2007, ഏപ്രിൽ 22, ഞായറാഴ്‌ച

കസബിലൂടെ

ശനിയാഴ്ച പുലര്‍ച്ചയ്ക്ക് തന്നെ വീട്ടില്‍ നിന്നും ഇറങ്ങി. എയര്‍‌പ്പോട്ടില്‍ എന്റെ പ്രിയ സുഹൃത്ത് ഇറക്കാമെന്ന് ഏറ്റത് കൊണ്ട് കാര്യങ്ങള്‍ എളുപ്പമായി. രണ്ടൊ മൂന്നൊ ദിവസത്തേക്കു വേണ്ട വസ്ത്രങ്ങളും പിന്നെ ചീപ്പ്, സോപ്പ്, തുടങ്ങിയ ഫസ്റ്റയിഡ് സാമഗ്രികളും മാ‍ത്രമാണ് എന്റെ കയ്യിലുണ്ടായിരുന്നത്. ഒപ്പം പതിവുപോലെ ഒന്നു രണ്ടു പുസ്തകങ്ങളും. അവധി ദിനമായതിനാലാവാം കാലത്ത് 5:50 ആയിട്ടും ദുബൈയിലെ റോഡുകള്‍ക്ക് ജീവന്‍ വച്ചു തുടങ്ങിയതേയുള്ളൂ. പകല്‍ നല്ല ചൂടാണെങ്കിലും, പുലര്‍ക്കാലം നേരിയ മഞ്ഞില്‍ മൂടിയിരുന്നു. പത്തു നിമിഷം കൊണ്ട് തന്നെ ഞങ്ങള്‍ ദുബൈ ഇന്റര്‍‌നേഷണല്‍ എയര്‍‌പ്പോര്‍ട്ടിന്റെ ടെര്‍മിനല്‍ രണ്ടില്‍ എത്തി. ഈ ടെര്‍മിനലിലൂടെ ആണ് ചെറുതും, ഒരുപാട് വലുതല്ലാത്തതുമായ വിമാനങ്ങള്‍ സര്‍വ്വീസുകള്‍ നടത്തുന്നത്. ബജറ്റ് എയര്‍‌ലൈന്‍സുകളുടെ ബഹളം മൊത്തമായും ഇവിടെയാണ്.


സുഹൃത്തിനോട് യാത്ര പറഞ്ഞ് ബാഗേജ് ക്ലിയറന്‍സിനായി വിമാനത്താവളത്തിനകത്തേക്ക് കടന്നു. ഒരുപാട് തിരക്കൊന്നും ഇല്ലെങ്കിലും, കുറേ പാക്കിസ്താനികളും, ബംഗ്ലാദേശികളും നിരന്നു നില്‍പ്പുണ്ടായിരുന്നു. യാത്ര അയക്കാന്‍ വന്നവരായിരുന്നു അവരൊക്കെ.
അവരോട് വിനീതവിധേയനായി അകത്തോട്ട് കയറിക്കോട്ടേ എന്നു ചോദിച്ചപ്പോള്‍ അപരിഷ്‌കൃത ഭാവത്തില്‍ ബംഗാളി എന്നെ നോക്കി നെറ്റി ചുളിച്ചു. അഹങ്കാരത്തിനു കയ്യും കാലും വച്ചവരാണിവര്‍ എന്നു പൊതുവെ പറഞ്ഞു കേട്ടിട്ടുണ്ട്.
ബാഗേജ് ക്ലിയറന്‍സും കഴിഞ്ഞ് അകത്തേക്ക് ചെന്നപ്പോള്‍ ബോഡിംഗ് പാസിനു നീണ്ട നിരതന്നെയുണ്ടായിരുന്നു. ഈ “കസബ് “യാത്ര എല്ലാവര്‍‌ക്കും വിസമാറാനുള്ള യാത്രയാണ്. കസബിലും, കിഷിമിലുമാണ് വിസമാറാന്‍ പൊതുവെ ആളുകള്‍ പോവുന്നത്. ബോഡിംഗ് പാസും വാങ്ങി പാസ്സ്‌പോര്‍ട്ട് കണ്‍‌ട്രോള്‍ സെക്‍ഷനില്‍ എത്തി. അവിടെ ആരുടെയൊ ടിക്കറ്റ് നിലത്തു കിടക്കുന്നു. ആ ടിക്കെറ്റും എടുത്ത് ഒരു വട്ടം അവിടെ നില്‍ക്കുന്നവരോടൊക്കെ ചോദിച്ചു. ഇവനാരെടാ എന്ന ഭാവം ആയിരുന്നു എല്ലാ മുഖങ്ങളിലും. തൊട്ടടുത്ത വരിയില്‍ നിന്ന മാന്യനായ ഒരു സായിപ്പു പറഞ്ഞു,
“സുഹൃത്തെ നല്ലത് നിങ്ങള്‍ അത് അവിടെ സെക്യൂരിറ്റിയെ ഏല്‍പ്പിക്കുന്നതാണ്. “
ഞാന്‍ നേരെ ഗേയ്‌റ്റില്‍ നിന്നിരുന്ന വെളുക്കെ ചിരിക്കുന്ന ഒരാളുടെ കയ്യില്‍ ടിക്കറ്റ് ഏല്‍പ്പിച്ചു. അയാള്‍ ഉപകാര സൂചക്മായി കണ്ണിറുക്കി ചിരിച്ചു കൊണ്ട് നന്ദി പറഞ്ഞു. അപ്പോഴേക്കും, കറുത്ത പര്‍ദ അണിഞ്ഞ വെളുത്തു മെലിഞ്ഞ ഒരു സുന്ദരി പുറകെ ഓടിവന്നു അവളുടെ ടിക്കറ്റാണെന്നു പറഞ്ഞു.
നീണ്ട നിര ചുരുങ്ങി ചുരുങ്ങി അവസാനം ഞാനും അവിടെയെത്തി. കറുത്ത് കുറുതായ, ഒരു അറബി സ്ത്രീയായിരുന്നു അവിടെ ഉണ്ടായിരുന്നത്. എന്നെ പാസ്‌പ്പോര്‍ടുംവാങ്ങി കമ്പ്യൂട്ടറില്‍ നോക്കി മൊഴിഞ്ഞു. “യു ഹാവ് വണ്‍ ഡെ ഓവര്‍ സ്‌റ്റെ” ഞാന്‍ ഒന്നു ഞെട്ടി. ഭാഗ്യം ആവശ്യത്തില്‍ കൂടുതല്‍ ദിര്‍ഹംസ് കരുതിയത് നന്നായി. 200 ദിര്‍ഹംസ് പിഴയായി വാങ്ങിയപ്പൊഴേ അവര്‍ക്കു സമാധാനമായുള്ളൂ. ഇതൊക്കെ കഴിഞ്ഞ് അകത്തു കടന്നപ്പോള്‍ ഒന്നാം നമ്പ‌ര്‍ ഗെയ്‌റ്റില്‍ ഒരു മലയാളി സായിപ്പ് കലിതുള്ളി നില്‍ക്കുന്നുണ്ടായിരുന്നു. വിമാനം കാത്തു കിടക്കുന്നെന്നും വേഗം ചെല്ലണമെന്നും പറഞ്ഞു. ഓടി ചെന്നപ്പോള്‍ ഒരു ബസില്‍ കുറെപേര്‍ കാത്തിരിക്കുന്നു.
മലയാളികളും, ഫിലിപ്പിനോകളും, ബംഗാളികളും, പിന്നെ കണ്ടാല്‍ തന്നെ ലൈംഗിക തൊഴിലാളികളാണെന്നു വിളിച്ചു പറയുന്ന ഇറാനീ, റഷ്യന്‍ സ്ത്രീകളും...ലിസ്‌റ്റ് നീണ്ടു പോവുന്നു.


കുറച്ച് സമയത്തെ കാത്തിരിപ്പിനു ശേഷം കുറച്ച് യാത്രക്കാരെയുംകൊണ്ട് ബസ് എയര്‍‌പ്പോട്ടിലൂടെ ഓടിത്തുടങ്ങി. പലതരത്തിലും വലുപ്പത്തിലുമുള്ള വിമാനങ്ങള്‍ അങ്ങുമിങ്ങുമായി നിര്‍ത്തിയിട്ടിരിക്കുന്നു. കൂറ്റന്‍ ചരക്കു വിമാനങ്ങളും, കൊച്ചു യാത്രാ വിമാനങ്ങളും അക്കൂട്ടത്തില്‍പ്പെടും. ബസ് നിന്നത് ഒരു കൊച്ച് വിമാനത്തിന്റെ അടുത്തായിരുന്നു. ഇറാന്‍ ആസ്മാന് എയര്‍ എന്ന പഴഞ്ചന്‍ വിമാനം. റഷ്യന്‍ നിര്‍മ്മിതമായ ഫോക്കര്‍ വിമാന കുടുംബത്തിലെ അവസാന കണ്ണിയാണെന്നു തോന്നുന്നു. ചിറകിനോട് ചേര്‍ന്നു കിടക്കുന്ന കൂറ്റന്‍ ഫേനുകള്‍ വിമാനത്തിന്റെ പഴമയെക്കുറിച്ച് വ്യക്തമായ സൂചനകള്‍ നല്‍കിയിരുന്നു. തുരുമ്പെടുക്കാന്‍ തുടങ്ങിയ ചിറകുകളും മറ്റും യാത്രക്കാര്‍ ഭയാ‍ശങ്കകളോടെ നോക്കുന്നുണ്ടായിരുന്നു. ഇത്തരത്തിലുള്ള വിമാനത്തിലെ രണ്ടാമത്തെ യാത്രയായതുകൊണ്ടായിരിക്കണം, ഇതു പാതി വഴിയില്‍ പൊട്ടി വീഴില്ലെന്ന ഒരു വിശ്വാസം എന്റെ ഉള്ളില്‍ ദൃഡമായിരുന്നു.


