2007, മേയ് 25, വെള്ളിയാഴ്‌ച

അരാഷ്ട്രീയതയുടെ രാഷ്ട്രീയം

ലോകം മുഴുവന്‍ പലതിന്റെയും പേരില്‍ ഒരു തരം ധ്രുവീകരണത്തിന് വിധേയമാകുന്ന ഈ കാലത്ത് അരാഷ്ട്രീയതയുടെ രാഷ്ട്രീയം ചര്‍ച്ച ചെയ്യപ്പെടേണ്ടത് അനിവാര്യതയായി മാറുന്നു. ആഗോളവല്‍ക്കരണവും ഉദാരവല്‍ക്കരണവും സമൂഹത്തിന്റെ സമസ്ത മേഖലയെയും നന്മകളില്‍ അധിഷ്ഠിതമല്ലാത്ത മാറ്റത്തിനു വിധേയമാക്കി കൊണ്ടിരിക്കുന്നു. വേര്‍തിരിവുകള്‍ നേര്‍ത്തു നേര്‍ത്ത് ഇല്ലാതാവുമെന്ന പ്രതീക്ഷ നല്‍കിയവര്‍ ഇന്നു മൌനത്തിന്റെ വല്‍മീകത്തിനുള്ളിലേക്ക് ഉള്‍വലിഞ്ഞു.

വേര്‍തിരിവുകള്‍ പഴയതില്‍ നിന്നും ഒരുപാട് മാറി, അതു സാമൂഹത്തിന്റെ സ്വസ്ഥതയെ തന്നെ കീഴ്മേല്‍ മറിച്ചു കളഞ്ഞു എന്നതാണ് വാസ്തവം. സര്‍ക്കാരുകളുടെ സാമൂഹ്യമായ ഉത്തരവാദിത്വത്തില്‍ നിന്നും തീര്‍ത്തും പിന്‍‌വാങ്ങി, വ്യാപാരത്തിനും വ്യവസായത്തിനും പ്രാധാന്യം നല്‍കി സാമ്പത്തിക നേട്ടമുള്ള പ്രക്രിയകള്‍ക്കു മാത്രം ഊന്നല്‍ നല്‍കിക്കൊണ്ടിരിക്കുന്ന ബജറ്റുകള്‍ ലോകത്തെമ്പാടുമുള്ള ഭരണകര്‍ത്താക്കള്‍ ആവിഷ്കരിച്ച് നടപ്പാക്കുകയും, അതിന്റെ ഗുണഭോക്താക്കള്‍ സമൂഹത്തിലെ ന്യൂനപക്ഷങ്ങള്‍ (മത ന്യൂനപക്ഷങ്ങള്‍ എന്നര്‍ത്ഥമില്ല) മാത്രമാവുകയും, ബഹുഭൂരിപക്ഷം വരുന്ന സാധാരണക്കാരായ ജനങ്ങള്‍ അബദ്ധജടിലങ്ങളായ വാഗ്ദാനങ്ങളിലും സ്വപനങ്ങളിലും മാത്രം ഒതുക്കപ്പെടുകയും ചെയ്യുന്നു.

മതവും, ജാതിയും പറഞ്ഞ് വേര്‍തിരിക്കുകയും, സാമ്പത്തികമായ വേര്‍തിരിവുകളെ പാടെ മറന്ന് കൊണ്ട് സംവരണം പോലുള്ള പ്രധാന പ്രശ്നങ്ങളെ സമീപിക്കുകയും ചെയ്യുന്നു. സാ‍മ്പത്തികമായ അന്തരമാണ് സമൂഹത്തിന്റെ മുന്നൊട്ടുള്ള പ്രയാണത്തിന് കൂച്ച് വിലങ്ങാ‍വുന്നതെന്ന യാഥാര്‍ത്യം അറിഞ്ഞിട്ടും അറിയാത്ത ഭാവത്തില്‍ മറ്റു പല കാര്യങ്ങളിലേയ്ക്കും പൊതു സമൂഹത്തിന്റെ ശ്രദ്ധയെ മാറ്റി പ്രതിഷ്ഠിക്കുന്നതില്‍ ഒരു പരിധിവരെയെങ്കിലും ഭരണകര്‍ത്താക്കളും വിജയിച്ചു പോന്നിട്ടുണ്ട്. സാമ്പത്തിക പ്രശ്നങ്ങളാണ് വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ പ്രാധമികമായ ആവശ്യങ്ങളില്‍ നിന്നു പോലും ഒരു വലിയ വിഭാഗം ജനങ്ങളെ അകറ്റി നിര്‍ത്തുന്നത് എന്നത് ഒരു യാഥാര്‍ത്യമായിരിക്കെ, രാഷ്ട്രീയമായ അവരുടെ ഇച്ഛാശക്തിയെ ഇല്ലായ്മ ചെയ്യുന്ന ഒരു പുതിയ രീതി പരീക്ഷിക്കുകയാണ് ആഗോള മൂലധനത്തിന്റെ അസുര വിത്തുകള്‍.

ചെറുത്തു നില്‍പ്പിന്റെ പുതിയ രാഷ്ട്രീയം ആവിഷ്കരിക്കുന്നതില്‍ ക്യൂബയും വെനിസുലയും പോലുള്ള രാജ്യങ്ങള്‍ പ്രതീക്ഷയുടെ നേരിയ തുരുത്താവുന്നുവെങ്കിലും, ജനാധിപത്യ-സോഷ്യലിസ്റ്റ് രാജ്യങ്ങള്‍ എന്നു വിളിക്കപ്പെടുന്നവയും, നെഹ്രുവിയന്‍ സോഷ്യലിസ്റ്റ് ചിന്താഗതി പിന്തുടരുന്നു എന്ന് അവകാശപ്പെടുകയും ചെയ്യുന്ന ഇന്ത്യ പോലുള്ള രാജ്യങ്ങള്‍ ആഗോളമൂലധന ശകതികളുടെ കയ്യിലെ പാവയെ പോലെ പെരുമാറുകയും ചെയ്യുമ്പോള്‍ ലോകത്തെമ്പാടുമുള്ള കോടാനു കോടി ജനതയുടെ പ്രതീക്ഷകള്‍ അപ്പാടെ തകിടം മറിഞ്ഞു പോവുകയാണ്. ലാറ്റിനമേരിക്കന്‍ രാജ്യങ്ങളുടെ ദയനീയമായ രാഷ്ട്രീയ പതനവും തിരിച്ചു വരവും ഇല്ലായ്മയുടെ എരിതീയില്‍ നിന്നുയിര്‍ത്തു വന്നതാണെന്ന സത്യം, അവരുടെ കഴിഞ്ഞകാല കെടുതികളും കെടുകാര്യസ്ഥകളും വീക്ഷിക്കുന്നവര്‍ക്കു മനസ്സിലാകും. സാമ്പത്തിക ലാഭം മാത്രം ലക്ഷ്യം വച്ചു കൊണ്ട്, സര്‍ക്കാര്‍ അധീനതയിലുള്ള (ജന സേവനത്തിന് മാത്രമുള്ള ഉപാധി) സ്ഥാപനങ്ങളും സ്വത്തുകളും പലതരത്തിലുള്ള ഇടപെടലിലൂടെ സ്വകാര്യ മൂലധനത്തിനു അടിയറവെച്ചപ്പോള്‍ അതു സ്വന്തം ജനതയുടെ ജീവനും സ്വത്തിനും നേരെയുള്ള കടന്നു കയറ്റമായിരിക്കുമെന്ന് തിരിച്ചറിയാന്‍ ഏറെ വൈകിപ്പോയിരുന്നു. ധനാസാക്തിയില്‍ നെട്ടോട്ടമോടാത്ത രാജ്യങ്ങളില്‍ വംശീയതയുടെയും വര്‍ഗ്ഗീയതയുടെയും വിത്തു പാകിക്കൊണ്ട് അസ്ഥിരമാകുന്ന സാമൂഹ്യാന്തരീക്ഷത്തിലൂടെ അധിനിവേശം നടത്തുന്ന പല “ദുര്‍മുഖങ്ങളും“ കഴിഞ്ഞ കുറച്ചു വര്‍ഷങ്ങള്‍ നമുക്ക് സമ്മാനിച്ചു.

