2007, ഏപ്രിൽ 12, വ്യാഴാഴ്‌ച

വിഷുക്കണി




എന്റെ വിഷുക്കാലഓര്‍മ്മകളില്‍ വിഷുക്കണിക്കൊ, വിഷുക്കൈനീട്ടത്തിനൊ വലിയ പ്രാധാന്യം ഒന്നുമില്ല.. അങ്ങിനെ ഒരു പതിവ് വീട്ടില്‍ ഇല്ലായിരുന്നു എന്നത് തന്നെ കാരണം. അച്ഛമ്മയൊ, വല്യമ്മയൊ വീട്ടില്‍ ഉണ്ടെങ്കില്‍ പതിവു തെറ്റിച്ച് ദൈവങ്ങളും, ആചാരങ്ങളും വീട്ടില്‍ കയറി വരും. അച്ചനെന്ന നല്ല കമ്മ്യൂണിസ്റ്റിന് ഭക്തിയോട് ആഭിമുഖ്യം തീരെയില്ലായിരുന്നെങ്കിലും അമ്മ എന്നും വീട്ടില്‍ സന്ധ്യാ ദീപം തെളിയിക്കുമായിരുന്നു. വ്യക്തിസ്വാതന്ത്ര്യത്തില്‍ ഒരിക്കലും കൈകടത്താറില്ലായിരുന്നു അച്ഛന്‍. അച്ഛന് ദൈവങ്ങളെക്കാള്‍ പ്രിയം മനുഷ്യരും, മനുഷ്യരുമായി ബന്ധപ്പെട്ടു കിടക്കുന്ന പ്രശ്നങ്ങളുമായിരുന്നു. ആനുകാലികങ്ങളോടും പുസ്തകങ്ങളോടുമ്മുള്ള അച്ഛന്റെ അടങ്ങാത്ത ആരാധന എന്നെയും നന്നായി സ്വാധീനിച്ചിരുന്നു.

അടുക്കളപ്പുറത്ത് നിന്നും കാവില്‍ വിളക്കു കത്തിക്കാന്‍ മാധവിയമ്മയുടെ കയ്യില്‍ വെളിച്ചെണ്ണ വാങ്ങാന്‍ കാശുകൊടുക്കുന്ന അമ്മ. ഈശ്വരകടാക്ഷം അങ്ങനെയാണോ ആവൊ അമ്മ നേടിയെടുത്തിരുന്നത്? മാധവി അമ്മ തികഞ്ഞ ഈശ്വര ഭക്ത ആ‍യിരുന്നു. പക്ഷെ അവസാനം മക്കള്‍ ഉപേക്ഷിച്ച്, പൊട്ടിച്ചോര്‍ന്നൊലിക്കുന്ന വീട്ടില്‍, ആരോരുമില്ലാതെ താളം തെറ്റിയ മനസ്സുമായി കാലം കഴിക്കുന്നു. ആരെയും വിശ്വാസമില്ല. അമ്മ കൊടുക്കുന്നതു മാത്രമെ കഴിക്കു. അമ്മ പറയുന്നതെ അനുസരിക്കൂ. അമ്മയ്ക്കവര്‍ എന്നൊ ഒരു നല്ല അമ്മയായിരിക്കുന്നു. അമ്മയുടെ നല്ലമനസ്സ് ഇത്തിരിയെങ്കിലും സ്വന്തമാക്കാന്‍ കഴിഞ്ഞെങ്കില്‍...

