2007, മേയ് 31, വ്യാഴാഴ്‌ച

മഴക്കാലം


കളിയും കഴിഞ്ഞു വന്ന് അടുക്കളപ്പടിയില്‍ ഇരുന്ന് കാപ്പിയും അവിലുകുഴച്ചതും ആസ്വദിച്ച് തട്ടിവിടുമ്പൊഴായിരുന്നു മുറ്റത്തു നിന്നും അമ്മയുടെ വിളി. ഓടി ചെന്നപ്പോള്‍ അമ്മ പടിഞ്ഞാറു ഭാഗത്തേക്ക് ചൂണ്ടിയിട്ട് ശബ്ദം ശ്രദ്ധിക്കാന്‍ പറഞ്ഞു...
അതെ, ഒരു ചൂളം വിളിയുടെ ശബ്ദം, അതു വളരെ വേഗം അടുത്തെത്തുന്ന പോലെ തോന്നി, ഒപ്പം ശക്തമായ കാറ്റും...പിന്നെ തുള്ളി തുള്ളിയായി, വരണ്ടുണങ്ങിയ മണ്ണിലേക്ക് പുതുമഴ പെയ്തിറങ്ങി. മനസ്സില്‍ എന്തോ പറഞ്ഞറിയിക്കാനാവാത്ത സന്തോഷം. മഴക്കാലം എന്നുമങ്ങനെയായിരുന്നല്ലൊ.

വരാന്തയിലെ പടിയില്‍ ഇരുന്നു കൊണ്ട്, മുറ്റത്ത് വീണുടയുന്ന മഴത്തുളികളെ നോക്കി-എങ്ങും പുതു മഴയുടെ ഗന്ധം. മുറ്റത്തെ ഒട്ടുമാവും, സപ്പോട്ടയും, പേരക്ക മരവും ഒക്കെ, മഴയോടൊപ്പം താളം പിടിച്ചാടിക്കൊണ്ടിരുന്നു. പറമ്പിലെ വാഴയിലയൊക്കെ ചെമ്മണ്ണു പാറി ചുവന്നു കിടക്കുകയായിരുന്നു ഇതുവരെ. ഇപ്പൊ ആകെക്കൂടെ ഒരു പച്ചപ്പ് പറമ്പിലും റോഡ് വക്കിലും.

വീടിന്റെ മുന്നിലെ ചെമ്മണ്‍ പാത...മഴപെയ്തു തുടങ്ങിയാല്‍ തോടു പോലാകും. നടന്നു പോകണമെങ്കില്‍ തൊട്ടടുത്തുള്ള പറമ്പിനെ തന്നെ ആശ്രയിക്കണം. ഓടി അകത്തു പോയിട്ട് പടിഞ്ഞിറ്റയിലെ(നടുമുറി) ജാ‍ലകത്തിലൂടെ വയലിലേക്ക് നോക്കി. കളിയും കഴിഞ്ഞു കൂട്ടുകാരെല്ലാവരും വയലില്‍ തന്നെ ഇരിക്കുകയായിരുന്നു. കുറേപേര്‍ എന്നും വൈകിയെ പോകാറുള്ളൂ... അവര്‍ അവിടെ മഴയത്ത് തുള്ളി തിമര്‍ക്കുകയായിരുന്നു. പലരും ഷര്‍ട്ടൊക്കെ അഴിച്ചു തലയില്‍ ചുറ്റി ഉറക്കെ പാട്ടു പാടുന്നു.
“അമ്മെ, ഞാനിപ്പൊ വരാം..”
അമ്മയുടെ മറുപടിക്ക് കാത്തു നില്‍ക്കാതെ, അടുക്കളപ്പുറത്തൂടെ വയലിലേയ്ക്കോടി, അമ്മയുടെ അനുവാദം ചോദിച്ചു നിന്നാല്‍, ഉപദേശത്തിന്റെ പെരുമഴയായിരിക്കും ... പുതു മഴ കൊണ്ടാല്‍ പനി പിടിക്കും, സ്കൂള്‍ തുറക്കുന്നതാ..അങ്ങനെ അങ്ങനെ കുറെ കാര്യങ്ങള്‍.

വയലില്‍ എത്തി പതുക്കെ ഒന്നു വീട്ടിലേയ്ക്ക് തിരിഞ്ഞു നോക്കി. ചേച്ചിയും അമ്മയും നോക്കി നില്‍പ്പുണ്ടായിരുന്നു. ചേച്ചിയാണ് പാരവെപ്പ് നടത്തുന്നത്. അവള്‍ പല്ലും കടിച്ച്, കൈ ചൂണ്ടി കാണിച്ച ആംഗ്യം “അച്ഛനിങ്ങ് വരട്ടെ, പറഞ്ഞു കൊടുക്കും” എന്നു തന്നെ ആയിരുന്നു. മഴപെയ്യുമ്പോഴല്ലെ ഭീഷണി.ആരു കേള്‍ക്കാന്‍. അപ്പോഴേക്കും ഒരു കൂട്ടുകാരന്‍, എന്നെ പിടിച്ചു വലിച്ച് ഓടാന്‍ തുടങ്ങി. അവിടെയും ഇവിടെയും കെട്ടി കിടക്കുന്ന ഇത്തിരി വെള്ളത്തില്‍ തുള്ളി ചാടിക്കൊണ്ട്...മഴ നിര്‍ത്താതെ പെയ്യുകയായിരുന്നു. ശരീരത്തിലും മനസ്സിലും കുളിരുകോരിയിട്ടുകൊണ്ട്.

വയല്‍ ഇനി വെള്ളം കൊണ്ടു മൂടും. പിന്നെ തോടും വയലും ഒന്നാകും. മീനുകള്‍ക്കു പരമസുഖം. വിശാലമായ കളിക്കളം കിട്ടുമല്ലൊ?. ആരും കാണാതെ പൊത്തിലൊളിച്ചിരിക്കുന്ന പോക്കാച്ചിതവളകള്‍ മഴയുടെ താളത്തിനൊത്ത് സമൂഹഗാനം തുടങ്ങിക്കഴിഞ്ഞിരുന്നു. വയലിന്റെ ഒരറ്റത്ത് തെങ്ങിന്‍ തോപ്പുണ്ട്. അതിന്റെ തൊട്ടു താഴെയാണ് ഒരു കൊചു ചാല്‍..അതിലൂടെ വെള്ളം ഒഴുകിചേരുന്നത് ഒരു തോട്ടിലേക്കാണ്. വേനലില്‍ ഒരു മൂലയില്‍ മാത്രമെ അവിടെ വെള്ളം കാണൂ. ഇനിയിപ്പൊ ഞങ്ങള്‍ക്ക് ഉത്സവമാണ്. തോട്ടില്‍ വെള്ളം നിറഞ്ഞാല്‍ നീന്തി തുടിക്കാം. അതിനും കര്‍ശന നിയന്ത്രണങ്ങള്‍ ഉണ്ട് എല്ലാ വീട്ടില്‍ നിന്നും. പക്ഷെ ആരെങ്കിലും അറിഞ്ഞാല്‍ അല്ലെ കുഴപ്പമുള്ളൂ! തോര്‍ത്തെടുക്കാതെ, കുളിയും കഴിഞ്ഞ് ട്രൌസര്‍ കൊണ്ട് തന്നെ തലയും തുടച്ച് വീടെത്താറാവുമ്പോള്‍ പറയാനുള്ള കല്ലു വച്ച നുണയെക്കുറിച്ചാവും പിന്നെയുള്ള ആലോചന. പാവം രാഗേഷും, അനീഷും എത്ര തവണ ആ നുണക്കഥകളില്‍ വില്ലന്മാരായിട്ടുണ്ട്.

മഴ വന്നപ്പോള്‍ ശാന്തേടത്തി, പശുക്കളെ അഴിക്കാന്‍ ഓടുന്നത് കണ്ടു. അവര്‍ക്കു കുറെ പശുക്കളുണ്ട്. പശുക്കള്‍ നിര്‍ത്താതെ കരയുന്നുണ്ടായിരുന്നു. പോകുന്ന വഴിക്ക് ഞങ്ങളോട് ഉറക്കെ വിളിച്ചു പറയുന്നുണ്ടായിരുന്നു “പിള്ളാരെ, ഇനി കളിയൊക്കെ നിക്കുവല്ലൊ” എന്ന്. പശുക്കളെയും കൊണ്ട് പോവുന്ന വഴിക്ക് അവര്‍ പരിഭവം പറയുന്നുണ്ടായിരുന്നു.

“പുരമേയാന്‍‍ ഇന്നു വരും എന്നു പറഞ്ഞതാ അവന്‍, വന്നില്ല. രാത്രീല്‍ മഴ പെയ്താല്‍ ആകെ ചോര്‍ന്നൊലിക്കുവല്ലൊ പരദേവതെ...”

ഞങ്ങളുടെ കളിസ്ഥലത്തിന്റെ തൊട്ടടുത്ത വീട്ടിലെ ദേവിയേടത്തി കടയില്‍ പോയിട്ട് വരുന്ന വഴിയായിരുന്നു. “എടീ തങ്കേ നീ മഴ പെയ്യുന്നതൊന്നും അറിഞ്ഞില്ലെ? ഉണക്കാനിട്ട തുണിയൊക്കെ നനഞ്ഞു പോയിക്കാണുമല്ലൊ...നിന്റെ ഈ നശിച്ച സീരിയല്‍” പിന്നെ പൂരം തന്നെയായിരുന്നു. മഴയ്ക്കൊപ്പം ഇടിവെട്ടും..

നേരം ഇരുണ്ട് തുടങ്ങി. ഇനിയും വീട്ടില്‍ എത്തിയില്ലെങ്കില്‍ പ്രശ്നം വഷളാവും എന്നറിയുന്നത് കൊണ്ട്, പതുങ്ങി കുളിമുറിയില്‍ കയറും. പിന്നെ വിസ്തരിച്ചുള്ള കുളി. രാത്രി, നല്ല കാറ്റും മഴയും. വീടിന്റെ തൊട്ടു പുറകില്‍ ബാലേട്ടന്റെ ഓലമേഞ്ഞ വീടാണ്. ഞങ്ങളുടെ പറമ്പിലെ പപ്പായ മാവില്‍ നിറയെ മാങ്ങയായിരിക്കും. കാറ്റിനൊന്നു ശക്തികൂടിയാല്‍ ബാലേട്ടന്റെ വീടിന്റെ മേല്‍ക്കൂരയില്‍ മാങ്ങ തുരുതുരെ വീഴുന്ന ശബ്ദം കേള്‍ക്കാം. രാവിലെ എഴുന്നേറ്റ് നേരെ ഓടുക മാവിന്‍ ചുവട്ടിലേക്കാണ്. നനഞൊട്ടിയ മണ്ണില്‍ പൂണ്ടിരിക്കുന്ന മാങ്ങ പെറുക്കി കൂട്ടി വെക്കും. ഉച്ചയ്ക്ക് ചോറ് തിന്നുമ്പോള്‍ കുരുമുളകു പൊടിയും ഉപ്പും ചേര്‍ത്ത് മാങ്ങ മുറിച്ച് വച്ചിട്ടുണ്ടാവും അച്ഛന്‍.