ഇവിടെയാണ് അരാഷ്ട്രീയതയുടെ രാഷ്ട്രീയം ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടേണ്ടത്. ഭാരതം പോലെ വിഭിന്നങ്ങളായ മത ജാതി സമ്പ്രദായങ്ങളെ ഉള്‍ക്കൊള്ളുന്ന വൈവിധ്യമാര്‍ന്ന ഒരു സംസ്കാരം ലോകത്തില്‍ തന്നെ ഒരു അത്ഭുതമായി നിലകൊള്ളുന്നു. നാനാത്വത്തില്‍ ഏകത്ത്വം എന്ന സങ്കല്പം പൌരാണിക കാലഘട്ടം മുതല്‍ക്കു തന്നെ നില നിന്നിരുന്നതായി ചരിത്രം രേഖപ്പെടുത്തിയിരിക്കുന്നു. പക്ഷെ അത്ഭുതമെന്നു പറയട്ടെ, ആ വൈജാത്യങ്ങളുടെ ഏകത്വത്തെ, മതത്തിന്റെയും ജാതിയുടെയും പേരില്‍ വെട്ടിമുറിച്ച്, ഒരു രാഷ്ട്രത്തിന്റെ പൈതൃകത്തെ പോലും ചോദ്യം ചെയ്യാനുള്ള ശ്രമം നടക്കുകയുണ്ടായി, നടന്നു കൊണ്ടിരിക്കുന്നു. മതം വിഭിന്നങ്ങളായ വിശ്വാസങ്ങളുടെ അടിസ്ഥാനത്തിലും, ജാതി വിഭിന്നങ്ങളായ തൊഴില്‍ സമ്പ്രദായങ്ങളുടെ പേരിലും ഉള്ള വിഭജനം ആയിരുന്നെങ്കിലും, അതു സമൂഹത്തില്‍ സൃഷ്ടിച്ചത് വ്യക്തമായ അതിര്‍ വരമ്പുകള്‍ തന്നെയായിരുന്നു. മാനവ പുരോഗതിക്കനുസരിച്ച്, ചിന്തയിലും, ഉള്‍ക്കരുത്തിലും മാറ്റങ്ങള്‍ ഉണ്ടായി തുടങ്ങിയപ്പോള്‍ സാമൂഹ്രപരിഷ്കരണ ശ്രമങ്ങളും ശക്തമായിക്കൊണ്ടിരുന്നു.

കേരളത്തിലും ഭാരതത്തിലങ്ങോളമിങ്ങോളവും സാമൂഹ്യപരിഷ്കരണത്തിന്റെ കാറ്റ് വീശിയെങ്കിലും , കേരളം ഒഴിച്ച് മറ്റൊരിടത്തും അത് അത്രകണ്ട് വിജയം കണ്ടില്ല എന്നതായിരുന്നു അതിന്റെ മറ്റൊരു വശം. കേരളത്തില്‍ മതത്തിന്റെയും ജാതിയുടെയും മതില്‍ക്കെട്ടുകളെ തകര്‍ത്തു തരിപ്പണമാക്കുന്നതില്‍ മുന്നിട്ടിറങ്ങിയത് ഉന്നതകുലജാതരെന്നു വിശേഷിക്കപ്പെട്ട കുടുംബങ്ങളിലെ സ്ത്രീകളും പുരുഷന്മാരും തന്നെയായിരുന്നു എന്നത്, മാറ്റത്തിന് വേഗം കൂട്ടി.(പേരുകള്‍ പരാമര്‍ശിക്കുന്നില്ല) വലതുപക്ഷത്തിന്റെ (പ്രത്യേകിച്ച് കോണ്‍ഗ്രസിന്റെ) കുത്തകയായിരുന്നു ഉന്നതകുലജാതരും എല്ലാതരം വരേണ്യവര്‍ഗ്ഗവും. പോരാത്തതിന് പോലീസും പട്ടാളവും പോലുള്ള മര്‍ദ്ദക സംവിധാങ്ങളുടെ ദുരുപയോഗവും വ്യാപകമായിരുന്നു. നാവില്ലാത്തവന്റെ നാവായി സാമൂഹ്യപരിഷ്കരണത്തിന്റെ ചുവടു പിടിച്ച് കോണ്‍ഗ്രസിലെ സോഷ്യലിസ്റ്റ് ചേരി കമ്മ്യൂണിസ്റ്റ് പാര്‍ട്ടി രൂപീകരിക്കുന്നതോടെ കേരളത്തിന്റെ സാമൂഹ്യാന്തരീക്ഷം സമൂലമായ മാറ്റത്തിന് വിധേയമാവുകയായിരുന്നു.

അരാഷ്ട്രീയ വാദത്തിന് കൂടുതല്‍ വേരു കിട്ടി തുടങ്ങിയത് വളരെ കുറഞ്ഞ വര്‍ഷങ്ങള്‍ക്കിടയിലാണ്. ജനാധിപത്യ രാജ്യമായ ഭാരത്തില്‍ പോലും, അപക്വമായ കുഞ്ഞു മനസ്സുകളില്‍ അരാഷ്ട്രീയതയുടെ വിത്തു വിതയ്ക്കാന്‍ ഗൂഡമായ ശ്രമം നടന്നു എന്നു വേണം കരുതാന്‍. വളരുന്ന തലമുറയെ സമൂഹത്തിന്റെ ഭാഗമാക്കാതെ, എല്ലാത്തില്‍ നിന്നും വിഭിന്നമായ ഒരു ജീവിത ആസക്തിയിലേക്ക് വലിച്ചിഴക്കുകയാണുണ്ടായത്. രാഷ്ട്രീയമെന്നാല്‍, കക്ഷികള്‍ക്കിടയിലെ മത്സരമാണെന്നും, രാഷ്ട്രീയക്കാര്‍ മുഴുക്കെ വിശ്വസിക്കാന്‍ കൊള്ളരുതാത്തവരാണെന്നുമുള്ള വിഷമുള്ള ചര്‍ച്ചകള്‍ സമൂഹത്തിലങ്ങോളമിങ്ങോളം സംഘടിപ്പിച്ചെടുക്കാന്‍ കഴിഞ്ഞു എന്നുള്ളതായിരുന്നു അവരുടെ വിജയം. അവരെ ശക്തമായി ചെറുക്കാന്‍ ഇടതിന്റെയും വലതിന്റെയും രാഷ്ട്രീയ പ്രബുദ്ധതയ്ക്കു കഴിഞ്ഞില്ല എന്നത് ചരിത്രവിദ്യാര്‍ത്ഥികള്‍ പഠനവിഷയമാക്കേണ്ടതുണ്ട്. വലതുപക്ഷത്തിന് പൊതുവെ രാഷ്ട്രീയത്തെക്കാള്‍ പ്രധാനം എന്നും സ്വാര്‍ത്ഥമായ ചില ഒളിച്ചുകളികള്‍ ആണെന്നത് കാലം തന്നെ തെളിയിച്ചതാണല്ലൊ. പക്ഷെ ഇടത്തിന്റെത്, ആദര്‍ശ ശുദ്ധിയുടെയും, പൊതുജനസേവനത്തിന്റെയും, സ്വാര്‍ത്ഥതയില്ലാത്ത കാഴ്ചപ്പാടുമായിരുന്നു എന്ന പൊതുജന വിശ്വാസത്തിനു കോട്ടം തട്ടി തുടങ്ങിയത് ഈ അടുത്തകാലത്തായിരുന്നു. സ്വജനപക്ഷപാതവും, ധനാസക്തിയും അവരിലുള്ള പലരെയും വെറുമൊരു ശരാശരി മനുഷ്യന്റെ നിലവാരത്തിലേക്കെത്തിച്ചുവെന്നത് മാധ്യമങ്ങള്‍ പറഞ്ഞുണ്ടാക്കുന്ന കഥകള്‍ എന്നതിനും അപ്പുറത്തേക്ക് എത്തിയോ എന്നത് അവര്‍ തന്നെ പരിശോധിക്കേണ്ടതുണ്ട്. അവര്‍ അല്ലെങ്കില്‍ അവരുടെ കുടുംബാംഗങ്ങളുടെ കുത്തഴിഞ്ഞ ജീവിത രീതികള്‍ തൊട്ട്, വെറും ഒരു വ്യക്തി എന്ന നിലയിലേക്കുള്ള അവരുടെ പതനം വരെ സുതാര്യമായ, ആഴത്തിലുള്ള സ്വയം വിമര്‍ശനത്തിന് വിധേയമാക്കേണ്ടത്, പൊതുസമൂഹം അവരോട് ആവശ്യപ്പെടുന്ന കടമായാണ്.

