2007, ഓഗസ്റ്റ് 25, ശനിയാഴ്‌ച

ഓണം വീണ്ടും



സ്കൂള്‍ പരീക്ഷ കഴിഞ്ഞു, പത്ത് ദിവസം ഇനി സ്വസ്ഥമായിരിക്കാം (ഇരിക്കാം എന്നത് വെറും പ്രയോഗം മാത്രം ഇരിക്കുന്നത് പോയിട്ട് വെറുതെ ഒന്നു അടങ്ങി നിന്നിരുന്നെങ്കില്‍ എന്ന് അമ്മ ആത്മാര്‍ത്ഥമായിട്ടാഗ്രഹിച്ചു പോവുന്നത് ഈ സമയത്താണ്.) മഴ തുടങ്ങിയതിനു ശേഷം സ്കൂളില്‍ പോകുന്നത് ഒരുപാടിഷ്ടമായിരുന്നെങ്കിലും നേരത്തെ എഴുന്നേല്‍ക്കുക എന്നത് അതികഠിനമായ ഒരു പ്രവൃത്തി തന്നെയായിരുന്നു .

മഴപെയ്തു കഴിഞ്ഞപ്പോള്‍ ചുറ്റിലും പച്ചപ്പാണ്. പുതുനാമ്പുമായി കുറെ പേരറിയാത്ത ചെടികളൊക്കെ നാട്ടിടവഴിയില്‍ അങ്ങിങ്ങായി തലപൊക്കി നില്‍ക്കുന്നു. ഓണപ്പൂക്കളമൊരുക്കാന്‍ ഞങ്ങളെല്ലാവരും പരിപാടിയിട്ടു. പരിപാടി ഇടാന്‍ എളുപ്പാണല്ലൊ, പക്ഷെ പൂവും വേണ്ടെ!! ഒന്നു രണ്ടുകൊല്ലം മുന്നെ വരെയൊക്കെ എല്ലായിടത്തും മണ്ണുകൊണ്ടു ഉണ്ടാക്കിയ മതിലൊ അല്ലെകില്‍ ചെമ്പരത്തിയും അരിപ്പൂവും കൊണ്ടു മനോഹരമായ വേലികളൊ ആയിരുന്നു ചുറ്റിലും. ഇപ്പൊ മിക്കതും കരിങ്കല്ലും ചെങ്കല്ലും കൊണ്ട് തേച്ചു മിനുക്കിയ മതിലുകളായി രൂപാന്തരപ്പെട്ടിരിക്കുന്നു. തൊട്ടടുത്തൊക്കെ ചില വീടുകള്‍ ഉണ്ട്, പൂവിടുകയുമില്ല, എന്നാലോ ഇടുന്നവര്‍ക്ക് പൂവു കൊടുക്കുകയുമില്ല. അങ്ങനെയുള്ള സാഹചര്യങ്ങളാണ് ഞങ്ങളുടെ “ടീം സ്പിരിറ്റ്“ കൂട്ടുന്നത്. “പൂവ് ഇസ്കല്‍” എന്ന കലാപരിപാടിയിലേക്കിറങ്ങാന്‍ ഞങ്ങളെ പ്രേരിപ്പിച്ചതും ഇങ്ങിനെയുള്ള സ്വാര്‍ത്ഥന്‍‌മാരായിരുന്നു.കൂട്ടത്തിലെ എല്ലിനിത്തിരി മൂപ്പുള്ള കൂട്ടുകാര്‍, പൂവും പറിക്കും ഒപ്പം പച്ചിലകൊണ്ട് മതിലില്‍ മനോഹരമായ അക്ഷരത്തില്‍ ഓണത്തെറി എഴുതി നിറക്കുകയും ചെയ്യും.

ഏതാണ്ടിതേ കാലത്തായിരുന്നു വല്യമ്മ ഒരു പശുക്കുട്ടിയെ വീട്ടിലേക്ക് കൊണ്ടുതരുന്നത്. വീടിന് ഐശ്വര്യം വേണമെങ്കില്‍ പശുവേണമെന്ന ദുശ്ശാഠ്യം വല്യമ്മക്കുണ്ടായിരുന്നിരിക്കാം. വീട്ടിലെത്തിയ അതിഥിയെ വളരെ സന്തോഷത്തോടെയായിരുന്നു ഞങ്ങള്‍ വരവേറ്റത്. അച്ഛനും മാമനും ചേര്‍ന്ന് വീടിന്റെ പിന്നാമ്പുറത്ത് പടിഞ്ഞിറ്റയോട് ചേര്‍ന്ന് ഓലമേഞ്ഞ ഒരു തൊഴുത്തുണ്ടാക്കി. അതിമനോഹരമായ ഒരു തൊഴുത്ത്. ഞങള്‍ക്ക് സഭകൂടാനും അതിന്റെയകത്ത് ഇഷ്ടം‌പോലെ സ്ഥലമുണ്ടായിരുന്നു. തവിട്ടു നിറത്തിലുള്ള പശുക്കുട്ടി. അതിനു 2 വയസ്സോ മറ്റോ ആയെന്ന് പറയുന്നത് കേട്ടു. അതിനു ശേഷം അച്ഛനും അമ്മക്കും ഒരാളെക്കൂടെ ശുശ്രൂഷിക്കേണ്ടി വന്നു. വൈക്കോലും വെള്ളവും മുറയ്ക്ക് കൊടുക്കാനും, തൊഴുത്ത് വൃത്തിയാക്കലും ഒക്കെ ചേര്‍ന്നപ്പോള്‍ വീട്ടില്‍ തിരക്കോട് തിരക്കു തന്നെ. തൊഴുത്തുണ്ടാക്കുന്നതിന് മുന്നെ അച്ഛന്‍ ഒരു തെങ്ങിന്‍തൈ അവിടെ കുഴിച്ചിട്ടിരുന്നു. എല്ലാ ദിവസവും നമ്മുടെ കിടാവിന് അതൊന്നു കടിച്ചില്ലെങ്കില്‍ ഉറക്കം വരില്ലാ എന്ന മട്ടായപ്പോള്‍ പലപ്പോഴും അച്ഛന്റെ ക്ഷമ നശിച്ചിരുന്നു. അല്‍ഭുതമെന്നു പറയട്ടെ, അഞ്ചോ ആറോ തവണ റീ കുഴിച്ചിടല്‍ നടത്തിയ ആ തെങ്ങിന്‍ തൈയ്യാണ് പറമ്പിലെ ഇന്നേറ്റവും കൂടുതല്‍ തേങ്ങ കായ്ക്കുന്ന തെങ്ങ്. ഇപ്പോഴും ഞങ്ങള്‍ ഇതൊക്കെ പറഞ്ഞ് പൊട്ടിച്ചിരിക്കാറുണ്ട്.

