നിലവിളികളും നിസ്സഹായതയും കനലുകളായി മനസ്സില്‍ പേറി, ഭരണകൂട ഭീകരതയുടെ ജീവിക്കുന്ന രക്തസാക്ഷികളായ “ഇര“കള്‍ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് കൊണ്ടും,ദുസ്സഹമായ രാഷ്ട്രീയ പേകൂത്തുകള്‍ക്കുമപ്പുറത്ത് മനുഷ്യത്വമെന്ന ഏറ്റവും മൂല്യവത്തായ ഒരു വികാരം ഇന്ത്യയെന്ന “ഇടിവെട്ട്” രാജ്യത്തിന്റെ നിഘണ്ടുവില്‍ നിന്നും എടുത്തമാറ്റപ്പെട്ടുവെന്നുമുള്ള ദുഖ സത്യം തന്ന ഞെട്ടലോടെ എഴുതി തുടങ്ങട്ടെ...
ഒരു പറ്റം കോട്ടും സൂട്ടുമണിഞ്ഞ രാഷ്ട്രത്തലവന്മാര്‍ക്കിടയില്‍ വെറുമൊരു കൌപീനം മാത്രം ധരിച്ച ഒരു തലപ്പാവുധാരിയെ ഒന്നു സങ്കല്‍പ്പിച്ചു നോക്കൂ. അതെ! അതാണ് ഇന്ത്യയെന്ന കൊട്ടിഘോഷിക്കപ്പെടുന്ന ജനാധിപത്യ രാജ്യത്തിന്റെ പ്രധാനമന്ത്രിയുടെ ഇന്നത്തെ അവസ്ഥ. നാറിയ ഭരണകൂടമെന്ന് ഏത് കൊട്ടാര മട്ടുപ്പാവില്‍ കേറി വിളിച്ചാലും അത് കൂടിപ്പോവില്ലെന്ന ഉറപ്പോടെയാണ് ഇതെഴുതി തുടങ്ങുന്നത്. സ്വന്തം മണ്ണിലും വിണ്ണിലും വിഷം കയറ്റി വിട്ടവരെയും ഇന്നും വിഷമഴ പൊഴിക്കുന്നവരെയും തടയണമെന്ന ഒരു ജനതയുടെ വിലാപത്തെ കണ്ടില്ലെന്ന് നടിക്കുന്നത് ആര്‍ക്കുവേണ്ടിയാണ്? ഏത് രാഷ്ട്രീയത്തിന്റെ, അല്ലെങ്കിലേത് നീതിയുടെ പേരിലാണിതൊന്നും ഞങ്ങളുടെ ജോലിയല്ലെന്ന് ഇവര്‍ ഭാവിക്കുന്നത്?
പൊട്ടിയൊലിക്കുന്ന തൊലിയും, എടുത്താല്‍ പൊങ്ങാത്ത തലയുമായി കിടക്കപ്പായില്‍ തേങ്ങുന്ന തങ്ങളുടെ പിഞ്ചോമനകള്‍ക്ക് കണ്ണീരോടെ കൂട്ടിരിക്കുന്ന ഏതമ്മയുടെ നെഞ്ചിന്‍ കൂട്ടിലേക്കാണ് നിങ്ങളിനിയും ക്രൂരതയുടെ കൂരമ്പുകള്‍ അടിച്ചു കയറ്റുന്നത്, ആരുടെ മുന്നിലാണ് നിങ്ങള്‍ ആര്‍ദ്രതയെയും, ദൈന്യതയേയും കുറിച്ച് വേദാന്തമോതുന്നത്? പട്ടടയ്ക്കു കാവലിരിക്കുന്ന അമ്മമാരോട് പഠന റിപ്പോര്‍ട്ടിന്റെ മഹത്വവും, എന്‍ഡോസള്‍ഫാന്റെ ഗുണഗണങ്ങളെക്കുറിച്ചും നീട്ടി കുരയ്ക്കുന്നവര്‍ ആരോടാണ് കടപ്പാടുകള്‍ കാണിക്കുന്നത്?
ആണവകരാറുണ്ടാക്കാനും ഇറാന്റെ മേക്കിട്ട് കേറാന്‍ സഭയില്‍ കൈ പൊക്കാനും ഒട്ടും ആലോചിക്കേണ്ടി വന്നിട്ടില്ലാത്ത മാന്യദേഹങ്ങള്‍ക്ക് മരിച്ചു ജീവിക്കുന്ന എന്റോസള്‍ഫാന്‍ ഇരകള്‍ക്ക് നീതി നല്‍കാന്‍ ഒരു പാട് പഠനങ്ങളും, കുത്തിനോക്കലുകളും അത്യാവശ്യമത്രേ!! പുതിയ ലോകത്തെ നയിക്കാന്‍ ഷണ്ഡത്വമാണോ ആയുധം? അങ്ങനെയാണോ അമേരിക്കയിലെയും ബ്രിട്ടനിലെയും പാതിരാ ചര്‍ച്ചകളില്‍ പഠിപ്പിച്ചെടുത്തത്? നാഴികയ്ക്ക് നാല്പത് വട്ടം ഗാന്ധിയെ വിളിക്കുന്നവര്‍ ഒരു വടിയും കുത്തി ഏന്തി നടന്ന ആ എല്ലിന്‍ കൂടിലെ മനുഷ്യത്വത്തെ ഇനിയും തിരിച്ചറിഞ്ഞില്ലേ?