സ്കൂളില്‍ പോവുമ്പോള്‍ മഴ പെയ്യരുതെ എന്നാഗ്രഹിക്കും എന്നും. കാരണം എങ്കിലെ കുട എടുക്കാന്‍ മറക്കുന്നതിനൊരു ശക്തമായ തെളിവുണ്ടാക്കാന്‍ പറ്റൂ. വൈകീട്ട് വരുമ്പോള്‍ മഴ ഉറപ്പാണ്. പുസ്തകവും നെഞോടടുക്കി പിടിച്ച്, മഴയും നനഞ്ഞ് സ്കൂളില്‍ നിന്നും വരുന്നത് ഇനി ഒരിക്കലും തിരിച്ചു കിട്ടാത്ത പല നല്ല ഓര്‍മ്മകളോടുമൊപ്പം അടുക്കി വെക്കാം. ചിലപ്പോള്‍ കൂട്ടുകാരില്‍ ആരെങ്കിലും ഒരാള്‍ മാത്രേ കുട എടുക്കൂ...ആറും ഏഴും പേര്‍ ഒരു കുടക്കീഴില്‍, ചിരിവരും ഓര്‍ക്കുമ്പോള്‍ തന്നെ. സ്കൂളിലെ ജാലകത്തിനടുത്താണ് ഇരിക്കുക. എങ്കിലെ മഴയെ ശരിക്കു കാണാന്‍ പറ്റൂ. മഴയ്ക്കു ശക്തികൂടിയപ്പോള്‍ സരോജിനി ടീച്ചര്‍ വാതിലടപ്പിച്ചതും, ഇനിയൊരിക്കലും ആ വാതില്‍ അടയാതിരിക്കാന്‍ അതിന്റെ വിജാഗിരി ഇളക്കി മാറ്റിയതിന് പ്രിന്‍സിപ്പലിന്റെ കണ്ണുരുട്ടല്‍ കിട്ടിയതും ഒക്കെ ഒരു നല്ല ഓര്‍മ്മമാത്രമാവുന്നു. അവര്‍ക്കറിയില്ലല്ലൊ മഴയോടുള്ള എന്റെ അടങ്ങാത്ത പ്രണയം.

മഴതുടങ്ങിയാല്‍ വീട്ടില്‍ എന്നു വഴക്കാണ്. ചേച്ചി രൌദ്രഭാവത്തില്‍ അവതരിക്കുന്നതും അപ്പോഴാണ്. ഒരേ സ്കൂളിലായിരുന്നു ഞങ്ങള്‍. മഴയില്‍ നനഞ്ഞൊട്ടിയ പുസ്തകത്തില്‍, അക്ഷരങ്ങള്‍ വെറും നിറമുള്ള മഷിച്ചാലായി മാത്രമായി കിടക്കും. പുസ്തകം അത്യാവശ്യം വരുമ്പോള്‍ എനിക്കു തീരെ വയ്യാതാവും, പനി തലവേദന , ഇതൊക്കെ വന്നാല്‍ പിന്നെ, ചേച്ചി എനിക്കെല്ലാം എഴുതി തന്നെ മതിയാകൂ...ഇപ്പൊഴും പറയും കള്ളത്തരത്തിനു കയ്യും കാലും വച്ച സാധനം ആണെന്ന്. അഭിനയത്തിന് ഭരത് അവാര്‍ഡ് ഇവനാ കൊടുക്കേണ്ടത്. കുട്ടിക്കാലത്തിന്റെ കുസൃതികള്‍ എന്നേയ്ക്കുമുള്ള നീക്കിയിരിപ്പല്ലെ.

വീടിന്റെ പടിഞ്ഞാറു ഭാഗത്ത് കുറച്ചകലെ, പുഴയാണ്. വേലന്‍ ചിറ എന്നാണ് അതിന്റെ പേര്. പേരിന്‍ പിന്നില്‍ ഒരുപാട് കഥകള്‍ പറഞ്ഞു കേള്‍ക്കുന്നു. അതില്‍ ഏറ്റവും പ്രചാരം നേടിയത്, വേലന്‍ എന്നൊരാളെ പണ്ടെപ്പൊഴൊ വെട്ടിക്കൊന്നു പുഴയില്‍ എറിഞ്ഞിട്ടുണ്ടെന്നും അയാളുടെ ആത്മാവ് ഇന്നും ഉച്ചനേരത്ത് പുഴക്കരയിലൂടെ സഞ്ചരിക്കുന്നെന്നും ഒക്കെയാണ്. അതുകൊണ്ട് തന്നെ ഉച്ചനേരത്ത് തലതിരിഞ്ഞ ഞങ്ങള്‍ അല്ലാതെ വേറെ ആരും ആ ഭാഗത്ത് പോകില്ല. പക്ഷെ പ്രചരിച്ച കഥയുടെ യഥാര്‍ത്ഥരൂപം ഞങ്ങള്‍ അറിഞ്ഞു. പല തരികിടകളും അരങ്ങേറുന്നത് പുഴയോരത്തായിരുന്നു. അതും വേലന്റെ സ്ഞ്ചാര സമത്ത് തന്നെ. എല്ലാ അന്ധവിശ്വാസ പ്രചരണത്തിനും ഇങ്ങിനെയൊരു പിന്നാമ്പുറക്കഥകൂടെ കാണുമെന്ന് ഞങ്ങള്‍ അറിഞ്ഞത് അങ്ങിനെയായിരുന്നു. പുഴയുടെ ഇരു വശത്തും നിറഞ്ഞ കാടുപോലെയാണ്. പുഴയില്‍ ഇറങ്ങിയാല്‍ ആകാശം കാണില്ല. ഇരു വശത്തു നിന്നും മരങ്ങള്‍ വന്ന് പുഴയെ പാടെ മൂടിയിരിക്കും. മഴക്കാലത്ത് കിഴക്കന്‍ മലകളിലൂടെ കുത്തിയൊഴുകി വരുന്ന ചുകന്ന വെള്ളം, ഒപ്പം ഒഴുകി വരുന്ന തേങ്ങയും, വാഴയും, മരങ്ങളും. ഞങ്ങള്‍ പുഴയ്ക്കു കുറുകെ കയറുകെട്ടും. ഒഴുകി വരുന്നതൊക്കെ നീന്തി പിടിക്കാന്‍.

ഒരു മഴക്കാലം തീര്‍ത്തും നഷ്ടത്തിന്റെതായിരുന്നു. പരന്നൊഴുകിയ പുഴയില്‍ കാണാതെ പോയ ഒരു ചുഴിയില്‍ ഞങ്ങളുടെ കൂട്ടുകാരനും താഴ്ന്നു പോയി. നീലിച്ച ശരീരത്തിനു മുന്നില്‍ കരയാന്‍ പോലുമാവാതെ ഞങ്ങളും‍.

മഴക്കാലത്തിനു പറയാന്‍ ഇങ്ങിനെ ഒരുപാട് കഥകള്‍കാണും. പ്രവാസം എനിക്കു നഷ്ടപ്പെടുത്തിയ പലതിനുമൊപ്പം മഴക്കാലത്തിന്റെ കണക്കും കൂടെ എഴുതി ചേര്‍ത്തേക്കാം...ഒരുമിച്ചാര്‍ത്തുല്ലസിച്ച ബാല്യത്തിന്റെ നല്ലദിനങ്ങളില്‍, ഒരോര്‍മ്മതെറ്റുപോലെ, ഇന്നിന്റെ ഓര്‍മ്മകള്‍ പങ്കുവെക്കാന്‍ കാത്തു നില്‍ക്കാതെ പോയ ആ പ്രിയപ്പെട്ട കൂട്ടുകാരന്റെ ഓര്‍മ്മയ്ക്കാവട്ടെ ഈ മഴക്കാല കുറിപ്പ്.

2007, മേയ് 25, വെള്ളിയാഴ്‌ച

അരാഷ്ട്രീയതയുടെ രാഷ്ട്രീയം

ലോകം മുഴുവന്‍ പലതിന്റെയും പേരില്‍ ഒരു തരം ധ്രുവീകരണത്തിന് വിധേയമാകുന്ന ഈ കാലത്ത് അരാഷ്ട്രീയതയുടെ രാഷ്ട്രീയം ചര്‍ച്ച ചെയ്യപ്പെടേണ്ടത് അനിവാര്യതയായി മാറുന്നു. ആഗോളവല്‍ക്കരണവും ഉദാരവല്‍ക്കരണവും സമൂഹത്തിന്റെ സമസ്ത മേഖലയെയും നന്മകളില്‍ അധിഷ്ഠിതമല്ലാത്ത മാറ്റത്തിനു വിധേയമാക്കി കൊണ്ടിരിക്കുന്നു. വേര്‍തിരിവുകള്‍ നേര്‍ത്തു നേര്‍ത്ത് ഇല്ലാതാവുമെന്ന പ്രതീക്ഷ നല്‍കിയവര്‍ ഇന്നു മൌനത്തിന്റെ വല്‍മീകത്തിനുള്ളിലേക്ക് ഉള്‍വലിഞ്ഞു.

വേര്‍തിരിവുകള്‍ പഴയതില്‍ നിന്നും ഒരുപാട് മാറി, അതു സാമൂഹത്തിന്റെ സ്വസ്ഥതയെ തന്നെ കീഴ്മേല്‍ മറിച്ചു കളഞ്ഞു എന്നതാണ് വാസ്തവം. സര്‍ക്കാരുകളുടെ സാമൂഹ്യമായ ഉത്തരവാദിത്വത്തില്‍ നിന്നും തീര്‍ത്തും പിന്‍‌വാങ്ങി, വ്യാപാരത്തിനും വ്യവസായത്തിനും പ്രാധാന്യം നല്‍കി സാമ്പത്തിക നേട്ടമുള്ള പ്രക്രിയകള്‍ക്കു മാത്രം ഊന്നല്‍ നല്‍കിക്കൊണ്ടിരിക്കുന്ന ബജറ്റുകള്‍ ലോകത്തെമ്പാടുമുള്ള ഭരണകര്‍ത്താക്കള്‍ ആവിഷ്കരിച്ച് നടപ്പാക്കുകയും, അതിന്റെ ഗുണഭോക്താക്കള്‍ സമൂഹത്തിലെ ന്യൂനപക്ഷങ്ങള്‍ (മത ന്യൂനപക്ഷങ്ങള്‍ എന്നര്‍ത്ഥമില്ല) മാത്രമാവുകയും, ബഹുഭൂരിപക്ഷം വരുന്ന സാധാരണക്കാരായ ജനങ്ങള്‍ അബദ്ധജടിലങ്ങളായ വാഗ്ദാനങ്ങളിലും സ്വപനങ്ങളിലും മാത്രം ഒതുക്കപ്പെടുകയും ചെയ്യുന്നു.

