അതെ, ഒരു ചൂളം വിളിയുടെ ശബ്ദം, അതു വളരെ വേഗം അടുത്തെത്തുന്ന പോലെ തോന്നി, ഒപ്പം ശക്തമായ കാറ്റും...പിന്നെ തുള്ളി തുള്ളിയായി, വരണ്ടുണങ്ങിയ മണ്ണിലേക്ക് പുതുമഴ പെയ്തിറങ്ങി. മനസ്സില്‍ എന്തോ പറഞ്ഞറിയിക്കാനാവാത്ത സന്തോഷം. മഴക്കാലം എന്നുമങ്ങനെയായിരുന്നല്ലൊ.
വീടിന്റെ മുന്നിലെ ചെമ്മണ്‍ പാത...മഴപെയ്തു തുടങ്ങിയാല്‍ തോടു പോലാകും. നടന്നു പോകണമെങ്കില്‍ തൊട്ടടുത്തുള്ള പറമ്പിനെ തന്നെ ആശ്രയിക്കണം. ഓടി അകത്തു പോയിട്ട് പടിഞ്ഞിറ്റയിലെ(നടുമുറി) ജാലകത്തിലൂടെ വയലിലേക്ക് നോക്കി. കളിയും കഴിഞ്ഞു കൂട്ടുകാരെല്ലാവരും വയലില്‍ തന്നെ ഇരിക്കുകയായിരുന്നു. കുറേപേര്‍ എന്നും വൈകിയെ പോകാറുള്ളൂ... അവര്‍ അവിടെ മഴയത്ത് തുള്ളി തിമര്‍ക്കുകയായിരുന്നു. പലരും ഷര്‍ട്ടൊക്കെ അഴിച്ചു തലയില്‍ ചുറ്റി ഉറക്കെ പാട്ടു പാടുന്നു.
“അമ്മെ, ഞാനിപ്പൊ വരാം..”
അമ്മയുടെ മറുപടിക്ക് കാത്തു നില്‍ക്കാതെ, അടുക്കളപ്പുറത്തൂടെ വയലിലേയ്ക്കോടി, അമ്മയുടെ അനുവാദം ചോദിച്ചു നിന്നാല്‍, ഉപദേശത്തിന്റെ പെരുമഴയായിരിക്കും ... പുതു മഴ കൊണ്ടാല്‍ പനി പിടിക്കും, സ്കൂള്‍ തുറക്കുന്നതാ..അങ്ങനെ അങ്ങനെ കുറെ കാര്യങ്ങള്‍.
വയലില്‍ എത്തി പതുക്കെ ഒന്നു വീട്ടിലേയ്ക്ക് തിരിഞ്ഞു നോക്കി. ചേച്ചിയും അമ്മയും നോക്കി നില്‍പ്പുണ്ടായിരുന്നു. ചേച്ചിയാണ് പാരവെപ്പ് നടത്തുന്നത്. അവള്‍ പല്ലും കടിച്ച്, കൈ ചൂണ്ടി കാണിച്ച ആംഗ്യം “അച്ഛനിങ്ങ് വരട്ടെ, പറഞ്ഞു കൊടുക്കും” എന്നു തന്നെ ആയിരുന്നു. മഴപെയ്യുമ്പോഴല്ലെ ഭീഷണി.ആരു കേള്‍ക്കാന്‍. അപ്പോഴേക്കും ഒരു കൂട്ടുകാരന്‍, എന്നെ പിടിച്ചു വലിച്ച് ഓടാന്‍ തുടങ്ങി. അവിടെയും ഇവിടെയും കെട്ടി കിടക്കുന്ന ഇത്തിരി വെള്ളത്തില്‍ തുള്ളി ചാടിക്കൊണ്ട്...മഴ നിര്‍ത്താതെ പെയ്യുകയായിരുന്നു. ശരീരത്തിലും മനസ്സിലും കുളിരുകോരിയിട്ടുകൊണ്ട്.