ഈ ഇടവേളയിലേക്കാണ് അരാഷ്ട്രീയ വാദത്തിന്റെ വരട്ടു സങ്കല്പങ്ങളുമായി പലരും കയറി വന്നത്. ആര്‍ എസ് എസ്സും , എന്‍ ഡി എഫും പോലുള്ള തീവ്ര മത നിലപാട് സ്വീകരിക്കുന്ന (മതവും അതുള്‍ക്കൊള്ളുന്ന സമൂഹവും അത്തരം നിലപാടുകള്‍ അവരോട് ആവശ്യപ്പെടുന്നില്ല എന്നത് മറ്റൊരു വശം) അവരുടെ ആശയങ്ങള്‍ ഭദ്രമായി വച്ചു കൊണ്ട് ഒരു നിശബ്ദമായ ആശയപ്രചരണരീതി ഇക്കാലമത്രയും പരീക്ഷിക്കുകയായിരുന്നു. അതിനിടയ്ക്ക് ആള്‍ ദൈവങ്ങള്‍ പലരൂപത്തിലും ഭാവത്തിലും അവതരിച്ചു. അവര്‍ക്ക് നിശബ്ദമായ പിന്തുണയും, പ്രോത്സാഹനവും നല്‍കി സമൂഹത്തെ മാനുഷികമൂല്യങ്ങളില്‍ ഊന്നിയ ചിന്താശീലങ്ങളില്‍ നിന്നും മാറി, സ്വസ്ഥമായ ജീവിതത്തിനുള്ള എളുപ്പ വഴികള്‍ നിര്‍ദ്ദേശിച്ചും ഒരു വലിയ ജനവിഭാഗത്തെ പൊതു ധാരയില്‍ നിന്നും അകറ്റി നിര്‍ത്തിക്കൊണ്ടെയിരുന്നു.

സമൂഹത്തോടിഴുകി ചേരാതെയുള്ള ഒരു പരിഹാരവും ജീവിതത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തിനുതകില്ലെന്ന് തലയ്ക്കകത്ത് ആളനക്കമുണ്ടായിരുന്നവര്‍ (ഇതില്‍ മഹര്‍ഷിമാരും, തത്വഞാനികളും, രാഷ്ട്രതന്ത്രഞ്ജരും ഉള്‍പ്പെടും) കുറിച്ച് വച്ചിട്ടുള്ളതൊന്നും ഇവര്‍ അറിഞ്ഞില്ലെന്ന് നടിക്കുന്നു. രാഷ്ട്രീയമായ ഒന്നിനു നിലനില്‍പ്പില്ലെന്നും (രാഷ്ട്രീയം എന്നാല്‍ രാഷ്ട്രത്തെ സംബന്ധിച്ചതെല്ലാം എന്ന അര്‍ത്ഥം പോലും വിസ്മരിക്കപ്പെട്ടു) ആദ്ധ്യാത്മികമായ വിഷയങ്ങളിലൂന്നിയ ചര്യയിലൂടെ മാത്രമെ സംശുദ്ധമായ ജീവിതം കെട്ടിപ്പടുക്കാന്‍ പറ്റൂ എന്നു പറയുകയും അതിനായ് യാഥാര്‍ത്ഥ്യവുമായ് ഒരു ബന്ധവും ഇല്ലാത്ത കുറെ ചെപ്പടി വിദ്യകള്‍ നിര്‍ദ്ദേശിക്കുകയും ചെയ്യുന്നു. അതില്‍ വീണു പോകുന്നത് സാധാരണക്കാര്‍ മുതല്‍, അറിവും വിവേകവുമുള്ളവരും പെടും എന്നത് ഇതിന്റെ ഭീകരത വെളിവാക്കുന്നു. ആദ്ധ്യാതിമികതയിലൂന്നിയ ജീവിതം നിര്‍ദ്ദേശിക്കുമ്പോള്‍ തന്നെ, ഒരു വ്യക്തിയുടെ സാമൂഹ്യമായ ഉത്തരവാദിത്വങ്ങളില്‍ നിന്നും ഒരൊളിച്ചോട്ടത്തിനു അവരെ പ്രേരിപ്പിക്കുന്ന തരത്തിലേക്ക് ഇന്നത്തെ “ആദ്ധ്യാത്മിക വ്യാപാരം“ മാറിയിരിക്കുന്നു. അര്‍ത്ഥശങ്കയ്കിടമില്ലാത്ത തരത്തില്‍ ജീവിക്കുന്ന ഉദാഹരണങ്ങള്‍ നമുക്ക് ചുറ്റും ഒരുപാട് ഉണ്ട് താനും. ഒരു വ്യക്തി എന്ന നിലയ്കുള്ള തന്റെ കടമകളില്‍ നിന്നും, ഒരു പൌരന്‍ എന്ന ഉത്തരവാദിത്വത്തില്‍ നിന്നും, അതിനെല്ലാമുപരി സ്വന്തം ജീവിതത്തില്‍ നിന്നും പോലും ഒളിച്ചോടുന്നവനായി മാറ്റുന്നതാണൊ മതങ്ങളും പുരാണങ്ങളും പറഞ്ഞു തന്ന വഴികള്‍ എന്ന് മനുഷ്യ ദൈവങ്ങളും, അവരുടെ കൂട്ടു നടപ്പുകാരും, ഒപ്പം സ്വച്ചജീവിതത്തിന് “കുപ്പി മരുന്ന്” നല്‍കുന്ന അവതാരങ്ങളും ചിന്തിക്കേണ്ടിയിരിക്കുന്നു.

ഉയര്‍ന്ന ജീവിത സാഹചര്യമുള്ളവര്‍ക്ക് പൊതുവെ ഇത്തരം “കുപ്പി മരുന്നുകള്‍” കാര്യമായ ദൂഷ്യഫലമൊന്നും ചെയ്യാതിരിക്കുകയും, അതിനെതിരായുള്ള വാദങ്ങളെ ബാലിശമാണെന്ന് അവര്‍ തള്ളിക്കളയുമെങ്കിലും, സാധാരണക്കാരില്‍ സാധാരണക്കാരായവരില്‍ ഇത്തരം “കണ്ണടച്ചിരുട്ടാക്കുന്ന വിദ്യകള്‍“ സൃഷ്ടിക്കുന്ന പ്രകമ്പനം ഭീകരം തന്നെയാണ്. ഒളിച്ചോട്ടത്തിനുള്ള എളുപ്പവഴിയായി, “വന്‍ ചിന്തകളെയും” മഹാന്‍‌മാരുടെ വചനങ്ങളെയും ആവശ്യത്തിനും അനാവശ്യത്തിനും എടുത്തുപയോഗിക്കുന്നത് മാറിയ ലോകത്തിന്റെ “ഹോബി”യായി മാറിയിരിക്കുന്നു. ജീവിത പ്രതിസന്ധികളെ നേരിടാന്‍ ഒറ്റമൂലികളൊന്നുമില്ലെന്ന് തിരിച്ചറിയുമ്പോഴേക്കും കാലമേറെ വൈകിയെന്ന ചിന്ത, മനോരോഗത്തിലേക്കും, ചിത്തഭ്രമത്തിലേക്കും ആളുകളെ കൊണ്ടു ചെന്നെത്തിക്കുന്നു.