മതവും, ജാതിയും പറഞ്ഞ് വേര്‍തിരിക്കുകയും, സാമ്പത്തികമായ വേര്‍തിരിവുകളെ പാടെ മറന്ന് കൊണ്ട് സംവരണം പോലുള്ള പ്രധാന പ്രശ്നങ്ങളെ സമീപിക്കുകയും ചെയ്യുന്നു. സാ‍മ്പത്തികമായ അന്തരമാണ് സമൂഹത്തിന്റെ മുന്നൊട്ടുള്ള പ്രയാണത്തിന് കൂച്ച് വിലങ്ങാ‍വുന്നതെന്ന യാഥാര്‍ത്യം അറിഞ്ഞിട്ടും അറിയാത്ത ഭാവത്തില്‍ മറ്റു പല കാര്യങ്ങളിലേയ്ക്കും പൊതു സമൂഹത്തിന്റെ ശ്രദ്ധയെ മാറ്റി പ്രതിഷ്ഠിക്കുന്നതില്‍ ഒരു പരിധിവരെയെങ്കിലും ഭരണകര്‍ത്താക്കളും വിജയിച്ചു പോന്നിട്ടുണ്ട്. സാമ്പത്തിക പ്രശ്നങ്ങളാണ് വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ പ്രാധമികമായ ആവശ്യങ്ങളില്‍ നിന്നു പോലും ഒരു വലിയ വിഭാഗം ജനങ്ങളെ അകറ്റി നിര്‍ത്തുന്നത് എന്നത് ഒരു യാഥാര്‍ത്യമായിരിക്കെ, രാഷ്ട്രീയമായ അവരുടെ ഇച്ഛാശക്തിയെ ഇല്ലായ്മ ചെയ്യുന്ന ഒരു പുതിയ രീതി പരീക്ഷിക്കുകയാണ് ആഗോള മൂലധനത്തിന്റെ അസുര വിത്തുകള്‍.

ചെറുത്തു നില്‍പ്പിന്റെ പുതിയ രാഷ്ട്രീയം ആവിഷ്കരിക്കുന്നതില്‍ ക്യൂബയും വെനിസുലയും പോലുള്ള രാജ്യങ്ങള്‍ പ്രതീക്ഷയുടെ നേരിയ തുരുത്താവുന്നുവെങ്കിലും, ജനാധിപത്യ-സോഷ്യലിസ്റ്റ് രാജ്യങ്ങള്‍ എന്നു വിളിക്കപ്പെടുന്നവയും, നെഹ്രുവിയന്‍ സോഷ്യലിസ്റ്റ് ചിന്താഗതി പിന്തുടരുന്നു എന്ന് അവകാശപ്പെടുകയും ചെയ്യുന്ന ഇന്ത്യ പോലുള്ള രാജ്യങ്ങള്‍ ആഗോളമൂലധന ശകതികളുടെ കയ്യിലെ പാവയെ പോലെ പെരുമാറുകയും ചെയ്യുമ്പോള്‍ ലോകത്തെമ്പാടുമുള്ള കോടാനു കോടി ജനതയുടെ പ്രതീക്ഷകള്‍ അപ്പാടെ തകിടം മറിഞ്ഞു പോവുകയാണ്. ലാറ്റിനമേരിക്കന്‍ രാജ്യങ്ങളുടെ ദയനീയമായ രാഷ്ട്രീയ പതനവും തിരിച്ചു വരവും ഇല്ലായ്മയുടെ എരിതീയില്‍ നിന്നുയിര്‍ത്തു വന്നതാണെന്ന സത്യം, അവരുടെ കഴിഞ്ഞകാല കെടുതികളും കെടുകാര്യസ്ഥകളും വീക്ഷിക്കുന്നവര്‍ക്കു മനസ്സിലാകും. സാമ്പത്തിക ലാഭം മാത്രം ലക്ഷ്യം വച്ചു കൊണ്ട്, സര്‍ക്കാര്‍ അധീനതയിലുള്ള (ജന സേവനത്തിന് മാത്രമുള്ള ഉപാധി) സ്ഥാപനങ്ങളും സ്വത്തുകളും പലതരത്തിലുള്ള ഇടപെടലിലൂടെ സ്വകാര്യ മൂലധനത്തിനു അടിയറവെച്ചപ്പോള്‍ അതു സ്വന്തം ജനതയുടെ ജീവനും സ്വത്തിനും നേരെയുള്ള കടന്നു കയറ്റമായിരിക്കുമെന്ന് തിരിച്ചറിയാന്‍ ഏറെ വൈകിപ്പോയിരുന്നു. ധനാസാക്തിയില്‍ നെട്ടോട്ടമോടാത്ത രാജ്യങ്ങളില്‍ വംശീയതയുടെയും വര്‍ഗ്ഗീയതയുടെയും വിത്തു പാകിക്കൊണ്ട് അസ്ഥിരമാകുന്ന സാമൂഹ്യാന്തരീക്ഷത്തിലൂടെ അധിനിവേശം നടത്തുന്ന പല “ദുര്‍മുഖങ്ങളും“ കഴിഞ്ഞ കുറച്ചു വര്‍ഷങ്ങള്‍ നമുക്ക് സമ്മാനിച്ചു.

ഇവിടെയാണ് അരാഷ്ട്രീയതയുടെ രാഷ്ട്രീയം ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടേണ്ടത്. ഭാരതം പോലെ വിഭിന്നങ്ങളായ മത ജാതി സമ്പ്രദായങ്ങളെ ഉള്‍ക്കൊള്ളുന്ന വൈവിധ്യമാര്‍ന്ന ഒരു സംസ്കാരം ലോകത്തില്‍ തന്നെ ഒരു അത്ഭുതമായി നിലകൊള്ളുന്നു. നാനാത്വത്തില്‍ ഏകത്ത്വം എന്ന സങ്കല്പം പൌരാണിക കാലഘട്ടം മുതല്‍ക്കു തന്നെ നില നിന്നിരുന്നതായി ചരിത്രം രേഖപ്പെടുത്തിയിരിക്കുന്നു. പക്ഷെ അത്ഭുതമെന്നു പറയട്ടെ, ആ വൈജാത്യങ്ങളുടെ ഏകത്വത്തെ, മതത്തിന്റെയും ജാതിയുടെയും പേരില്‍ വെട്ടിമുറിച്ച്, ഒരു രാഷ്ട്രത്തിന്റെ പൈതൃകത്തെ പോലും ചോദ്യം ചെയ്യാനുള്ള ശ്രമം നടക്കുകയുണ്ടായി, നടന്നു കൊണ്ടിരിക്കുന്നു. മതം വിഭിന്നങ്ങളായ വിശ്വാസങ്ങളുടെ അടിസ്ഥാനത്തിലും, ജാതി വിഭിന്നങ്ങളായ തൊഴില്‍ സമ്പ്രദായങ്ങളുടെ പേരിലും ഉള്ള വിഭജനം ആയിരുന്നെങ്കിലും, അതു സമൂഹത്തില്‍ സൃഷ്ടിച്ചത് വ്യക്തമായ അതിര്‍ വരമ്പുകള്‍ തന്നെയായിരുന്നു. മാനവ പുരോഗതിക്കനുസരിച്ച്, ചിന്തയിലും, ഉള്‍ക്കരുത്തിലും മാറ്റങ്ങള്‍ ഉണ്ടായി തുടങ്ങിയപ്പോള്‍ സാമൂഹ്രപരിഷ്കരണ ശ്രമങ്ങളും ശക്തമായിക്കൊണ്ടിരുന്നു.

കേരളത്തിലും ഭാരതത്തിലങ്ങോളമിങ്ങോളവും സാമൂഹ്യപരിഷ്കരണത്തിന്റെ കാറ്റ് വീശിയെങ്കിലും , കേരളം ഒഴിച്ച് മറ്റൊരിടത്തും അത് അത്രകണ്ട് വിജയം കണ്ടില്ല എന്നതായിരുന്നു അതിന്റെ മറ്റൊരു വശം. കേരളത്തില്‍ മതത്തിന്റെയും ജാതിയുടെയും മതില്‍ക്കെട്ടുകളെ തകര്‍ത്തു തരിപ്പണമാക്കുന്നതില്‍ മുന്നിട്ടിറങ്ങിയത് ഉന്നതകുലജാതരെന്നു വിശേഷിക്കപ്പെട്ട കുടുംബങ്ങളിലെ സ്ത്രീകളും പുരുഷന്മാരും തന്നെയായിരുന്നു എന്നത്, മാറ്റത്തിന് വേഗം കൂട്ടി.(പേരുകള്‍ പരാമര്‍ശിക്കുന്നില്ല) വലതുപക്ഷത്തിന്റെ (പ്രത്യേകിച്ച് കോണ്‍ഗ്രസിന്റെ) കുത്തകയായിരുന്നു ഉന്നതകുലജാതരും എല്ലാതരം വരേണ്യവര്‍ഗ്ഗവും. പോരാത്തതിന് പോലീസും പട്ടാളവും പോലുള്ള മര്‍ദ്ദക സംവിധാങ്ങളുടെ ദുരുപയോഗവും വ്യാപകമായിരുന്നു. നാവില്ലാത്തവന്റെ നാവായി സാമൂഹ്യപരിഷ്കരണത്തിന്റെ ചുവടു പിടിച്ച് കോണ്‍ഗ്രസിലെ സോഷ്യലിസ്റ്റ് ചേരി കമ്മ്യൂണിസ്റ്റ് പാര്‍ട്ടി രൂപീകരിക്കുന്നതോടെ കേരളത്തിന്റെ സാമൂഹ്യാന്തരീക്ഷം സമൂലമായ മാറ്റത്തിന് വിധേയമാവുകയായിരുന്നു.