അവധികാലവും, പശുക്കിടാവും ഞങ്ങള്‍ക്ക് നല്ല നേരമ്പോക്കായി. മാവിന്‍ ചോട്ടിലെ വിശാലമായ വയലില്‍ ഇഷ്ടം‌പോലെ പുല്ലുണ്ട്. ഞങ്ങള്‍ കളിക്കാന്‍ പോകുമ്പോള്‍ പശുവിനെയും കൊണ്ടു പോകും. വയലില്‍ ഒരു ഇരുമ്പു കുറ്റി അടിച്ചു താഴ്ത്തി അതില്‍ കയറിട്ട് കെട്ടിയിടും. ഇങ്ങിനെ ഒരു നല്ല നേരത്താണ് പ്രിയപ്പെട്ട പശു ഞങ്ങള്‍ക്ക് വല്യൊരു പാര പണിതത്. കളിയില്‍ മുഴുകിയ ഞങ്ങളറിയാതെ കക്ഷി പതുക്കെ ഇരുമ്പ് കുറ്റിയും പിഴുതെടുത്ത് തൊട്ടടുത്ത കൃഷ്ണന്‍‌മാഷുടെ നെല്‍‌വയലില്‍ കേറിയൊരു ബുള്‍ഗാന്‍ ഷേവ് തന്നെ നടത്തി. കുറെ നേരം തരിച്ചിരുന്നു പോയ ഞാനും ചേച്ചിയും പശുവിനേയും വലിച്ചൊരോട്ടമായിരുന്നു വീട്ടിലേക്ക്...കൃഷണന്മാഷ് പിറ്റേ ദിവസം കാലത്ത് വീട്ടില്‍ വന്നെന്നും വഴക്ക് പറഞ്ഞെന്നുമൊക്കെ ഞങ്ങള്‍ കേട്ടഭാവം നടിച്ചതേ ഇല്ല. അതോടെ കാലിയെ മേക്കല്‍ എന്ന ജോലി പൂര്‍ണ്ണമായും അവസാനിപ്പിച്ചു.

പൂക്കളത്തിലെ പ്രധാന ഇനമായിരുന്നു വരി (ചാമ). നെല്ലിന്റെയൊപ്പം തന്നെ തഴച്ചു വളരും വരിയും. നിറയെ ചെളിയായിരിക്കും വയലില്‍. മഴപെയ്തു തോര്‍ന്നതല്ലെ ഉള്ളൂ..പോരാത്തതിന് നൊയ്ച്ചിയും, മണ്ഡലിപാമ്പും ആവശ്യത്തിലേറെ. തത്തകളും കൊറ്റികളും ഒരുപാടുണ്ടാവും വയലില്‍. വരി പറിക്കല്‍ ഒരു ഓപ്പറേഷന്‍ തന്നെയാണ്. താഴെ നെല്‍ച്ചെടി ചവിട്ടാതെ അതിന്റെ ഇടയിലൂടെ നടക്കണം. പാമ്പിനെ സൂക്ഷിക്കണം. അതും പോരാഞ്ഞ്. നെല്‍‌വയലിന്റെ ഉടമസ്ഥനെങ്ങാനും വരുന്നുണ്ടോ എന്നും ശ്രദ്ധിക്കണം. ഒന്നു രണ്ടു പ്രാവശ്യം കയ്യോടെ പിടിക്കപ്പെട്ടു. പക്ഷെ നഷ്ടം അവര്‍ക്കു തന്നെയായിരിക്കും.
ഉറക്കെയുള്ള “ആരടാ നെല്ലിന്റെ ഇടയ്ക്ക് കേറി നടക്കുന്നെ” എന്ന അട്ടഹാസം കേട്ടാല്‍ പിന്നെ ജീവനും കൊണ്ടൊരു ഓട്ടമാണ്. എത്ര നെല്‍ചെടികള്‍ ചവിട്ടി മെതിച്ചു എന്നാരു നോക്കാന്‍. ഓണക്കാലം അച്ഛനും അമ്മക്കും ചെവിക്കും മനസ്സിനും സ്വൈര്യം കിട്ടാത്ത സമയമാണ്. പരാതികളുടെ ഭാണ്ഡക്കെട്ടുകളുമായിട്ട് എത്ര പേര്‍ വീട്ടിലെത്തും.

