2007, ഓഗസ്റ്റ് 25, ശനിയാഴ്‌ച

ഓണം വീണ്ടും



സ്കൂള്‍ പരീക്ഷ കഴിഞ്ഞു, പത്ത് ദിവസം ഇനി സ്വസ്ഥമായിരിക്കാം (ഇരിക്കാം എന്നത് വെറും പ്രയോഗം മാത്രം ഇരിക്കുന്നത് പോയിട്ട് വെറുതെ ഒന്നു അടങ്ങി നിന്നിരുന്നെങ്കില്‍ എന്ന് അമ്മ ആത്മാര്‍ത്ഥമായിട്ടാഗ്രഹിച്ചു പോവുന്നത് ഈ സമയത്താണ്.) മഴ തുടങ്ങിയതിനു ശേഷം സ്കൂളില്‍ പോകുന്നത് ഒരുപാടിഷ്ടമായിരുന്നെങ്കിലും നേരത്തെ എഴുന്നേല്‍ക്കുക എന്നത് അതികഠിനമായ ഒരു പ്രവൃത്തി തന്നെയായിരുന്നു .

മഴപെയ്തു കഴിഞ്ഞപ്പോള്‍ ചുറ്റിലും പച്ചപ്പാണ്. പുതുനാമ്പുമായി കുറെ പേരറിയാത്ത ചെടികളൊക്കെ നാട്ടിടവഴിയില്‍ അങ്ങിങ്ങായി തലപൊക്കി നില്‍ക്കുന്നു. ഓണപ്പൂക്കളമൊരുക്കാന്‍ ഞങ്ങളെല്ലാവരും പരിപാടിയിട്ടു. പരിപാടി ഇടാന്‍ എളുപ്പാണല്ലൊ, പക്ഷെ പൂവും വേണ്ടെ!! ഒന്നു രണ്ടുകൊല്ലം മുന്നെ വരെയൊക്കെ എല്ലായിടത്തും മണ്ണുകൊണ്ടു ഉണ്ടാക്കിയ മതിലൊ അല്ലെകില്‍ ചെമ്പരത്തിയും അരിപ്പൂവും കൊണ്ടു മനോഹരമായ വേലികളൊ ആയിരുന്നു ചുറ്റിലും. ഇപ്പൊ മിക്കതും കരിങ്കല്ലും ചെങ്കല്ലും കൊണ്ട് തേച്ചു മിനുക്കിയ മതിലുകളായി രൂപാന്തരപ്പെട്ടിരിക്കുന്നു. തൊട്ടടുത്തൊക്കെ ചില വീടുകള്‍ ഉണ്ട്, പൂവിടുകയുമില്ല, എന്നാലോ ഇടുന്നവര്‍ക്ക് പൂവു കൊടുക്കുകയുമില്ല. അങ്ങനെയുള്ള സാഹചര്യങ്ങളാണ് ഞങ്ങളുടെ “ടീം സ്പിരിറ്റ്“ കൂട്ടുന്നത്. “പൂവ് ഇസ്കല്‍” എന്ന കലാപരിപാടിയിലേക്കിറങ്ങാന്‍ ഞങ്ങളെ പ്രേരിപ്പിച്ചതും ഇങ്ങിനെയുള്ള സ്വാര്‍ത്ഥന്‍‌മാരായിരുന്നു.കൂട്ടത്തിലെ എല്ലിനിത്തിരി മൂപ്പുള്ള കൂട്ടുകാര്‍, പൂവും പറിക്കും ഒപ്പം പച്ചിലകൊണ്ട് മതിലില്‍ മനോഹരമായ അക്ഷരത്തില്‍ ഓണത്തെറി എഴുതി നിറക്കുകയും ചെയ്യും.