അരാഷ്ട്രീയ വാദത്തിന് കൂടുതല്‍ വേരു കിട്ടി തുടങ്ങിയത് വളരെ കുറഞ്ഞ വര്‍ഷങ്ങള്‍ക്കിടയിലാണ്. ജനാധിപത്യ രാജ്യമായ ഭാരത്തില്‍ പോലും, അപക്വമായ കുഞ്ഞു മനസ്സുകളില്‍ അരാഷ്ട്രീയതയുടെ വിത്തു വിതയ്ക്കാന്‍ ഗൂഡമായ ശ്രമം നടന്നു എന്നു വേണം കരുതാന്‍. വളരുന്ന തലമുറയെ സമൂഹത്തിന്റെ ഭാഗമാക്കാതെ, എല്ലാത്തില്‍ നിന്നും വിഭിന്നമായ ഒരു ജീവിത ആസക്തിയിലേക്ക് വലിച്ചിഴക്കുകയാണുണ്ടായത്. രാഷ്ട്രീയമെന്നാല്‍, കക്ഷികള്‍ക്കിടയിലെ മത്സരമാണെന്നും, രാഷ്ട്രീയക്കാര്‍ മുഴുക്കെ വിശ്വസിക്കാന്‍ കൊള്ളരുതാത്തവരാണെന്നുമുള്ള വിഷമുള്ള ചര്‍ച്ചകള്‍ സമൂഹത്തിലങ്ങോളമിങ്ങോളം സംഘടിപ്പിച്ചെടുക്കാന്‍ കഴിഞ്ഞു എന്നുള്ളതായിരുന്നു അവരുടെ വിജയം. അവരെ ശക്തമായി ചെറുക്കാന്‍ ഇടതിന്റെയും വലതിന്റെയും രാഷ്ട്രീയ പ്രബുദ്ധതയ്ക്കു കഴിഞ്ഞില്ല എന്നത് ചരിത്രവിദ്യാര്‍ത്ഥികള്‍ പഠനവിഷയമാക്കേണ്ടതുണ്ട്. വലതുപക്ഷത്തിന് പൊതുവെ രാഷ്ട്രീയത്തെക്കാള്‍ പ്രധാനം എന്നും സ്വാര്‍ത്ഥമായ ചില ഒളിച്ചുകളികള്‍ ആണെന്നത് കാലം തന്നെ തെളിയിച്ചതാണല്ലൊ. പക്ഷെ ഇടത്തിന്റെത്, ആദര്‍ശ ശുദ്ധിയുടെയും, പൊതുജനസേവനത്തിന്റെയും, സ്വാര്‍ത്ഥതയില്ലാത്ത കാഴ്ചപ്പാടുമായിരുന്നു എന്ന പൊതുജന വിശ്വാസത്തിനു കോട്ടം തട്ടി തുടങ്ങിയത് ഈ അടുത്തകാലത്തായിരുന്നു. സ്വജനപക്ഷപാതവും, ധനാസക്തിയും അവരിലുള്ള പലരെയും വെറുമൊരു ശരാശരി മനുഷ്യന്റെ നിലവാരത്തിലേക്കെത്തിച്ചുവെന്നത് മാധ്യമങ്ങള്‍ പറഞ്ഞുണ്ടാക്കുന്ന കഥകള്‍ എന്നതിനും അപ്പുറത്തേക്ക് എത്തിയോ എന്നത് അവര്‍ തന്നെ പരിശോധിക്കേണ്ടതുണ്ട്. അവര്‍ അല്ലെങ്കില്‍ അവരുടെ കുടുംബാംഗങ്ങളുടെ കുത്തഴിഞ്ഞ ജീവിത രീതികള്‍ തൊട്ട്, വെറും ഒരു വ്യക്തി എന്ന നിലയിലേക്കുള്ള അവരുടെ പതനം വരെ സുതാര്യമായ, ആഴത്തിലുള്ള സ്വയം വിമര്‍ശനത്തിന് വിധേയമാക്കേണ്ടത്, പൊതുസമൂഹം അവരോട് ആവശ്യപ്പെടുന്ന കടമായാണ്.

ഈ ഇടവേളയിലേക്കാണ് അരാഷ്ട്രീയ വാദത്തിന്റെ വരട്ടു സങ്കല്പങ്ങളുമായി പലരും കയറി വന്നത്. ആര്‍ എസ് എസ്സും , എന്‍ ഡി എഫും പോലുള്ള തീവ്ര മത നിലപാട് സ്വീകരിക്കുന്ന (മതവും അതുള്‍ക്കൊള്ളുന്ന സമൂഹവും അത്തരം നിലപാടുകള്‍ അവരോട് ആവശ്യപ്പെടുന്നില്ല എന്നത് മറ്റൊരു വശം) അവരുടെ ആശയങ്ങള്‍ ഭദ്രമായി വച്ചു കൊണ്ട് ഒരു നിശബ്ദമായ ആശയപ്രചരണരീതി ഇക്കാലമത്രയും പരീക്ഷിക്കുകയായിരുന്നു. അതിനിടയ്ക്ക് ആള്‍ ദൈവങ്ങള്‍ പലരൂപത്തിലും ഭാവത്തിലും അവതരിച്ചു. അവര്‍ക്ക് നിശബ്ദമായ പിന്തുണയും, പ്രോത്സാഹനവും നല്‍കി സമൂഹത്തെ മാനുഷികമൂല്യങ്ങളില്‍ ഊന്നിയ ചിന്താശീലങ്ങളില്‍ നിന്നും മാറി, സ്വസ്ഥമായ ജീവിതത്തിനുള്ള എളുപ്പ വഴികള്‍ നിര്‍ദ്ദേശിച്ചും ഒരു വലിയ ജനവിഭാഗത്തെ പൊതു ധാരയില്‍ നിന്നും അകറ്റി നിര്‍ത്തിക്കൊണ്ടെയിരുന്നു.

സമൂഹത്തോടിഴുകി ചേരാതെയുള്ള ഒരു പരിഹാരവും ജീവിതത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തിനുതകില്ലെന്ന് തലയ്ക്കകത്ത് ആളനക്കമുണ്ടായിരുന്നവര്‍ (ഇതില്‍ മഹര്‍ഷിമാരും, തത്വഞാനികളും, രാഷ്ട്രതന്ത്രഞ്ജരും ഉള്‍പ്പെടും) കുറിച്ച് വച്ചിട്ടുള്ളതൊന്നും ഇവര്‍ അറിഞ്ഞില്ലെന്ന് നടിക്കുന്നു. രാഷ്ട്രീയമായ ഒന്നിനു നിലനില്‍പ്പില്ലെന്നും (രാഷ്ട്രീയം എന്നാല്‍ രാഷ്ട്രത്തെ സംബന്ധിച്ചതെല്ലാം എന്ന അര്‍ത്ഥം പോലും വിസ്മരിക്കപ്പെട്ടു) ആദ്ധ്യാത്മികമായ വിഷയങ്ങളിലൂന്നിയ ചര്യയിലൂടെ മാത്രമെ സംശുദ്ധമായ ജീവിതം കെട്ടിപ്പടുക്കാന്‍ പറ്റൂ എന്നു പറയുകയും അതിനായ് യാഥാര്‍ത്ഥ്യവുമായ് ഒരു ബന്ധവും ഇല്ലാത്ത കുറെ ചെപ്പടി വിദ്യകള്‍ നിര്‍ദ്ദേശിക്കുകയും ചെയ്യുന്നു. അതില്‍ വീണു പോകുന്നത് സാധാരണക്കാര്‍ മുതല്‍, അറിവും വിവേകവുമുള്ളവരും പെടും എന്നത് ഇതിന്റെ ഭീകരത വെളിവാക്കുന്നു. ആദ്ധ്യാതിമികതയിലൂന്നിയ ജീവിതം നിര്‍ദ്ദേശിക്കുമ്പോള്‍ തന്നെ, ഒരു വ്യക്തിയുടെ സാമൂഹ്യമായ ഉത്തരവാദിത്വങ്ങളില്‍ നിന്നും ഒരൊളിച്ചോട്ടത്തിനു അവരെ പ്രേരിപ്പിക്കുന്ന തരത്തിലേക്ക് ഇന്നത്തെ “ആദ്ധ്യാത്മിക വ്യാപാരം“ മാറിയിരിക്കുന്നു. അര്‍ത്ഥശങ്കയ്കിടമില്ലാത്ത തരത്തില്‍ ജീവിക്കുന്ന ഉദാഹരണങ്ങള്‍ നമുക്ക് ചുറ്റും ഒരുപാട് ഉണ്ട് താനും. ഒരു വ്യക്തി എന്ന നിലയ്കുള്ള തന്റെ കടമകളില്‍ നിന്നും, ഒരു പൌരന്‍ എന്ന ഉത്തരവാദിത്വത്തില്‍ നിന്നും, അതിനെല്ലാമുപരി സ്വന്തം ജീവിതത്തില്‍ നിന്നും പോലും ഒളിച്ചോടുന്നവനായി മാറ്റുന്നതാണൊ മതങ്ങളും പുരാണങ്ങളും പറഞ്ഞു തന്ന വഴികള്‍ എന്ന് മനുഷ്യ ദൈവങ്ങളും, അവരുടെ കൂട്ടു നടപ്പുകാരും, ഒപ്പം സ്വച്ചജീവിതത്തിന് “കുപ്പി മരുന്ന്” നല്‍കുന്ന അവതാരങ്ങളും ചിന്തിക്കേണ്ടിയിരിക്കുന്നു.

ഉയര്‍ന്ന ജീവിത സാഹചര്യമുള്ളവര്‍ക്ക് പൊതുവെ ഇത്തരം “കുപ്പി മരുന്നുകള്‍” കാര്യമായ ദൂഷ്യഫലമൊന്നും ചെയ്യാതിരിക്കുകയും, അതിനെതിരായുള്ള വാദങ്ങളെ ബാലിശമാണെന്ന് അവര്‍ തള്ളിക്കളയുമെങ്കിലും, സാധാരണക്കാരില്‍ സാധാരണക്കാരായവരില്‍ ഇത്തരം “കണ്ണടച്ചിരുട്ടാക്കുന്ന വിദ്യകള്‍“ സൃഷ്ടിക്കുന്ന പ്രകമ്പനം ഭീകരം തന്നെയാണ്. ഒളിച്ചോട്ടത്തിനുള്ള എളുപ്പവഴിയായി, “വന്‍ ചിന്തകളെയും” മഹാന്‍‌മാരുടെ വചനങ്ങളെയും ആവശ്യത്തിനും അനാവശ്യത്തിനും എടുത്തുപയോഗിക്കുന്നത് മാറിയ ലോകത്തിന്റെ “ഹോബി”യായി മാറിയിരിക്കുന്നു. ജീവിത പ്രതിസന്ധികളെ നേരിടാന്‍ ഒറ്റമൂലികളൊന്നുമില്ലെന്ന് തിരിച്ചറിയുമ്പോഴേക്കും കാലമേറെ വൈകിയെന്ന ചിന്ത, മനോരോഗത്തിലേക്കും, ചിത്തഭ്രമത്തിലേക്കും ആളുകളെ കൊണ്ടു ചെന്നെത്തിക്കുന്നു.

അരാഷ്ട്രീയവാദത്തെ പ്രോത്സാഹിപ്പിക്കുന്നതില്‍, പുരോഗമനചിന്തയുടെ ആള്‍‌രൂപങ്ങളെന്ന് അവകാശപ്പെടുന്നവരും, മാധ്യമ വിശാരദന്മാരും ഒരേതൂവല്‍ പക്ഷികളാവുമ്പോള്‍, ശരിയേത് തെറ്റേതെന്നറിയാതെ പൊതു ജനം വല്ലാത്തൊരു പ്രതിസന്ധിയിലാവുന്നു. സത്യത്തിന്റെ നെടുംതൂണാവേണ്ട പത്രങ്ങളിലൂടെ “സിണ്ടിക്കേറ്റ്” പ്രവര്‍ത്തനം സംഘടിപ്പിക്കുകയും, വാര്‍ത്തകള്‍ക്ക് ഇല്ലാത്ത നിറങ്ങളും ഭാവങ്ങളും പകരാന്‍ മത്സരിക്കുന്നതിനിടയില്‍ ചോര്‍ന്ന് പോവുന്നത് ജനാധിപത്യത്തിന്റെ കാവലാളിന്റെ ഉശിരുതന്നെയാണെന്നു തിരിച്ചറിയപ്പെടാതിരിക്കുകയും, ജനകീയ പ്രശ്നങ്ങളില്‍ നിന്നും മുഖം തിരിച്ച് “എക്സ്ക്ലൂസീവ്” ന്റെ പുറകെ മാത്രം പോകുകയും ചെയ്താല്‍ വരും കാലം ജനാധിപത്യത്തിന്റെ ശവപ്പറമ്പാവുമെന്നുറപ്പ്.