അരിപ്പൂവ് പറിക്കാന്‍ എറ്റവും പറ്റിയ സ്ഥലം ദേവിയേടത്തിയുടെ പറമ്പിന്റെ വേലിയാണ്. നിറഞ്ഞ് പൂത്തു നില്‍ക്കുന്നുണ്ടാവും.പുഴക്കരയിലും ഇഷ്ടം പോലെ കിട്ടും. പക്ഷെ അവിടെ കോപിറ്റീഷന്‍ ഇത്തിരി കൂടുതലാണ്. തുമ്പപ്പൂവ് കിട്ടണമെങ്കില്‍ നട്ടുച്ചയ്ക്ക് കുന്നു കേറണം. കുന്നിന്‍ പുറത്തെ വലിയ തെങ്ങ്നിന്‍തോപ്പ് നിറയെ തുമ്പപ്പൂക്കളായിരുന്നു. വലിയ ഉപ്പിലകൊണ്ട് കുമ്പിള്‍ കുത്തി തുമ്പയും അരിപ്പൂവും നിറച്ച് വീട്ടിലെത്തുമ്പോഴേക്കും സന്ധ്യകഴിയും. പിന്നെ കുളിയും ചായകുടിയും കഴിഞ്ഞിട്ട്, ചെടിചീരയും, കളര്‍ചെടിയുടെ ഇലയും ചെറിതായി മുറിച്ച് പിറ്റെ ദിവസത്തേക്കുള്ള പൂക്കളത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കും. ചിലപ്പോഴൊക്കെ അച്ഛന്‍ വരുമ്പോള്‍ ജമന്തിപ്പൂവും കൊണ്ടുവരും.

വീടിന്റെ വടക്കെപ്പുറത്തെ അതിര്‍ത്തിയില്‍ ഒരു വലിയ കാക്കപ്പൂച്ചെടിയുണ്ടായിരുന്നു. ഇപ്പൊ അതൊക്കെ മാറിമാറി വന്ന റോഡ് വികസനങ്ങളുടെ ബലിയാടുകളാ‍യി.പിന്നെ മാധവിയമ്മയുടെ വീടിന്റെ പുറകിലെ ഒരിക്കലും കിളച്ചു മറിക്കാത്ത മണ്ണില്‍ നിറയെ മുക്കുറ്റിയായിരുന്നു. ആട്ടിന്‍‌കാട്ടവും മുക്കുറ്റിയും മാത്രമായിരുന്നു ആ പറമ്പിലെ വിശിഷ്ടവസ്തുക്കള്‍. ആ പറമ്പിന്റെ മൂലയില്‍ വല്യൊരു കുളമുണ്ട്. അതിന്റെ കരയിലൊരു ചെമ്പകമരവും തൊട്ടടുത്തൊരു പാലമരവും.

ഓണത്തിനു വീട്ടില്‍ എല്ലാവും എത്തും, മാമന്മാരും, മാമിമാരും അവരുടെ മക്കളും പിന്നെ ഇളയമ്മയും മച്ചുനനും, വല്യമ്മമാരും. ആകെ ഒരു ഉത്സവപ്രതീതി തന്നെയായിരിക്കും വീട്ടില്‍. ഒരുപാട് വിഭവങ്ങള്‍, പിന്നെ പായസവും. അന്നു വീട്ടില്‍ വരുന്ന കൂട്ടുകാര്‍ക്കൊക്കെ പായസവും മധുരവുംകൊടുത്തേ വിടൂ അമ്മ. ഓണക്കോടി ഒരു പതിവൊന്നുമായിരുന്നില്ല. പക്ഷെ അച്ചിമാമനും കുട്ടിമാമനും ഞങള്‍ക്കെപ്പോഴും കോടിയുടുപ്പൊക്കെ വാങ്ങിച്ചിട്ടെ വരൂ. വല്യമ്മയും ഇളയമ്മയും കാവിലെ അരിപ്പായസവും കൊണ്ടുവരും. ഇന്നും ഞാനത് കൊതിയോടെ വാങ്ങിക്കഴിക്കാറുണ്ട്. ആ അരിപ്പായസത്തിന്റെ സ്വാദ് വേറൊരിടത്തും ഇന്നോളം കിട്ടിയില്ലെന്നതാണ് സത്യം.

തുമ്പയും മുക്കുറ്റിയും അരങ്ങൊഴിഞ്ഞ പുതിയ ഓണക്കാലം. കാലം മാറുമ്പോള്‍ കോലവും മാറുമായിരിക്കും. പക്ഷെ എന്നും ഓമനിക്കാനും താലോലിക്കാനും നന്മയുടെ ഈ നല്ല ഉത്സവകാലത്തെ ഹൃദയത്തോട് ചേര്‍ക്കാനും എന്നും മലയാളിക്ക് കഴിയുമായിരിക്കും. കൊഴിഞ്ഞു പോയ നല്ല ബാല്യകാലം.വ്യാമോഹങ്ങളും ആശങ്കകളും തീരെയില്ലാതിരുന്ന സുഖമുള്ള കാലം. കാലം മുന്നോട്ട് പോകുന്നതിനൊപ്പം മലയാളിത്വം നഷ്ടപ്പെടുന്ന മലയാളിക്ക് അന്യമാവുന്ന പലതിനുമൊപ്പം ഓണവും വിഷുവും പോലുള്ള ഒത്തുചേരലിന്റെയും നന്മയുടെയും ഒരു ഉത്സവങ്ങളും കൈമോശം വരാതിരിക്കട്ടെ.
പ്രിയപ്പെട്ടവര്‍ക്ക് ഒത്തിരി സ്നേഹത്തോടെ ഹൃദയം നിറഞ്ഞ ഓണാശംസകള്‍.