ഇടുങ്ങിയ ഏണിപ്പടിയിലൂടെ അകത്തേക്ക് കയറിയപ്പോള്‍ സ്വാഗതം ചെയ്യാന്‍ സുന്ദരികളാ‍യ രണ്ടു ഇറാനി എയര്‍‌ഹോസ്റ്റസുകള്‍ നിറഞ്ഞ ചിരിയോടെ കാത്തു നില്‍ക്കുന്നുണ്ടായിരുന്നു. മദ്ധ്യഭാഗത്തായി ചില്ലു ജാലകത്തിനടുത്ത് തന്നെ ഞാന്‍ ഇരിപ്പുറപ്പിച്ചു. പുറത്തോട്ട് നോക്കുമ്പോള്‍ ചിറകും വലിയ ഫാ‍നും വ്യക്തമായി കാണാം. കാത്തിരിപ്പ് ഏറെ നീണ്ടില്ല, വിമാനം ഒരു മുരള്‍ച്ചയോടെ ആടിയുലഞ്ഞ് കൊണ്ട് റണ്‍വേയിലൂടെ കുതിച്ചു പാ‍ഞ്ഞു. എന്റെ മുന്നില്‍ വലതുഭാഗത്തെ സീറ്റില്‍ ഇരുന്ന ഫിലിപ്പിനോ പെണ്‍കുട്ടി ആശങ്കയോടെ സീറ്റില്‍ മുറുകെപ്പിടിച്ച് ചുണ്ടുകള്‍ കടിച്ചു പിടിച്ച് പുറത്തു തന്നെനോക്കിയിരുന്നു. വലിയ ശബ്ദത്തോടെ വിമാനം റണ്‍വെ വിട്ടതോടെ വയറില്‍ ഒരു കാളലായിരുന്നു...കാറ്റിലുലയുന്ന പട്ടം കണക്കെയായിരുന്നു അതിന്റെ യാത്ര. ആരും ആരോടും ഒന്നും സംസാരിക്കാതെയിരുന്നു. ഇത്തിരി നേരം കഴിഞ്ഞപ്പോള്‍ യാത്ര സുഗമമായി. കുടിവെളളം പോലും ആ അരമണിക്കൂര്‍ യാത്രയില്‍ നല്‍കില്ലെന്ന് തൊട്ടടുത്തിരുന്ന ബംഗാളി ഉറക്കെ പറഞ്ഞുകൊണ്ടിരുന്നു.


കടലും കരയും മുട്ടിയുരുമ്മുന്ന ആകാശക്കാഴ്ച്ച. ദുബൈ നഗരം വിട്ടാല്‍ തരിശായ മരുഭൂമിയും മൊട്ടക്കുന്നുകളുമായിരുന്നു എങ്ങും. അരമണിക്കൂര്‍ യാത്രയ്‌ക്കൊടുവില്‍ ഒരു പൊട്ടുപോലെ അതിമനോഹരമായ ഒരു ദ്വീപ് തെളിഞ്ഞു വന്നു. ഒമാന്‍ എന്ന രാജ്യത്തിലെ ചുറ്റിലും കൂറ്റന്‍ മലനിരകളാ‍ല്‍ ചുറ്റപ്പെട്ട ഒരു ചെറിയ തുരുത്ത്- കസബ്. ഒരു ചെറിയ എയര്‍‌പ്പോട്ടും അതിനെ ചുറ്റിപറ്റിയുള്ള ഒരു കൊച്ചു നഗരവും (നഗരം എന്നു പറഞ്ഞാല്‍ അതിശയോക്തിയാവും- കുറച്ച് കടകളും ഹോട്ടലുംകളും ഒക്കെയുള്ള ഒരു ഗ്രാമം എന്നു പറയുന്നതാവും കൂടുതല്‍ ശരി.)

വിമാനം നിലത്തിറങ്ങി, ഓരൊരുത്തരായി പുറത്തേക്കിറങ്ങാന്‍ തുടങ്ങി. കുറെ സെക്യൂരിറ്റി ഉദ്യോഗസ്ഥര്‍ വരിവരിയായി ആളുകളെ നിയന്ത്രിക്കുന്നുണ്ടായിരുന്നു.. എയര്‍പ്പോര്‍ട്ടിനു ചുറ്റിലും ചാര നിറത്തിലുള്ള കൂറ്റന്‍ മലകളാണ്. പുറകിലേക്ക് നോക്കിയപ്പോള്‍ നാല് സൈനിക ഹെലിക്കോപ്റ്ററുകള്‍ അവിടെ നിര്‍ത്തിയിരിക്കുന്നത് കണ്ടു. സമയം ഒന്‍പത് മണിയാവുന്നതെ ഉണ്ടായിരുന്നുള്ളൂ. എങ്കിലും കത്തുന്ന ചൂടും വീശിയടിക്കുന്ന ചൂടുക്കാറ്റും എല്ലാവരെയും വല്ലാതെ അസ്വസ്ഥരാക്കി.

കസബ്, ചരിത്രം ഉറങ്ങുന്ന പ്രദേശം. വന്നു പോ‍കുന്നവര്‍ അറിഞ്ഞിരിക്കുമോ എന്നറിയില്ല. വര്‍ഷങ്ങളോളം ഇതൊരു പോര്‍ച്ചുഗീസ് കോളനിയായിരുന്നു. ഇന്നും കസബ് തുറമുഖത്തിന്റെ കാവല്‍ക്കാര്‍ അവരു തന്നെയാണെന്നു പറഞ്ഞു കേള്‍ക്കുന്നു. കടലും മലനിരകളും കൊണ്ട് പ്രകൃതി മോടിപിടിപ്പിച്ച ഈ പ്രദേശം ശുദ്ധജലം കൊണ്ട് അനുഗ്രഹീതമായ പ്രദേശം കൂടിയാണ്. ഏതാണ്ട് ഇരുപത്തി നാലായിരത്തോളം വരുന്ന ജനസംഖ്യ. ചൂടുകാലം വരുമ്പോള്‍ മലമടക്കുകളില്‍നിന്നും ഗ്രാമീണര്‍ കൂട്ടത്തൊടെ മീന്‍ പിടുത്തതിനും, ഈത്തപ്പഴ ശേഖരണത്തിനുമായി കസബിലേയ്‌ക്കെത്തുമെന്നു പ്രായം ചെന്ന ഒരു നാട്ടുകാരന്‍ പറയുകയുണ്ടായി. മീന്‍ പിടുത്തം പരമ്പരാഗത തൊഴില്‍ കൂടിയാണിവിടെ, അതിനായി ഉപയോഗിക്കുന്നതാവട്ടെ സ്വയം നിര്‍മ്മിച്ചെടുക്കൂന്ന പായക്കപ്പലുകളും. ഒമാന്റെ സുല്‍ത്താനായ ബഹു. സുല്‍ത്താന്‍ ഖബൂസ് ബിന്‍ സായിദ് അല്‍ സായിദിന്റെ അതിമനോഹരമായ വലിയ ഛായ ചിത്രം ഒട്ടുമിക്ക സ്ഥലങ്ങളിലും സ്ഥാപിച്ചിരുന്നു. ഭരിക്കുന്ന രാജാവിന്റെ ചിത്രം എല്ലാ കടകളിലും പ്രധാന സ്ഥലങ്ങളിലും സ്ഥാപിക്കുക എന്നത് അറബ് രാജ്യങ്ങളിലെ മാത്രം പതിവാണെന്നു തോന്നുന്നു.


അങ്ങിനെ ഞങ്ങള്‍ യാത്രക്കാര്‍ അവരവരുടെ ചെറിയ ബാഗുകളും എടുത്ത് എയര്‍‌പ്പോര്‍ട്ടിലെ വിസ സെക്‍ഷനില്‍ ചെന്നു. അപ്പോഴെയ്ക്കും വെളുത്തു മെലിഞ്ഞ ഒരു മലയാളി ചെറുപ്പക്കാരന്‍ വിസയ്ക്കായുള്ള അപേക്ഷാഫോറം പൂരിപ്പിക്കാന്‍ തന്നു. വിവരങ്ങളൊക്കെ എഴുതിചേര്‍ത്ത് കൌണ്ടറിനു മുന്നില്‍ എന്റെ ഊഴം വരുന്നതും കാത്തു നിന്നു. ചില്ലറകാര്യങ്ങള്‍ കമ്പ്യൂട്ടറില്‍ ചേര്‍ക്കാനെ ഉണ്ടായിരുന്നുള്ളൂ‍. എന്നാല്‍ ഓരോരുത്തര്‍ക്കും ഇരുപത് മിനിറ്റില്‍ അധികം സമയം എടുക്കുന്നുണ്ടായിരുന്നു. ഒരു 199- 20 വയസ്സ് പ്രായം തോന്നിക്കുന്ന ചെറുപ്പക്കാരനായിരുന്നു അവിടെ ഇരുന്ന ഓഫീസര്‍. തൊട്ടടുത്ത് തന്നെ കുറച്ച് പ്രായം തോന്നിക്കുന്ന പരമ്പരാഗത ഒമാനി വേഷത്തിലുള്ള ഒരാള്‍ ഇരിക്കുന്നുമുണ്ടായിരുന്നു.
“തുമാ‍ര ഫാമിലി നെയിം ക്യാ ഹെ?” മുറി ഹിന്ദിയില്‍ അയാല്‍ എന്നോടു ചോ‍ദിച്ചു. ആഗലേയത്തിന്റെ ആദ്യാക്ഷരങ്ങള്‍ പോലും അവര്‍ക്കു പരിചിതമല്ലായിരുന്നു. കീ ബോര്‍ഡില്‍ അക്ഷരങ്ങള്‍ക്കു വേണ്ടിയുള്ള തിരച്ചില്‍ നിര്‍ബാധം തുടരുകയായിരുന്നു. അവസാനം എന്നെയൊന്നു തുറിച്ചു നോക്കിയിട്ടു “ജാവൊ” എന്നു മൊഴിഞ്ഞു. നമ്മുടെ സംസ്കാരത്തിന്റെ ആതിഥ്യ മര്യാദയും, പരിചിതരല്ലാത്ത ആളൂകളോടുള്ള നമ്മുടെ ബഹുമാനവും, നമ്മുടെ തൊഴിലാളികളുടെ ചുറുചുറുക്കിനെയും മനസ്സാലെ ഞാന്‍ അറിയാതെ ഒന്നു പ്രശംസിച്ചു പോയി.