അരാഷ്ട്രീയവാദത്തെ പ്രോത്സാഹിപ്പിക്കുന്നതില്‍, പുരോഗമനചിന്തയുടെ ആള്‍‌രൂപങ്ങളെന്ന് അവകാശപ്പെടുന്നവരും, മാധ്യമ വിശാരദന്മാരും ഒരേതൂവല്‍ പക്ഷികളാവുമ്പോള്‍, ശരിയേത് തെറ്റേതെന്നറിയാതെ പൊതു ജനം വല്ലാത്തൊരു പ്രതിസന്ധിയിലാവുന്നു. സത്യത്തിന്റെ നെടുംതൂണാവേണ്ട പത്രങ്ങളിലൂടെ “സിണ്ടിക്കേറ്റ്” പ്രവര്‍ത്തനം സംഘടിപ്പിക്കുകയും, വാര്‍ത്തകള്‍ക്ക് ഇല്ലാത്ത നിറങ്ങളും ഭാവങ്ങളും പകരാന്‍ മത്സരിക്കുന്നതിനിടയില്‍ ചോര്‍ന്ന് പോവുന്നത് ജനാധിപത്യത്തിന്റെ കാവലാളിന്റെ ഉശിരുതന്നെയാണെന്നു തിരിച്ചറിയപ്പെടാതിരിക്കുകയും, ജനകീയ പ്രശ്നങ്ങളില്‍ നിന്നും മുഖം തിരിച്ച് “എക്സ്ക്ലൂസീവ്” ന്റെ പുറകെ മാത്രം പോകുകയും ചെയ്താല്‍ വരും കാലം ജനാധിപത്യത്തിന്റെ ശവപ്പറമ്പാവുമെന്നുറപ്പ്.

കലാലയങ്ങളില്‍ നിന്നും രാഷ്ട്രീയത്തെ പടിയ്ക്കു പുറത്താക്കിയവര്‍, അവര്‍ക്കു മുന്നില്‍ ഉപേക്ഷിച്ചു പോയത് ഗൌരവമില്ലാത്ത ജീവിതം ശീലിപ്പിക്കുന്ന അരാഷ്ട്രീയതയുടെ വിഷവിത്തുകളായിരുന്നു. “മോഡേണ്‍” എന്നു പേരിട്ട് വിളിച്ചു കൊണ്ട്, നമ്മുടെതല്ലാത്ത പലതിനെയും വിപണി ലാക്കാക്കി കൊണ്ടുള്ള “മാര്‍ക്കറ്റിങ്ങ് സ്ട്രാറ്റജി” യുടെ പരീക്ഷണശാലയാക്കുകയായിരുന്നു ലക്ഷ്യം. അതിനെ മനോഹരമായ വര്‍ണ്ണങ്ങളില്‍ പൊതിഞ്ഞ് പൊലിപ്പിച്ചെടുക്കാന്‍, ജനസമ്പര്‍ക്കം ഒട്ടുമില്ലാതെ, മാര്‍ക്കറ്റ് വാല്യൂവിലും, തിണ്ണമിടുക്കിലും മാത്രം ശ്രദ്ധയൂന്നിയ മാധ്യമ ഭീകരന്മാര്‍ മത്സരിച്ചു കൊണ്ടിരിക്കുന്നു. കലാലയങ്ങളിലെ രാഷ്ട്രീയം ആര്‍ക്ക് എന്തൊക്കെയാണ് നഷ്ടപ്പെടുത്തിയതെന്നു ചോദിച്ചാല്‍, കുറെ രാഷ്ട്രീയ സംഘട്ടനങ്ങളുടെയും സമരങ്ങളുടെയും കണക്കാവും നിരത്തുക. പക്ഷെ ഇതു വളരെ നിലവാരം കുറഞ്ഞ വിലയിരുത്തലാണ്. കാരണം ശക്തമായ സംഘബോധത്തിലൂടെ വളരുന്ന ഒരു തലമുറയ്ക്ക് സമൂഹത്തോടും, സഹജീവികളോടും പ്രകൃതിയോടുമുള്ള അനുഭാവം സമാനതകളില്ലാത്തതാണ്. സംഘബോധം പലരും പ്രചരിപ്പിക്കുന്നത് പോലെ പലതും പിടിച്ചടക്കാനോ കാര്യം നേടാനോ ഉള്ള ഒരു ആധുനിക പ്രക്രിയയല്ല. അന്യജീവികളുടെ ആക്രമണങ്ങളില്‍ നിന്നു സ്വന്തം ജീവന്റെ നിലനില്പിനു വേണ്ടിയുള്ള കൂട്ടായ്മയിലൂടെ പ്രാചീന മനുഷ്യന്റെ അസ്തിത്വത്തില്‍ നിന്നും ഉല്‍ഭവിച്ച ചിന്തയാണത്. അതുകൊണ്ടാണ് ചരിത്രത്തില്‍ ഇന്നേവരെ രൂപപ്പെട്ട എല്ലാ കൂട്ടായ്മകളും ഒരു തരം രാഷ്ട്രീയപ്രവര്‍ത്തനം തന്നെയാണെന്ന് മാര്‍ക്സ് പറഞ്ഞു വച്ചതും.

ജനാധിപത്യത്തിലൂന്നിയ ശക്തമായ രാഷ്ട്രീയബോധം വരും തലമുറകളില്‍ വളര്‍ത്തിയെടുക്കേണ്ടത് നമ്മുടെ സംസ്കാരത്തിന്റെ നിലനില്‍പ്പിന് അത്യാവശ്യമാവുന്നു. ഉയര്‍ന്ന മൂല്യബോധവും, സഹജീവികളോട് കരുണയുമുള്ള ഒരു തലമുറയെ സംഭാവന ചെയ്യാന്‍ അരാഷ്ട്രീയതയുടെ രാഷ്ട്രീയത്തിനു കഴിയില്ല. മനുഷ്യനെ വികാരങ്ങളില്ലാത്ത ഉല്‍‌പന്നങ്ങളാക്കുകയും, സ്വപ്നത്തിന്റെ കുമിളകള്‍ക്കുമേല്‍ അടയിരിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്ന വെറും ഭ്രമാത്മകമായ ഒരു നാളെയെക്കുറിച്ചു മാത്രമെ അവര്‍ക്കു നമ്മോട് സംസാരിക്കാന്‍ കഴിയൂ. അബദ്ധജടിലങ്ങളായ നിലപാടുകാര്‍ക്കും, മതതീവ്രവാദത്തിന്റെ ഉപാസകര്‍ക്കും, സമൂഹത്തെ വെറും കൊടുക്കല്‍ വാങ്ങല്‍ ഉപകരണങ്ങളായും മാത്രം കാണുന്നവര്‍ക്കും പ്രതികരണശേഷി നഷ്ടപ്പെട്ട, സംഘബോധമില്ലാത്ത, തീര്‍ത്തും നിര്‍ജീവമായ (അരാഷ്ട്രീയമായ) ഒരു തലമുറയെ വളര്‍ത്തിയെടുക്കേണ്ടത് അത്യാവശ്യമാണ്. ലൌകികമായ ജീവിതത്തെക്കുറിച്ചുള്ള ചിന്തകള്‍ക്കു ഊന്നല്‍ നല്‍കാതെ, ആത്മീയമായ എല്ലാത്തിനോടും സന്ധിചെയ്യലാണ് പുണ്യകര്‍മ്മമെന്ന് ഊണിലും ഉറക്കത്തിലും നമ്മെ ഉല്‍ബോധിപ്പിക്കുന്നവരില്‍ പലരും മറച്ചു വെയ്ക്കപ്പെട്ട അരാഷ്ട്രീയതയുടെ ഉദ്ധരണികളാണെന്ന് നമ്മള്‍ മറന്നു കൂടാ. ഓജസ്സുള്ള ഒരു സമൂഹത്തിന്റെ സൃഷ്ടി രാഷ്ട്രീയമായ തിരിച്ചറിവുകളോടെ മാത്രമെ സാധ്യമാവൂ എന്നത് നിസ്തര്‍ക്കവുമാണ്. നീറുന്ന ജനതയുടെ ഹൃദയത്തോട് ചേര്‍ന്ന് നില്‍ക്കാനായാലെ ഒരു പൌരന്‍ എന്ന നിലയിലെ കടമകള്‍ നിറവേറ്റപ്പെടുന്നുള്ളൂ എന്ന രാഷ്ട്രീയബാലപാഠം മറക്കാതിരിക്കുകയും വേണം.