2007, ഓഗസ്റ്റ് 20, തിങ്കളാഴ്‌ച

ss <സ്പേയ്സ്> മാവേലി

ഫ്ലാഷ് ന്യൂസ് തലങ്ങും വിലങ്ങും മനുഷ്യനെ പേടിപ്പിച്ചു കൊണ്ട് സ്ക്രീനിലൂടെ നെട്ടോട്ടം ഓടുന്നു. സൂപ്പര്‍ സ്റ്റാര്‍ ഇന്നവസാനിക്കുന്നു. എസ്.എം.എസുകള്‍ ഇനിയും അയക്കാം. അമ്മമാരും പെങ്ങമ്മാരും ദൈവങ്ങളെ മണിയടിച്ചും, തലയിട്ടടിച്ചും തങ്ങളുടെ ഗ്രൂപ്പില്‍ കേറ്റാനുള്ള എല്ലാ പരിപാടിയും ചെയ്തോണ്ടിരിക്കുന്നു. അമ്പലങ്ങളിലും, പള്ളികളിലും കൂട്ടയോട്ട മത്സരം തന്നെ നടക്കുന്നു. ശാന്തിക്കാരന്റെ മടിശ്ശീലയും ദൈവത്തിന്റെ ഭണ്ടാരപ്പെട്ടിയും നിറഞ്ഞു കവിഞ്ഞൊഴുകുന്നു. വഴിപാടുകള്‍ സെക്രട്ടറിയേറ്റ് നടയ്ക്കലെ സത്യാഗ്രഹം പോലെ ഒന്നിനൊന്നു ഉഗ്രരൂപം പ്രാപിക്കുന്നു. ഈ എസ്.എം.എസ് കണ്ടുപിടിച്ചവനെ ഇപ്പൊ കിട്ടിയിരുന്നെങ്കില്‍ ...എന്റെ പൊന്നേ...!!

മാലോകരുടെ നെട്ടോട്ടം കണ്ട് അന്തം വിട്ട്, മുന്നിലെ ചെളിക്കുണ്ട് കണ്ടില്ല, ഹൈവേ എന്നും വിളിക്കുമത്രേ ഇതിനെ..കുഴിയില്‍ വീഴാതിരിക്കാനുള്ള ചാട്ടത്തിനിടയില്‍ അരയില്‍ നിന്നും ഊര്‍ന്നിറങ്ങിയ ഉടുതുണിയുടെ ഒരറ്റം ഇടത്ത് കൈകൊണ്ട് കൂട്ടിപ്പിടിച്ച് മറ്റെകയ്യിലെ ഓലക്കുട പാറിപോവാതെ കെട്ടിപ്പിടിച്ച് ഒരു വിധത്തില്‍ അമ്പലപ്പറമ്പില്‍ വലിഞ്ഞു കേറി.

കഴിഞ്ഞ പ്രാവശ്യം വന്നപ്പോ ഇങ്ങിനൊന്നുമായിരുന്നില്ലല്ലൊ എന്റെ പ്രജകള്‍. വീടിനു പുറത്തിറങ്ങാതെ പെട്ടിക്കു മുന്നില്‍ അടയിരുന്ന ഇവറ്റകള്‍ക്കിതെന്തുപറ്റിയെന്റെ നാരായണ!! പാതാളത്തില്‍ നിന്നും സൂപ്പര്‍ഫാസ്റ്റ് പിടിച്ചിങ്ങെത്തുവോളം യാത്ര സുഖകരമായിരുന്നു. തലസ്ഥാനം മുതല്‍ കാസര്‍ഗോഡ് വരെ ഓട്ടപ്രദക്ഷിണം നടത്തിയപ്പോഴേക്കും അസ്കിത കലശലായി.നമ്മുടെ രാജ്യത്തിലെ റോഡൊക്കെ നല്ല പപ്പട പരുവത്തിലായതു കൊണ്ട് നട്ടെല്ലിന്റെ നട്ടും ബോള്‍ട്ടും സ്ഥാനം തെറ്റി കിടക്കുന്ന പോലെ. എന്നാലും ആശ്വാസം.നമ്മുടെ പ്രജകള്‍ അപ്പാടെ ദൈവ ഭക്തരും, സ്നേഹ സമ്പന്നരും ആയല്ലോ.

അമ്പലത്തിലെ ആല്‍തറയില്‍ അല്പമൊന്ന് റസ്റ്റെഡുക്കാനിരുന്നു. ഇതേതടാ ഒരു പുതിയ അവതാരം. നമ്മുടെ കഞ്ഞിയില്‍ പാറ്റ ഇടാനുള്ള സെറ്റപ്പാണോ എന്ന മട്ടില്‍ തൊട്ടപ്പുറത്തിരിക്കുന്ന കാവി ഉടുത്ത താടിക്കാരന്‍ രൂക്ഷമായൊന്നു നോക്കി. എന്നിട്ട് അടുത്തിരുന്ന കൈനോട്ടക്കാരനോടൊരു കമന്റും.
“ലവനൊന്നും വേറെ ഒരു പണിയുമില്ലെടേയ്...തലയില്‍ ഒരു തൊപ്പിയും, ഒരു ഓലക്കുടയുമെടുത്തിറങ്ങിക്കോളും...ബാലെയാ അതോ സൂപ്പര്‍സ്റ്റാറിനു പഠിക്കുകയോ...പരട്ട് ജന്മം”
അതു പറഞ്ഞ് സന്യാസിവര്യന്‍ വായിലുണ്ടായിരുന്ന പാ‍ന്‍പരാഗിന്റെ ചുവന്ന വെള്ളം പാറ്റി തുപ്പി.

കാര്യം എക്സ് മിനിസ്റ്റര്‍ ഒക്കെയാണ്. എന്നാലും നാട്ടുകാരു കേറി സവാരിഗിരിഗിരി നടത്തിയാല്‍ പാണ്ടി വണ്ടി കേറിയ പാട്ട പോലെ ആവും തടി. തടിയുണ്ടെങ്കില്‍ പുല്ലും പറിക്കാലോ... ഒന്നും മിണ്ടാതെ ഫ്രീയായി കിട്ടിയ ആട്ടും തുപ്പും അപ്പാടെ വിഴുങ്ങി ഒരൊറ്റ മുങ്ങല്‍.