നേരം ഇരുണ്ട് തുടങ്ങി. ഇനിയും വീട്ടില്‍ എത്തിയില്ലെങ്കില്‍ പ്രശ്നം വഷളാവും എന്നറിയുന്നത് കൊണ്ട്, പതുങ്ങി കുളിമുറിയില്‍ കയറും. പിന്നെ വിസ്തരിച്ചുള്ള കുളി. രാത്രി, നല്ല കാറ്റും മഴയും. വീടിന്റെ തൊട്ടു പുറകില്‍ ബാലേട്ടന്റെ ഓലമേഞ്ഞ വീടാണ്. ഞങ്ങളുടെ പറമ്പിലെ പപ്പായ മാവില്‍ നിറയെ മാങ്ങയായിരിക്കും. കാറ്റിനൊന്നു ശക്തികൂടിയാല്‍ ബാലേട്ടന്റെ വീടിന്റെ മേല്‍ക്കൂരയില്‍ മാങ്ങ തുരുതുരെ വീഴുന്ന ശബ്ദം കേള്‍ക്കാം. രാവിലെ എഴുന്നേറ്റ് നേരെ ഓടുക മാവിന്‍ ചുവട്ടിലേക്കാണ്. നനഞൊട്ടിയ മണ്ണില്‍ പൂണ്ടിരിക്കുന്ന മാങ്ങ പെറുക്കി കൂട്ടി വെക്കും. ഉച്ചയ്ക്ക് ചോറ് തിന്നുമ്പോള്‍ കുരുമുളകു പൊടിയും ഉപ്പും ചേര്‍ത്ത് മാങ്ങ മുറിച്ച് വച്ചിട്ടുണ്ടാവും അച്ഛന്‍.
സ്കൂളില്‍ പോവുമ്പോള്‍ മഴ പെയ്യരുതെ എന്നാഗ്രഹിക്കും എന്നും. കാരണം എങ്കിലെ കുട എടുക്കാന്‍ മറക്കുന്നതിനൊരു ശക്തമായ തെളിവുണ്ടാക്കാന്‍ പറ്റൂ. വൈകീട്ട് വരുമ്പോള്‍ മഴ ഉറപ്പാണ്. പുസ്തകവും നെഞോടടുക്കി പിടിച്ച്, മഴയും നനഞ്ഞ് സ്കൂളില്‍ നിന്നും വരുന്നത് ഇനി ഒരിക്കലും തിരിച്ചു കിട്ടാത്ത പല നല്ല ഓര്‍മ്മകളോടുമൊപ്പം അടുക്കി വെക്കാം. ചിലപ്പോള്‍ കൂട്ടുകാരില്‍ ആരെങ്കിലും ഒരാള്‍ മാത്രേ കുട എടുക്കൂ...ആറും ഏഴും പേര്‍ ഒരു കുടക്കീഴില്‍, ചിരിവരും ഓര്‍ക്കുമ്പോള്‍ തന്നെ. സ്കൂളിലെ ജാലകത്തിനടുത്താണ് ഇരിക്കുക. എങ്കിലെ മഴയെ ശരിക്കു കാണാന്‍ പറ്റൂ. മഴയ്ക്കു ശക്തികൂടിയപ്പോള്‍ സരോജിനി ടീച്ചര്‍ വാതിലടപ്പിച്ചതും, ഇനിയൊരിക്കലും ആ വാതില്‍ അടയാതിരിക്കാന്‍ അതിന്റെ വിജാഗിരി ഇളക്കി മാറ്റിയതിന് പ്രിന്‍സിപ്പലിന്റെ കണ്ണുരുട്ടല്‍ കിട്ടിയതും ഒക്കെ ഒരു നല്ല ഓര്‍മ്മമാത്രമാവുന്നു. അവര്‍ക്കറിയില്ലല്ലൊ മഴയോടുള്ള എന്റെ അടങ്ങാത്ത പ്രണയം.