9 അഭിപ്രായങ്ങൾ:

swaram പറഞ്ഞു...

ഓജസ്സുള്ള ഒരു സമൂഹത്തിന്റെ സൃഷ്ടി രാഷ്ട്രീയമായ തിരിച്ചറിവുകളോടെ മാത്രമെ സാധ്യമാവൂ എന്നത് നിസ്തര്‍ക്കവുമാണ്. നീറുന്ന ജനതയുടെ ഹൃദയത്തോട് ചേര്‍ന്ന് നില്‍ക്കാനായാലെ ഒരു പൌരന്‍ എന്ന നിലയിലെ കടമകള്‍ നിറവേറ്റപ്പെടുന്നുള്ളൂ എന്ന രാഷ്ട്രീയബാലപാഠം മറക്കാതിരിക്കുകയും വേണം.

മൂര്‍ത്തി പറഞ്ഞു...

പ്രസക്തമായ പോസ്റ്റ്...നല്ല ചിന്ത...ഓരോ നിയമവും ഉള്ളവനു വേണ്ടി നഗ്നമായി മാറ്റിയെഴുതപ്പെട്ടുകൊണ്ടിരിക്കുമ്പോള്‍ സാമൂഹ്യ യാഥാര്‍ത്ഥ്യങ്ങളില്‍ അകന്നു നില്‍ക്കുന്ന ഒരു ജനതയെത്തന്നെ ആണ് അവര്‍ക്കാവശ്യം..രാഷ്ട്രീയ ബോധം ചോദ്യം ചോദിക്കുവാന്‍ പ്രേരിപ്പിക്കും.അസുഖകരമായ ചോദ്യങ്ങള്‍. മാധ്യമങ്ങള്‍ക്കും അത്തരം ചോദ്യങ്ങള്‍ വേണ്ട.. ഗൌരവകരമായ വിശകലനങ്ങള്‍ക്കു പകരം ആശയങ്ങളേയും സംഭവങ്ങളേയും വ്യക്തികളിലേക്ക് ഒതുക്കുന്ന അവനോ ഇവനോ ടൈപ്പ് കളിത്തമാശകളാണ് അവര്‍ക്കും പത്ഥ്യം. എല്ലാവരും കണക്കാണെന്ന ചിന്ത വേരോടിക്കാന്‍ കഴിഞ്ഞാല്‍ പിന്നെ സര്‍വതന്ത്ര സ്വതന്ത്രരായി എന്തും ചെയ്യാമല്ലോ...

swaram പറഞ്ഞു...

ഓരോ നിയമവും ഉള്ളവനു വേണ്ടി നഗ്നമായി മാറ്റിയെഴുതപ്പെട്ടുകൊണ്ടിരിക്കുമ്പോള്‍ സാമൂഹ്യ യാഥാര്‍ത്ഥ്യങ്ങളില്‍ അകന്നു നില്‍ക്കുന്ന ഒരു ജനതയെത്തന്നെ ആണ് അവര്‍ക്കാവശ്യം..രാഷ്ട്രീയ ബോധം ചോദ്യം ചോദിക്കുവാന്‍ പ്രേരിപ്പിക്കും.അസുഖകരമായ ചോദ്യങ്ങള്‍. മാധ്യമങ്ങള്‍ക്കും അത്തരം ചോദ്യങ്ങള്‍ വേണ്ട.. ഗൌരവകരമായ വിശകലനങ്ങള്‍ക്കു പകരം ആശയങ്ങളേയും സംഭവങ്ങളേയും വ്യക്തികളിലേക്ക് ഒതുക്കുന്ന അവനോ ഇവനോ ടൈപ്പ് കളിത്തമാശകളാണ് അവര്‍ക്കും പത്ഥ്യം. എല്ലാവരും കണക്കാണെന്ന ചിന്ത വേരോടിക്കാന്‍ കഴിഞ്ഞാല്‍ പിന്നെ സര്‍വതന്ത്ര സ്വതന്ത്രരായി എന്തും ചെയ്യാമല്ലോ...

അര്‍ത്ഥവത്തായ വരികള്‍..നന്ദി മൂര്‍ത്തി

വിജി പിണറായി പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
വിജി പിണറായി പറഞ്ഞു...

സമകാലീന രാഷ്ട്രീയത്തിലെ ഗഹനമായ ഒരു വിഷയത്തെ പഠനത്തിനും ചര്‍ച്ചയ്ക്കും വിധേയമാക്കാന്‍ തയ്യാറായ 'സ്വര'ത്തിന്റെ ആര്‍ജവത്തെ ആദ്യമേ തന്നെ അഭിനന്ദിക്കട്ടെ. ഇതുപോലെ ഗൌരവമുള്ള ഒരു വിഷയം തെരഞ്ഞെടുത്തത് ഏറെ ആലോചിച്ചുതന്നെയാവുമെന്ന് അറിയാം. എങ്കിലും ആദ്യം ഒന്ന് ഓടിച്ചു വായിച്ചപ്പോള്‍ത്തന്നെ തോന്നിയ ഒരു കാര്യം പറയട്ടെ. ഒരു ബ്ലോഗ് പോസ്റ്റ് എന്നതിനേക്കാളുപരി ഈ ലേഖനം ഉന്നതമായ അക്കാദമിക് നിലവാരത്തിലുള്ള ഒരു ഗവേഷണപ്രബന്ധത്തെ അനുസ്മരിപ്പിക്കുന്നു. ആഴവും പരപ്പുമുള്ള വായനയും തത്‌ഭവമായ ചിന്താശൈലിയും കൈമുതലായുള്ളവര്‍ക്കു മാത്രം താല്പര്യം ജനിപ്പിക്കുന്ന തരത്തിലായോ ലേഖനം എന്ന് സംശയിച്ചുപോകുന്നു. വായനക്കാരില്‍ ഒരു ചെറു ന്യൂനപക്ഷം മാത്രം വരുന്ന അവരാകട്ടെ, ലേഖകന്‍ പറയാന്‍ ആഗ്രഹിക്കുന്ന കാര്യങ്ങളോട് ഏറെക്കുറെ യോജിക്കുന്നവരുമായിരിക്കും. വസ്തുതകള്‍ അറിയാവുന്നവര്‍ മാത്രം ഉള്‍പ്പെടുന്ന ഒരു ചര്‍ച്ചയില്‍ നിന്ന് കാര്യമായൊന്നും നേടാനില്ലല്ലോ? ലേഖകന്‍ ചൂണ്ടിക്കാട്ടുന്ന ഘടകങ്ങള്‍ സമൂഹത്തിലെ സാധാരണക്കാരനെ എങ്ങനെ ബാധിക്കുന്നു എന്ന് പരിശോധിക്കുകയും അവര്‍ക്കു കൂടി താല്പര്യം ജനിപ്പിക്കുന്ന തരത്തിലേക്ക് ലേഖനത്തെ കൊണ്ടുവരാന്‍ കഴിയുകയും ചെയ്തിരുന്നെങ്കില്‍ അതാവുമായിരുന്നു ലേഖകന്റെ ഏറ്റവും വലിയ വിജയം. വിഷയത്തിന്റെ ഗൌരവം കണക്കിലെടുക്കുമ്പോള്‍ ലളിതവല്‍കരണം അയത്നലളിതമല്ല എന്ന വസ്തുത വിസ്മരിക്കുന്നില്ല. എങ്കിലും ഈ ദിശയില്‍ ഒരു ശ്രമം വേണ്ടതായിരുന്നു എന്നു മാത്രം സൂചിപ്പിക്കട്ടെ.