എയര്‍‌പ്പോര്‍ട്ടിനു പുറത്തിറങ്ങിയപ്പോഴാണ് കസബിന്റെ വിജനമായ റോഡുകളും ചെങ്കുത്തായ മല നിരകളും, നോക്കെത്താ ദൂരത്തോളം പരന്നു കിടക്കുന്ന ഈന്തപ്പന തോട്ടങ്ങളും ശ്രദ്ധയില്‍ പെട്ടത്. ചൂടുകാറ്റ് ശക്തമായി വീശിയടിക്കുന്നുണ്ടായിരുന്നു. ഇത്തിരി ദൂരം നടന്നപ്പോള്‍ അല്‍ ജസീറ ട്രാവല്‍‌സിന്റെ ചെറിയ ബസ് ഞങ്ങളെയും കാത്ത് നില്‍ക്കുന്നത് കണ്ടു. മുഴുവനായും കറുപ്പ് വസ്ത്രങ്ങള്‍കൊണ്ട് മൂടിയ വെളുത്ത് മെലിഞ്ഞ ഒരു പെണ്‍കുട്ടി ബസിലേക്ക് കയറിയ ഉടനെ തന്നെ പരിഭ്രാന്തയായി പുറത്തേക്ക് ഓടിപ്പോയി. അവളുടെ മടക്കയാത്രയുടെ ടിക്കറ്റ് കളഞ്ഞു പോയിരുന്നു. പിന്നാലെ വന്ന ബംഗ്ലാദേശി അവളുടെ അടുത്തെ ചെന്ന് അഹങ്കാരത്തോടെ അവളുടെ പിടിപ്പു കേടിനെ ഉറക്കെ കളിയാക്കിക്കൊണ്ട് വീണു കിട്ടിയ ടിക്കറ്റ് അവള്‍ക്കു കൊടുത്തു. വണ്ടി നിറയെ ആളുകളായപ്പോള്‍ ഒമാനിയായ ചെറുപ്പക്കാരന്‍ വണ്ടി ഓടിക്കാന്‍ തുടങ്ങി. റേഡിയോയിലൂടെ നല്ല സുന്ദരമായ ഈണത്തിലുള്ള ഏതോ അറബിക്ക് പാട്ട് ഉച്ചത്തില്‍ പാടുന്നുണ്ടായിരുന്നു. വണ്ടിയുടെ ഓട്ടവും പാട്ടും എല്ലാം ചേര്‍ന്നപ്പോള്‍ തമിഴ്‌നാട്ടിലെ ഏതോ കുഗ്രാമത്തിലൂടെയുള്ള യാത്രയുടെ പ്രതീതി. മലമടക്കുകള്‍ക്കു താഴെക്കൂടിയുള്ള യാത്ര നല്ല സുഖമുള്ളതായിരുന്നു. ഇതിനിടെ ബസ് ഡ്രൈവര്‍ കണ്ണാ‍ടിയിലൂടെ സുന്ദരിയായ പെണ്‍കുട്ടിയെ കണ്ണും കയ്യും കാണീച്ചു തുടങ്ങീയിരുന്നു. പ്രായത്തിന്റെ നാണം കുണുങ്ങല്‍ ചുവന്നു തുടുത്ത ആ മുഖത്ത് ഏതോ വികാരത്തിന്റെ നിഴലാട്ടമുണ്ടാക്കി.

റോ‍ഡിലൂടെ ഓടുന്നത് മിക്കതും പിക്ക് അപ്പ് ജീപ്പുകള്‍ ആയിരുന്നു. മണ്ണിന്റെ നിറമുള്ള വണ്ടികള്‍. ഓടിച്ചു കൊണ്ടിരുന്നവരെ ശ്രദ്ധിച്ചപ്പോഴാണ് അത് മിലിറ്ററിയുടെയും പോലീസിന്റെയും വണ്ടികള്‍ ആണെന്നു മനസ്സിലായത്. വണ്ടിനേരെ പോയി നിന്നത് അല്‍ ജസീറ ട്രാവല്‍‌സിന്റെ ഹോട്ടലിനു മുന്നിലായിരുന്നു. എല്ലാവരും പെട്ടന്ന് തന്നെ ഇറങ്ങി. അവിടെ കൌണ്ടറില്‍ പൈസ അടക്കണം. ഒമാന്‍ വിസക്കായി 60 ദിര്‍ഹംസും, പിന്നെ താമസത്തിന്റെ അഡ്വാന്‍സായി 100 ദിര്‍ഹംസ് വേറെയും. പൈസ അടച്ചതിനു ശേഷം ഒരാള്‍ വന്ന് ഞങ്ങളെയും കൂട്ടി ഹോട്ടലിന്റെ മുകളിലത്തെ നിലയിലേക്ക് കയറി. ഒന്നാമത്തെ നിലയില്‍ ആള്‍ക്കാരെ നിറച്ചശേഷം രണ്ടാമത്തെ നിലയില്‍ കയറി.റൂ നമ്പര്‍ 203 ല്‍ കട്ടില്‍ നമ്പര്‍ 75 എനിക്കായ് ഒഴിച്ചു തന്നു.

ഞന്‍ അവിടെ ചെല്ലുമ്പോള്‍ ഒരാള്‍ കമ്പിളിയൊക്കെ മൂടിപ്പുതച്ചുറക്കമായിരുന്നു. വിസ മാറലിനെ കുറിച്ചുള്ള ഭീകരമായ കഥകള്‍ ഒരുപാട് കേട്ടെങ്കിലും ഒന്നും അനുഭവിച്ചില്ലയിരുന്നു ഇതുവരെ. ബാഗ് വെക്കുന്ന ശബ്ദം കേട്ട് അയാള്‍ പുതപ്പില്‍ നിന്നും പുറത്ത് വന്നു. എന്നെ കണ്ട് പെട്ടന്ന് എഴുന്നെറ്റിരുന്നു. പിന്നെ ഞങ്ങള്‍ കുറേ സംസാരിച്ചു. വടകരക്കാരനായ സമീര്‍, അവിടെ എത്തിയിട്ട് 8 ദിവസം ആകുന്നു. ഇതുവരെയും വിസ കിട്ടിയില്ല. കമ്പനി ഇന്നയക്കും നാളെ അയക്കും എന്നു പറയും ദിവസവും. കാത്തിരിപ്പു നീണ്ടു പോയ്‌കൊണ്ടേയിരിക്കുന്നു. അയാളുടെ ശബ്ദത്തില്‍ നിരാശയും വേദനയും ഒക്കെ കലരുന്നുണ്ടായിരുന്നു. ഞാന്‍ കുളിമുറിയില്‍ പോയി വസ്ത്രങ്ങളൊക്കെ മാറി വന്നപ്പോള്‍ ഭീമാകാരനായ ഒരു കറുത്ത മനുഷ്യന്‍ വളരെ ഗൌരവത്തോടെ ബെഡ് ഷീറ്റൊക്കെ മാറ്റി വിരിക്കുന്നു. മുഖത്ത് പോലും നോക്കുന്നില്ലായിരുന്നു അയാള്‍. ആരോടെ ഉള്ള പ്രതികാരം പോലെ തന്റെ ജോലി ചെയ്തു തീര്‍ക്കുന്നു. നിലമൊക്കെ അടിച്ചു വാരി വൃത്തിയാക്കിയിട്ട് അയാല്‍ പുറത്തേക്ക് പോയി. ഞാന്‍ ഒരു പുസ്തകവും വായിച്ചു കൊണ്ട് കിടക്കയിലേക്ക് ചരിഞ്ഞു. ഉറക്കം പതിയെ എന്നെ കസബില്‍ നിന്നും ഒരു ഇടവേളയിലേക്കു കൂട്ടികൊണ്ടുപോയി.