മഴക്കാലത്തും ദാഹം!! കലികാലം. പെട്ടിക്കടയിലെ ഐസുപെട്ടി കൊതിയോടെ നോക്കി.
“മോനെ ഒരു സംഭാരം”

നാലുറുപ്യ...ഒരു പാക്കറ്റ് നീട്ടി പിടിച്ച് ചെറുപ്പക്കാരന്‍ കണ്ണുരുട്ടി.
“അയ്യൊ മോനെ, സംഭാരം കുടത്തിലല്ലെ? ഇതെന്താ ഇങിനെയൊക്കെ പൊതിഞ്ഞു കെട്ടിയിട്ട്”
“നാശം, ഇതൊക്കെ ഏതു പട്ടിക്കാട്ടില്‍ നിന്നും വരുന്നതാണോ എന്തോ...“
“ആ സാധനത്തിനെന്താ വില”
“പെപ്സിയോ?”
“ആഹ് അതു തന്നെ...കുടിക്കാനുള്ളതല്ലെ?”
കാലം മാറിയില്ലെ, പാതാളത്തില്‍ ചെന്ന് കുടുംബത്തോട് പറയാലോ ഇവിടത്തെ പുതിയ രുചികളും, രീതികളും ഒക്കെ. പരിഷ്കാരം അവിടെയും നടപ്പാക്കാലോ..
ഒരു കൊച്ചു പെപ്സി ടിന്നും വാങ്ങി ശ്രീ സന്യാസിവര്യന്‍ കാണാതെ ആല്‍തറയുടെ മറപിടിച്ച് താഴെയിരുന്നു. തിരിച്ചും മറിച്ചും നോക്കി. ഇതൊന്ന് തുറക്കാനുള്ള ഗുട്ടന്‍സ് എങ്ങനാണാ‍വോ..ഇടത്തും വലത്തുമിട്ട് കുലുക്കി നോക്കി..ഏതെങ്കിലും അടപ്പെങ്ങാനും തുറന്ന് പോന്നാലോ...ഇന്നലെ സൈബര്‍കഫേകാരന്‍ പറഞ്ഞ പോലെ ഇനിയിപ്പോ ഇതു തുറക്കാന്‍ വല്ല പാസ്‌വേര്‍ഡോ മറ്റോ ഉണ്ടാവ്യൊ...ആകെ മൊത്തം കണ്‍ഫ്യൂഷന്‍ അടിച്ചിരിക്കുമ്പോഴതാ വരുന്നു ഒരു കൊച്ചു കുട്ടി. മുടിയൊക്കെ ചെവിക്കിരുവശവും ചട്ടി വച്ചു മുറിച്ച്, ബാക്കി ഭാഗത്തൊക്കെ ചെമ്പന്‍ നിറം പൂശിയിരിക്കുന്നു. കഴുത്തിലൊരു തടിച്ച ഇരുമ്പു ചങ്ങലയും.കയ്യില്‍ പലനിറത്തിലുള്ള കുറെ ചരടും.

“ഡാ മോനെ, ഒന്നിങ്ങു വന്നെ“
“യേസ് മേന്‍, ഹൌ കേന്‍ ഐ ഹെല്‍പ്പ് യു”
തള്ളിപ്പോയ കണ്ണ് നിമിഷം പോലും പാഴാക്കാതെ പിടിച്ചകത്തോട്ടിട്ട്,
“ഇത്, ഇതൊന്നു തുറക്കണം.“
“സില്ലി മേന്‍..ഇറ്റ്സ് ഏസ് സിമ്പിള്‍ ഏസ് ദിസ് “
ടക്ക്...
സംഭവിച്ചതെന്താണെന്നറിയാതെ അരയില്‍ ചുറ്റിയ മുണ്ടിന്റെ കെട്ടഴിച്ച് മുഖമൊന്ന് തുടച്ചു.
ഒരു തുള്ളി പോലും പുറത്ത് പോകാതെ പതയും നുരയും മുഖത്തും തലയിലും ഒലിച്ചിറങ്ങി.
“യു ഇഡിയറ്റ്, അതു കുലിക്കി കളിക്കുവായിരുന്നൊ ഇത്രയും നേരം”
ഇതും പറഞ്ഞ് ആ ടിന്നും വലിച്ചെറിഞ്ഞ് “യെഹി ഹെ റൈറ്റ് ചോയ്സ് ബേബി” എന്നും പാടിക്കോണ്ട് അവനോടി മറഞ്ഞു.
ആരും കണ്ടില്ല, അല്ലെങ്കില്‍ ചമ്മല്‍ ഓണ്‍ ഡിമാന്റായിപ്പോയേനെ..
മനസ്സിനൊരു സമാധാനവും കിട്ടുന്നില്ല...ഇതെങ്ങ്നാനും എക്സ്ക്ലൂസീവായിട്ട് പാതാളത്തില്‍ ടെലിക്കാസ്റ്റ് ചെയ്താല്‍ മാനക്കേടായിപ്പോവില്ലെ..പ്രതിപക്ഷം അന്തോം കുന്തോമില്ലാരിക്കുന്ന കാലവും. അതും പോരാഞ്ഞ് പാളയത്തില്‍ പട ആവശ്യത്തിലേറെയുണ്ട്. നാരദ സിണ്ടിക്കേറ്റാണെങ്കില്‍ വിടാതെ പുറകെയുണ്ട് താനും. ഇവന്മാരെല്ലാം ചേര്‍ന്ന് വേണമെങ്കില്‍ ചര്‍ച്ചയും അഭിപ്രായസര്‍വ്വേയും വരെ നടത്തിക്കളയും.

ഒരു റാലി വരുന്നുണ്ടല്ലോ. ഇതെന്താ ഈ ഉച്ച നേരത്തൊരു റാലി. വല്ല ഹര്‍ത്താലൊ ബന്ദോ ആണോ നാരായണാ..? ഇതു നമ്മുടെ അണ്ണനല്ലേ, ചിരിച്ചോണ്ട് മറ്റുള്ളവരുടെ മോന്തയ്ക്കെറിഞ്ഞ് റബ്ബര്‍മിഠായി സ്വന്തം വായിലെത്തിച്ച് ളകളക്കളക്ക പറയുന്ന നമ്മുടെ സൂപ്പര്‍ സ്റ്റാര്‍..അങ്ങേര്‍ക്കിതെന്തു പറ്റി.