കലാലയങ്ങളില്‍ നിന്നും രാഷ്ട്രീയത്തെ പടിയ്ക്കു പുറത്താക്കിയവര്‍, അവര്‍ക്കു മുന്നില്‍ ഉപേക്ഷിച്ചു പോയത് ഗൌരവമില്ലാത്ത ജീവിതം ശീലിപ്പിക്കുന്ന അരാഷ്ട്രീയതയുടെ വിഷവിത്തുകളായിരുന്നു. “മോഡേണ്‍” എന്നു പേരിട്ട് വിളിച്ചു കൊണ്ട്, നമ്മുടെതല്ലാത്ത പലതിനെയും വിപണി ലാക്കാക്കി കൊണ്ടുള്ള “മാര്‍ക്കറ്റിങ്ങ് സ്ട്രാറ്റജി” യുടെ പരീക്ഷണശാലയാക്കുകയായിരുന്നു ലക്ഷ്യം. അതിനെ മനോഹരമായ വര്‍ണ്ണങ്ങളില്‍ പൊതിഞ്ഞ് പൊലിപ്പിച്ചെടുക്കാന്‍, ജനസമ്പര്‍ക്കം ഒട്ടുമില്ലാതെ, മാര്‍ക്കറ്റ് വാല്യൂവിലും, തിണ്ണമിടുക്കിലും മാത്രം ശ്രദ്ധയൂന്നിയ മാധ്യമ ഭീകരന്മാര്‍ മത്സരിച്ചു കൊണ്ടിരിക്കുന്നു. കലാലയങ്ങളിലെ രാഷ്ട്രീയം ആര്‍ക്ക് എന്തൊക്കെയാണ് നഷ്ടപ്പെടുത്തിയതെന്നു ചോദിച്ചാല്‍, കുറെ രാഷ്ട്രീയ സംഘട്ടനങ്ങളുടെയും സമരങ്ങളുടെയും കണക്കാവും നിരത്തുക. പക്ഷെ ഇതു വളരെ നിലവാരം കുറഞ്ഞ വിലയിരുത്തലാണ്. കാരണം ശക്തമായ സംഘബോധത്തിലൂടെ വളരുന്ന ഒരു തലമുറയ്ക്ക് സമൂഹത്തോടും, സഹജീവികളോടും പ്രകൃതിയോടുമുള്ള അനുഭാവം സമാനതകളില്ലാത്തതാണ്. സംഘബോധം പലരും പ്രചരിപ്പിക്കുന്നത് പോലെ പലതും പിടിച്ചടക്കാനോ കാര്യം നേടാനോ ഉള്ള ഒരു ആധുനിക പ്രക്രിയയല്ല. അന്യജീവികളുടെ ആക്രമണങ്ങളില്‍ നിന്നു സ്വന്തം ജീവന്റെ നിലനില്പിനു വേണ്ടിയുള്ള കൂട്ടായ്മയിലൂടെ പ്രാചീന മനുഷ്യന്റെ അസ്തിത്വത്തില്‍ നിന്നും ഉല്‍ഭവിച്ച ചിന്തയാണത്. അതുകൊണ്ടാണ് ചരിത്രത്തില്‍ ഇന്നേവരെ രൂപപ്പെട്ട എല്ലാ കൂട്ടായ്മകളും ഒരു തരം രാഷ്ട്രീയപ്രവര്‍ത്തനം തന്നെയാണെന്ന് മാര്‍ക്സ് പറഞ്ഞു വച്ചതും.

ജനാധിപത്യത്തിലൂന്നിയ ശക്തമായ രാഷ്ട്രീയബോധം വരും തലമുറകളില്‍ വളര്‍ത്തിയെടുക്കേണ്ടത് നമ്മുടെ സംസ്കാരത്തിന്റെ നിലനില്‍പ്പിന് അത്യാവശ്യമാവുന്നു. ഉയര്‍ന്ന മൂല്യബോധവും, സഹജീവികളോട് കരുണയുമുള്ള ഒരു തലമുറയെ സംഭാവന ചെയ്യാന്‍ അരാഷ്ട്രീയതയുടെ രാഷ്ട്രീയത്തിനു കഴിയില്ല. മനുഷ്യനെ വികാരങ്ങളില്ലാത്ത ഉല്‍‌പന്നങ്ങളാക്കുകയും, സ്വപ്നത്തിന്റെ കുമിളകള്‍ക്കുമേല്‍ അടയിരിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്ന വെറും ഭ്രമാത്മകമായ ഒരു നാളെയെക്കുറിച്ചു മാത്രമെ അവര്‍ക്കു നമ്മോട് സംസാരിക്കാന്‍ കഴിയൂ. അബദ്ധജടിലങ്ങളായ നിലപാടുകാര്‍ക്കും, മതതീവ്രവാദത്തിന്റെ ഉപാസകര്‍ക്കും, സമൂഹത്തെ വെറും കൊടുക്കല്‍ വാങ്ങല്‍ ഉപകരണങ്ങളായും മാത്രം കാണുന്നവര്‍ക്കും പ്രതികരണശേഷി നഷ്ടപ്പെട്ട, സംഘബോധമില്ലാത്ത, തീര്‍ത്തും നിര്‍ജീവമായ (അരാഷ്ട്രീയമായ) ഒരു തലമുറയെ വളര്‍ത്തിയെടുക്കേണ്ടത് അത്യാവശ്യമാണ്. ലൌകികമായ ജീവിതത്തെക്കുറിച്ചുള്ള ചിന്തകള്‍ക്കു ഊന്നല്‍ നല്‍കാതെ, ആത്മീയമായ എല്ലാത്തിനോടും സന്ധിചെയ്യലാണ് പുണ്യകര്‍മ്മമെന്ന് ഊണിലും ഉറക്കത്തിലും നമ്മെ ഉല്‍ബോധിപ്പിക്കുന്നവരില്‍ പലരും മറച്ചു വെയ്ക്കപ്പെട്ട അരാഷ്ട്രീയതയുടെ ഉദ്ധരണികളാണെന്ന് നമ്മള്‍ മറന്നു കൂടാ. ഓജസ്സുള്ള ഒരു സമൂഹത്തിന്റെ സൃഷ്ടി രാഷ്ട്രീയമായ തിരിച്ചറിവുകളോടെ മാത്രമെ സാധ്യമാവൂ എന്നത് നിസ്തര്‍ക്കവുമാണ്. നീറുന്ന ജനതയുടെ ഹൃദയത്തോട് ചേര്‍ന്ന് നില്‍ക്കാനായാലെ ഒരു പൌരന്‍ എന്ന നിലയിലെ കടമകള്‍ നിറവേറ്റപ്പെടുന്നുള്ളൂ എന്ന രാഷ്ട്രീയബാലപാഠം മറക്കാതിരിക്കുകയും വേണം.

2007, മേയ് 23, ബുധനാഴ്‌ച

ജന്മദിനം

ഇന്ന് എന്റെ എട്ടാം പിറന്നാള്‍.
മമ്മി വരുന്നതും കാത്ത് ബേബി സിറ്റിങ്ങിലെ ജാലകത്തിലൂടെ നോക്കിയിരിക്കാന്‍ തുടങ്ങിയിട്ട് നേരം കുറെയായി. കൂട്ടുകാര്‍ക്ക് കൊടുക്കാന്‍ ചോക്ലേറ്റ് കൊണ്ടുവരാമെന്നും പറഞ്ഞിരുന്നല്ലൊ..

ആന്റി ഉറക്കെ വഴക്കു പറഞ്ഞു
. “ നിനക്കെന്താ പറ്റിയെ? മമ്മി വരും എന്തായാലും, നിന്നെയും കൂട്ടിയിട്ടെ പോവൂ”
അവിടെ സോഫയില്‍ കുഞ്ഞുടുപ്പുമിട്ട് നയന നല്ല ഉറക്കം തുടങ്ങിയിരുന്നു. അവളൊരിക്കലും മമ്മിയെ കണ്ടിരുന്നില്ല ശരിക്കും. രാവിലെ ഇവിടെ കൊണ്ടു വരുമ്പൊ മമ്മിയുടെ ചുമലില്‍ തലയും ചേര്‍ത്തുറങ്ങുകയായിരിക്കും. രാത്രി കൊണ്ടുപോവുമ്പോഴും അവള്‍ നല്ല ഉറക്കമായിരിക്കും.
പെട്ടന്ന് ഫോണ്‍ റിങ്ങ് ചെയ്തു.
ആന്റി മൊബൈലുമായി എന്റെ അടുത്ത് വന്നു. “മമ്മിയാണ്”
“മമ്മീ, മമ്മി എവിടെ?”
“മോനെ അത്, മമ്മി ഇത്തിരി വൈകും...ഓഫീസില്‍ കുറച്ച് അത്യാവശ്യം”
“മമ്മീ...” കരച്ചിലടക്കിപ്പിടിച്ച് ചോദിച്ചു. “മമ്മീ യു നൊ ഇന്നെന്റെ പിറന്നാളല്ലെ, എല്ലാര്‍ക്കും ചൊക്ലേറ്റ് കൊടുക്കാമെന്ന് ഏറ്റതല്ലെ”
മമ്മിയുടെ സ്വരത്തില്‍ കാര്‍ക്കശ്യം “മൊനു ഡൊണ്ട് ബി സില്ലി...എത്ര ഇം‌പോര്‍ട്ടന്റ് പേപ്പേഴ്സ് ആണെന്നൊ എനിക്ക് പ്രിപ്പേര്‍ ചെയ്യനുള്ളെ”
ഒന്നും പറയാതെ ഫോണ്‍ ആന്റിയുടെ കയ്യില്‍ തിരിച്ചു കൊടുത്ത്
പതുക്കെ നയനയുടെ അടുത്ത് സോഫയില്‍ തലയും കുനിച്ചിരുന്നു.
കണ്ണില്‍ ഒഴുകിയ ചൂടുള്ള നൊമ്പരം ആരും കാണാതിരിക്കാന്‍...