നന്നായി ഉറങ്ങിപ്പോയെന്നു തോന്നി. ഉറക്കം ഞെട്ടി നോക്കിയപ്പോള്‍ സമീറിന്റെ കിടക്കയില്‍ വേറൊരാള്‍ കൂടെ ഇരിക്കുന്നു. എന്നെ നോക്കി ഒന്നു ചിരിച്ചു. അവര്‍ ഡൊമിനോസ് കളിക്കുകയായിരുന്നു. ഷാനവാസ് , തലശ്ശേരിക്കടുത്തുള്ള (1 മണിക്കൂര്‍ ബസ് യാത്ര) കടവത്തൂര്‍ എന്ന സ്ഥലത്തുള്ളതാണ്.
“എത്ര ദിവസത്തെ വിശ്രമത്തിനു വന്നതാണ്”
പരിഹാസവും ക്രൂരതയും ചേര്‍ത്തുള്ള വല്ലാത്തൊരു ചോദ്യം. അയാളുടെ മുഖഭാവം തന്നെ ഒരു സാഡിസ്റ്റിനിന്റെ ലക്ഷണമൊത്തതായിരുന്നു. മറ്റൊരാളുടെ വേദനയില്‍ പങ്കാളിയാവുന്നതിനു പകരം മുറിവില്‍ കുത്തിനോവിക്കാനുള്ളാ വെമ്പല്‍.. ചിലര്‍ അങ്ങനെയാണല്ലൊ.
“നാളെ തന്നെ പോവുമായിരിക്കും” ഞാന്‍ താഴ്ന്ന സ്വരത്തില്‍ മറുപടി കൊടുത്തു.
“എല്ലാരും ഇങ്ങിനെ തന്നെയാ പറയാറെ, എന്നിട്ടു പോവുന്നത് എട്ടും പത്തും ദിവസം കഴിഞ്ഞാണു” എന്നിട്ടൊരു പൊട്ടിച്ചിരിയും.
നിയന്ത്രണം നഷ്ടപ്പെട്ടു പോയേക്കാവുന്ന നിമിഷം.
“ഷാനവാസ്, നിങ്ങള്‍ക്കെന്താ വേണ്ടത്, ഞാനൊരു പത്തു ദിവസം വിസ കിട്ടാത്തതിലുള്ള ടെന്‍ഷന്‍ അടിച്ച് നില്‍ക്കണം, അത്രയല്ലെ ഉള്ളൂ...വിസ വന്നില്ലെങ്കില്‍ എന്തായാലും ഇവിടെ തന്നെ കാണും” ഞാന്‍ ചിരിച്ചു കൊണ്ടു പറഞ്ഞു. ആ വളിച്ച മുഖത്ത് പ്രതീക്ഷിച്ചത് കിട്ടാത്തതിലുള്ള അതൃപ്തി കാണാ‍മായിരുന്നു.

ഞാന്‍ വീണ്ടും പുസ്തകത്തിലേയ്ക്കൊളിച്ചു. പിന്നെ നൊക്കിയപ്പോള്‍ സമയം മൂന്നു മണി കഴിഞ്ഞിരുന്നു. വിശപ്പ് വല്ലാതെ ഉപദ്രവിക്കാന്‍ തുടങ്ങി. ഞന്‍ മുഖം കഴുകി, മുടിയൊക്കെ ചീകി ഒതുക്കി താഴെക്കിറങ്ങി. താഴെ റിസപ്ഷനില്‍ ഇട്ടിരിക്കുന്ന സോഫകള്‍ മൂട്ടകളുടെ താവളം ആണെന്നു എല്ലാവരും ഒരേ സ്വരത്തില്‍ പറഞ്ഞു. എങ്കിലും ഇരിക്കാതിരിക്കാന്‍ പറ്റില്ലല്ലോ. അവിടെ കൂടിയിരുന്നവര്‍ സീനിയര്‍, ജൂനിയര്‍ വ്യത്യാസമില്ലാതെ അനുഭവങ്ങളുടെയും പാളിച്ചകളുടെയും തീഷ്‌ണത പങ്കുവെക്കുവാന്‍ തുടങ്ങി. അവിടെ വച്ചാണ് ഞാന്‍ തൃശൂര്‍കാരനായ അനൂപിനെയും, തിരുവനന്തപുരത്തുകാരന്‍ കിരണിനെയും പരിചയപ്പെടുന്നത്‌. വളരെപെട്ടന്ന് തന്നെ ഞങ്ങള്‍ അടുത്തു. അവരും ഭക്ഷണമൊന്നും കഴിച്ചില്ല്ലായിരുന്നു. അങ്ങിനെ ഞങ്ങള്‍ ഹോട്ടലിന്‍ പുറത്തിറങ്ങി.


സമയം അഞ്ചുമണിയായിരുന്നു. വെയിലിന്റെ കാഠിന്ന്യത്തിന് കുറച്ച് ശമനം വന്നത് പോലെ. വിജനമായ റൊഡുകളില്‍ അപൂര്‍വ്വമായി മാത്രം വണ്ടികള്‍ ഓടിക്കൊണ്ടിരിക്കുന്നു. ആളുകള്‍ നന്നെ കുറവും. ചുറ്റിലും മലനിരകള്‍ സൂര്യന്റെ വെളിച്ചത്തില്‍ തിളങ്ങുന്നപോലെ തോന്നി. ഇത്തിരി മാറിയുളള ഒരു ഹോട്ടലിലേക്ക് ഞങ്ങള്‍ നടന്നു. അവിടെ വിദേഴികളായ രണ്ടു സുന്ദരികള്‍ അല്പവസ്ത്രധാരിണികളാ‍യി ഇരിക്കുന്നു. വെയിലിന്റെ ചൂട് ആസ്വദിക്കുകയായിരിക്കണം. അതില്‍ ചുവന്ന ഉടുപ്പിട്ട കുസൃതിക്കാരിയായ പെണ്‍കുട്ടി, അവിടെ വന്നു നിന്ന ഒരു അറബിക്കുട്ടിയുടെ സൈക്കിള്‍ വാങ്ങി ഓടിക്കാന്‍ തുടങ്ങി. അകത്തിരുന്ന സായിപ്പന്മാര്‍ അതു നോക്കി ചിരിച്ചുകൊണ്ട് , എന്തൊക്കെയൊ കമന്റുകള്‍ വിടുന്നുണ്ടായിരുന്നു. ഇത്തിര്‍ നേരം അകത്തിരുന്നപ്പോള്‍ മലയാളിയായ വെയ്റ്റര്‍ “സര്‍, എന്താ കഴിക്കുന്നെ എന്നു ചോദിച്ചു”
പരീക്ഷണം വേണ്ട എന്നര്‍ത്ഥത്തില്‍ എല്ലാവരും മുഖത്തോട് മുഖം നോക്കി. അവസാനം പൊറോട്ടയും പരിപ്പു കറിക്കും പറഞ്ഞു. അപ്പോഴേക്കും പുറത്ത് സൈക്കിള്‍ നിര്‍ത്തി ആ പെണ്‍കുട്ടി അകത്തേക്ക് കയറി വന്നു, എന്നിട്ട് ആ അറബിപ്പയ്യന് കൈ നിറയെ ചോക്ക്ലേറ്റ് വാങ്ങിക്കൊടുത്തു. അവനോട് എന്തൊക്കെയൊ ചോദ്യങ്ങള്‍ ചോദിച്ചു അവന്‍ മറുപടിയായി എന്തൊക്കെയൊ ആംഗ്യം കാണിക്കുന്നുണ്ടായിരുന്നു. കുറച്ചു കഴിഞ്ഞപ്പോള്‍ ചുറ്റുവട്ടത്തെ എല്ലാവരോടും കൈവീശികാണിച്ച് അവരെല്ലാവരും ഒരു കാറില്‍ കയറി യാത്ര തുടര്‍ന്നു. ഇനി ഒരിക്കലും അവര്‍ ഒരു പക്ഷെ ഈ ആള്‍ക്കാരെയും സ്ഥലത്തെയും കാണില്ലായിരിക്കാം, പക്ഷെ അവര്‍ ഒരുപാട് സ്‌നേഹം എല്ലാവര്‍ക്കുമായി അവിടെ ഉപേക്ഷിച്ചു പോവുന്നു. എത്ര നല്ല മനുഷ്യര്‍.
ആഹാരവും കഴിച്ച് വീണ്ടും ഞങ്ങള്‍ ഹോട്ടലിലേക്കു നടന്നു. അപ്പൊഴേക്കും സായാഹ്നസവാരിക്കായ് പോവാ‍നുള്ള വണ്ടി തയ്യാറായി നില്‍ക്കുന്നു. ഒരു ഫിലിപ്പിനി സ്ത്രീ വന്ന് കിരണിനോട് കുശലം പറഞ്ഞു. ഞാനും അനൂപും അന്തം വിട്ടു നില്‍ക്കുവായിരുന്നു. ഇവനെവിടെ നിന്നാ ഇങ്ങിനെ ഒരു പരിചയം.

വണ്ടിയില്‍ കയറിയാത്ര തുടങ്ങി. ഒരു പതിനഞ്ച് മിനിട്ട് മാത്ര നീണ്ട ബസ് യാത്ര. കൂറ്റന്‍ മലനിരകള്‍ക്കിടയ്കാ‍യി മനോഹരമായ ബസ ബീച്ച്. നീല നിറത്തിലുള്ള വെള്ളവും അധികം തിരമാലകള്‍ ഇല്ലാത്തതുമായ സുന്ദരമായ സ്ഥലം. ഒരിക്കലും പ്രതീക്ഷിച്ചില്ല ഈ വര്‍ണ്ട സ്ഥലത്ത് ഇത്രയും മനോഹരമായ ഒരു കടല്‍ തീരം ഉണ്ടാവുമെന്ന്. മലനിരകളുടെ ഉള്ളിലേക്ക് കടല്‍ കയറി ഗുഹപോലെ ആയി തീര്‍ന്നിരിക്കുന്നു. മലകളാണെങ്കില്‍ ചിത്രങ്ങളില്‍ കണ്ടതുപോലെ കൊത്തുപണീകള്‍ കൊണ്ട് അലങ്കരിച്ചതാണോ എന്നു തോന്നിപ്പോകും. ഞങ്ങള്‍ കുറച്ച് മലകള്‍ക്കിടയിലൂടെ നടക്കാന്‍ തീരുമാനിച്ചു. അതിനിടയ്ക്കാണ്‍ കിരണ്‍ ആ ഫിലിപ്പിനി പെണ്ണീന്റെ കഥ പറഞ്ഞത്.