“വൊവ് മേന്‍, ഇത് അവരുടെ ഫാന്‍സ് അസോസിയേഷന്റെ പരിപാടിയാ” നമ്മുടെ പയ്യന്‍സ് തൊട്ടടുത്ത്.

“അതെ അണ്ണാ പറയുമ്പോ ഒന്നും തോന്നണ്ട...ബാലെയാണെങ്കിലും, ഡാന്‍സ് ആണെങ്കിലും ഫാന്‍സില്ലെങ്കില്‍ കാര്യം പോക്കാ..ചുമ്മ ഇങ്ങിനെ കറങ്ങിയടിച്ചു നടക്കാതെ, ചിക്ക്ലി ഇറക്ക്, കള്ളും പെണ്ണും കൊടുക്ക്...എന്നാല്‍ ജീവിച്ചു പോകാം..അല്ലെങ്കില്‍ ഇങ്ങിനെ വേഷവും കെട്ടി അമ്പലപ്പറമ്പിലെ തറയും ചാരി ഇരിക്കത്തെയുള്ളൂ..”

കൊച്ചിന്റെ വര്‍ത്താനം കേട്ടപ്പോള്‍ തൊണ്ടക്കുഴി അക്കേഷ്യാ കുഴിച്ചിട്ട ചതുപ്പു പോലായി. എന്തൊക്കെ പരീക്ഷണം എന്റെ നാരായണ!! മതി അമ്പലം ചുറ്റിയുള്ള കളി.

കൊള്ളാലോ അച്ഛന്മാരും ജാഥവിളി തുടങ്ങിയോ...പക്ഷെ അവരുടെ വിളിയില്‍ ഒരു “ഉള്‍വിളി” ഇല്ലാത്തതു പോലെ...ഇടതും വലതും ഇപ്പൊ ന്യൂനമായൊരു പക്ഷവും കൂടെ ചേര്‍ന്നൊ!! കോള്ളാലോ ഈ ഓണക്കളി.
നമ്മളിപ്പോ വരുത്തനാണെങ്കിലും കാര്യമെന്താണെന്ന് അറിയണമല്ലോ

ആഹാ..അങ്ങേര് കാര്യായിട്ട് എന്തൊക്കെയൊ പറയുന്നുണ്ടല്ലോ...
“കുഞ്ഞാടുകളേ നമ്മളുണ്ടാക്കിയ കോളേജ് നമ്മളുടെ സമുദായത്തിലെ പാവങ്ങളെപ്പോലും മൈന്റ് ചെയ്യാതെ, കാശുള്ളവന് മാത്രം സീറ്റ് കൊടുത്താല്‍ ഇവിടുത്തെ സര്‍ക്കാരിന് പൊള്ളും പോലും...എന്നാല്‍ പിന്നെ അതൊന്ന് കാണണമല്ലോ, നമ്മള്‍ ന്യൂനപക്ഷങ്ങള്‍ പറയുന്നപോലെ ചാടികളിച്ചില്ലെങ്കില്‍ വിമോചനനെ വിളിക്കും നമ്മള്‍!! “

ഇതും പറഞ്ഞ് അച്ചന്‍ അരയിലെ വള്ളിയില്‍ തൂക്കിയിട്ട മൊബൈല്‍ ഫോണ്‍ എടുത്തു...എന്നിട്ട് മൈക്കിനു നേരെ പിടിച്ചിട്ട് പറഞ്ഞു...

“നമ്മുടെ കൂടെ എന്തിനും തയ്യാറായി ഒരുങ്ങി നില്‍ക്കുന്ന പാവപ്പെട്ട ഒരു മനുഷ്യന്റെ ശബ്ദമാണിത്, പെണ്ണുള്ളിടത്തെല്ലാം പീഡനം നടത്താമെന്നും പീഡനം എങ്ങനെ സ്വാശ്രയമായി നടത്താം എന്ന് ലേബും പ്രജക്റ്റ് റിപ്പോര്‍ട്ടുമില്ലാതെ പഠിപ്പിച്ചതിന് ഇദ്ദേഹം അനുഭവിച്ച നരകയാതനയ്ക്ക് കയ്യും കണക്കുമുണ്ടൊ..നമ്മള്‍ ഒറ്റക്കെട്ടാവണം ന്യൂനപക്ഷെ പീഠനത്തിനെതിരെ ശക്തമായി പടയൊരുക്കം തന്നെ നടത്തി ഈ തെമ്മാടിപ്പരിഷകളെ നാടുകടത്തണം”

ഹായ്!! കൊള്ളാലോ അച്ഛന്‍!! ദൈവത്തിന് നിരക്കാത്തതൊന്നു ചെയ്യാത്ത പാവപ്പെട്ട അച്ഛന്‍ തന്നെ...
തിരിഞ്ഞ് നോക്കിയപ്പോള്‍ വെളുത്ത പെയിന്റടിച്ച കര്‍ത്താവതാ കുരിശില്‍ തറഞ്ഞ് കിടന്ന് ദയനീയമായി താഴോട്ട് നോക്കുന്നു.

“എന്റെ കര്‍ത്താവേ, നന്നായി അങ്ങ് ഈ കിടപ്പു കിടന്നത്. ഇത്ര ആണിയല്ലേ പണ്ട് അവന്മാരടിച്ചുള്ളൂ...ഇപ്പോഴെങ്ങാനുമായിരുന്നെങ്കില്‍ വിവരം അറിഞ്ഞേനേ. ഇവന്മാര്‍ ആണിയടിക്കുവേം ചെയ്യും ആസനത്തില്‍ എണ്ണയൊഴിച്ച് തീവെക്കുവേം ചെയ്യും. അതുകൊണ്ട് നീയൊന്നുമറിഞ്ഞില്ല, നീയൊന്നും കേള്‍ക്കുന്നുമില്ല എന്ന മട്ടില്‍ കയ്യും പൊക്കി പിടിച്ചവിടെ തന്നെ തൂങ്ങിക്കോ, സപ്പോര്‍ട്ടിനാ ആണിയെങ്കിലുമുണ്ടല്ലോ”

കര്‍ത്താവിനോടുള്ള ഹോട്ട് ഡിസ്കഷന്‍ കഴിഞ്ഞപ്പോഴേക്കും, കുറെ പിള്ളേരു കൂടി ഉടുതുണി പിടിച്ചു വലിക്കുന്നു.