രാത്രി പതിനൊന്നരയായപ്പോള്‍ മമ്മി വന്നു.
“മാഡം കുട്ടികള്‍ പ്രശ്നം ഒന്നും ഉണ്ടാക്കിയില്ലല്ലൊ അല്ലെ? സോറി കേട്ടോ ഒത്തിരി വൈകിയതില്‍, ആകെ പ്രശ്നങ്ങളായിരുന്നു ഓഫീസില്‍...അതു കോണ്ടാ”

മമ്മി നയനമോളെ എടുത്തു “ ഡാ മോനെ, അവള്‍ടെ ബേഗും ടൊയ്സും ഫ്ലാസ്കും ഇങ്ങെടുത്തോളൂ”
മമ്മിയുടെ തൊട്ടു പുറകെ ഞാനും പടികള്‍ ഇറങ്ങി.

മമ്മിയുടെ ബാഗില്‍ നിന്നും മൊബൈയില്‍ നിര്‍ത്താതെ ചിലക്കാന്‍ തുടങ്ങി.
“നീ ആ സാധനം നിലത്തു വച്ചിട്ട് മോളെ ഒന്നു പിടിച്ചെ“

മോള്‍ എന്റെ കഴുത്തിനടുത്ത് തലയും വച്ച് കിടന്നു. പാവം നല്ല ഉറക്കത്തിലാണ്.
ചേട്ടനോട് ഒരുപാട് കിന്നാരം പറയും. അവള്‍ടെ കൂടെ കളിക്കണം. എന്റെ പേനയും പെന്നും ഒക്കെ അവള്‍ക്കും വേണം. ഇന്നാള് മമ്മി എന്നെ ഒരുപാട് തല്ലിയിരുന്നു. എന്റെ കണക്കു പുസ്തകത്തില്‍ അവള്‍ കുത്തി വരഞ്ഞിട്ടതിന്.

“ആ ഫയല്‍‌സ് ഒക്കെ അയച്ചു സാര്‍, ഉവ്വ്, നാളെ തന്നെ ഫോളൊഅപ്പ് ചെയ്തോളാം...ശരി സര്‍, ഗുഡ്‌നൈറ്റ്“

“മമ്മീ..കൈ കഴക്കുന്നു...”

മമ്മി മോളെയും എടുത്തിട്ട് നടക്കാന്‍ തുടങ്ങി, എന്തൊക്കെയോ ആലോചിച്ചുകൊണ്ട്.
വീടിന്റെ കതക് തുറന്ന് മോളെ ബെഡില്‍ കിടത്തി...
എന്റെ നേരെ തിരിഞ്ഞിട്ട് “നീ ഹോംവര്‍ക്ക് ഒക്കെ ചെയ്തോ?”
അറിയാതെ എന്റെ മുഖം കുനിഞ്ഞു.
“മോനു നീ അന്നന്നു കൊച്ചു കുഞ്ഞാവുകയാണൊ? ആരെയും കാത്തിട്ടാ നീ ഹോംവര്‍ക്ക് ചെയ്യാതിരുന്നെ? “
കരയണോ ഉത്തരം പറയണൊ എന്നറിയാതെ പകച്ചു പോയി...

“എന്നെക്കൊണ്ടു വയ്യ നിന്നെ പഠിപ്പിക്കാനും പിന്നാലെ നടക്കാനും ഒന്നും...വേണമെങ്കില്‍ അവിടിരുന്ന് ചെയ്തൊ”
നിറഞ്ഞ കണ്ണുകളുമായ് ബാത്ത് റൂമില്‍ കയറി പൈപ്പു വെള്ളത്തിന്റെ ശബ്ദത്തിനൊപ്പം തേങ്ങിക്കരഞ്ഞു..കണ്ണാടിയില്‍ തെളിഞ്ഞു വന്ന ചുവന്ന കണ്ണും മൂക്കും എന്നെ വല്ലാതെ തുറിച്ചു നോക്കിക്കൊണ്ടിരുന്നു.
പെട്ടന്ന് മമ്മിയുടെ സ്വരം
“ഇനി ഒന്നര മണിക്കൂര്‍ അതിനകത്താ‍ണൊ?”

മുഖം തുടച്ച് വേഗം ബാഗ് തുറന്ന് പുസ്തകങ്ങള്‍ എടുത്ത് വച്ചു.
പെട്ടന്ന് പുസ്തകത്തോടൊപ്പം ഒരു പൊട്ടിയ ഒരു സ്പൈഡര്‍മാന്റെ രൂപം.
മമ്മി കാണാതിരിക്കാന്‍ അതു ധൃതിയില്‍ ബാഗിലേക്കു തള്ളുന്നതിനിടിയില്‍ മമ്മി കണ്ടു.
“എന്താ അത്”

“മമ്മീ അത്, മോള് തന്നതാ...ഇന്ന് ചേട്ടന് ബര്‍ത്ത്‌ഡെ ഗിഫ്റ്റ്“

മമ്മിയുടെ വല്ലാതായ മുഖം... എന്നെ നോക്കി ചിരിച്ചു കൊണ്ട് പതുക്കെ അടുത്ത് വന്നിരുന്നു...
“മോനെ...മമ്മി എല്ലാം മറന്നല്ലോടാ..”
എന്നെ നെഞ്ചോട് ചേര്‍ത്ത് പിടിച്ച് നെറ്റിയില്‍ തെരു തെരെ ഉമ്മ വെക്കുമ്പോള്‍ ഞാന്‍ മമ്മിയുടെ കണ്ണീരിന്റെ ചൂട് അറിയുകയായിരുന്നു.

സ്നേഹിച്ചു കൊതി തീരാതെ, ജീവിതത്തിന്റെ തത്രപ്പാടിനിടയില്‍ എന്തൊക്കെയൊ എവിടെയൊക്കെയൊ ഉപേക്ഷിക്കപ്പെടേണ്ടി വരുന്ന അമ്മമാര്‍ക്കും, കൊതിച്ചിട്ടും കൊതിച്ചിട്ടും കിട്ടാതെ പോകുന്ന ലാളനയെയും സ്നേഹത്തെയും കുറിച്ചോര്‍ത്ത് വിതുമ്പുന്ന മക്കള്‍ക്കും മാത്രമായി ഒരു കൊച്ചു സ്നേഹ മഴ

2007, മേയ് 16, ബുധനാഴ്‌ച

അമ്മ

രാവിലെ ഓഫീസില്‍ എത്തി ഇന്‍ബോക്സ് കുത്തി തുറന്നപ്പോള്‍ നിറമുള്ള അക്ഷരങ്ങളില്‍ അമ്മമാരെ സ്നേഹിക്കാനും, അവരുടെ സ്നേഹത്തെക്കുറിച്ച് ഓര്‍മ്മിപ്പിച്ചുകൊണ്ടും ഒരുപാട് ആശംസകള്‍ , അപ്പോഴാണ് ഓര്‍ത്തത് ‍ഇന്ന് ലോകം മുഴുവന്‍ ആശംസകാര്‍ഡുകളിലൂടെയും, സമ്മാനങ്ങളിലൂടെയും അമ്മയെ ഓര്‍ക്കുന്നു. നന്നായി, അമ്മയെ ഓര്‍ക്കാന്‍ ഒരു ദിവസം പ്രത്യേകമായി തന്നെ ഉണ്ടാക്കിയത്. അമ്മക്കു ഗിഫ്റ്റ് കൊടുക്കാന്‍ വെപ്രാളം പിടിച്ച് ഓടുന്ന ഒരുപാട് മക്കളെ ഇന്നലെ ഷോപ്പിങ്ങ് സെന്ററില്‍ കണ്ടിരുന്നു.

ചോദിച്ചപ്പോള്‍ ഒരു 10 വയസ്സുകാരന്‍ പറഞ്ഞു. “അങ്കിള്‍ യു ഡോണ്ട് നോ? എല്ലാരും നാളെ മൊംസ്നു ഗിഫ്റ്റു കൊടുക്കണം. ഞാന്‍ അതു വാങ്ങിക്കുകയാ” എന്റെ തലയ്ക്കകത്തൊരു കൊള്ളിയാന്‍ മിന്നി...അമ്മമാരെവിടെ? ഈ മക്കളുടെ സ്നേഹസമ്മാനം വാങ്ങാന്‍ കൊതിയൂറി നില്‍ക്കുന്നവരെ കാണാന്‍ മനസ്സ് കൊതിച്ചു.

അമ്മമാരുടെ ഒരു പട തന്നെ മുകളില്‍, വസ്ത്രങ്ങള്‍ വാരിവലിച്ചു പരിശോധിക്കുകയാണ്. ഒരു പ്രായമുള്ള മുത്തശ്ശി അവര്‍ക്കിടയിലൂടെ പോവാന്‍ പെടാ പാടു പെടുന്നു. “അമ്മ ദിനത്തില്‍ ഈ കിളവിക്കെന്താ കാര്യം“ എന്ന ഭാവത്തില്‍ ചില അമ്മമാരുടെ തലയാട്ടല്‍. പാവം അമ്മൂമ്മ ഒരു മൂലയ്ക്കു പോയി ഒരു ബെഞ്ചില്‍ ഇരുന്നു. പതുക്കെ അടുത്ത് ചെന്ന് വെറുതെ കുശലം പറയാന്‍ തുടങ്ങി. അറിയാതെ ഞാനൊന്നു കണ്ണടച്ചു പോയി.

അമ്മമാരെക്കുറിച്ച് , പേറ്റു നോവിന്റെ അര്‍ത്ഥമറിയാത്ത മക്കളെക്കുറിച്ച്...
ഓര്‍മ്മകളിലൂടെയുള്ള ഒരു യാത്ര തന്നെ...
നാടിനെക്കുറിച്ച്, വീടിനെക്കുറിച്ച്, പിന്നെ മഞ്ഞുകാലത്ത്, നേരം പുലരുമ്പോള്‍ തലയിലൂടെ സാരിത്തുമ്പ് കൊണ്ട് മൂടി, മുറ്റമടിക്കുന്ന അമ്മയെക്കുറിച്ച്.പിന്നെ അടുക്കളപ്പുറത്ത് തെങ്ങിന്‍ ചുവട്ടില്‍ ചട്ടിയും കുടുക്കയും നിരത്തി വച്ച് വെണ്ണീറും ചകിരിയും കൊണ്ട് പാത്രങ്ങള്‍ വൃത്തിയാക്കുന്നതും... അപ്പോഴേക്കും ചുവന്ന തുടുത്ത ആകാശം പതുക്കെ വെളുക്കാന്‍ തുടങ്ങും, ഒപ്പം കാക്കകളുടെ ആരവങ്ങളും.