അവന്‍ ജോലി ചെയ്യുന്നത് ശ്രീലങ്കക്കാരന്‍ മാനേജരായ ഒരു കമ്പനിയിലാണ്. അയാള്‍ടെ ഭാര്യ ഫിലിപ്പിനൊ, ഭാര്യയുടെ അനുജത്തിയാണ് അവനോട് കിന്നാരം പറഞ്ഞത്. കിരണിനോട് ശ്രദ്ധിക്കാന്‍ ഏല്‍പ്പിച്ചു വിട്ടതാണ്. കഷ്‌ടപ്പെട്ട് 40 ദിര്‍ഹംസ് ടാക്സിക്കു കൊടുത്തിട്ടാ‍ണ് അവന്‍ അവളേയും കൂട്ടി എയര്‍‌പ്പോര്‍ട്ടില്‍ എത്തിയത്. അവളുടെ മുന്നില്‍ ആളാ‍വാന്‍ തന്നെ. വിമാനത്തില്‍ കയറുന്നതിന് തൊട്ടു മുന്നെ പരിചയപ്പെട്ട ഒരു ഫിലിപ്പീനി പയ്യന്റെ കൂടെ ആയി പിന്നെ അവളുടെ നടപ്പും ഇരിപ്പും ഒക്കെ. ഞങ്ങള്‍ കുറെ ചിരിച്ചു ഇതൊക്കെ കേട്ടിട്ട്. അപ്പോഴേക്കും ഞങ്ങള്‍ മലയുടെ മുകളില്‍ എത്തിക്കഴിഞ്ഞു. സൂര്യന്‍ പതുക്കെ ഉള്‍വലിയാന്‍ തുടങ്ങിയിരുന്നു. ചുറ്റിലും ഒരു നേരിയ ചുവപ്പ് വ്യാപിച്ചു. നല്ല ശക്തമായ കാറ്റ്. മെലിഞ്ഞു പെന്‍സിലു പോലുള്ള കിരണിനെ നോക്കി അനൂപ് വെടിപൊട്ടിച്ചു “അപ്പീ, ഒരു കല്ലെടുത്ത് കയ്യില്‍ വച്ചൊ? അല്ലെങ്കില്‍ താന്‍ താഴെ കടലില്‍ കിടക്കും”

എന്റെ കൈപ്പിടിയില്‍ നിന്നും കുതറിമാറിയ ഒരു ഇതിവൃത്തത്തിന്റെ അച്ചടക്കരാഹിത്യത്തില്‍ ഖേദിക്കുന്നു. ഇതിവിടെ അവസാനിപ്പിക്കുകയാണ്. സ്‌നേഹം മാത്രം വീതംവച്ച പ്രിയപ്പെട്ടവരെ ക്ഷമിക്കുക...

പ്രതീക്ഷിക്കാതെ വന്ന പേമാരിയും കൊടുങ്കാറ്റും...ചിതല്‍ പുറ്റിനും പിടിച്ചു നില്‍ക്കാനാവാതെ വരുന്നു. രക്ഷപ്പെടാനുള്ള ഒരു ചെറിയ ഇടവേള നല്‍കാം...ഭാവിയിലേക്ക് എല്ലാവര്‍ക്കും ശുഭയാത്ര .ഒത്തിരി സ്‌നേഹത്തോടെ...
ഞാന്‍

2007, ഏപ്രിൽ 12, വ്യാഴാഴ്‌ച

വിഷുക്കണി




എന്റെ വിഷുക്കാലഓര്‍മ്മകളില്‍ വിഷുക്കണിക്കൊ, വിഷുക്കൈനീട്ടത്തിനൊ വലിയ പ്രാധാന്യം ഒന്നുമില്ല.. അങ്ങിനെ ഒരു പതിവ് വീട്ടില്‍ ഇല്ലായിരുന്നു എന്നത് തന്നെ കാരണം. അച്ഛമ്മയൊ, വല്യമ്മയൊ വീട്ടില്‍ ഉണ്ടെങ്കില്‍ പതിവു തെറ്റിച്ച് ദൈവങ്ങളും, ആചാരങ്ങളും വീട്ടില്‍ കയറി വരും. അച്ചനെന്ന നല്ല കമ്മ്യൂണിസ്റ്റിന് ഭക്തിയോട് ആഭിമുഖ്യം തീരെയില്ലായിരുന്നെങ്കിലും അമ്മ എന്നും വീട്ടില്‍ സന്ധ്യാ ദീപം തെളിയിക്കുമായിരുന്നു. വ്യക്തിസ്വാതന്ത്ര്യത്തില്‍ ഒരിക്കലും കൈകടത്താറില്ലായിരുന്നു അച്ഛന്‍. അച്ഛന് ദൈവങ്ങളെക്കാള്‍ പ്രിയം മനുഷ്യരും, മനുഷ്യരുമായി ബന്ധപ്പെട്ടു കിടക്കുന്ന പ്രശ്നങ്ങളുമായിരുന്നു. ആനുകാലികങ്ങളോടും പുസ്തകങ്ങളോടുമ്മുള്ള അച്ഛന്റെ അടങ്ങാത്ത ആരാധന എന്നെയും നന്നായി സ്വാധീനിച്ചിരുന്നു.

അടുക്കളപ്പുറത്ത് നിന്നും കാവില്‍ വിളക്കു കത്തിക്കാന്‍ മാധവിയമ്മയുടെ കയ്യില്‍ വെളിച്ചെണ്ണ വാങ്ങാന്‍ കാശുകൊടുക്കുന്ന അമ്മ. ഈശ്വരകടാക്ഷം അങ്ങനെയാണോ ആവൊ അമ്മ നേടിയെടുത്തിരുന്നത്? മാധവി അമ്മ തികഞ്ഞ ഈശ്വര ഭക്ത ആ‍യിരുന്നു. പക്ഷെ അവസാനം മക്കള്‍ ഉപേക്ഷിച്ച്, പൊട്ടിച്ചോര്‍ന്നൊലിക്കുന്ന വീട്ടില്‍, ആരോരുമില്ലാതെ താളം തെറ്റിയ മനസ്സുമായി കാലം കഴിക്കുന്നു. ആരെയും വിശ്വാസമില്ല. അമ്മ കൊടുക്കുന്നതു മാത്രമെ കഴിക്കു. അമ്മ പറയുന്നതെ അനുസരിക്കൂ. അമ്മയ്ക്കവര്‍ എന്നൊ ഒരു നല്ല അമ്മയായിരിക്കുന്നു. അമ്മയുടെ നല്ലമനസ്സ് ഇത്തിരിയെങ്കിലും സ്വന്തമാക്കാന്‍ കഴിഞ്ഞെങ്കില്‍...

വേനലവധിയുടെ ആഘോഷതിമര്‍പ്പാണ് വിഷു ഞങ്ങള്‍ക്ക്. തൊട്ടടുത്ത വീട്ടിലെ പറമ്പിലെ പടര്‍ന്നു പന്തലിച്ച വലിയ പുളിയന്‍ മാവിന്റെ ചുവട്ടിലായിരുന്നു ഞങ്ങളുടെ സഭകൂടല്‍. അവിടെ ഓലകൊണ്ട് പന്തല്‍ കെട്ടി, പാട്ടും, കളികളും, നാടകവും, കുട്ടിക്കാലത്തിന്റെ കോപ്രായങ്ങള്‍ അത്രയും പരീക്ഷിച്ചത് അവിടെ വച്ചാ‍യിരുന്നു. ഉച്ച സമയത്ത് വാഴ ഇലയില്‍, പുളിയന്‍ മാങ്ങമുറിച്ചിട്ട്, മുളകു പൊടിയും, ഉപ്പും ഇത്തിരി വെളിച്ചെണ്ണയും ചേര്‍ത്തൊരു പ്രയോഗം. വീട്ടില്‍ ആരും അറിയാതെ നടത്തുന്ന ഒരു മോഷണം എന്നും പറയാം. മുളകു പൊടിയൊക്കെ ഇങ്ങിനെ തിന്നുന്നതെങ്ങാനും അറിഞ്ഞാല്‍ എന്തൊക്കെ പുകില്‍ ഉണ്ടാവുമെന്ന് നല്ല ധാരണ ഉണ്ടായിരുന്നു. അതും ഇതും ഒക്കെ വാരി വലിച്ച് തിന്നാല്‍ വയറിളക്കം വരുമെന്ന് അമ്മയുടെ മുന്നറിയിപ്പുണ്ടായിരുന്നു. അതുകൊണ്ട് തന്നെ അമ്മയെ അറിയിക്കരുതെന്ന് ചേച്ചിയുടെ കല്‍‌പന. എന്നാലും, അമ്മ ആരും കാണാതെ എനിക്കു പാല്‍‌പൊടി തിന്നാന്‍ തരുമ്പോള്‍ ഞന്‍ എന്നും സത്യസന്ധനാവും. ചേച്ചിക്ക് ചുട്ട അടിയും ശകാരവും കിട്ടും. പിന്നെ അമ്മ ഉപദേശിക്കും

“ മോളുടെ പുന്നാര അനിയനല്ലെ, അവന്‍ ചെറുതല്ലെ, അവന് അസുഖം വന്ന് എന്തെങ്കിലും സംഭവിച്ചാല്‍ പിന്നെ മോള്‍ക്ക് ആരാ ഉള്ളെ.“

പാവം ചേച്ചി, വീണ്ടും എന്നെയും കൂട്ടി നടക്കാന്‍ തുടങ്ങും. ഇന്നും ചിലപ്പോള്‍ കുഞ്ഞുമക്കളോട് പറയാറുണ്ട്, മാമന്‍ അസുരവിത്തായിരുന്നു. എന്നെ തല്ലു കൊള്ളിക്കാന്‍ മിടുക്കനും. പക്ഷെ ചേച്ചി കരയുമ്പൊ അടുത്ത് ചെന്ന് കുഞ്ഞിക്കൈ കൊണ്ട് കണ്ണീര്‍ തുടക്കുമായിരുന്നു ഞാന്‍. എന്നിട്ട് കയ്യില്‍ ഒട്ടിപ്പിടിച്ച പാല്‍‌പൊടിയുടെ ബാക്കി അവള്‍ക്കും കൊടുക്കും. പിന്നെ വീണ്ടും കൂട്ടായി. ബാല്യത്തിന്റെ നല്ല ഓര്‍മ്മകള്‍.