ഏതാണ്ടിതേ കാലത്തായിരുന്നു വല്യമ്മ ഒരു പശുക്കുട്ടിയെ വീട്ടിലേക്ക് കൊണ്ടുതരുന്നത്. വീടിന് ഐശ്വര്യം വേണമെങ്കില്‍ പശുവേണമെന്ന ദുശ്ശാഠ്യം വല്യമ്മക്കുണ്ടായിരുന്നിരിക്കാം. വീട്ടിലെത്തിയ അതിഥിയെ വളരെ സന്തോഷത്തോടെയായിരുന്നു ഞങ്ങള്‍ വരവേറ്റത്. അച്ഛനും മാമനും ചേര്‍ന്ന് വീടിന്റെ പിന്നാമ്പുറത്ത് പടിഞ്ഞിറ്റയോട് ചേര്‍ന്ന് ഓലമേഞ്ഞ ഒരു തൊഴുത്തുണ്ടാക്കി. അതിമനോഹരമായ ഒരു തൊഴുത്ത്. ഞങള്‍ക്ക് സഭകൂടാനും അതിന്റെയകത്ത് ഇഷ്ടം‌പോലെ സ്ഥലമുണ്ടായിരുന്നു. തവിട്ടു നിറത്തിലുള്ള പശുക്കുട്ടി. അതിനു 2 വയസ്സോ മറ്റോ ആയെന്ന് പറയുന്നത് കേട്ടു. അതിനു ശേഷം അച്ഛനും അമ്മക്കും ഒരാളെക്കൂടെ ശുശ്രൂഷിക്കേണ്ടി വന്നു. വൈക്കോലും വെള്ളവും മുറയ്ക്ക് കൊടുക്കാനും, തൊഴുത്ത് വൃത്തിയാക്കലും ഒക്കെ ചേര്‍ന്നപ്പോള്‍ വീട്ടില്‍ തിരക്കോട് തിരക്കു തന്നെ. തൊഴുത്തുണ്ടാക്കുന്നതിന് മുന്നെ അച്ഛന്‍ ഒരു തെങ്ങിന്‍തൈ അവിടെ കുഴിച്ചിട്ടിരുന്നു. എല്ലാ ദിവസവും നമ്മുടെ കിടാവിന് അതൊന്നു കടിച്ചില്ലെങ്കില്‍ ഉറക്കം വരില്ലാ എന്ന മട്ടായപ്പോള്‍ പലപ്പോഴും അച്ഛന്റെ ക്ഷമ നശിച്ചിരുന്നു. അല്‍ഭുതമെന്നു പറയട്ടെ, അഞ്ചോ ആറോ തവണ റീ കുഴിച്ചിടല്‍ നടത്തിയ ആ തെങ്ങിന്‍ തൈയ്യാണ് പറമ്പിലെ ഇന്നേറ്റവും കൂടുതല്‍ തേങ്ങ കായ്ക്കുന്ന തെങ്ങ്. ഇപ്പോഴും ഞങ്ങള്‍ ഇതൊക്കെ പറഞ്ഞ് പൊട്ടിച്ചിരിക്കാറുണ്ട്.

അവധികാലവും, പശുക്കിടാവും ഞങ്ങള്‍ക്ക് നല്ല നേരമ്പോക്കായി. മാവിന്‍ ചോട്ടിലെ വിശാലമായ വയലില്‍ ഇഷ്ടം‌പോലെ പുല്ലുണ്ട്. ഞങ്ങള്‍ കളിക്കാന്‍ പോകുമ്പോള്‍ പശുവിനെയും കൊണ്ടു പോകും. വയലില്‍ ഒരു ഇരുമ്പു കുറ്റി അടിച്ചു താഴ്ത്തി അതില്‍ കയറിട്ട് കെട്ടിയിടും. ഇങ്ങിനെ ഒരു നല്ല നേരത്താണ് പ്രിയപ്പെട്ട പശു ഞങ്ങള്‍ക്ക് വല്യൊരു പാര പണിതത്. കളിയില്‍ മുഴുകിയ ഞങ്ങളറിയാതെ കക്ഷി പതുക്കെ ഇരുമ്പ് കുറ്റിയും പിഴുതെടുത്ത് തൊട്ടടുത്ത കൃഷ്ണന്‍‌മാഷുടെ നെല്‍‌വയലില്‍ കേറിയൊരു ബുള്‍ഗാന്‍ ഷേവ് തന്നെ നടത്തി. കുറെ നേരം തരിച്ചിരുന്നു പോയ ഞാനും ചേച്ചിയും പശുവിനേയും വലിച്ചൊരോട്ടമായിരുന്നു വീട്ടിലേക്ക്...കൃഷണന്മാഷ് പിറ്റേ ദിവസം കാലത്ത് വീട്ടില്‍ വന്നെന്നും വഴക്ക് പറഞ്ഞെന്നുമൊക്കെ ഞങ്ങള്‍ കേട്ടഭാവം നടിച്ചതേ ഇല്ല. അതോടെ കാലിയെ മേക്കല്‍ എന്ന ജോലി പൂര്‍ണ്ണമായും അവസാനിപ്പിച്ചു.