വേനലവധിയുടെ ആഘോഷതിമര്‍പ്പാണ് വിഷു ഞങ്ങള്‍ക്ക്. തൊട്ടടുത്ത വീട്ടിലെ പറമ്പിലെ പടര്‍ന്നു പന്തലിച്ച വലിയ പുളിയന്‍ മാവിന്റെ ചുവട്ടിലായിരുന്നു ഞങ്ങളുടെ സഭകൂടല്‍. അവിടെ ഓലകൊണ്ട് പന്തല്‍ കെട്ടി, പാട്ടും, കളികളും, നാടകവും, കുട്ടിക്കാലത്തിന്റെ കോപ്രായങ്ങള്‍ അത്രയും പരീക്ഷിച്ചത് അവിടെ വച്ചാ‍യിരുന്നു. ഉച്ച സമയത്ത് വാഴ ഇലയില്‍, പുളിയന്‍ മാങ്ങമുറിച്ചിട്ട്, മുളകു പൊടിയും, ഉപ്പും ഇത്തിരി വെളിച്ചെണ്ണയും ചേര്‍ത്തൊരു പ്രയോഗം. വീട്ടില്‍ ആരും അറിയാതെ നടത്തുന്ന ഒരു മോഷണം എന്നും പറയാം. മുളകു പൊടിയൊക്കെ ഇങ്ങിനെ തിന്നുന്നതെങ്ങാനും അറിഞ്ഞാല്‍ എന്തൊക്കെ പുകില്‍ ഉണ്ടാവുമെന്ന് നല്ല ധാരണ ഉണ്ടായിരുന്നു. അതും ഇതും ഒക്കെ വാരി വലിച്ച് തിന്നാല്‍ വയറിളക്കം വരുമെന്ന് അമ്മയുടെ മുന്നറിയിപ്പുണ്ടായിരുന്നു. അതുകൊണ്ട് തന്നെ അമ്മയെ അറിയിക്കരുതെന്ന് ചേച്ചിയുടെ കല്‍‌പന. എന്നാലും, അമ്മ ആരും കാണാതെ എനിക്കു പാല്‍‌പൊടി തിന്നാന്‍ തരുമ്പോള്‍ ഞന്‍ എന്നും സത്യസന്ധനാവും. ചേച്ചിക്ക് ചുട്ട അടിയും ശകാരവും കിട്ടും. പിന്നെ അമ്മ ഉപദേശിക്കും

“ മോളുടെ പുന്നാര അനിയനല്ലെ, അവന്‍ ചെറുതല്ലെ, അവന് അസുഖം വന്ന് എന്തെങ്കിലും സംഭവിച്ചാല്‍ പിന്നെ മോള്‍ക്ക് ആരാ ഉള്ളെ.“

പാവം ചേച്ചി, വീണ്ടും എന്നെയും കൂട്ടി നടക്കാന്‍ തുടങ്ങും. ഇന്നും ചിലപ്പോള്‍ കുഞ്ഞുമക്കളോട് പറയാറുണ്ട്, മാമന്‍ അസുരവിത്തായിരുന്നു. എന്നെ തല്ലു കൊള്ളിക്കാന്‍ മിടുക്കനും. പക്ഷെ ചേച്ചി കരയുമ്പൊ അടുത്ത് ചെന്ന് കുഞ്ഞിക്കൈ കൊണ്ട് കണ്ണീര്‍ തുടക്കുമായിരുന്നു ഞാന്‍. എന്നിട്ട് കയ്യില്‍ ഒട്ടിപ്പിടിച്ച പാല്‍‌പൊടിയുടെ ബാക്കി അവള്‍ക്കും കൊടുക്കും. പിന്നെ വീണ്ടും കൂട്ടായി. ബാല്യത്തിന്റെ നല്ല ഓര്‍മ്മകള്‍.

വിഷുവിന് രണ്ടുമൂന്നു ദിവസം മുന്നെ തന്നെ ഞങ്ങള്‍കാണാതെ അച്ചന്‍ പടക്കങ്ങള്‍ വാങ്ങി സൂക്ഷിക്കും. ഒപ്പം വിഷുപ്പതിപ്പായി ഇറങ്ങുന്ന ഒരു കെട്ട് പുസ്തകങ്ങളും. എന്നിട്ടു പെട്ടന്ന് രാതിയില്‍ കമ്പിത്തിരിയും കത്തിച്ച് ഞങ്ങളുടെ മുന്നിലൂടെ നടക്കും. സന്തോഷം കൊണ്ട് തുള്ളിച്ചാടിക്കൊണ്ട് ഞങ്ങളും കലാപരിപാടികള്‍ തുടങ്ങും. രാത്രി ഏറെ ചെല്ലുന്നത് വരെ പൂത്തിരിയും, പടക്കങ്ങളുടെയും ഒരു ബഹളം തന്നെയായിരിക്കും. അപ്പൊഴേക്കും കൂട്ടുകാരെല്ലാവരും എത്തും കൂടെ കൂടാന്‍.