വിഷുവിന് രണ്ടുമൂന്നു ദിവസം മുന്നെ തന്നെ ഞങ്ങള്‍കാണാതെ അച്ചന്‍ പടക്കങ്ങള്‍ വാങ്ങി സൂക്ഷിക്കും. ഒപ്പം വിഷുപ്പതിപ്പായി ഇറങ്ങുന്ന ഒരു കെട്ട് പുസ്തകങ്ങളും. എന്നിട്ടു പെട്ടന്ന് രാതിയില്‍ കമ്പിത്തിരിയും കത്തിച്ച് ഞങ്ങളുടെ മുന്നിലൂടെ നടക്കും. സന്തോഷം കൊണ്ട് തുള്ളിച്ചാടിക്കൊണ്ട് ഞങ്ങളും കലാപരിപാടികള്‍ തുടങ്ങും. രാത്രി ഏറെ ചെല്ലുന്നത് വരെ പൂത്തിരിയും, പടക്കങ്ങളുടെയും ഒരു ബഹളം തന്നെയായിരിക്കും. അപ്പൊഴേക്കും കൂട്ടുകാരെല്ലാവരും എത്തും കൂടെ കൂടാന്‍.

അച്ഛന്‍ എന്നും പറയുമായിരുന്നു, വിളക്കു വെക്കുന്നതും, പൂവിടുന്നതും, കണിവെക്കുന്നതും ഭക്തിയുടെ മാത്രം വകഭേദങ്ങളല്ല. മറിച്ച് കാലങ്ങളായി ചെയ്തു വരുന്ന ആചാരങ്ങളാണാതൊക്കെ. ചരിത്രത്തിന്റെ സ്മാരകങ്ങളായി അവ നിലനില്‍ക്കുകയും വേണം. വിഷുവിന് കുറച്ചു ദിവസം മുമ്പെ, അമ്മ എന്തൊക്കെയൊ ഒരുക്കങ്ങള്‍ നടത്താറുണ്ടായിരുന്നു. മുറ്റത്ത് ചാണകം മെഴുകിയും, വീടും പരിസരവും പതിവിലും കൂടുതല്‍ സമയമെടുത്ത് വൃത്തിയാക്കുന്നതും, ഓട്ടു പാത്രങ്ങളും, നിലവിളക്കും ബസ്മം കൊണ്ട് ക്ലാവ് കളയുന്നതും പിന്നെ ഏറെ വൈകി അമ്മയും അച്ഛനും ഉണ്ണിയപ്പം ചുടുന്നതും ഒക്കെ.

എനിക്കൊ ചേച്ചിക്കൊ ദൈവങ്ങളുമാ‍യി പറയത്തക്ക ബന്ധങ്ങളൊന്നും ഉണ്ടായിരുന്നില്ല. വീട്ടില്‍ ഒരു പൂജാ മുറിയൊ, ദൈവ വിഗ്രഹങ്ങളൊ, ഒരു കൊച്ചു പടം പോലുമോ ഉണ്ടായിരുന്നില്ല. പുസ്തകങ്ങളിലും, ചിത്രകഥയിലും, പിന്നെ വല്യമ്മയുടെ മടിയില്‍ കിടന്നു കേട്ട പൊടിപ്പും തൊങ്ങലും വച്ച ദൈവ കഥകളും മാത്രമായിരുന്നു ആകെയുള്ള അറിവ്. പഴയ തലമുറയുടെ കഥകള്‍ കേള്‍ക്കാന്‍ എന്നും ഹരമായിരുന്നു. പുതിയ തലമുറയ്ക്കു കിട്ടാതെ പോവുന്ന നാട്ടറിവും അതു തന്നെയായിരിക്കും. ബര്‍ഗറിനും, സാന്റ്വിച്ചിനും പകരം പ്ലാവില കൊണ്ട് കുമ്പിള്‍ കുത്തി കലത്തില്‍ കഞ്ഞി കുടിച്ചിരുന്ന ഒരു കാലത്തെക്കുറിച്ച് പറഞ്ഞാല്‍ ആരെങ്കിലും സമ്മതിച്ചു തരുമൊ?

ഏതൊ ഒരു വിഷുവിന് അമ്മ പുലര്‍ക്കാലത്ത് വിളിച്ചെഴുന്നേല്‍പ്പിച്ച്, കണ്ണും അടച്ചു പിടിച്ച് കൊണ്ടുപോയത് ഓര്‍മ്മയുണ്ട്. ഉറക്കച്ചടവോടെ പ്രാകിക്കൊണ്ട്, കാര്യം പിടിക്കിട്ടാതെ ഞാനും അമ്മയോടൊപ്പം നടന്നു. കണ്ണു തുറന്നപ്പോള്‍ കണ്ടത്, നിറഞ്ഞു കത്തുന്ന നിലവിളക്കും, ഒരു വലിയ താലത്തില്‍ വച്ച പുതിയ കസവു മുണ്ടും, നെല്ലും, വെള്ളരിക്കയും. മാങ്ങയും ഒക്കെ. അല്‍ഭുതമായിരുന്നു. അമ്മ പറഞ്ഞു വിഷുക്കണി കാണാന്‍, എന്നിട്ടു വിളക്ക് തൊഴാന്‍. തൊട്ടടുത്ത് നിന്ന് അച്ചന്‍ നിലവിളക്കു പോലെ നിറഞ്ഞു ചിരിക്കുന്നുണ്ടായിരുന്നു.

ഞങ്ങള്‍ക്ക് വിഷുവിന് വല്ലപ്പോഴും മാത്രമെ പുതിയ ഉടുപ്പുകള്‍ കിട്ടാറുണ്ടായിരുന്നുള്ളൂ. എന്നാല്‍ സാമ്പത്തിക പരാധീനതകള്‍ക്കിടയിലും എപ്പൊഴും, അച്ചന്റെ തറവാടു വീട്ടിലും, അമ്മ വീട്ടിലും കോടി വസ്ത്രങ്ങളും, പലഹാരങ്ങളും കൊണ്ടു പോവുമായിരുന്നു. ഒരു വിഷു ഞങ്ങളുടെ വീട്ടിലും, രണ്ടാമത്തേത് തറവാടുകളിലും. അതായിരുന്നു പതിവ്. ആ പതിവ് ഒരിക്കലും തെറ്റിയിരുന്നില്ല. മാമന്മാരും മാമിമാരും വിഷുക്കൈനീട്ടം തരുമായിരുന്നു. പുതിയ ഒരു രൂപയുടെയും രണ്ടുരൂപയുടെയും നോട്ടുകള്‍. എന്തൊരു സന്തോഷമായിരുന്നു.

അവിടെ ചെന്നാലും കളിതന്നെ മുഖ്യം. ക്രിക്കറ്റിന്റെ കാറ്റ് വീശാന്‍ തുടങ്ങിയ സമയമായിരുന്നു. ശീമക്കൊന്നയുടെ കൊമ്പു മുറിച്ച് സ്റ്റെമ്പും, ഓലയുടെ മട്ടല്‍ ചെത്തി ക്രിക്കറ്റ് ബാറ്റും, അതുവരെ കിട്ടിയ വിഷുക്കൈനീട്ടം സ്വരൂപിച്ച് റബര്‍ പന്തും. പിന്നെ താഴെ പറമ്പില്‍ കളി കൊഴുക്കും. ഞാനും, ചേച്ചിയും, സജിയേട്ടനും, ഷിനുവേട്ടനും ഉച്ചയൂണുവരെ കളിയോട് കളി തന്നെ. അച്ചന്റെ വീട്ടിനോട് തൊട്ടടുത്താണ് സജിയേട്ടന്റെ വീട്. പായസം എല്ലാ സ്ഥലത്തു നിന്നും കഴിക്കണം-അതു നിര്‍ബന്ധം. അച്ഛന്‍ ആ പ്രദേശത്തെ എല്ലാവരുടെയും “കുഞ്ഞേട്ടന്‍‌“‍ ആണ്. എന്തൊ, ഞാനിപ്പോഴും സങ്കടപ്പെടാറുണ്ട്, എന്തെ എന്നെ ആരും ആ പേരു വിളിച്ചില്ല. വല്ലാത്തൊരു ഓമനത്ത്വവും, സ്നേഹക്കൂടുതലും ആ വിളിയില്‍ അനുഭവപ്പെടാറുണ്ട്. അവസാനം എന്റെ പ്രിയസഖിയുടെ അടുത്ത കൂട്ടുകാരി എന്നെ കുഞ്ഞേട്ടാ എന്നു വിളിച്ചു തുടങ്ങി.