“മക്കളേ ഇതു ഞാനാടാ, നിങ്ങളുടെ അപ്പനപ്പൂപ്പന്മാരുടെ കൂടെ ചേറ്റിലും പറമ്പത്തും പണിയെടുത്ത് മുച്ചീട്ട് കളിച്ച്, ഒറ്റ കുടത്തില്‍ കള്ളും കുടിച്ച് നടന്ന്, കം‌പ്ലീറ്റ് സോഷ്യലിസം കൊടി പിടിക്കാതെ നടപ്പിലാക്കിയ ഞാന്‍, ആ മാവേലി തമ്പുരാനാ മക്കളേ ഇത്..”

“തള്ളേ, ലവന്‍ ആളു പുലിയാണ് കേട്ടാ.. ഒറ്റ ശ്വാസത്തില്‍ അമിട്ടാ‍ണല്ലാ പൊട്ടിക്കണെ, സുരേഷ് ഗോപി അണ്ണന്റെ അണ്ണാക്കില്‍ രഞ്ഞിത്തണ്ണന്‍ എത്ര പൊളപ്പന്‍ ഡയലോഗ് തള്ളിയാലും ഇത്രയ്ക്ക് പൊളക്കൂല്ല കേട്ടാ, തമ്പ്രാനാ ല്ലെ? ആറാം തമ്പുരാന്റെ ആരെങ്കിലുവാണൊ തള്ളേ”

കൊച്ചുങ്ങളുടെ നാക്കില്‍ ഇതേത് ഭാഷ നാരായണ!! പണ്ട് ഇതൊന്നുമില്ലായിരുന്നല്ലോ

“സാര്‍ ജെ.സി.ബി. വേണോ?”
“ജെ.സി.ബിയോ അതെന്തു പുകിലാഡോ”
“ആദ്യായിട്ടാ അല്ലെ ഇങ്ങോട്ട്. ഇതു മൂന്നാറാ സാറേ, മിനിമം ഒരു ജെ.സി.ബി എങ്കിലും ഇല്ലാതെ വഴി നടക്കാന്‍ പറ്റൂല്ല, വേണെങ്കില്‍ പറഞ്ഞോ, ഒപ്പിച്ചു തരാം...കെട്ടിടങ്ങള്‍ ഇഷ്ടം പോലെ പളപളാന്ന് കിടക്കണ കാണുമ്പോ തന്നെ കൊതിയാവുന്നില്ലേ മനുഷ്യാ അതൊക്കെ ഒന്നു മാന്തി പൊളിക്കാന്‍ ”

“അതെന്തിനാ മാന്തിപ്പൊട്ടിക്കുന്നേ, നല്ല സൊയമ്പന്‍ കെട്ടിടാണല്ലോ”

“എന്റെ സാറേ, യെവന്മാരൊക്കെ ആരാന്റെ പറമ്പില്‍ കുത്തിപ്പൊക്കിയിട്ട് ആളായതല്ലേ..അതൊന്നും മാന്തിയാല്‍ പോരാ, ഇവ്നെയൊക്കെ മൈതാനത്ത് നട്ടപ്പൊരിയുന്ന വെയിലത്ത് ഉടുതുണിയില്ലാത കുനിച്ച് നിര്‍ത്തി ചന്തിക്ക് ചാട്ടകൊണ്ട് പെടക്കണം. എന്നാലേ ഈ നാടു നന്നാവൂ”
യെവന്‍ സഹകരണ മന്ത്രീടെ സ്വന്തം ആളു തന്നെ, സത്യവും തെറിയും സമാസമം ചേര്‍ത്ത് മൊത്തം ഇന്നൊവേറ്റീവ് ഐഡീയാസ് ആണല്ലോ എഴുന്നള്ളിക്കുന്നേ..

“അല്ല സാറെ സാറിതെവിടുന്ന് വരുന്നു. യാത്രാക്ഷീണം ശ്ശി ണ്ടല്ലോ..“

“കാസര്‍കോഡീന്ന് ഇങ്ങോട്ടൊരു വരവ് നടത്തിയതാ”

“പരിവാരങ്ങളൊന്നിമില്ലേ കൂടെ, ബക്കറ്റു പിരിവും ഇല്ലല്ലോ, അല്ലേലും സാറിനി യാത്ര നടത്തിയിട്ടും വല്യ മെച്ചോന്നും ഉണ്ടാവില്ല, സാറിന്റെ തൊട്ടുമുന്നെയാ ഒരുഗ്രന്‍ യാത്ര പോയത്, അതങ്ങ് തിരുവനന്തപുരത്തെത്തുമ്പോഴേക്കും നവകേരളം അമിട്ടുപൊട്ടും പോലെ ഒരൊറ്റ തെളിയലായിരിക്കും, ബക്കറ്റും നിറയും സാറെ, അല്ല സാറെ, സാറു കൊച്ചീല്‍ പോയില്ലെ..അവിടല്ലേ ഇക്കുറി പൂരം നടക്കുന്നെ”

“എന്റെ പൊന്നുമോനെ, കടപ്പുറത്ത് പൂഴിയിറക്കല്ലെഡാ...കൊച്ചീന്റെ ബോര്‍ഡര്‍ എത്തിയപ്പോ തന്നെ ഞാനാ ഏറിയ തന്നെ സ്കിപ്പ് ചെയ്തില്ലെ, പോരാത്തതിനെ കോര്‍പ്പറേഷന് ഫ്രീയായിട്ട് ഒരു കേപ്ഷനും കൊടുത്തു- “
ഇതും പറഞ്ഞ് നിന്ന നില്പില്‍ സ്വല്പം ഇടത്തോട്ടൊന്ന് ബെന്റായിട്ട് ഡയലോഗ് കാച്ചി..
“മണവും പനിയുമില്ലാതെ നമുക്കെന്താഘോഷം!! നമ്മളു വന്നു പോയ വിവരം നാലാളറിയട്ടെന്നെ.”