അച്ഛന്‍ എന്നും പറയുമായിരുന്നു, വിളക്കു വെക്കുന്നതും, പൂവിടുന്നതും, കണിവെക്കുന്നതും ഭക്തിയുടെ മാത്രം വകഭേദങ്ങളല്ല. മറിച്ച് കാലങ്ങളായി ചെയ്തു വരുന്ന ആചാരങ്ങളാണാതൊക്കെ. ചരിത്രത്തിന്റെ സ്മാരകങ്ങളായി അവ നിലനില്‍ക്കുകയും വേണം. വിഷുവിന് കുറച്ചു ദിവസം മുമ്പെ, അമ്മ എന്തൊക്കെയൊ ഒരുക്കങ്ങള്‍ നടത്താറുണ്ടായിരുന്നു. മുറ്റത്ത് ചാണകം മെഴുകിയും, വീടും പരിസരവും പതിവിലും കൂടുതല്‍ സമയമെടുത്ത് വൃത്തിയാക്കുന്നതും, ഓട്ടു പാത്രങ്ങളും, നിലവിളക്കും ബസ്മം കൊണ്ട് ക്ലാവ് കളയുന്നതും പിന്നെ ഏറെ വൈകി അമ്മയും അച്ഛനും ഉണ്ണിയപ്പം ചുടുന്നതും ഒക്കെ.

എനിക്കൊ ചേച്ചിക്കൊ ദൈവങ്ങളുമാ‍യി പറയത്തക്ക ബന്ധങ്ങളൊന്നും ഉണ്ടായിരുന്നില്ല. വീട്ടില്‍ ഒരു പൂജാ മുറിയൊ, ദൈവ വിഗ്രഹങ്ങളൊ, ഒരു കൊച്ചു പടം പോലുമോ ഉണ്ടായിരുന്നില്ല. പുസ്തകങ്ങളിലും, ചിത്രകഥയിലും, പിന്നെ വല്യമ്മയുടെ മടിയില്‍ കിടന്നു കേട്ട പൊടിപ്പും തൊങ്ങലും വച്ച ദൈവ കഥകളും മാത്രമായിരുന്നു ആകെയുള്ള അറിവ്. പഴയ തലമുറയുടെ കഥകള്‍ കേള്‍ക്കാന്‍ എന്നും ഹരമായിരുന്നു. പുതിയ തലമുറയ്ക്കു കിട്ടാതെ പോവുന്ന നാട്ടറിവും അതു തന്നെയായിരിക്കും. ബര്‍ഗറിനും, സാന്റ്വിച്ചിനും പകരം പ്ലാവില കൊണ്ട് കുമ്പിള്‍ കുത്തി കലത്തില്‍ കഞ്ഞി കുടിച്ചിരുന്ന ഒരു കാലത്തെക്കുറിച്ച് പറഞ്ഞാല്‍ ആരെങ്കിലും സമ്മതിച്ചു തരുമൊ?

ഏതൊ ഒരു വിഷുവിന് അമ്മ പുലര്‍ക്കാലത്ത് വിളിച്ചെഴുന്നേല്‍പ്പിച്ച്, കണ്ണും അടച്ചു പിടിച്ച് കൊണ്ടുപോയത് ഓര്‍മ്മയുണ്ട്. ഉറക്കച്ചടവോടെ പ്രാകിക്കൊണ്ട്, കാര്യം പിടിക്കിട്ടാതെ ഞാനും അമ്മയോടൊപ്പം നടന്നു. കണ്ണു തുറന്നപ്പോള്‍ കണ്ടത്, നിറഞ്ഞു കത്തുന്ന നിലവിളക്കും, ഒരു വലിയ താലത്തില്‍ വച്ച പുതിയ കസവു മുണ്ടും, നെല്ലും, വെള്ളരിക്കയും. മാങ്ങയും ഒക്കെ. അല്‍ഭുതമായിരുന്നു. അമ്മ പറഞ്ഞു വിഷുക്കണി കാണാന്‍, എന്നിട്ടു വിളക്ക് തൊഴാന്‍. തൊട്ടടുത്ത് നിന്ന് അച്ചന്‍ നിലവിളക്കു പോലെ നിറഞ്ഞു ചിരിക്കുന്നുണ്ടായിരുന്നു.