പൂക്കളത്തിലെ പ്രധാന ഇനമായിരുന്നു വരി (ചാമ). നെല്ലിന്റെയൊപ്പം തന്നെ തഴച്ചു വളരും വരിയും. നിറയെ ചെളിയായിരിക്കും വയലില്‍. മഴപെയ്തു തോര്‍ന്നതല്ലെ ഉള്ളൂ..പോരാത്തതിന് നൊയ്ച്ചിയും, മണ്ഡലിപാമ്പും ആവശ്യത്തിലേറെ. തത്തകളും കൊറ്റികളും ഒരുപാടുണ്ടാവും വയലില്‍. വരി പറിക്കല്‍ ഒരു ഓപ്പറേഷന്‍ തന്നെയാണ്. താഴെ നെല്‍ച്ചെടി ചവിട്ടാതെ അതിന്റെ ഇടയിലൂടെ നടക്കണം. പാമ്പിനെ സൂക്ഷിക്കണം. അതും പോരാഞ്ഞ്. നെല്‍‌വയലിന്റെ ഉടമസ്ഥനെങ്ങാനും വരുന്നുണ്ടോ എന്നും ശ്രദ്ധിക്കണം. ഒന്നു രണ്ടു പ്രാവശ്യം കയ്യോടെ പിടിക്കപ്പെട്ടു. പക്ഷെ നഷ്ടം അവര്‍ക്കു തന്നെയായിരിക്കും.
ഉറക്കെയുള്ള “ആരടാ നെല്ലിന്റെ ഇടയ്ക്ക് കേറി നടക്കുന്നെ” എന്ന അട്ടഹാസം കേട്ടാല്‍ പിന്നെ ജീവനും കൊണ്ടൊരു ഓട്ടമാണ്. എത്ര നെല്‍ചെടികള്‍ ചവിട്ടി മെതിച്ചു എന്നാരു നോക്കാന്‍. ഓണക്കാലം അച്ഛനും അമ്മക്കും ചെവിക്കും മനസ്സിനും സ്വൈര്യം കിട്ടാത്ത സമയമാണ്. പരാതികളുടെ ഭാണ്ഡക്കെട്ടുകളുമായിട്ട് എത്ര പേര്‍ വീട്ടിലെത്തും.

അരിപ്പൂവ് പറിക്കാന്‍ എറ്റവും പറ്റിയ സ്ഥലം ദേവിയേടത്തിയുടെ പറമ്പിന്റെ വേലിയാണ്. നിറഞ്ഞ് പൂത്തു നില്‍ക്കുന്നുണ്ടാവും.പുഴക്കരയിലും ഇഷ്ടം പോലെ കിട്ടും. പക്ഷെ അവിടെ കോപിറ്റീഷന്‍ ഇത്തിരി കൂടുതലാണ്. തുമ്പപ്പൂവ് കിട്ടണമെങ്കില്‍ നട്ടുച്ചയ്ക്ക് കുന്നു കേറണം. കുന്നിന്‍ പുറത്തെ വലിയ തെങ്ങ്നിന്‍തോപ്പ് നിറയെ തുമ്പപ്പൂക്കളായിരുന്നു. വലിയ ഉപ്പിലകൊണ്ട് കുമ്പിള്‍ കുത്തി തുമ്പയും അരിപ്പൂവും നിറച്ച് വീട്ടിലെത്തുമ്പോഴേക്കും സന്ധ്യകഴിയും. പിന്നെ കുളിയും ചായകുടിയും കഴിഞ്ഞിട്ട്, ചെടിചീരയും, കളര്‍ചെടിയുടെ ഇലയും ചെറിതായി മുറിച്ച് പിറ്റെ ദിവസത്തേക്കുള്ള പൂക്കളത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കും. ചിലപ്പോഴൊക്കെ അച്ഛന്‍ വരുമ്പോള്‍ ജമന്തിപ്പൂവും കൊണ്ടുവരും.