മന്ത്രിപ്പണിക്കയച്ച കുറെ കോന്തന്മാര്‍ തലങ്ങും വിലങ്ങും പ്രസ്താവനാ മഹോത്സവങ്ങള്‍ സംഘടിപ്പിച്ച ഒരു കാലമുണ്ടായിരുന്നു ഈ അടുത്ത നാള്‍ വരെ കേരളത്തില്‍. എന്നാലിന്ന് മരുന്നിനെങ്കിലും ഒരെണ്ണത്തിനെപ്പോലും കാണാനില്ല ഒരിടത്തും. പച്ചയ്ക്ക് പറഞ്ഞാല്‍, ഏത് രാഷ്ട്രീയത്തിന്റെ പേരിലായാലും ജനങ്ങള്‍ക്ക് വേണ്ടി ശബ്ദിക്കാന്‍ സുധീരനെപ്പോലെ ഒറ്റ തന്തയ്ക്ക് പിറന്നവര്‍ തന്നെ വേണം.
എല്ലാം മനസ്സിലൊതുക്കി വിധിയ്ക്കു കീഴടങ്ങി വിതുമ്പി ജീവിതം തീര്‍ക്കുന്ന ഒരു ജനതയുടെ വിലാപമല്ല ഇന്ന് കേരളത്തിന്റെ തെരുവോരങ്ങളില്‍ കേള്‍ക്കുന്നത്. ജീവിക്കാനും, ജനിച്ച മണ്ണിനെ സാന്ത്വനിപ്പിക്കാനുമുള്ള മരിക്കാത്ത മനസ്സുകളുടെ പോരാട്ട വീര്യത്തിന്റെ ഗര്‍ജ്ജനമാണവിടെ മുഴങ്ങുന്നത്. അമ്മമാരുടെ ഒടുങ്ങാത്ത കണ്ണീരു കാണാത്ത ഒരു ഭരണകൂടവും നമുക്കു വേണ്ട. പദപ്രയോഗങ്ങളിലൂടെ ഷണ്ഡത്വം മറക്കാന്‍ മിനക്കെടുന്ന രാഷ്ട്രീയ ആരാച്ചാര്‍മാരെ തെരുവില്‍ തന്നെ നമുക്കു കുഴിച്ചു മൂടാം. ഒരു കോര്‍പ്പറേറ്റിന്റെയും മരുന്നു കമ്പനിക്കാരന്റെയും കക്ഷത്തു തിരുകി വെക്കാനുള്ളതല്ല വരും തലമുറയുടെ സ്വപ്നങ്ങള്‍.
ജനാധിപത്യത്തിനു പുല്ലു വിലകല്‍പ്പിക്കുന്ന ഒരു പ്രധാനമന്ത്രിയും രാജാവ് നഗ്നനാണെന്ന് വിളിച്ചു പറയാന് മടിക്കുന്ന മുക്കാല്‍ കാശിനു കൊള്ളാത്ത പരിവാരങ്ങളും ജനമുന്നേറ്റത്തിനു മുന്നില്‍ തല കുനിച്ചേ മതിയാവൂ. ഇത് കാലം നമ്മളെ ഏല്‍പ്പിക്കുന്ന കര്‍മ്മമാണ്. കാണാത്ത കേള്‍ക്കാത്ത അറിയാത്ത, പക്ഷെ ചോരയും മാസവും നമ്മുടേത് പോലെ തന്നെയുള്ള നമ്മുടെ കൂടപ്പിറപ്പുകളുടെ വേദന നമ്മുടെ സിരകളില്‍ അഗ്നിയായി പടരട്ടെ. എന്‍ഡോസള്‍ഫാന്‍, നമുക്കിനി വേണ്ടേ വേണ്ട.
2 അഭിപ്രായങ്ങൾ:
പൊട്ടിയൊലിക്കുന്ന തൊലിയും, എടുത്താല്‍ പൊങ്ങാത്ത തലയുമായി കിടക്കപ്പായില്‍ തേങ്ങുന്ന തങ്ങളുടെ പിഞ്ചോമനകള്‍ക്ക് കണ്ണീരോടെ കൂട്ടിരിക്കുന്ന ഏതമ്മയുടെ നെഞ്ചിന്‍ കൂട്ടിലേക്കാണ് നിങ്ങളിനിയും ക്രൂരതയുടെ കൂരമ്പുകള്‍ അടിച്ചു കയറ്റുന്നത്, ആരുടെ മുന്നിലാണ് നിങ്ങള്‍ ആര്‍ദ്രതയെയും, ദൈന്യതയേയും കുറിച്ച് വേദാന്തമോതുന്നത്? പട്ടടയ്ക്കു കാവലിരിക്കുന്ന അമ്മമാരോട് പഠന റിപ്പോര്‍ട്ടിന്റെ മഹത്വവും, എന്‍ഡോസള്‍ഫാന്റെ ഗുണഗണങ്ങളെക്കുറിച്ചും നീട്ടി കുരയ്ക്കുന്നവര്‍ ആരോടാണ് കടപ്പാടുകള്‍ കാണിക്കുന്നത്?
well said..
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