ഞങ്ങള്‍ക്ക് വിഷുവിന് വല്ലപ്പോഴും മാത്രമെ പുതിയ ഉടുപ്പുകള്‍ കിട്ടാറുണ്ടായിരുന്നുള്ളൂ. എന്നാല്‍ സാമ്പത്തിക പരാധീനതകള്‍ക്കിടയിലും എപ്പൊഴും, അച്ചന്റെ തറവാടു വീട്ടിലും, അമ്മ വീട്ടിലും കോടി വസ്ത്രങ്ങളും, പലഹാരങ്ങളും കൊണ്ടു പോവുമായിരുന്നു. ഒരു വിഷു ഞങ്ങളുടെ വീട്ടിലും, രണ്ടാമത്തേത് തറവാടുകളിലും. അതായിരുന്നു പതിവ്. ആ പതിവ് ഒരിക്കലും തെറ്റിയിരുന്നില്ല. മാമന്മാരും മാമിമാരും വിഷുക്കൈനീട്ടം തരുമായിരുന്നു. പുതിയ ഒരു രൂപയുടെയും രണ്ടുരൂപയുടെയും നോട്ടുകള്‍. എന്തൊരു സന്തോഷമായിരുന്നു.

അവിടെ ചെന്നാലും കളിതന്നെ മുഖ്യം. ക്രിക്കറ്റിന്റെ കാറ്റ് വീശാന്‍ തുടങ്ങിയ സമയമായിരുന്നു. ശീമക്കൊന്നയുടെ കൊമ്പു മുറിച്ച് സ്റ്റെമ്പും, ഓലയുടെ മട്ടല്‍ ചെത്തി ക്രിക്കറ്റ് ബാറ്റും, അതുവരെ കിട്ടിയ വിഷുക്കൈനീട്ടം സ്വരൂപിച്ച് റബര്‍ പന്തും. പിന്നെ താഴെ പറമ്പില്‍ കളി കൊഴുക്കും. ഞാനും, ചേച്ചിയും, സജിയേട്ടനും, ഷിനുവേട്ടനും ഉച്ചയൂണുവരെ കളിയോട് കളി തന്നെ. അച്ചന്റെ വീട്ടിനോട് തൊട്ടടുത്താണ് സജിയേട്ടന്റെ വീട്. പായസം എല്ലാ സ്ഥലത്തു നിന്നും കഴിക്കണം-അതു നിര്‍ബന്ധം. അച്ഛന്‍ ആ പ്രദേശത്തെ എല്ലാവരുടെയും “കുഞ്ഞേട്ടന്‍‌“‍ ആണ്. എന്തൊ, ഞാനിപ്പോഴും സങ്കടപ്പെടാറുണ്ട്, എന്തെ എന്നെ ആരും ആ പേരു വിളിച്ചില്ല. വല്ലാത്തൊരു ഓമനത്ത്വവും, സ്നേഹക്കൂടുതലും ആ വിളിയില്‍ അനുഭവപ്പെടാറുണ്ട്. അവസാനം എന്റെ പ്രിയസഖിയുടെ അടുത്ത കൂട്ടുകാരി എന്നെ കുഞ്ഞേട്ടാ എന്നു വിളിച്ചു തുടങ്ങി.

അച്ചന്റെ വീട്ടില്‍ നിന്നും ഉച്ചയൂണും കഴിഞ്ഞ് അമ്മവീട്ടിലേക്ക് പോകും. നോക്കെത്താ ദൂരമത്രയും വയലുകള്‍ ആണ്. പിന്നെ ഒരു കൊച്ചു പുഴയും. അതും കടന്ന് വേണം അമ്മവീടെത്താന്‍. വയലുകളില്‍ കര്‍ഷകര്‍ വിത്തിടല്‍ തുടങ്ങുന്നത് വിഷുദിവസത്തിലാണല്ലോ. ഐശ്വര്യത്തിന്റെ ഒരു പുതിയ കാര്‍ഷികവര്‍ഷത്തിന്റെ തുടക്കം.