അമ്മയെകുറിച്ച് നമുക്കെന്തെങ്കിലും അറിയുമൊ? രാവിലെ മുതല്‍ നേരം വൈകുവോളം കുടുംബത്തെ പരിലാളിച്ചും സാന്ത്വനപ്പെടുത്തിയും ഒരു മെഴുകു തിരിപോലെ മറ്റുള്ളവര്‍ക്ക് വെളിച്ചം പകര്‍ന്ന് , സ്വയം എരിഞ്ഞു തീരുന്ന സ്ത്രീത്വത്തിന്റെ തേജസ്സുറ്റ മുഖം. ആവശ്യങ്ങളും അഭിപ്രായങ്ങളും ഒന്നുമില്ലെ അമ്മയ്ക്ക്?
എപ്പൊഴും തിരക്കിലാണ് അമ്മ, അച്ഛന്റെ കാര്യങ്ങള്‍ നോക്കണം, അലക്കണം, മക്കളെ സ്കൂളില്‍ വിടണം, ഭക്ഷണം പാകം ചെയ്യണം. വീട് വൃത്തിയാക്കണം, നാത്തൂനും, അമ്മായി അമ്മയും പറയുന്ന കുത്തുവാക്കുകള്‍ക്കിടയില്‍ കിടന്ന് എരിഞ്ഞു പൊള്ളുകയും, എന്തെങ്കിലും പ്രശ്നങ്ങള്‍ വരുമ്പോ ആരോടും പറയാതെ മനസ്സില്‍ അതൊക്കെ കൊണ്ടു നടന്ന്, ഒരു മൂലയില്‍ ഒതുങ്ങി നിന്ന് പൊട്ടിക്കരയുകയും ചെയ്യുന്ന പാവം അമ്മ.

പത്തുമാസം ചുമന്ന് നടക്കുമ്പോള്‍ അനുഭവിക്കുന്ന കഷ്ടപ്പാട്. ഗര്‍ഭാവസ്ഥയുടെ പ്രശ്നങ്ങളും അസ്വസ്ഥകളും. പക്ഷെ അമ്മയ്ക് പരിഭവവും പരാതിയുമില്ല. തന്റെ വയറ്റില്‍ വള്രുന്ന മകള്‍ അല്ലെങ്കില്‍ മകന്‍ നല്ല ആരോഗ്യമുള്ളതാവണെ എന്നു മനസ്സുരുകി പ്രാര്‍ത്ഥിക്കും. വയറില്‍ കുഞ്ഞിന്റെ ചെറിയൊരു അനക്കം കാണുമ്പോള്‍ പുഞ്ചിരി തൂകുന്ന അമ്മ. സ്വപ്ങ്ങള്‍ മുഴുവന്‍ കുഞ്ഞിലാവുന്നു. അതിന്റെ വളര്‍ച്ച ആരോഗ്യം.
അവസാനം പ്രസവിച്ച് വളര്‍ത്തി വലുതാവുമ്പോള്‍ എല്ലാം മറന്ന് സ്വപ്ങ്ങള്‍ തേടി പറന്ന് പോകുന്ന കുഞ്ഞിനെ നോക്കി നെടുവീര്‍പ്പിടുന്ന അമ്മ. അടുക്കളയിലെ കരിപുരണ്ട സാരിത്തലപ്പില്‍ കണ്ണീരൊപ്പിക്കൊണ്ട് അമ്മ വീണ്ടും പതിവുകള്‍ ആവര്‍ത്തിക്കുന്നു. ശാപങ്ങളും അപസ്വരങ്ങളും ഇല്ലാതെ തന്റെ കുഞ്ഞിന് നന്മള്‍ മാത്രം വരണെ എന്ന പ്രാര്‍ത്ഥനയോടെ.

ജീവിത സായാഹ്നത്തില്‍ ഒറ്റപ്പെടലിന്റെ വേദനയുമായി അമ്മ ജീവിക്കുന്നു. അടുക്കള വാതിലിലൂടെ എന്നെങ്കിലും ആരെങ്കിലും വരുമെന്ന പ്രതീക്ഷയോടെയുള്ള നോട്ടം...മിണ്ടാനും പറയാനു ആരുമില്ലാതെ ഒരു ജീവിതം ജീവിച്ചു തീര്‍ക്കുന്നതിന്റെ പരിഭവം ആ കുഴിഞ്ഞ കണ്ണുകളില്‍ ഉണ്ടായിരുന്നൊ? ഒരിക്കലുമില്ലായിരിക്കാം...ആ മനസ്സിലെ പ്രതീക്ഷകളൊക്കെ എന്നെ കരിഞ്ഞു പോയിരിക്കുന്നു.

അവധികാലമാവുമ്പോള്‍ പേരക്കുട്ടികള്‍ക്കായുള്ള കാത്തിരിപ്പ്. അവിടെ വന്നാല്‍ പിള്ളാര് ഒന്നും പഠിക്കാതെ തെണ്ടിതിരിഞ്ഞു നടക്കും, അതൊന്നും പറ്റില്ലെന്ന കര്‍ക്കശസ്വരത്തിലുള്ള മറുപടി, ഒന്നും മിണ്ടാതെ അമ്മ ഫോണും പിടിച്ച് നിസ്സഹായായി നില്‍ക്കും. അവര്‍ക്ക് അവരുടെ ജീവിതം നന്നായി നോക്കണ്ടെ, എല്ലാം വേണ്ടതു തന്നെ...അച്ഛന്റെ ദീര്‍ഘ നിശ്വാസം. ആവര്‍ത്തിക്കപ്പെടുന്ന ദിനരാത്രങ്ങള്‍. ആര്‍ക്കൊ വേണ്ടിയുള്ള കാത്തിരിപ്പിനിടയില്‍ അസുഖങ്ങള്‍...പരസ്പരം ആശ്വസിപ്പിക്കാന്‍ വാര്‍ദ്ധക്യത്തിന്റെ വിട്ടുവീഴ്ച്കള്‍.

അവസാനം ഒരു ദിവസം എല്ലാവരും എത്തുന്നു...കുഴിമാടത്തില്‍ ഒരിത്തിരി കണ്ണീരു വീഴ്ത്താന്‍...ഒന്നും ഒന്നിനും പകരമാവില്ലെന്ന് ആരായിരുന്നു നമ്മളെ പഠിപ്പിച്ചത്. അച്ചന്റെ കൂട്ടില്ലാതെ അമ്മ കരയുകയായിരിക്കും. പക്ഷെ പരിഹാരം ഉണ്ടല്ലൊ...അതൊന്നും ശരിയാവില്ല...മരുന്നും കുഴമ്പും പിന്നെ നൂറുകൂട്ടം പ്രശ്നങ്ങളും, ഇതിനൊക്കെ നമുക്കെവിടെയാ സമയം. പിന്നെ ആരെങ്കിലും ഒക്കെ വരുമ്പോള്‍, ആകെ പ്രശ്നം തന്നെയാവും. പിള്ളേരാണെങ്കില്‍ എപ്പൊഴും ചുറ്റിപറ്റി നടക്കും...അടക്കിപിടിച്ച സംസാരം.

അമ്മ ഒന്നും വിചാരിക്കരുത്, ഇവിടെ ഇങ്ങിനെ തനിച്ചിരുന്നിട്ട് എന്താ കാര്യം. വീടു വാടകയ്ക്ക് കൊടുക്കുവൊ വില്‍ക്കുകയൊ ചെയ്യാം. അവിടെ നില്‍കാമെന്നു വച്ചാല്‍ ആകെയുള്ളതെ രണ്ടു മുറിയാ, അമ്മക്ക് സൌകര്യം മതിയായില്ലെങ്കിലൊ. ഇവിടെ നാടു വിട്ടു പോകാനും അമ്മക്ക് വിഷമം കാണും. എല്ലാരും പറയുന്നു നല്ല സൌകര്യമുള്ളതാ അമ്മത്തൊട്ടില്‍ എന്ന്. അവിടാവുമ്പോള്‍ അമ്മക്ക് പറഞ്ഞിരിക്കാന്‍ ഒരു പോലെയുള്ള ഇഷ്ടം പോലെ ആള്‍ക്കാരും കാണും.

അമ്മ ചിരിക്കുകയാണ്...

അമ്മയുടെ സ്നേഹത്തിന്റെയും പരിലാളനയുടെയും ഊഷ്മളതിയില്‍ നിന്നും ഒരുപാടകലേയ്ക്ക് എത്തിപ്പെട്ടു പോയ എന്റെ വിധിയെ ശപിച്ചു കൊണ്ട്, പ്രവാസം എനിക്കു നല്‍കിയ ഒറ്റപ്പെടലിന്റെ അനാധത്വത്തെ പഴിച്ചു കൊണ്ട്, ഈ ലോകത്തിലെ മക്കളെ മാറോടടുക്കിപിടിച്ച് സ്നേഹം കൊണ്ട് തുലാഭാരം നടത്തുന്ന എല്ലാ അമ്മമാര്‍ക്കും വേണ്ടി ഈ എഴുത്ത് സമര്‍പ്പിക്കുന്നു. ഒപ്പം അമ്മയെന്ന വാക്കിന്റെ അര്‍ത്ഥവ്യാപ്തി അറിഞ്ഞിട്ടും, അറിഞ്ഞില്ലെന്നു നടിക്കുന്നവരോട് ഒരു വാക്ക്. ആത്മഹത്യ പോലും നിങ്ങള്‍ക്കുള്ള ശിക്ഷയാവില്ല. പുതിയ അമ്മ ദിനങ്ങളുടെ ആഘോഷത്തിമര്‍പ്പിനിടയില്‍ ആരും അറിയുന്നുണ്ടാവില്ല നാളെ നമുക്കായ് കരുതി വച്ചതെന്താണെന്ന്. കാലത്തിന്റെ ചുവരെഴുത്തുകള്‍ നമുക്കെന്നും അന്യമാണല്ലൊ? അമ്മയെ, അമ്മയെയെങ്കിലും വേദനിപ്പിക്കാതിരിക്കുക-ഒരിക്കലും. മാതൃത്വം ഒരു സുകൃതമാണ്. അത് തിരിച്ചറിയാതിരിക്കരുത് ജീവനുള്ളിടത്തോളം.

2007, മേയ് 4, വെള്ളിയാഴ്‌ച

ഒരു അവാര്‍ഡ് കിട്ടിയിരുന്നെങ്കില്‍...
പോലീസും ഒരു വലിയ ജനക്കൂട്ടവും.
ആള്‍ക്കൂട്ടത്തിനിടയിലൂടെ എഴുത്തുകാരന്‍ എത്തി നോക്കി.
ഒന്നും മനസ്സിലായില്ല!!
ഒരു പാക്കിസ്ഥാനിയോട് കണ്ണുകള്‍കൊണ്ട് ചോദിച്ചു
“എന്താ കാര്യം?”
“ഭായ് , വൊ ആദ്മിനെ ഉസ്ക്കൊ പൈസ നഹിം ദിയ, ജബ് പൂച്ചാ തൊ ഉസ്നെ ലഡ്ക്കിക്കൊ മാര”
ചുരുക്കി പറഞ്ഞാല്‍ കാര്യം സാധിച്ചിട്ട് പൈസ കൊടുത്തില്ല എന്നര്‍ത്ഥം.