രാഷ്ട്രീയ പ്രവര്‍ത്തനം എന്നത് ജനസേവനം ജീവിതവ്രതമായി സ്വീകരിച്ചിരുന്ന പ്രഗല്‍ഭമതികള്‍ പിന്‍‌തുടര്‍ന്നിരുന്ന പാതയും സര്‍ക്കാരെന്നത് സമൂഹ നന്മയെ ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന അത്തരം ജനസേവകരുടെ കൂട്ടായ്മയും എന്ന നിലയില്‍ നിന്ന് തീര്‍ത്തും വ്യതിചലിച്ച് ലാഭത്തില്‍ മാത്രം കണ്ണു നട്ട് സ്വാര്‍ഥതാല്പര്യങ്ങളുടെ സേവകരായി മാറിയ ഭരണാധികാരികള്‍ ജനപക്ഷത്തു നിന്ന് ‘ധനപക്ഷ’ത്തേക്ക് നീങ്ങുന്നതു തിരിച്ചറിയുന്ന ജനത തങ്ങളുടെ പക്ഷത്തു നില്‍ക്കുമെന്ന് പ്രതീക്ഷിക്കുന്നവരുടെ പിന്നിലേക്ക് നീങ്ങുന്ന സാഹചര്യത്തില്‍ അവര്‍ പ്രതീക്ഷയര്‍പ്പിക്കുന്ന നേതാക്കളും മറുപക്ഷത്തെപ്പോലെ തന്നെയാണെന്ന ധാരണ പരത്താന്‍ കഴിയുന്നതിലാണ് അരാഷ്ട്രീയ വാദത്തിന്റെ വിജയം തുടങ്ങുന്നത്.

അരാഷ്ട്രീയവാദത്തിന്റെ ഉത്ഭവത്തിനും വളര്‍ച്ചയ്ക്കും എറ്റവും അനിവാര്യമായ ഘടകം രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ അപചയമത്രേ. രാഷ്ട്രീയമെന്നാല്‍ കകഷി നേതാക്കള്‍ക്ക് അധികാരക്കസേര പിടിച്ചടക്കാനും 'ചക്കരക്കുടത്തില്‍ കൈയ്യിട്ടു വാരാനു'മുള്ള ഉപാധി മാത്രമാണെന്ന ധാരണ പരത്തുകയാണ് അരാഷ്ട്രീയവാദത്തിന്റെ വളര്‍ച്ചയ്ക് ഏറ്റവും ഫലപ്രദമായ ഔഷധം. ഇതിലേക്ക് ഏറ്റവും കൂടുതല്‍ സംഭാവന നല്‍കുന്നത് നമ്മുടെ മാധ്യമങ്ങളാണെന്ന സത്യവും കാണാതിരുന്നുകൂടാ. രാഷ്ട്രീയ പ്രസ്ഥാനങ്ങളും നേതാക്കളും 'എല്ലാം കണക്കാ'ണെന്ന ചിന്താഗതി സമൂഹത്തില്‍ വളര്‍ത്തുന്നതില്‍ അവ വഹിക്കുന്ന പങ്ക്, അവരില്‍ നിന്ന് പ്രതീക്ഷിക്കപ്പെടുന്ന യഥാര്‍ഥ ധര്‍മം നിര്‍വഹിക്കുന്നതിലുള്ള പങ്കിനേക്കാള്‍ പതിന്മടങ്ങ് വലുതാണ്. രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെയും നേതാക്കളുടെയും പ്രവര്‍ത്തനങ്ങളെ സത്യസന്ധമായി ജനങ്ങള്‍ക്കു മുന്‍പില്‍ അവതരിപ്പിക്കുന്നതിനു പകരം ‘സെന്‍സേഷനലിസ’ത്തിനു വേണ്ടി ടണ്‍‍ കണക്കിന് ഭാവനയും കുറേ അര്‍ദ്ധസത്യങ്ങളും പേരിന് കാല്‍ക്കഴഞ്ച് സത്യവും ചേരുവകളാക്കി ‘സ്റ്റോറി’കള്‍ ഇറക്കി സര്‍ക്കുലേഷനില്‍ മത്സരിക്കുന്നവര്‍ യഥാര്‍ഥത്തില്‍ ചെയ്യുന്നത് അരാഷ്ട്രീയവാദത്തിന് കൈത്താങ്ങു നല്‍കുകയാണ്. യാഥാര്‍ഥ്യങ്ങളെക്കുറിച്ച് ബോധ്യമുള്ളവരുടെ മനസ്സുകളില്‍ പോലും സംശയത്തിന്റെയും അവിശ്വാസത്തിന്റെയും വിത്തുകള്‍ പാകുന്നതിലാണ് അവര്‍ വിജയിക്കുന്നത്. മൂര്‍ത്തി പറഞ്ഞതു പോലെ തങ്ങള്‍ക്ക് മറുപടി നല്‍കാന്‍ കഴിയാത്ത ‘അസുഖകരമായ’, ‘അസ്വസ്ഥതയുണ്ടാക്കുന്ന’ ചോദ്യങ്ങള്‍ ഉയരാന്‍ സാധ്യതയില്ലാതാക്കി, അരാഷ്ട്രീയവാദത്തിന്റെ പ്രചാരകര്‍ക്ക് തങ്ങളുടെ അജന്‍‌ഡ നിര്‍ബാധം പ്രാവര്‍ത്തികമാക്കാന്‍ അവസരമൊരുക്കുകയാണ് ഇതിലൂടെ അവര്‍ ചെയ്യുന്നത്. സമൂഹത്തിലെ എല്ലാ പ്രശ്നങ്ങള്‍ക്കും ‘ഒറ്റമൂലി’യായി ആദ്ധ്യാത്മികതയിലേക്ക് ഒളിച്ചോടുക എന്ന ‘ശാശ്വത പരിഹാരം’ വാഗ്ദാനം ചെയ്യുന്ന ആള്‍ ദൈവങ്ങളെ ‘ദൈവത്തേക്കാള്‍ വലിയ പ്രതിഷ്ഠ’കളാക്കി വളര്‍ത്തുന്നതും ഇതേ മാധ്യമങ്ങള്‍ തന്നെയാണെന്നു കൂടി ഓര്‍ക്കുമ്പോഴേ ഈ പ്രശ്നത്തിന്റെ വ്യാപ്തി വ്യക്തമാകൂ‍. ഈ ദിശയിലുള്ള നീക്കങ്ങളെ ഫലപ്രദമായി പ്രതിരോധിക്കാന്‍ നമ്മുടെ രാഷ്ട്രീയപ്രസ്ഥാനങ്ങള്‍ക്ക് കഴിയാതെ പോകുന്നത്, ‘ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുക‘ എന്ന കര്‍ത്തവ്യം ചിലപ്പോഴെങ്കിലും അവര്‍ മറന്നുപോകുന്നതു കൊണ്ടല്ലേ എന്നു സംശയിക്കേണ്ടിയിരിക്കുന്നു.