അതുവരെ അച്ഛന്റെ കയ്യില്‍ തൂങ്ങിയാടിയിരുന്ന ഞാന്‍ വയല്‍ എത്തിയാല്‍ പിന്നെ ചേച്ചിയോടൊപ്പം വയല്‍ വരമ്പിലൂടെ ഓടി നടക്കും. പുറകില്‍ നിന്നും അമ്മയും അച്ഛനും പഴയ കൂട്ടുകാരോടൊക്കെ കുശലം പറഞ്ഞ് പതുക്കെ വരും.

ഓലമേഞ്ഞ് ചാണകം മെഴുകിയ അമ്മവീട്. മുറ്റത്തൊരു വലിയ തെങ്ങും വടക്കു ഭാഗത്ത് സുന്ദരിയായ ഒരു പുളിമരവും. അതിന്റെ കൊമ്പിലാണ് കുട്ടിമാമന്‍ ഞങള്‍ക്ക് ഊഞ്ഞല് കെട്ടിത്തരിക. കാറ്റു വരുമ്പൊ പുളിയിലകള്‍ ചറപറാന്ന് തലയില്‍ വീഴും. ഒപ്പം പച്ചപ്പുളിയും. ഇപ്പൊഴും ഞാന്‍ അറിയാതെ ആദ്യം ചെല്ലുക ആ പുളിമരത്തിന്റെ ചോട്ടിലേയ്ക്കാണ്. വല്യച്ചനും വല്യമ്മയും കാത്തു നില്‍ക്കുന്നുണ്ടാവും കുഞ്ഞുമക്കള്‍ വരുന്നതും കാത്തിട്ട്. കണ്ട ഉടനെ വല്യച്ചന്‍ പറയും, വല്യച്ചന്റെ കുട്ടന്‍ വന്നോ, കുമ്പാച്ചി കാണട്ടെ, പായസം കുറേ കുടിച്ചൊ? എന്നിട്ട് ബനിയന്‍ പൊക്കി വയര്‍ നോക്കും. കുറച്ച് കഴിയുമ്പൊ ഒരു കൊച്ച് ഉരലില്‍ ഇട്ട് മുറുക്കാന്‍ ഇടിക്കും. ഇടിച്ച് കഴിയുമ്പൊ, എല്ലാം തട്ടി കയ്യില്‍ ഇടും, എന്നിട്ടൊരു വിഴുങ്ങലാണ്. ഞാനും അടുത്തു തന്നെ ഇരിക്കും. നല്ല രസമുള്ള കാഴ്ച്ചയാണത്. അവസാനം ഒരിത്തിരി വെറ്റില കഷണം എനിക്കും തരും.എന്നിട്ട് പല്ലില്ലാത്ത മോണകാട്ടി ചിരിക്കും ഇനി ആ ചിരി ഓര്‍മ്മകളില്‍ മാത്രമാവുന്നു. വല്യച്ഛന്‍ കള്ളു കുടുക്കും. ഷാപ്പില്‍ പോയി തന്നെ കുടിക്കണം എന്നൊരു വാശിയാണ്. നാലുമണിക്ക് പള്ളിയില്‍ ബാങ്ക് വിളീ തുട്ടങ്ങുമ്പോള്‍ ഒരു മുറിയന്‍ കയ്യ് ഷര്‍ട്ടും, വെള്ള മുണ്ടും തലയില്‍ ഒരു തോര്‍ത്തും കെട്ടി ഇറങ്ങും. വയല്‍ വരമ്പിലൂടെ നടന്നു പോവുന്ന വല്യച്ഛനെ ഞാന്‍ പലപ്പോഴും സ്വപ്നങ്ങളില്‍ കാണാറുണ്ട്. കള്ളുകുടിയും കഴിഞ്ഞ് തിരിച്ചു വരുമ്പോള്‍ ഒരു കടലാസില്‍ കുറെ മുറുക്കും, സഞ്ചി നിറയെ മീനും വാങ്ങിയാണ് വരിക എന്നും.

പിന്നെ അച്ചിമാമന്‍ കോരിയെടുക്കും. എന്നിട്ടു കുറെ നേരം കളിപ്പിക്കും. സ്നേഹം കൊണ്ട് വീര്‍പ്പു മുട്ടിക്കും എല്ലാവരും ചേര്‍ന്ന്. രാതിയാവുമ്പൊ എല്ലാവരും വട്ടമിട്ട് ഭക്ഷണം കഴിക്കും. ഏഴു മണിയുടെ ബസ് പിടിക്കും. നേരെ വീട്ടിലേയ്ക്ക്. ബസ് സ്റ്റോപ്പ് വരെ മാമന്മാരും, വല്യമ്മയും വരും.

