിന്റെ പുതിയ മന്ത്രധ്വനികള്‍ കേട്ട് അധികാരത്തിന്റെ ഇരുണ്ട ഇടനാഴികളിലിരുന്ന് അധിനിവേശത്തിന്റെ പുതിയ തന്ത്രങ്ങള്‍ പണിയുന്ന നരിച്ചീറുകള്‍പോലും ഇളകിമറിഞ്ഞത് ചരിത്രം. സന്ധിചെയ്യലും ഒറ്റിക്കൊടുക്കലും മാര്‍ക്സിയന്‍ തത്വശാസ്ത്രത്തിന്റെ ഇഴപിരിയാത്ത ചരടിലെ പോറലുകളാണെന്ന് ഉറക്കെ വിളിച്ചു പറയാന്‍ ചങ്കുറപ്പു കാട്ടിയ മലയാളത്തിന്റെ മനുഷ്യസ്നേഹിയായ സ്വന്തം വിജയന്‍മാഷ്. തന്റെ ജന്മം ഒന്നും തച്ചുടക്കാനല്ലെന്നും വേദനിക്കുന്ന മനുഷ്യന്റെ മരവിപ്പു കാണാത്ത ഇസങ്ങളോടുള്ള തീരാത്ത പകയാണെന്നും വേദനിച്ച പാവം മനുഷ്യന്‍. വഴിതെറ്റി പിരിഞ്ഞപ്പോഴും മാര്‍ക്സിസം മാത്രമാണ് നന്മയുടെ തുരുത്തെന്ന് ലോകത്തെ ബോധ്യപ്പെടുത്തിയ അമാനുഷികനല്ലാത്ത സാത്വികന്‍. എരിയുന്ന വയറിനെ നോക്കി പുച്ഛിക്കുന്നവനെ ചട്ടുകം കൊണ്ടടിക്കണമെന്നു തന്നെ ഉറക്കെ വിളിച്ചു പറയുന്ന ഉശിരുള്ള വിപ്ലവകാരി.ജീവിതവും മരണവും സമരമാണെന്ന ഓര്‍മ്മപ്പെടുത്തലുകള്‍ മലയാളമനസ്സാക്ഷിയെ എന്നും വിടാതെ പിന്തുടരാതിരിക്കില്ല.

വാക്കുകള്‍ക്കിവിടെ ഇടര്‍ച്ച വന്നു കൂട. സ്വപ്നങ്ങള്‍ നേര്‍ത്തു കൂട. അഗ്നിപടര്‍ത്തിയ ചിന്തകളും ചിന്താ ശകലങ്ങളും വികലമായ ചിന്താധാരയെ സൃഷ്ടിക്കുന്നവരുടെ കൈകളിലെത്തിക്കൂടാ. സ്വാര്‍ത്ഥമായ ഒന്നിന്റെയും കൂടെചേര്‍ത്തു വായിച്ചുകൂട ഈ നല്ല മനുഷ്യന്റെ പേരുപോലും. മണ്ണിനെയും വിണ്ണിനെയും, ജലത്തെയും, പൈതൃകത്തേയും നമ്മുടേതായ എല്ലാത്തിനെയും സംരക്ഷിക്കേണ്ട ഭാരിച്ച ചുമതല നിറവേറ്റാനുള്ള ഉത്തരവാദിത്വം നമുക്കാണ്. ഈ തലമുറയ്ക്കാണ്. അതിന് കഴിയാതെ വന്നാല്‍ അത് വേദനയ്ക്കിടയിലും ചിന്തകളെ സമൂഹത്തിന്റെ രാസത്വരകമാക്കിയ മാഷിനോട് ചെയ്യുന്ന നീതികേടാവും.

നിറയാത്ത കണ്ണുകളോടെ, വിതുമ്പാത്ത ഹൃദയത്തോടെ മാഷുടെ സ്വപ്നങ്ങള്‍ക്ക് നമുക്ക് നിറം പകരാം...

2007 ജൂലൈ 7, ശനിയാഴ്‌ച

വെറുതെ...