വീടിന്റെ വടക്കെപ്പുറത്തെ അതിര്‍ത്തിയില്‍ ഒരു വലിയ കാക്കപ്പൂച്ചെടിയുണ്ടായിരുന്നു. ഇപ്പൊ അതൊക്കെ മാറിമാറി വന്ന റോഡ് വികസനങ്ങളുടെ ബലിയാടുകളാ‍യി.പിന്നെ മാധവിയമ്മയുടെ വീടിന്റെ പുറകിലെ ഒരിക്കലും കിളച്ചു മറിക്കാത്ത മണ്ണില്‍ നിറയെ മുക്കുറ്റിയായിരുന്നു. ആട്ടിന്‍‌കാട്ടവും മുക്കുറ്റിയും മാത്രമായിരുന്നു ആ പറമ്പിലെ വിശിഷ്ടവസ്തുക്കള്‍. ആ പറമ്പിന്റെ മൂലയില്‍ വല്യൊരു കുളമുണ്ട്. അതിന്റെ കരയിലൊരു ചെമ്പകമരവും തൊട്ടടുത്തൊരു പാലമരവും.

ഓണത്തിനു വീട്ടില്‍ എല്ലാവും എത്തും, മാമന്മാരും, മാമിമാരും അവരുടെ മക്കളും പിന്നെ ഇളയമ്മയും മച്ചുനനും, വല്യമ്മമാരും. ആകെ ഒരു ഉത്സവപ്രതീതി തന്നെയായിരിക്കും വീട്ടില്‍. ഒരുപാട് വിഭവങ്ങള്‍, പിന്നെ പായസവും. അന്നു വീട്ടില്‍ വരുന്ന കൂട്ടുകാര്‍ക്കൊക്കെ പായസവും മധുരവുംകൊടുത്തേ വിടൂ അമ്മ. ഓണക്കോടി ഒരു പതിവൊന്നുമായിരുന്നില്ല. പക്ഷെ അച്ചിമാമനും കുട്ടിമാമനും ഞങള്‍ക്കെപ്പോഴും കോടിയുടുപ്പൊക്കെ വാങ്ങിച്ചിട്ടെ വരൂ. വല്യമ്മയും ഇളയമ്മയും കാവിലെ അരിപ്പായസവും കൊണ്ടുവരും. ഇന്നും ഞാനത് കൊതിയോടെ വാങ്ങിക്കഴിക്കാറുണ്ട്. ആ അരിപ്പായസത്തിന്റെ സ്വാദ് വേറൊരിടത്തും ഇന്നോളം കിട്ടിയില്ലെന്നതാണ് സത്യം.

തുമ്പയും മുക്കുറ്റിയും അരങ്ങൊഴിഞ്ഞ പുതിയ ഓണക്കാലം. കാലം മാറുമ്പോള്‍ കോലവും മാറുമായിരിക്കും. പക്ഷെ എന്നും ഓമനിക്കാനും താലോലിക്കാനും നന്മയുടെ ഈ നല്ല ഉത്സവകാലത്തെ ഹൃദയത്തോട് ചേര്‍ക്കാനും എന്നും മലയാളിക്ക് കഴിയുമായിരിക്കും. കൊഴിഞ്ഞു പോയ നല്ല ബാല്യകാലം.വ്യാമോഹങ്ങളും ആശങ്കകളും തീരെയില്ലാതിരുന്ന സുഖമുള്ള കാലം. കാലം മുന്നോട്ട് പോകുന്നതിനൊപ്പം മലയാളിത്വം നഷ്ടപ്പെടുന്ന മലയാളിക്ക് അന്യമാവുന്ന പലതിനുമൊപ്പം ഓണവും വിഷുവും പോലുള്ള ഒത്തുചേരലിന്റെയും നന്മയുടെയും ഒരു ഉത്സവങ്ങളും കൈമോശം വരാതിരിക്കട്ടെ.
പ്രിയപ്പെട്ടവര്‍ക്ക് ഒത്തിരി സ്നേഹത്തോടെ ഹൃദയം നിറഞ്ഞ ഓണാശംസകള്‍.

6 അഭിപ്രായങ്ങൾ:

swaram പറഞ്ഞു...