ഓര്‍ക്കുമ്പോള്‍ മനസ്സ് വല്ലാതെ ഇടറുന്നു. ഇന്ന് പലരും പല വഴിക്കായി. അണുകുടുംബം എന്ന പുതിയ രീതി എന്തൊക്കെയൊ നഷ്ടപ്പെടുത്തിയെന്ന ആധി മനസ്സു നിറയെ. നഷ്ടപ്പെട്ടതൊക്കെ നല്ലതായിരുന്നു. തിരിച്ചു കിട്ടാത്തതായി പലതും. അതുപോലെ വിഷുകാഴ്ച്ചകളും. പുതിയ തലമുറയ്ക്ക് കാലങ്ങള്‍ക്കപ്പുറത്തെ കഥകള്‍ പറഞ്ഞുകൊടുക്കാതെ, സിലബസിന്റെ ചട്ടക്കൂട്ടിനുള്ളിന്‍ ഒതുക്കി നിര്‍ത്തുന്നത്‍, ഒരു നല്ല സംസ്കാരത്തോടും, നമ്മുടെ തന്നെ നിറപ്പകിട്ടാര്‍ന്ന നല്ല ഓര്‍മ്മകളോടും ചെയ്യുന്ന ഏറ്റവും വലിയ ക്രൂരതയല്ലെ? ഈ കുറിപ്പ് ഒരു വേനല്‍ മഴ പോലെ ഇവിടെ അവസാനിക്കട്ടെ.

ഈ മരുഭൂമിയില്‍ കണിക്കൊന്നയും, വിഷുപ്പുലരിയും വാക്കുകള്‍ക്കിടയിലെ മഞ്ഞളിപ്പ് മാത്രമാവുന്നു. ആശംസകള്‍ വെറും വാക്കുകളായേക്കാം. നഷ്ടങ്ങളെക്കുറിച്ചുള്ള വിലാപം നരച്ചു നിറം കെട്ട പല്ലവികളാകുന്നു...ഓര്‍ക്കാനും ഓമനിക്കാനും മധുരമുള്ള വിഷുക്കാഴ്ച്ച മനസ്സില്‍ ഇത്തിരിയെങ്കിലും അവശേഷിക്കുന്നെങ്കില്‍,സ്വയം ആശ്വസിക്കുക.നന്മ നഷ്ടപ്പെടാത്ത നല്ല സൌഹൃദത്തിന്റെ ഒരിത്തിരി സ്നേഹക്കൂടുതല്‍, അതാവട്ടെ ഇക്കുറി നിങ്ങള്‍ക്കും പ്രിയപ്പെട്ടവര്‍ക്കും എന്റെ വിഷുക്കൈനീട്ടം.

19 അഭിപ്രായങ്ങൾ:

swaram പറഞ്ഞു...

ഇതൊരു വിഷുക്കണിയല്ല. മറിച്ച് കൈമോശം വന്ന കുറെ നല്ല ഓര്‍മ്മകളുടെ കുറിപ്പുകള്‍ മാത്രം...

ശാലിനി പറഞ്ഞു...

"നഷ്ടപ്പെട്ടതൊക്കെ നല്ലതായിരുന്നു. തിരിച്ചു കിട്ടാത്തതായി പലതും. അതുപോലെ വിഷുകാഴ്ച്ചകളും."

വായിച്ചു, ഞാനും ആ വയല്‍ വരമ്പിലൂടെയൊക്കെ ഓടി, എല്ലായിടത്തും പോയി. എന്നിട്ടിപ്പോള്‍ വിഷമവുമായി.

ലിഡിയ പറഞ്ഞു...

ഓര്‍മ്മകള്‍ ഒക്കെയും മധുരിക്കുന്നവ തന്നെ.എന്താ പറയുക ഒന്നും മാറരുത് എന്ന് ആഗ്രഹമുണ്ട്, പക്ഷേ മാറ്റം മാത്രമല്ലേ മാറാത്ത ഒന്ന്.