രാഷ്ട്രീയമെന്നത് സമൂഹത്തിന് അപകടകരമായ എന്തോ ആണെന്ന ധാരണ പരത്തുന്ന അരാഷ്ട്രീയവാദത്തിന്റെ നീരാളിക്കൈകളില്‍ നിന്ന്, ഉന്നതമായ നീതിബോധം പുലര്‍ത്തുന്നു എന്ന് വിശ്വസിക്കപ്പെടുന്ന - അഥവാ, വിശ്വസിപ്പിക്കുന്ന - നീതിപീഠങ്ങള്‍ പോലും പൂര്‍ണമായി മുക്തമല്ല എന്ന സൂചനകളാണ് അടുത്ത കാലത്തുണ്ടായിട്ടുള്ള, കലാലയ രാഷ്ടീയ നിരോധനം പോലുള്ള ചില വിധികളെങ്കിലും നല്‍കുന്നത്. നമ്മുടെ സമൂഹത്തില്‍ ഒരു വ്യക്തിയില്‍ രാഷ്ട്രീയ അവബോധം ഏറ്റവും ശക്തമായ രൂപത്തില്‍ ഉണരുന്നത് കലാലയ വിദ്യാഭ്യാസ നാളുകളിലാണെന്നത് തര്‍ക്കമറ്റ വസ്തുതയാണ്. അതിനെ ആ ഘട്ടത്തില്‍ത്തന്നെ അടിച്ചമര്‍ത്തുക എന്ന ‘നേട്ടം’ മാത്രമേ സംഘടനാപ്രവര്‍ത്തന സ്വാതന്ത്ര്യത്തിന് തടയിടുന്നതിലൂടെ ഉണ്ടാകുന്നുള്ളൂ - ഒപ്പം കാമ്പസുകളില്‍ അരാഷ്ട്രീയതയും അരാജകത്വവും വളര്‍ത്തുകയും. കലാലയങ്ങളില്‍ രാഷ്ട്രീയം വേണ്ട, ‘അരാഷ്ട്രീയത’ മതിയെന്ന് വാദിക്കുന്നവര്‍ പലപ്പോഴും ന്യായീകരണമായി ഉന്നയിക്കുന്നത് കലാലയങ്ങളില്‍ ചില സന്ദര്‍ഭങ്ങളില്‍ ഉണ്ടായിട്ടുള്ള രാഷ്ട്രീയ സംഘട്ടനങ്ങളാണ്. എന്നാല്‍ ഈ വാദം തീര്‍ത്തും ബാലിശമാണെന്ന് തിരിച്ചറിയാന്‍ രണ്ടു ചോദ്യങ്ങള്‍ക്കു മാത്രം ഉത്തരം തേടിയാല്‍ മതി. നമ്മുടെ നാട്ടില്‍ വിദ്യാര്‍ഥി രാഷ്ട്രീയ സംഘട്ടനങ്ങളില്‍ ഉണ്ടായിട്ടുള്ളതിണെക്കാള്‍ കൂടുതല്‍ ജീവനും സ്വത്തും മുതിര്‍ന്നവരുടെ രാഷ്ട്രീയ അക്രമങ്ങളില്‍ നഷ്ടപ്പെട്ടിട്ടുണ്ട് എന്നത് വസ്തുതയാണല്ലോ? സംഘട്ടനങ്ങള്‍ കലാലയ രാഷ്ട്രീയ നിരോധനം അനിവാര്യമാക്കുന്നുവെങ്കില്‍ എന്തേ അതിനേക്കാള്‍ കൂടുതല്‍ അക്രമങ്ങള്‍ക്ക് ഇടയാക്കിയിട്ടുള്ള പൊതു രാഷ്ട്രീയ പ്രവര്‍ത്തനങ്ങളെയും നിരോധിക്കണമെന്ന് ആരും ആവശ്യപ്പെടാത്തത്? മറ്റൊന്ന്: ഏതു തലത്തിലുമുള്ള രാഷ്ട്രീയ സംഘട്ടനങ്ങളേക്കാള്‍ പതിന്മടങ്ങ് ഭീകരമായ അക്രമങ്ങളും ജീവഹാനിയും മതത്തിന്റെയും ജാതിയുടെയും പേരിലുള്ള വര്‍ഗീയ സംഘട്ടനങ്ങള്‍ മൂലം ഉണ്ടായിട്ടുണ്ടല്ലോ? ഇന്ത്യാ വിഭജനം മുതല്‍ ഗുജറാത്ത് വരെ ചരിത്രം സാക്ഷിയായിട്ടുള്ള നൂറുകണക്കിനു കലാപങ്ങളില്‍ നഷ്ടപ്പെട്ട ആയിരക്കണക്കിനു ജീവനുകളെ മറക്കുന്നതെങ്ങനെ?‍ കലാലയ രാഷ്ട്രീയം നിരോധിച്ച അതേ മാനദണ്ഡം ഉപയോഗിച്ച് മതങ്ങളെ നിരോധിക്കാന്‍ നമ്മുടെ ഏതെങ്കിലും നീതിപീഠമോ ന്യായാധിപനോ ധൈര്യപ്പെടുമോ..?

‘സ്വരം’ ചൂണ്ടിക്കാട്ടുന്ന ‘അരാഷ്ടീയ വാദ’ത്തിന് മറ്റൊരു വശം കൂടിയുണ്ട്. രാഷ്ട്രീയക്കാര്‍ മുഴുവനും വിശ്വസിക്കാന്‍ കൊള്ളാത്തവരാണെന്ന ധാരണ പരത്തുന്നവര്‍ ഒരു വശത്തുള്ളപ്പോള്‍, വ്യക്തമായ രാഷ്ട്രീയ കാഴ്ചപ്പാടുകള്‍ ഉണ്ടെങ്കില്‍പ്പോലും തങ്ങള്‍ പ്രതിനിധാനം ചെയ്യുന്ന ജീര്‍ണിതമായ രാഷ്ട്രീയപ്രമാണങ്ങള്‍ക്ക് സമൂഹത്തില്‍ വേരുപിടിക്കാന്‍ കഴിയുന്നില്ല എന്ന തിരിച്ചറിവില്‍ നിന്ന് ഒളിച്ചോടാന്‍ വേണ്ടി അരാഷ്ട്രീയവാദത്തിന്റെ മുഖം‌മൂടി എടുത്തണിയുന്ന ഒരു വിഭാഗം മറുവശത്തുമുണ്ട്. ‘എനിക്ക് പ്രത്യേകിച്ച് രാഷ്ട്രീയമൊന്നുമില്ല...’ അല്ലെങ്കില്‍ ‘ഇടതും വലതും ഒക്കെ കണക്കാ...’ എന്ന് അവകാശപ്പെട്ട് ‘നിഷ്പക്ഷത’യുടെ ആട്ടിന്‍‌തോലണിഞ്ഞ് എത്തുന്ന രാഷ്ട്രീയവൃകങ്ങള്‍. ‘എനിക്ക് രാഷ്ട്രീയമില്ല’ എന്ന് ഇത്തരക്കാര്‍ പറയുമ്പോള്‍ അതിനര്‍ഥം ‘എനിക്ക് (സമൂഹം അംഗീകരിക്കുന്ന) രാഷ്ട്രീയമില്ല’ അഥവാ ‘എന്റെ രാഷ്ട്രീയത്തെ സമൂഹം അംഗീകരിക്കുന്നില്ല’ എന്നാകുന്നു. ‘എല്ലാവരും കണക്കാ’ണെന്നു പറയുന്നവര്‍ യഥാര്‍ഥത്തില്‍ പറയുന്നത് ‘ഇപ്പോള്‍ സമൂഹം അനുകൂലിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങളൊക്കെ ഒന്നിനും കൊള്ളാത്തവയാണ്; ഏക ‘ആള്‍ട്ടര്‍നേറ്റീവ്’ തങ്ങളുടേതാണ് ‘ എന്നത്രേ...! സ്വന്തമായ രാഷ്ട്രീയ നിലപാടുകള്‍ ഉണ്ടായിട്ടും അരാഷ്ട്രീയവാദത്തിനു പിന്നില്‍ അഭയം തേടുന്ന ഇത്തരം ‘തട്ടിപ്പു രാഷ്ട്രീയ’ക്കാരെ തിരിച്ചറിയുക എന്നതും അരാഷ്ട്രീയവാദത്തിന്റെ വളര്‍ച്ചയ്ക്ക് തടയിടുന്നതിന് അനിവാര്യമാണ്.

‘ആഗോളവല്‍ക്കരണം’, ‘ഉദാരവല്‍ക്കരണം’ തുടങ്ങിയ ‘ഓമനപ്പേരുകളില്‍ മാനുഷികമൂല്യങ്ങളും സേവന സങ്കല്പങ്ങളും ജീവിതം തന്നെയും കച്ചവടവല്‍ക്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന നമ്മുടെ സമൂഹത്തെ ഗ്രസിക്കാന്‍ ശ്രമിക്കുന്ന അരാഷ്ട്രീയവാദമെന്ന രോഗത്തിനെതിരെ ഫലപ്രദമായ പ്രതിരോധം തീര്‍ക്കാന്‍ ചിന്താശേഷി പണയം വെച്ചിട്ടില്ലാത്തവര്‍ക്ക് എന്തു ചെയ്യാന്‍ കഴിയും അഥവാ കഴിയണം എന്നതിനെക്കുറിച്ച് കൂടുതല്‍ വ്യാപകമായ ഒരു ചര്‍ച്ചയ്ക്ക് വഴിയൊരുക്കാന്‍ ഈ ലേഖനത്തിനു കഴിയുമെങ്കില്‍ അതായിരിക്കും ‘സ്വര’ത്തിന്റെ ഏറ്റവും വലിയ നേട്ടം, വിജയവും.