അച്ചന്റെ വീട്ടില്‍ നിന്നും ഉച്ചയൂണും കഴിഞ്ഞ് അമ്മവീട്ടിലേക്ക് പോകും. നോക്കെത്താ ദൂരമത്രയും വയലുകള്‍ ആണ്. പിന്നെ ഒരു കൊച്ചു പുഴയും. അതും കടന്ന് വേണം അമ്മവീടെത്താന്‍. വയലുകളില്‍ കര്‍ഷകര്‍ വിത്തിടല്‍ തുടങ്ങുന്നത് വിഷുദിവസത്തിലാണല്ലോ. ഐശ്വര്യത്തിന്റെ ഒരു പുതിയ കാര്‍ഷികവര്‍ഷത്തിന്റെ തുടക്കം.

അതുവരെ അച്ഛന്റെ കയ്യില്‍ തൂങ്ങിയാടിയിരുന്ന ഞാന്‍ വയല്‍ എത്തിയാല്‍ പിന്നെ ചേച്ചിയോടൊപ്പം വയല്‍ വരമ്പിലൂടെ ഓടി നടക്കും. പുറകില്‍ നിന്നും അമ്മയും അച്ഛനും പഴയ കൂട്ടുകാരോടൊക്കെ കുശലം പറഞ്ഞ് പതുക്കെ വരും.

ഓലമേഞ്ഞ് ചാണകം മെഴുകിയ അമ്മവീട്. മുറ്റത്തൊരു വലിയ തെങ്ങും വടക്കു ഭാഗത്ത് സുന്ദരിയായ ഒരു പുളിമരവും. അതിന്റെ കൊമ്പിലാണ് കുട്ടിമാമന്‍ ഞങള്‍ക്ക് ഊഞ്ഞല് കെട്ടിത്തരിക. കാറ്റു വരുമ്പൊ പുളിയിലകള്‍ ചറപറാന്ന് തലയില്‍ വീഴും. ഒപ്പം പച്ചപ്പുളിയും. ഇപ്പൊഴും ഞാന്‍ അറിയാതെ ആദ്യം ചെല്ലുക ആ പുളിമരത്തിന്റെ ചോട്ടിലേയ്ക്കാണ്. വല്യച്ചനും വല്യമ്മയും കാത്തു നില്‍ക്കുന്നുണ്ടാവും കുഞ്ഞുമക്കള്‍ വരുന്നതും കാത്തിട്ട്. കണ്ട ഉടനെ വല്യച്ചന്‍ പറയും, വല്യച്ചന്റെ കുട്ടന്‍ വന്നോ, കുമ്പാച്ചി കാണട്ടെ, പായസം കുറേ കുടിച്ചൊ? എന്നിട്ട് ബനിയന്‍ പൊക്കി വയര്‍ നോക്കും. കുറച്ച് കഴിയുമ്പൊ ഒരു കൊച്ച് ഉരലില്‍ ഇട്ട് മുറുക്കാന്‍ ഇടിക്കും. ഇടിച്ച് കഴിയുമ്പൊ, എല്ലാം തട്ടി കയ്യില്‍ ഇടും, എന്നിട്ടൊരു വിഴുങ്ങലാണ്. ഞാനും അടുത്തു തന്നെ ഇരിക്കും. നല്ല രസമുള്ള കാഴ്ച്ചയാണത്. അവസാനം ഒരിത്തിരി വെറ്റില കഷണം എനിക്കും തരും.എന്നിട്ട് പല്ലില്ലാത്ത മോണകാട്ടി ചിരിക്കും ഇനി ആ ചിരി ഓര്‍മ്മകളില്‍ മാത്രമാവുന്നു. വല്യച്ഛന്‍ കള്ളു കുടുക്കും. ഷാപ്പില്‍ പോയി തന്നെ കുടിക്കണം എന്നൊരു വാശിയാണ്. നാലുമണിക്ക് പള്ളിയില്‍ ബാങ്ക് വിളീ തുട്ടങ്ങുമ്പോള്‍ ഒരു മുറിയന്‍ കയ്യ് ഷര്‍ട്ടും, വെള്ള മുണ്ടും തലയില്‍ ഒരു തോര്‍ത്തും കെട്ടി ഇറങ്ങും. വയല്‍ വരമ്പിലൂടെ നടന്നു പോവുന്ന വല്യച്ഛനെ ഞാന്‍ പലപ്പോഴും സ്വപ്നങ്ങളില്‍ കാണാറുണ്ട്. കള്ളുകുടിയും കഴിഞ്ഞ് തിരിച്ചു വരുമ്പോള്‍ ഒരു കടലാസില്‍ കുറെ മുറുക്കും, സഞ്ചി നിറയെ മീനും വാങ്ങിയാണ് വരിക എന്നും.

പിന്നെ അച്ചിമാമന്‍ കോരിയെടുക്കും. എന്നിട്ടു കുറെ നേരം കളിപ്പിക്കും. സ്നേഹം കൊണ്ട് വീര്‍പ്പു മുട്ടിക്കും എല്ലാവരും ചേര്‍ന്ന്. രാതിയാവുമ്പൊ എല്ലാവരും വട്ടമിട്ട് ഭക്ഷണം കഴിക്കും. ഏഴു മണിയുടെ ബസ് പിടിക്കും. നേരെ വീട്ടിലേയ്ക്ക്. ബസ് സ്റ്റോപ്പ് വരെ മാമന്മാരും, വല്യമ്മയും വരും.

ഓര്‍ക്കുമ്പോള്‍ മനസ്സ് വല്ലാതെ ഇടറുന്നു. ഇന്ന് പലരും പല വഴിക്കായി. അണുകുടുംബം എന്ന പുതിയ രീതി എന്തൊക്കെയൊ നഷ്ടപ്പെടുത്തിയെന്ന ആധി മനസ്സു നിറയെ. നഷ്ടപ്പെട്ടതൊക്കെ നല്ലതായിരുന്നു. തിരിച്ചു കിട്ടാത്തതായി പലതും. അതുപോലെ വിഷുകാഴ്ച്ചകളും. പുതിയ തലമുറയ്ക്ക് കാലങ്ങള്‍ക്കപ്പുറത്തെ കഥകള്‍ പറഞ്ഞുകൊടുക്കാതെ, സിലബസിന്റെ ചട്ടക്കൂട്ടിനുള്ളിന്‍ ഒതുക്കി നിര്‍ത്തുന്നത്‍, ഒരു നല്ല സംസ്കാരത്തോടും, നമ്മുടെ തന്നെ നിറപ്പകിട്ടാര്‍ന്ന നല്ല ഓര്‍മ്മകളോടും ചെയ്യുന്ന ഏറ്റവും വലിയ ക്രൂരതയല്ലെ? ഈ കുറിപ്പ് ഒരു വേനല്‍ മഴ പോലെ ഇവിടെ അവസാനിക്കട്ടെ.

ഈ മരുഭൂമിയില്‍ കണിക്കൊന്നയും, വിഷുപ്പുലരിയും വാക്കുകള്‍ക്കിടയിലെ മഞ്ഞളിപ്പ് മാത്രമാവുന്നു. ആശംസകള്‍ വെറും വാക്കുകളായേക്കാം. നഷ്ടങ്ങളെക്കുറിച്ചുള്ള വിലാപം നരച്ചു നിറം കെട്ട പല്ലവികളാകുന്നു...ഓര്‍ക്കാനും ഓമനിക്കാനും മധുരമുള്ള വിഷുക്കാഴ്ച്ച മനസ്സില്‍ ഇത്തിരിയെങ്കിലും അവശേഷിക്കുന്നെങ്കില്‍,സ്വയം ആശ്വസിക്കുക.നന്മ നഷ്ടപ്പെടാത്ത നല്ല സൌഹൃദത്തിന്റെ ഒരിത്തിരി സ്നേഹക്കൂടുതല്‍, അതാവട്ടെ ഇക്കുറി നിങ്ങള്‍ക്കും പ്രിയപ്പെട്ടവര്‍ക്കും എന്റെ വിഷുക്കൈനീട്ടം.

2007, ഏപ്രിൽ 7, ശനിയാഴ്‌ച

യാത്രാമൊഴി


അതൊരു വ്യാഴാഴ്ച ആയിരുന്നു.
ചുട്ടു പൊള്ളുന്ന വേനല്‍...കുന്നു നിറയെ ഉണങ്ങിക്കരിഞ്ഞ അക്കേഷ്യാ ഇലകളും, ചില്ലകള്‍ മാത്രമായ മരങ്ങളും. ഇവിടത്തെ അന്തേവാസിയായി, ഇനി ഇതു പോലെ കാഴ്ച്ചകള്‍ കാണാനാവില്ല. മരങ്ങള്‍ക്ക് താഴെ കൂട്ടം കൂടിയിരിക്കുന്ന കുട്ടികള്‍, ഈ കാമ്പസിന്റെ നല്ല സ്വപ്നങ്ങള്‍ ഇനിയും കാണാന്‍ ഭാഗ്യം ചെയ്തവര്‍. എന്നും കയറിയിറങ്ങിപ്പോവുന്ന ഊടുവഴികള്‍ നോക്കി , അടുക്കും ചിട്ടയുമിലാത്ത ചിന്തകള്‍ മനസ്സിനെ വല്ലാതെ നൊമ്പരപ്പെടുത്തുന്നുണ്ടായിരുന്നു.

ക്ലാസ്സ്‌മുറി നിറയെ പുതു വസ്ത്രത്തിന്റെയും, മുല്ലപ്പൂവിന്റെയും മണം.