നേരിന്റെ നേര്‍വഴി
സാമൂഹ്യമായ ഒരു പാട് പ്രതിബദ്ധതകള്‍ നിറവേറ്റാ‍ന്‍ ബാധ്യതയുള്ള ഒരു പ്രസ്ഥാനത്തിനും അതിന്റെ സാരഥികള്‍ക്കുമാണോ പിഴച്ചത്, അതോ കമ്മൂണിസത്തെ വേരോടെ പിഴുതെറിയാന്‍ ഒരുമ്പെട്ടിറങ്ങിയ ഒരു കൂട്ടം മാധ്യമ-രാഷ്ട്രീയ-അശ്ലീല കൂട്ടുകെട്ടിന്റെ വഴിപിഴച്ച സൂത്രവാക്യം മാത്രമാണോ ഇത്? പ്രതീക്ഷയോടെ കാത്തിരിക്കുന്ന സമൂഹത്തെ സത്യം ബോധിപ്പിക്കാനുള്ള ധാര്‍മ്മിക ഉത്തരവാദിത്വം, പാര്‍ട്ടിക്കും അതിന്റെ നേതാക്കള്‍ക്കുമുണ്ട്. എന്തൊക്കെ വരട്ടുവാദങ്ങള്‍ നിരത്തിയാലും, ആദര്‍ശത്തിന്റെ മാലപ്പടക്കങ്ങള്‍ പൊട്ടിച്ചാലും ഓരോ ജനനേതാവിന്റെയും കൈ സംശുദ്ധമാണെന്ന് തെളിയിക്കേണ്ടത് പാര്‍ട്ടിയുടെ നിലനില്‍പ്പിനു തന്നെ അത്യാവശ്യമായിരിക്കുന്നു. വെറും ആരോപണം എന്നതിലുമപ്പുറം പലതും ജനമനസ്സുകളില്‍ നീറ്റലുണ്ടാക്കിയിരിക്കുന്നു. അതിന് പ്രതിവിധി കണ്ടെത്തേണ്ടത് പാര്‍ട്ടിയും അതിനെ നയിക്കുന്നവരും തന്നെയാണ്.നേരിന്റെ നേര്‍വഴി കാട്ടിയ ചില തീരുമാനങ്ങളെ മാധ്യമ ലോകം ഒന്നടങ്കം വെളിച്ചം കാണിക്കാതെ ചവറ്റുകൊട്ടയില്‍ എറിഞ്ഞപ്പോഴും ജനം അത് തിരിച്ചറിഞ്ഞിരുന്നു. പാര്‍ട്ടി ചട്ടക്കൂടും പ്രത്യയശാസ്ത്ര വാദങ്ങളും നിരത്തിയുള്ള ഒരൊളിച്ചോട്ടമല്ല ഇന്നാവശ്യം- നേരു തേടലും, നേരിന്റെ മുഖമാണ് പാര്‍ട്ടിയെന്ന് തെളിയിക്കലുമാണ്.
അഭിപ്രായങ്ങളും, നിര്‍ദ്ദേശങ്ങളും ആശയസംവാദത്തിനുള്ള തുടക്കമായേക്കാം...
എഴുതുക.
ചിത്രം: ഫോട്ടോഷോപ്പിന്റെ മനോഹാരിത!!


പ്രവാസം

ചിത്രം: ഫോട്ടോഷോപ്പിന്റെ മനോഹാരിത!!

പ്രവാസം എന്നുമൊറ്റപ്പെടലിന്റെ വേദനയാണല്ലോ...ദുരിതപൂര്‍ണ്ണമായ ഇവിടത്തെ ജീവിതാവസ്ഥയെക്കുറിച്ച് ആരും ബോധവാന്മാരുമാവുന്നില്ല. നല്ല നാളുകളെ മുഴുവന്‍ ആര്‍ക്കോ ബലികൊടുത്ത് മരുഭൂമിയുടെ പുറമ്പോക്കില്‍, കരയാനും ചിരിക്കാനുമാകാതെ ഒരു സമൂഹം.

ചുട്ടുപൊള്ളുന്ന വേനലില്‍ അസ്ഥികള്‍പോലും വെന്തുരുകുന്ന നിസ്സഹായാവസ്ഥയിലും നാടിനെക്കുറിച്ചും ഉറ്റവരെക്കുറിച്ചും അവരുടെ ജീവിതത്തെക്കുറിച്ചും മാത്രം ആശങ്കപ്പെടുന്ന പ്രവാസി.

എന്നെങ്കിലും നടന്നേക്കാവുന്ന ഒരു മടക്കയാത്രയെക്കുറിച്ചുള്ളാ സ്വപ്നങ്ങള്‍. സ്വപ്നങ്ങള്‍ക്കു മുഴുപ്പ് നല്‍കാന്‍ “ഗൃഹാതുരത്വം” കച്ചവടമാക്കിയ ദൃശ്യ ശ്രാവ്യ മാധ്യമങ്ങള്‍.

എല്ലാം കഴിയുമ്പോള്‍ പ്രവാസം വീണ്ടുമൊരു സത്യമാവുന്നു. തിരിച്ചറിയപ്പെടാതെ പോവുന്ന വേദനകളുടെ ശവപ്പറമ്പ്.