-പാര്‍വതി.

swaram പറഞ്ഞു...

nandi shaalini, ente ormakailoode oppan nadannathin, paarvathi, anivaaryamaaya maatathekkurich maathram chinthikkaan sheelichu thudangnan iniyum njan :)

റീനി പറഞ്ഞു...

രാവിലെ വിഷുക്കണിയൊന്നും കാണാതെ ഒരുകപ്പ്‌ മൈക്രോവേവ്‌ ചായ കുടിച്ചുകൊണ്ടാണ്‌ ഈ പോസ്റ്റ്‌ വായിച്ചത്‌. വായിച്ചു കഴിഞ്ഞപ്പോള്‍ നല്ലൊരു പ്രതല്‍ കഴിച്ച പ്രതീതി.

അണുകുടുംമ്പം എന്തൊക്കെയൊ നശിപ്പിച്ചു എന്നെനിക്കും തോന്നുന്നു. മനസ്സില്‍ സുക്ഷിച്ചിരിക്കുന്ന ഓര്‍മ്മകളെ ഒന്നിനും നശിപ്പിക്കാനാവില്ലല്ലോ. അതുമതി.

swaram പറഞ്ഞു...

Rini, anukutumbam nashippicha palathinum praaychithamaayi enikku kittunnathu ithupolulla nalla souhridangalude ormakkurippukalaanu..orupaadu nandi

sudeesh Kumar പറഞ്ഞു...

Ente priyapetta puradam nakshathra mei ninte live samsaram kayinchittanu ethu vayichethu epravishyam nattil e samyathe missings marikitti. Nee ninte achane pole ellam ollipichu vachu avasarthinothu kambithirium pookutiyum kathikunthu enikku ishtaayi. Kani kanum neram ella suheruthakalku ananthananmakal sneham ennum theeratha pookutiyayi namalude edayil kathi nilkette.

ppanilkumar പറഞ്ഞു...

Ormakal nannayittundu....pakshe, ee communism nammalde jeevithathinte thalam thettichuvo masshe. Amma ennodu chodikkuvanu...eda nale kani kanan uddesyamundo..enkil vaykam ennu. Njangal randalum mathramalle ullu ivide. Njan paranju...orakkam ozhinju aarogyam kedakkanda ennu. Kai neettam nalkanum vanganum...vashakku koodanum okke alukal venam chuttum...athanu jeevitham. Enthe manalaranyathil malayali kudumbangal ille....

swaram പറഞ്ഞു...

സുധീ, കളിച്ച് കളിച്ച് നക്ഷത്രത്തിലും കളി തുടങ്ങിയോ?? എടാ ....മോനെ..നീ മിസ് ചെയ്തതൊക്കെ നേരിട്ടു തന്നെ നമുക്കിന്നു രാത്രി കത്തിക്കാം!! ലാല്‍ സലാം!!

അനില്‍, എന്താ ഞാന്‍ പറയേണ്ടത്...വാ‍ക്കുകള്‍ കിട്ടുന്നില്ല!!

അജ്ഞാതന്‍ പറഞ്ഞു...

വയല്‍ വരംബുകള്‍.ഉം ഊഞ്ഞാലും ഉപ്പുമാങ്ങയും കൊന്നയും ഒക്കെ നമ്മുക്കു കൈമോശം വന്നതും നമ്മുടെ മക്കള്‍ക്‌ അനുഭവിക്കാന്‍ കഴിയാത്തതും ഇത്രയും മനൊഹരമായി എഴുതിയ കൂട്ടുകാരാ
ഇതൊരു വിഷു നൊംബരമായി എന്നില്‍ അവശേഷിക്കുന്നു

സുല്‍ |Sul പറഞ്ഞു...

സ്വരം,
നന്നായി എഴുതി.
നല്ല ഓര്‍മ്മകള്‍.
വിഷുദിനാശംസകള്‍!!!
-സുല്‍

Rasheed Chalil പറഞ്ഞു...

സ്വരം നല്ല ഓര്‍മ്മകള്‍.

swaram പറഞ്ഞു...