ഇത്തിരി കൂടെ മാറി നിന്നു എഴുത്തുകാരന്‍ രംഗം വീക്ഷിച്ചു. ഒരു പൈങ്കിളി കഥയ്ക്കുള്ള “തന്തു” അന്വേഷിച്ചു നടക്കുന്ന മാന്യ ദേഹത്തിന് വീണുകിട്ടിയ സുവര്‍ണ്ണാവസരം.
നായിക എന്തായാലും റെഡി.
പോലീസുകാരന്‍ അവളെ ലിഫ്റ്റിന്റെ അടുത്തോട്ട് മാറ്റി നിര്‍ത്തി ചോദ്യം ചെയ്യുകയാണ്. അവളാകെ പേടിച്ചരണ്ടിരിക്കുന്നു. നേരിയ ഒരു ഗൌണ്‍ ആണ് വേഷം. പോലീസുകാരന്‍ അവളുടെ സൌന്ദര്യാത്തിന്റെ അളവെടുക്കുകയാണ്.
ഗംഭീരം...നല്ല എരിവും പുളിയും ചേര്‍ത്ത് വായനക്കാരനു കൊടുക്കാം.
“എത്രയാ ഇയാള്‍ നിനക്കു തരേണ്ടത്” ക്രൂരതയാര്‍ന്ന ചോദ്യം.
തൊട്ടടുത്ത് പ്രതി എന്നു തോന്നിക്കുന്ന ഒരു വൃദ്ധന്‍, അറബി വേഷമാണ് ധരിച്ചതെങ്കിലും അറബിയല്ലായിരുന്നു. ഒരു കൂസലുമില്ലാതെ അയാള്‍ കൂടി നിന്ന ജനങ്ങളെ നോക്കി ചിരിക്കുന്നു.

“ആ ഫിലിപ്പിനി, ഇവളിവിടുത്തെ തറ കേസാണ്” ഒരു മലയാളി ചെറുപ്പക്കാരന്റെ കമന്റ്.
“എന്നാലും സാധനം കൊള്ളാം..ഒരെടുപ്പൊക്കെയുണ്ട്, എന്തൊരു ഷെയ്പ്പാണ് ഭായി”
ആസ്വാദകവൃന്ദത്തിന് ഹരം കേറുകയാണ്.

പോലീസുകാരന്‍ കിളവനെ നോക്കിയൊന്ന് ചിരിച്ചു. എന്നിട്ട് എഴുത്തുകാരന് മനസ്സിലാവാത്ത ഭാഷയില്‍ (അറബി) എന്തൊക്കെയോ പറഞ്ഞു. മസാലയില്‍ എരിവു കൂട്ടാം.. അവളുടെ രതിലീലകളെക്കുറിച്ചുള്ള ചോദ്യങ്ങളും ഉത്തരങ്ങളും ആണെന്ന് എഴുതി പിടിപ്പിക്കണം. എഴുതി വിടുന്ന കഥ സൊയമ്പന്‍ സാധനം ആവണമെന്ന് മുതലാളി എപ്പൊഴും പറയും.പൊതുവെ നാട്ടുകാര്‍ക്ക് പ്രവാസത്തിന്റെ കഥകളോട് ഒരു ഒരു ഇതാണ്. അതിലിത്തിരി മറ്റവനും ഒരു അറബി ടച്ചും കൂടെ ചേര്‍ന്നാല്‍ പിന്നെ പറയുകയും വേണ്ട....കാശു മുടക്കുന്നവരെ രമിപ്പിക്കണം. അതാവണം മാധ്യമ ധര്‍മ്മം. ശമ്പളം തരുന്നവന്റെ ഓര്‍മ്മപ്പെടുത്തലുകള്‍.
ചെയ്യുന്ന തൊഴിലിനോടും സ്ഥാപനത്തോടും കൂറു പുലര്‍ത്തണം എന്നും...സ്കൂളില്‍ പഠിക്കുമ്പോള്‍ സ്വാതന്ത്ര്യ സമര സേനാനിയും തികഞ്ഞ ഗാന്ധീയനുമായ രാഘവന്‍ മാഷ് പറഞ്ഞ വരികള്‍ എഴുത്തുകാരനെ ആവേശം കൊള്ളിച്ചു.

ഇക്കുറി പൊതുജനം ഈ കഥ പ്രസിദ്ധീകരിക്കുന്ന വാരികയ്ക്കു വേണ്ടി കടകളില്‍ അടിപിടിയുണ്ടാക്കും. കോപ്പികള്‍ തികയാതെ വരും. ക്രമസമാധാന പ്രശ്നമുണ്ടാകും, പ്രതിപക്ഷം പോലീസിനെ കുറ്റം പറയും. പിന്നെ സഭയില്‍ നിന്നും ഇറങ്ങിപ്പോകും. അതിന്റെ പ്രതികാരം തീര്‍ക്കാന്‍ ആഭ്യന്തരന്‍ പോലീസിനെ കയറൂരി വിടും..ലാത്തിച്ചാര്‍ജ്, വെടിക്കെട്ട്.. യാതൊരു ഉളുപ്പുമില്ലാതെ മീഡിയകള്‍ എക്സ്ക്ലൂസീവായി അതു റിപ്പോര്‍ട്ട് ചെയ്യും. പോരെങ്കില്‍ കഥയുടെ വിഷ്വല്‍‌സ് അനിമേഷന്‍ ചെയ്തു കാണിക്കും, ചര്‍ച്ചകള്‍ സംഘടിപ്പിക്കും. ആണും പെണ്ണും മുടിയഴിച്ചുറഞ്ഞാടും. സര്‍വ്വെ നടത്തും. എഴുത്തുകാരന്റെ പ്രതികരണം, ഇന്റര്‍വ്യൂ..മാര്‍ക്കറ്റ് വാല്യൂ കൂടാന്‍ ഇനി എന്തു വേണം. പിന്നെ ആരുടെയെങ്കിലും പേരില്‍ ഒരു അവാര്‍ഡ് നിശ സങ്കടിപ്പിച്ചെടുക്കണം. പിന്നെ സ്വീകരണങ്ങള്‍,ബഹളം. ഒരു പക്ഷെ ഏതെങ്കിലും സിനിമാക്കാരന്‍ വന്നിട്ട് ഇതൊരു സിനിമയാക്കിയാലൊ...

നശിച്ച അലാറം! ഒന്നു സുഖിച്ചു വരുമ്പോഴേക്കും നേരം വെളുക്കും. വരുന്ന വഴിക്ക്, ഒരു കുട്ടിയിരുന്നു കരയുന്നു. കയ്യില്‍ ഒരു വടയും ഒരു ഗ്ലാസ് ചായയും ആയിട്ടുള്ള പ്രഭാത യാത്ര..

അവളുടെ അടുത്ത് ചെന്നു..
”എന്തിനാ കരയുന്നെ”
അതു കേട്ടപ്പോള്‍ അവള്‍ പൊട്ടിക്കരയാന്‍ തുടങ്ങി. ആളുകള്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയിരിക്കുന്നു.
കൊച്ചുപെണ്ണ്. നിഷ്കളങ്കമായ മുഖം. കഷ്ടിച്ച് ഒരു പതിനാലു വയസ്സ് കാണും. പ്രായത്തെക്കാള്‍ വളര്‍ന്ന ശരീരം. അവളുടെ പാറിപ്പറന്ന മുടിയും, കണ്ണീര്‍ ഒലിച്ചിറങ്ങിയ പാടുകളും, കാര്യം പിടികിട്ടിയില്ലെങ്കിലും ഒരു വല്ലാത്ത വേദനയുണ്ടാക്കി മനസ്സില്‍.
തീക്ഷ്ണമായി നോക്കിക്കോണ്ട് അവള്‍ പതുക്കെ എഴുന്നേറ്റു നടക്കാന്‍ തുടങ്ങി. ചോരയില്‍ കുളിച്ച അവളുടെ ഉടുപ്പു കണ്ടപ്പോള്‍ തൊട്ടടുത്ത ഹോട്ടലില്‍ നിന്നും ആരൊ വിളിച്ചു പറഞ്ഞു.

“ഇന്നലെ ആ ഗല്ലിയില്‍ ഇവളുമാരുടെ ആഘോഷമായിരുന്നു. ഇഷ്ടം പോലെ കാശും ഉണ്ടാക്കിയുള്ള പോക്കാ. കുറെ ചെക്കന്മാരുണ്ടായിരുന്നു അവിടെ. ഇതിനൊക്കെ തിന്ന് തിന്ന് എല്ലില്‍ കുത്തിയിട്ട് കണ്ടവന് കൊടുക്കാന്‍ ഇറങ്ങി പോവുന്നതാ...ഇനിയിപ്പൊ കരഞ്ഞു കാണീച്ച് ഫ്രീയായിട്ട് വല്ലതും കിട്ടുമൊ എന്നു ശ്രമിച്ചു നോക്കിയതാവും.“

ഏയ്, അങ്ങനെയായിരിക്കുമൊ? ഈ കൊച്ചു പ്രായത്തില്‍ ഇവളിങ്ങിനെ...ആവില്ല. മനസ്സിനെ പഠിപ്പിക്കാന്‍ ശ്രമിച്ചു. റോഡിലൂടെ അവള്‍ നടന്നു മറയുന്നത് വരെ നോക്കിയിരുന്നു. ചായയും കുടിച്ച് സ്വപ്നത്തിന്റെ ഹാങ്ങോവറില്‍ ‍കാറില്‍ കയറി, ആ കുട്ടിയായിരുന്നു മനസ്സ് നിറയെ. അവളെക്കുറിച്ച് എന്തൊക്കെയോ അറിയാനുള്ള ഒരാഗ്രഹം. ഏതൊ വീട്ടിലെ ഒരു അമ്മയുടെയും അച്ഛന്റെയും മോളായിരിക്കില്ലെ ഇവളും. അവരുടെ കൈപിടിച്ച് പിച്ചവെക്കാന്‍ പഠിച്ചതാവില്ലെ? മനസ്സ് കാടുകയറുമെന്നായപ്പോള്‍ എല്ലാം മറക്കാന്‍ വേണ്ടി റേഡിയൊ ഓണ്‍ ചെയ്തു.

പ്രധാന വാര്‍ത്തകള്‍...സൂര്യനെല്ലി കേസ്- കോടതി തള്ളി. കോടതികള്‍ അതിരുകടക്കുകയാണെന്ന മന്ത്രിയുടെ പ്രസ്താവന ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണെന്ന് പ്രതിപക്ഷം. വിമാന പീഡനം-മാപ്പു പറഞ്ഞാല്‍ കേസ് പിന്‍‌വലിക്കാമെന്ന് പരാതിക്കാരി...സ്വാശ്രയക്കോളേജ് വിധി- ജസ്റ്റിസിനെതിരെ അഴിമതിയാരോപണവുമായി വിദ്യാര്‍ത്ഥി യൂണിയന്‍. ക്രൂരമായ ബലാത്സംഗത്തിനിരയായ 8 വയസ്സുകാരി മെഡിക്കല്‍ കോളേജില്‍ വച്ച് മരിച്ചു. ഉന്നതര്‍ക്കു പങ്കുണ്ടെന്ന് പ്രാധമിക റിപ്പോര്‍ട്ട്.... വാര്‍ത്തകള്‍ വിശദമായി...