തുമ്പയും മുക്കുറ്റിയും അരങ്ങൊഴിഞ്ഞ പുതിയ ഓണക്കാലം. കാലം മാറുമ്പോള്‍ കോലവും മാറുമായിരിക്കും. പക്ഷെ എന്നും ഓമനിക്കാനും താലോലിക്കാനും നന്മയുടെ ഈ നല്ല ഉത്സവകാലത്തെ ഹൃദയത്തോട് ചേര്‍ക്കാനും എന്നും മലയാളിക്ക് കഴിയുമായിരിക്കും. കൊഴിഞ്ഞു പോയ നല്ല ബാല്യകാലം.വ്യാമോഹങ്ങളും ആശങ്കകളും തീരെയില്ലാതിരുന്ന സുഖമുള്ള കാലം. കാലം മുന്നോട്ട് പോകുന്നതിനൊപ്പം മലയാളിത്വം നഷ്ടപ്പെടുന്ന മലയാളിക്ക് അന്യമാവുന്ന പലതിനുമൊപ്പം ഓണവും വിഷുവും പോലുള്ള ഒത്തുചേരലിന്റെയും നന്മയുടെയും ഒരു ഉത്സവങ്ങളും കൈമോശം വരാതിരിക്കട്ടെ. പ്രിയപ്പെട്ടവര്‍ക്ക് ഒത്തിരി സ്നേഹത്തോടെ ഹൃദയം നിറഞ്ഞ ഓണാശംസകള്‍.

വേഴാമ്പല്‍ പറഞ്ഞു...

സ്വരം , നന്നായിരിക്കുന്നു ഈ ബാല്യ ഓണക്കുറിപ്പ്.
തേങ്ങ ഞാന്‍ ഉടച്ചിരിക്കുന്നു.

swaram പറഞ്ഞു...

വേഴാംബലേ,
ഒന്നുമില്ലായ്മയില്‍ നിന്നും പെട്ടന്നുണ്ടായ ഓര്‍മ്മക്കുറിപ്പ്, അതിനൊരു മറുകുറി. ഒരു പാട് സന്തോഷം.

സാരംഗി പറഞ്ഞു...

“പൂവ് ഇസ്കല്‍” എന്ന കലാപരിപാടിയിലേക്കിറങ്ങാന്‍ ഞങ്ങളെ പ്രേരിപ്പിച്ചതും ഇങ്ങിനെയുള്ള സ്വാര്‍ത്ഥന്‍‌മാരായിരുന്നു.കൂട്ടത്തിലെ എല്ലിനിത്തിരി മൂപ്പുള്ള കൂട്ടുകാര്‍, പൂവും പറിക്കും ഒപ്പം പച്ചിലകൊണ്ട് മതിലില്‍ മനോഹരമായ അക്ഷരത്തില്‍ ഓണത്തെറി എഴുതി നിറക്കുകയും ചെയ്യും."


ഹ ഹ ചിതലേ...ഇത് വായിച്ച് കുറേ ചിരിച്ചു. പിന്നെ ഓണത്തിന്റെ ആ സ്പിരിറ്റ് ഓര്‍മ്മവന്നു..( സ്പിരിറ്റ് തെറ്റിദ്ധരിക്കല്ലെ). നല്ല അനുഭവക്കുറിപ്പ്. ഇനിയും എഴുതൂ..

Unknown പറഞ്ഞു...

nalla oru onakurippu. Namjal pattanathil jeevichadu kondu eethonnum anubhavichittilya....pakksheee vaichapol koreee karyanal njangalkku ekka nastamayi ennu manasil aayeeee....edu raindrops sindeee kuttikalatheee onam experience aanooo....edhu njangalkku share chaidhadu valareee nanayeeeee..........

swaram പറഞ്ഞു...

സാരംഗീ..
അപ്പൊ പൂവ് ഇസ്കല്‍ പരിപാടി ഇത്തിരി പരിചയം ഉണ്ട് അല്ലെ...അല്ലെങ്കില്‍ ഇത്രെം ചിരി വരാന്‍ സാധ്യത ഇല്ല.

ഷീലേച്ചീ...
നാട്ടിന്‍ പുറം നന്മകളാല്‍ സമൃദ്ധം എന്നു കേട്ടിട്ടില്ലേ..
ഇനി അതൊക്കെ വെറും സ്വപ്നങ്ങളാണ്. കേരളത്തില്‍ ഇന്ന് ഗ്രാമങ്ങളില്ല നാഗരം ഗ്രാമങ്ങളെ എന്നേ വിഴുങ്ങിയിരിക്കുന്നു. ഗ്രാമങ്ങള്‍ നഗരങ്ങളെ വിഴുങ്ങുന്ന ഒരു നല്ലകാലത്തെക്കുറിച്ച് നമുക്ക് സ്വപ്നം കാണാം!!