അതിഗഹനമായ ഒരു വിഷയത്തെക്കുറിച്ച് ആഴത്തില്‍ പഠനം നടത്തി ഒരു ചര്‍ച്ചയ്ക്ക് തുടക്കം കുറിക്കാന്‍ തയ്യാറായ ‘സ്വര’ത്തെ ഒരിക്കല്‍ക്കൂടി അഭിനന്ദിക്കട്ടെ.

വിജി പിണറായി പറഞ്ഞു...

ഹാവൂ... അങ്ങനെ ഒരു കമന്റിന്റെ പണി തീര്‍ന്നു...! പോസ്റ്റിനോളം വരില്ലെങ്കിലും അതിന്റെ പാതിയിലേറെ നീണ്ട ഒരു ‘കൂറ്റന്‍’ കമന്റ്...!

ഇനി ചെറിയൊരു ‘ഉപദേശം’ ആകാമെന്ന് തോന്നുന്നു, ‘സ്വര’ത്തിന്. അക്ഷര - വ്യാകരണ പിശകുകള്‍ കുറയ്ക്കാന്‍ കുറച്ചു കൂടി ശ്രദ്ധിക്കണം. പല പിശകുകളും ശ്രദ്ധയില്‍ പെടാതെ പോയതോ ‘ടൈപ്പിങ് മിസ്‌റ്റേക്കു’കളോ ആയിരിക്കാം. അക്കൂട്ടത്തില്‍ പെടില്ല എന്നു തോന്നിയ ഒന്നു മാത്രം ചൂണ്ടിക്കാണിക്കട്ടെ. ‘...മൌനത്തിന്റെ വാല്‍മീകത്തിനുള്ളിലേക്ക്...’ ‘വാല്‍മീകം’ അല്ല, ‘വല്‍മീകം’ ആണ് ശരി. (‘ചിതലി’ന് സ്വന്തം വാസസ്ഥലത്തിന്റെ പേരു തന്നെ തെറ്റുന്നത് ഉചിതമോ?)

(ഇനി ഈ വിമര്‍ശനത്തിന്റെ പേരില്‍ എന്റെ കമന്റിനെ തലനരിഴ കീറി പരിശോധിച്ച് കൊന്നു കൊലവിളിക്കരുത്! അതിലും ചിലപ്പോള്‍ തെറ്റുകള്‍ കണ്ടെന്നിരിക്കും!)

സാരംഗി പറഞ്ഞു...

"ഓജസ്സുള്ള ഒരു സമൂഹത്തിന്റെ സൃഷ്ടി രാഷ്ട്രീയമായ തിരിച്ചറിവുകളോടെ മാത്രമെ സാധ്യമാവൂ എന്നത് നിസ്തര്‍ക്കവുമാണ്. നീറുന്ന ജനതയുടെ ഹൃദയത്തോട് ചേര്‍ന്ന് നില്‍ക്കാനായാലെ ഒരു പൌരന്‍ എന്ന നിലയിലെ കടമകള്‍ നിറവേറ്റപ്പെടുന്നുള്ളൂ എന്ന രാഷ്ട്രീയബാലപാഠം മറക്കാതിരിക്കുകയും വേണം"
വളരെ അര്‍ത്ഥവത്തായ പോസ്റ്റ്..
ഇത്രമേല്‍ ചിന്തിച്ച് ഇതെഴുതി പോസ്റ്റിയതിനു അഭിനന്ദനങ്ങള്‍...

qw_er_ty

swaram പറഞ്ഞു...

ആഴവും പരപ്പുമുള്ള വായനയും തത്‌ഭവമായ ചിന്താശൈലിയും കൈമുതലായുള്ളവര്‍ക്കു മാത്രം താല്പര്യം ജനിപ്പിക്കുന്ന തരത്തിലായോ ലേഖനം എന്ന് സംശയിച്ചുപോകുന്നു. വായനക്കാരില്‍ ഒരു ചെറു ന്യൂനപക്ഷം മാത്രം വരുന്ന അവരാകട്ടെ, ലേഖകന്‍ പറയാന്‍ ആഗ്രഹിക്കുന്ന കാര്യങ്ങളോട് ഏറെക്കുറെ യോജിക്കുന്നവരുമായിരിക്കും. വസ്തുതകള്‍ അറിയാവുന്നവര്‍ മാത്രം ഉള്‍പ്പെടുന്ന ഒരു ചര്‍ച്ചയില്‍ നിന്ന് കാര്യമായൊന്നും നേടാനില്ലല്ലോ? ലേഖകന്‍ ചൂണ്ടിക്കാട്ടുന്ന ഘടകങ്ങള്‍ സമൂഹത്തിലെ സാധാരണക്കാരനെ എങ്ങനെ ബാധിക്കുന്നു എന്ന് പരിശോധിക്കുകയും അവര്‍ക്കു കൂടി താല്പര്യം ജനിപ്പിക്കുന്ന തരത്തിലേക്ക് ലേഖനത്തെ കൊണ്ടുവരാന്‍ കഴിയുകയും ചെയ്തിരുന്നെങ്കില്‍ അതാവുമായിരുന്നു ലേഖകന്റെ ഏറ്റവും വലിയ വിജയം.

വിജി, പറഞ്ഞത് അക്ഷരം പ്രതി ശരിയാണ്. പക്ഷെ ഇത്രയും പ്രാധാന്യമുള്ള ഒരു വിഷയം ലളിതവല്‍ക്കരിക്കപ്പെട്ടുപോകുമോ എന്ന ആശങ്കയായിരുന്നു മനസ്സില്‍. അക്ഷരപിശാചിനെ ഓടിക്കാന്‍ കിണഞ്ഞു ശ്രമിക്കുന്നുണ്ട്. തെറ്റുകള്‍ എപ്പോഴും ചൂണ്ടികാണിക്കുക, അങ്ങനെയെ തിരിച്ചറിയാന്‍ കഴിയൂ സുഹൃത്തെ. പിന്നെ നമ്മുടെ വായനാ ശീലങ്ങളിലെ ഭാവപ്പകര്‍ച്ചയും ശ്രദ്ധിച്ചുകാണുമല്ലൊ? ഇങ്ങിനെയുള്ള വിഷയങ്ങളോട് പൊതുവെ മുഖം തിരിക്കുന്ന ഒരു സ്വഭാവം. അതിവിടെയും ആവര്‍ത്തിക്കുന്നു.

സാരംഗി,
പലരും, പല രീതിയില്‍, ബ്ലോഗിലൂടെയും അല്ലാതെയും അരാഷ്ട്രീയതയിലൂന്നിയ ഒരു അശ്ലീലചിന്താശീലം വ്യാപിപ്പിക്കാന്‍ തീവ്രശ്രമം നടത്തുന്നത് കണ്ടപ്പോള്‍ അറിയാതെ എഴുതി പോയതാണ്. തെറ്റിദ്ധരിച്ചപോലെ, ഒരുപാടൊന്നും ചിന്തിച്ചെഴുതിയതല്ല കേട്ടൊ...
ഇന്നിനെക്കുറിച്ച് മാത്രമായിരിക്കരുതല്ലോ നമ്മുടെ സ്വപ്നങ്ങള്‍, വരും തലമുറയ്ക്ക് “നന്മയുടെ” ഒരിത്തിരി വെട്ടമെങ്കിലും സൂക്ഷിച്ചു വെക്കേണ്ടേ? ഒരുപാട് നന്ദി.

Happy Kitten പറഞ്ഞു...

Thank you for your comments...nd I hope you dont mind me replying in English.

Even before I read your post, it had occured to me that my assumption of Abdulla Kutty had been wrong.

the point that I was trying to make in my post was that both the Communist party and the Church need to be open to criticism. Both have become a faint echo of what it stood for. My exposure /experience to politics is nil and I can only react like any other common man.

but I shall be reading you more to understand why you choose to comment on my blog...