ഷറീന, ഒന്നും ആര്‍ക്കും നഷ്ടപ്പെടാതിരിക്കാന്‍ ശ്രമിക്കൂ..അനുഭവിച്ചറിയാന്‍ മക്കള്‍ക്ക് കഴിയ്യുന്നില്ലെങ്കില്‍, പറഞ്ഞും കേട്ടും ആ നല്ല കാലത്തെക്കുറിച്ചവര്‍ അറിയട്ടെ..

സുല്‍, ഇത്തിരി, നല്ല വാക്കുകള്‍ക്ക് നന്ദി.

നിര്‍മ്മല പറഞ്ഞു...

"വിളക്കു വെക്കുന്നതും, പൂവിടുന്നതും, കണിവെക്കുന്നതും ഭക്തിയുടെ മാത്രം വകഭേദങ്ങളല്ല. മറിച്ച് കാലങ്ങളായി ചെയ്തു വരുന്ന ആചാരങ്ങളാണാതൊക്കെ. ചരിത്രത്തിന്റെ സ്മാരകങ്ങളായി അവ നിലനില്‍ക്കുകയും വേണം"
ഈ ബോധം എല്ലാവര്‍ക്കും ഉണ്ടായിരുന്നെങ്കില്‍...!

അജ്ഞാതന്‍ പറഞ്ഞു...

"വേനലവധിയുടെ ആഘോഷതിമര്‍പ്പാണ് വിഷു ഞങ്ങള്‍ക്ക്. തൊട്ടടുത്ത വീട്ടിലെ പറമ്പിലെ പടര്‍ന്നു പന്തലിച്ച വലിയ പുളിയന്‍ മാവിന്റെ ചുവട്ടിലായിരുന്നു ഞങ്ങളുടെ സഭകൂടല്‍. അവിടെ ഓലകൊണ്ട് പന്തല്‍ കെട്ടി, പാട്ടും, കളികളും, നാടകവും, കുട്ടിക്കാലത്തിന്റെ കോപ്രായങ്ങള്‍ അത്രയും പരീക്ഷിച്ചത് അവിടെ വച്ചാ‍യിരുന്നു. ഉച്ച സമയത്ത് വാഴ ഇലയില്‍, പുളിയന്‍ മാങ്ങമുറിച്ചിട്ട്, മുളകു പൊടിയും, ഉപ്പും ഇത്തിരി വെളിച്ചെണ്ണയും ചേര്‍ത്തൊരു പ്രയോഗം. വീട്ടില്‍ ആരും അറിയാതെ നടത്തുന്ന ഒരു മോഷണം എന്നും പറയാം".

ഇത്‌ വായിച്ചപ്പോള്‍ ഞങ്ങളുടെ വേനലവധിയും ഓര്‍മ്മ വന്നു..:-) ഇതേ മാങ്ങാ പ്രയോഗത്തിനു ഇഷ്ടം പോലെ ചൂരല്‍കഷായംസ്‌ കിട്ടിയിട്ടുണ്ട്‌. എന്നാലും എത്ര അടി കിട്ടിയാലും പിന്നെയും ഇതേ രംഗങ്ങള്‍ ആവര്‍ത്തിയ്ക്കും..

swaram പറഞ്ഞു...

നിര്‍മ്മലേച്ചി, നമ്മള്‍ നമ്മളെ അറിയാതെ പോവുന്നു, ആ തിരിച്ചറിവ്, നമ്മുടെ ഈ വലിയ കൂട്ടിലെ പ്രിയപ്പെട്ടവരെങ്കിലും ഉള്‍ക്കൊണ്ടാല്‍ ഒരു പക്ഷെ, ശേഷിക്കുന്ന വല്ലതുമൊക്കെ നഷ്ടപ്പെടാതിരുന്നേക്കാം...
സാരംഗി, ചൂരലിനു പോലും മടുത്തു കാണും അല്ലെ?

Sreekumar P.S. പറഞ്ഞു...

ormmakalil...
vishu nirayunnu...
koode grihathurathwavum...

mazha veendum peythirikkunnu....!!!

........sreekumar

Unknown പറഞ്ഞു...

U r grt...I've no more words to describe...

അജ്ഞാതന്‍ പറഞ്ഞു...

Ormakalile vishuvinoru unarvu nalkan ee chechi ningale kshanichittu, bakki parayathirikunnathalle nallathu.....
oru