കൊച്ചീന്റെ താഴെ പാതാളത്തിലെ സീലിങ്ങിലെ ഹോള്‍സ് കപ്ലീറ്റ് പിള്ളേര് അടച്ചിട്ടും ലീക്കേജ് വരുമ്പോ നാട്ടുകാരുടെ കല്ലേറ് മൊത്തം നമ്മുടെ കൊട്ടാരത്തിലേക്കാണെന്ന് ഈ പിശാചിനോട് പറഞ്ഞിട്ടെന്താ കാര്യം

പെട്ടന്ന് ജലപീരങ്കിയുമായി തോക്കും ലാത്തിയുമൊക്കെയായിട്ട് ഒരു ബറ്റാലിയന്‍. തൊട്ടു മുന്നില്‍ കുറെ കുട്ടികളും.
“എന്റെ നാരായണാ...പിള്ളേരു പിടുത്തത്തിലും പ്രൊഫഷണലിസായോ എന്റെ നാട്ടില്‍ !!”
ഒരെത്തും പിടിയും കിട്ടാത്ത ഐഡിയാസാണല്ലോ ഇതൊക്കെ...

ഉള്ള ജീവനും ബാക്കിയുള്ള തലക്കനവും പെരുവഴിക്കിട്ട് പെരുപ്പിക്കാതെ ഓടിക്കേറിയത് ഒരു സ്സേജില്‍

പെട്ടന്ന് ഒരു സുന്ദരികൊച്ചു വന്ന് കെട്ടിപ്പിടിച്ചു.

“ഹേയ് മാന്‍ യു ലൂക്സ് റിയലി ഗ്രെയ്റ്റ്. കോസ്റ്റ്യൂസ് ഒക്കെ അടിപൊളി“

അവള്‍ എന്റെ പിടിവിട്ട് ഇത്തിരി അകലെ മാറിയപ്പോഴാണ് സാധനത്തിന്റെ ഭൂമിശാസ്ത്രം പിടികിട്ടിയത്.
ഉടുതുണി ഇതിലേറേ ഇനി മുറുക്കണമെങ്കില്‍ വല്ല കോയില്‍ വൈന്റിങ്ങ് ടെക്നോളജിയും വേണ്ടിവരും. ചുണ്ടത്ത് മുറിക്കി കാര്‍ക്കിച്ചു തുപ്പിയ പോലത്തെ ചുവപ്പ്...ചിരിയാണെങ്കില്‍ പഴംചക്ക പാറപ്രത്ത് വീണപോലെ.
അന്തം വിട്ട് നിന്ന എന്നെ നോക്കി കാണികള്‍ ചിരിച്ചു. എക്സ് മന്ത്രിയാണെങ്കിലും പഠിച്ച പണി മറക്കരുതല്ലോ..തിരിച്ചും പൂര്‍വ്വാധികം ശക്തമായി തന്നെ ചിരിച്ചു.
ഹ ഹ ഹ!!

“ജഡ്ജസ് ഇനി നിങ്ങളുടെ കമന്റ് ആണ്, നമുക്ക് നേരെ ജഡ്ജസിന്റെ അടുത്ത് നേരിട്ട് പോകാം അല്ലെ ”
അവളെന്നെ നോക്കിയൊന്നു കണ്ണിറുക്കി

“ഓ ആയിക്കോട്ടെ, ഏതു പാതാളത്തിലു വേണേലും പോകാലോ”

നമ്മുടെ ഉടയാടകളേക്കുറിച്ചും, നടപ്പിനെക്കുറിച്ചും, ഓലക്കുടയുടെ കളര്‍കോമ്പിനേഷനെക്കുറിച്ചും ഒക്കെ എല്ലാരും പറഞ്ഞു. നടുത്തളത്തില്‍ വിളിച്ചു നിര്‍ത്തി കോപ്ലിമെന്റ് കൊടുക്കുന്ന പരിപാടി കൊട്ടാരത്തില്‍ പോലുമില്ലല്ലോ...സംഗതി കൊള്ളാം.

ഒരുനിമിഷം കൊട്ടാരത്തിലെ അന്തപ്പുരത്തിലെ സുന്ദരികളുടെ ഉടയാളകളെ ഓര്‍ത്തുപോയി...ഭാഗ്യം ഇങ്ങോട്ട് ഒന്നിനെയും കൊണ്ടു വരാതിരുന്നത്, അല്ലെങ്കില്‍ പറഞ്ഞു പറഞ്ഞ് പീഡിപ്പിച്ചു കളഞ്ഞേനെ വായ്നോക്കികള്‍
പെട്ടന്ന് സുന്ദരി തോളത്തൂടെ കയ്യിട്ട് സുഖിപ്പിച്ചു കൊണ്ട്
“ഇനി നമുക്ക് ഓഡിയന്‍സിനോട് എസ്.എം.എസ് ചെയ്യാന്‍ പറയാം, ഇന്നൊരു ചെയ്ഞ്ചാവട്ടെ, നമുക്കു രണ്ടു പേര്‍ക്കും പാതി പാതി പറയാം”

വോട്ട് ചെയ്യേണ്ട ഫോര്‍മാറ്റ്...

“എസ് എസ് സ്പേസ്”

ആ ത്രിലോക സുന്ദരി കരിനാക്കു ബാക്കിയിലേക്കും കൂടെ വളക്കുന്നതിനു മുന്നെ നോം അറ്റാക്ക് ചെയ്തു..

“മാവേലി”
ഒന്നൂടെ പറയാം...ss <സ്പേയ്സ്> മാവേലി