കലപിലാ ശബ്ദങ്ങള്‍ കൊണ്ട് എല്ലാവരുടെയും ശകാരം ആവശ്യത്തിലേറെ വാങ്ങാറുള്ള അവസാന വര്‍ഷ സസ്യശാസ്ത്ര മുറി, ഇന്നെന്തൊ ശാന്തമായിരുന്നു. എല്ലാവരും സംസാരിക്കുന്നു. പക്ഷെ എല്ലാ മുഖങ്ങളിലും പതിവില്ലാത്ത മൂകത, വേര്‍പിരിയുന്നതിന്റെ പറഞ്ഞറിയിക്കാനാവാത്ത വേദനയായിരുന്നൊ?

മൂന്നു വര്‍ഷം, മൂന്നു ദിവസം പോലെ കത്തി തീര്‍ന്നത് മാത്രം ഓര്‍ക്കുന്നു. ഇന്നു പടിയിറക്കത്തിന്റെ ദിനമാണ്. സൌഹൃദത്തിനും, പ്രണയത്തിനും ഇടയ്ക്കെവിടെയൊ വച്ച് മനസ്സ് വല്ലാതെ പതറിയിരുന്നു.

മൂകമായ പ്രണയമായിരുന്നു. ആരുമാരോടും എനിക്കു നിന്നെ ഇഷ്ടമാണെന്നു പറഞ്ഞില്ല. പക്ഷെ പറയാതെ തന്നെ വ്യക്തമായിരുന്നു എനിക്കു നിന്നെയും നിനക്കെന്നെയും മാത്രമാണിഷ്ടമെന്ന്.

ഇന്നലെകളുടെ വേദനിക്കുന്ന കഥകള്‍ പറഞ്ഞും , ഇടയ്ക്ക് ഭൂതകാലത്തെ നോക്കി കൊഞ്ഞനം കുത്തിയും എപ്പോഴൊ ഒരുപാട് അടുത്തു. കാ‍ലം കടമെടുത്ത സൌഹൃദം ഒരിക്കലും പ്രണയത്തിലേയ്ക്കു വലിച്ചിഴക്കില്ലെന്നു ശപഥവും ചെയ്തു. പക്ഷെ എപ്പോഴൊ ആ ലക്ഷ്മണ രേഖ നേര്‍ത്തു നേര്‍ത്ത് ഇല്ലാതാവുന്നത് കണ്ടപ്പോള്‍,
“അരുത്, എനിക്ക് വിവാഹത്തെക്കുറിച്ചൊന്നും അത്ര പെട്ടന്ന് ചിന്തിക്കാന്‍ കഴിയില്ല. അതു പോലെ തനിക്കും. വീട്ടുകാരുടെ നിര്‍ബന്ധത്തിനു മുന്നില്‍ പിടിച്ചു നില്‍ക്കാനും പ്രയാസമായിരിക്കും”. തീര്‍ത്തും യാഥാര്‍ത്ഥ്യബോധാത്തോടെയുള്ള പ്രതികരണം.

പക്വത ആവശ്യത്തിലേറെ ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ മനസ്സിലാക്കാന്‍ എളുപ്പവും.

രണ്ടാം വര്‍ഷക്കാര്‍ നല്ല ഉത്സാഹത്തോടെ യാത്രയയപ്പിനുള്ള ഒരുക്കങ്ങള്‍ നടത്തുന്നു. പഴുത്ത ഇല കൊഴിയുമ്പോള്‍ പച്ച ഇലകള്‍ എന്നും ചിരിക്കാറെ ഉള്ളൂ...അതാണല്ലൊ പ്രകൃതി സത്യവും.

മുന്നില്‍ ജനിറ്റിക്ക്‍സും പാലിയൊ ബോട്ടണിയും പൊടിപൊടിക്കുമ്പോള്‍ അറിയാതെ കൂട്ടിമുട്ടുന്ന കണ്ണുകള്‍...മനസ്സില്‍ വികാരത്തിന്റെ വേലിയേറ്റം. നടക്കുമ്പോഴും ഇരിക്കുമ്പോഴും വെറുതെ ഒന്നു തിരിഞ്ഞു നോക്കുമ്പോഴും ആ കണ്ണുകള്‍ എന്നെ പിന്തുടരുകയായിരുന്നു. ക്ലാസും സ്പീഷീസും പ്രണയത്തിന് മുത്തുമാല കോര്‍ക്കുന്ന കുറെ അക്ഷരങ്ങള്‍ മാത്രമായിമാറുകയായിരുന്നു.

സസ്യശാസ്ത്രത്തിന്റെ ആത്മഹത്യാമുനമ്പുകളില്‍ വിടര്‍ന്നത് വെറും പുറമ്പോക്ക് പ്രണയമായിരുന്നില്ല. തീഷ്ണമായ, പക്ഷെ ആരോരും അറിയാതെ മനസ്സില്‍ അടുക്കിപിടിച്ച നിഷ്കളങ്കമായ പ്രണയം തന്നെയായിരുന്നു. സസ്യശാസ്ത്ര ലാബിലെ, ഡിസെക്ഷനും, റിസെര്‍ച്ചും പ്രണയത്തിന്റെ ഹെര്‍ബേറിയങ്ങളായി
ഇന്നും മനസ്സില്‍.

ചിന്തകള്‍ കാടു കേറിയപ്പോഴേക്കും,ആരോ വന്നു പറഞ്ഞു. അദ്ധ്യാപകര്‍ എല്ലാവരും എത്തി. ഇനി പരിപാടി തുടങ്ങാം..

ആശംസ പ്രസംഗങ്ങള്‍, എല്ലാ ശബ്ദങ്ങളിലും ഇടര്‍ച്ച.
സജീവമായിരുന്ന ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍ ഒരിക്കലും ഇനി തങ്ങളുടെ മുന്നില്‍ ഇരുന്ന് പഠിക്കില്ലെന്ന സത്യത്തോട് പൊരുത്തപ്പെടാന്‍ ഒരാള്‍ക്കും കഴിഞ്ഞില്ലായിരുന്നു. നിറഞ്ഞ കണ്ണുകളോടെ ടീച്ചര്‍ പറഞ്ഞു..”കാലങ്ങള്‍ക്കു ശേഷം കിട്ടിയ നല്ലൊരു ബേച്ച്. മറക്കരുത് പരസ്പരം. ഈ കൂട്ട് എപ്പൊഴും ഉണ്ടാകണം. ഞങ്ങളെ കാണാന്‍ വരണം ഇടക്കൊക്കെ. വരുമ്പോള്‍ എല്ലാ കുസൃതിത്തരവും കൂടെയുണ്ടാവണം...പൊട്ടിക്കരയുന്ന ടീച്ചറെ ആശ്വസിപ്പിക്കാന്‍ ആര്‍ക്കും കഴിഞ്ഞില്ല. എല്ലാ കണ്ണുകളും നിറഞ്ഞൊഴുകുകയായിരുന്നു.

അദ്ധ്യാപകര്‍ അവരവരുടെ അനുഭവങ്ങള്‍ പങ്കുവച്ചും, ഇടയ്കൊന്നു കണ്ണു തുടച്ചും സ്നേഹം കൊണ്ട് ഞങ്ങളെ വീര്‍പ്പു മുട്ടിക്കുകയായിരുന്നു.

അടുത്തത് ഞങ്ങളുടെ ഊഴമായിരുന്നു. ആര്‍ക്കും വാക്കുകള്‍ മുഴുവിക്കാന്‍ കഴിഞ്ഞില്ല. പരസ്പരം ആശ്വസിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു എല്ലാവരും. അവസാനത്തെത് എന്റെ ഊഴമായിരുന്നു.

പതറുന്ന കാല്‍‌വെപ്പുകളോ‍ടെ...ഒരിക്കല്‍ പോലും സ്റ്റേജില്‍ വിറയ്ക്കാത്ത എനിക്കു...വാക്കുകള്‍ കിട്ടുന്നില്ലായിരുന്നു...ഒരിക്കലും ഇനി ഇതുപോലെ കൂടിയിരി‍ക്കില്ലെന്നു മനസ്സിനെ പഠിപ്പിക്കാനാവാതെ, വാക്കുകള്‍ക്കു വേണ്ടിയുള്ള തിരച്ചിലില്‍ മുന്നിലിരുന്നു പൊട്ടിക്കരയുന്ന എന്റെ കൂട്ടുകാരിയുടെ മുഖം മാത്രമെ ഞാന്‍ കാണുന്നുണ്ടായിരുന്നുള്ളൂ..

ഒഴുകി പോയ മുഴുത്ത ഒരു തുള്ളി കണ്ണീര്‍, അപ്പോഴാണ് ഞാന്‍ അറിഞ്ഞത്, ഞാന്‍ അവിടെ തനിച്ചായിരുന്നു. ഒപ്പം ഉപേക്ഷിച്ചു പോയ പലഹാരപ്പൊതികളും, കരിഞ്ഞ് ചിതറിവീണ കുറെ മുല്ലപ്പൂക്കളും, പിന്നെ ആര്‍ക്കോ വേണ്ടി ആരോ കളഞ്ഞിട്ടു പോയ ഒരു ചുവന്ന റോസാപ്പൂവും മാത്രം.

കാമ്പസ് പലര്‍ക്കും പല നിറങ്ങളുള്ള സ്വപ്ങ്ങളാണ് സമ്മാനിക്കുക. ഒപ്പം ഒരു നോവ് എന്നത്തേയ്ക്കുമായുള്ള നല്ല സമ്പാദ്യവും. മറവി എപ്പൊഴൊ കവര്‍ന്നെടുത്ത നല്ല ഓര്‍മ്മകളെ തിരിച്ചു വിളിക്കാന്‍ നിര്‍ബന്ധിച്ച സാരംഗിയുടെ നിശാഗീതികളോട് തീര്‍ത്താല്‍ തീരാത്ത കടപ്പാട്.