ഇന്ന് എന്റെ എട്ടാം പിറന്നാള്‍.
മമ്മി വരുന്നതും കാത്ത് ബേബി സിറ്റിങ്ങിലെ ജാലകത്തിലൂടെ നോക്കിയിരിക്കാന്‍ തുടങ്ങിയിട്ട് നേരം കുറെയായി. കൂട്ടുകാര്‍ക്ക് കൊടുക്കാന്‍ ചോക്ലേറ്റ് കൊണ്ടുവരാമെന്നും പറഞ്ഞിരുന്നല്ലൊ..
ആന്റി ഉറക്കെ വഴക്കു പറഞ്ഞു
. “ നിനക്കെന്താ പറ്റിയെ? മമ്മി വരും എന്തായാലും, നിന്നെയും കൂട്ടിയിട്ടെ പോവൂ”
അവിടെ സോഫയില്‍ കുഞ്ഞുടുപ്പുമിട്ട് നയന നല്ല ഉറക്കം തുടങ്ങിയിരുന്നു. അവളൊരിക്കലും മമ്മിയെ കണ്ടിരുന്നില്ല ശരിക്കും. രാവിലെ ഇവിടെ കൊണ്ടു വരുമ്പൊ മമ്മിയുടെ ചുമലില്‍ തലയും ചേര്‍ത്തുറങ്ങുകയായിരിക്കും. രാത്രി കൊണ്ടുപോവുമ്പോഴും അവള് നല്ല ഉറക്കമായിരിക്കും.
പെട്ടന്ന് ഫോണ്‍ റിങ്ങ് ചെയ്തു.
ആന്റി മൊബൈലുമായി എന്റെ അടുത്ത് വന്നു. “മമ്മിയാണ്”
“മമ്മീ, മമ്മി എവിടെ?”
“മോനെ അത്, മമ്മി ഇത്തിരി വൈകും...ഓഫീസില്‍ കുറച്ച് അത്യാവശ്യം”
“മമ്മീ...” കരച്ചിലടക്കിപ്പിടിച്ച് ചോദിച്ചു. “മമ്മീ യു നൊ ഇന്നെന്റെ പിറന്നാളല്ലെ, എല്ലാര്ക്കും ചൊക്ലേറ്റ് കൊടുക്കാമെന്ന് ഏറ്റതല്ലെ”
മമ്മിയുടെ സ്വരത്തില്‍ കാര്‍ക്കശ്യം “മൊനു ഡൊണ്ട് ബി സില്ലി...എത്ര ഇംപോര്‍ട്ടന്റ് പേപ്പേഴ്സ് ആണെന്നൊ എനിക്ക് പ്രിപ്പേര്‍ ചെയ്യനുള്ളെ”
ഒന്നും പറയാതെ ഫോണ്‍ ആന്റിയുടെ കയ്യില്‍ തിരിച്ചു കൊടുത്ത്
പതുക്കെ നയനയുടെ അടുത്ത് സോഫയില്‍ തലയും കുനിച്ചിരുന്നു.
കണ്ണില്‍ ഒഴുകിയ ചൂടുള്ള നൊമ്പരം ആരും കാണാതിരിക്കാന്‍...
രാത്രി പതിനൊന്നരയായപ്പോള്‍ മമ്മി വന്നു.
“മാഡം കുട്ടികള്‍ പ്രശ്നം ഒന്നും ഉണ്ടാക്കിയില്ലല്ലൊ അല്ലെ? സോറി കേട്ടോ ഒത്തിരി വൈകിയതില്‍, ആകെ പ്രശ്നങ്ങളായിരുന്നു ഓഫീസില്‍...അതു കോണ്ടാ”
മമ്മി നയനമോളെ എടുത്തു “ ഡാ മോനെ, അവള്ടെ ബേഗും ടൊയ്സും ഫ്ലാസ്കും ഇങ്ങെടുത്തോളൂ”
മമ്മിയുടെ തൊട്ടു പുറകെ ഞാനും പടികള്‍ ഇറങ്ങി.
മമ്മിയുടെ ബാഗില്‍ നിന്നും മൊബൈയില്‍ നിര്‍ത്താതെ ചിലക്കാന്‍ തുടങ്ങി.
“നീ ആ സാധനം നിലത്തു വച്ചിട്ട് മോളെ ഒന്നു പിടിച്ചെ“
മോള് എന്റെ കഴുത്തിനടുത്ത് തലയും വച്ച് കിടന്നു. പാവം നല്ല ഉറക്കത്തിലാണ്.
ചേട്ടനോട് ഒരുപാട് കിന്നാരം പറയും. അവള്ടെ കൂടെ കളിക്കണം. എന്റെ പേനയും പെന്നും ഒക്കെ അവള്‍ക്കും വേണം. ഇന്നാള് മമ്മി എന്നെ ഒരുപാട് തല്ലിയിരുന്നു. എന്റെ കണക്കു പുസ്തകത്തില്‍ അവള് കുത്തി വരഞ്ഞിട്ടതിന്.
“ആ ഫയല്‍സ് ഒക്കെ അയച്ചു സാര്‍, ഉവ്വ്, നാളെ തന്നെ ഫോളൊഅപ്പ് ചെയ്തോളാം...ശരി സര്, ഗുഡ്നൈറ്റ്“
“മമ്മീ..കൈ കഴക്കുന്നു...”
മമ്മി മോളെയും എടുത്തിട്ട് നടക്കാന്‍ തുടങ്ങി, എന്തൊക്കെയോ ആലോചിച്ചുകൊണ്ട്.
വീടിന്റെ കതക് തുറന്ന് മോളെ ബെഡില്‍ കിടത്തി...
എന്റെ നേരെ തിരിഞ്ഞിട്ട് “നീ ഹോംവര്‍ക്ക് ഒക്കെ ചെയ്തോ?”
അറിയാതെ എന്റെ മുഖം കുനിഞ്ഞു.
“മോനു നീ അന്നന്നു കൊച്ചു കുഞ്ഞാവുകയാണൊ? ആരെയും കാത്തിട്ടാ നീ ഹോംവര്‍ക്ക് ചെയ്യാതിരുന്നെ? “
കരയണോ ഉത്തരം പറയണൊ എന്നറിയാതെ പകച്ചു പോയി...
“എന്നെക്കൊണ്ടു വയ്യ നിന്നെ പഠിപ്പിക്കാനും പിന്നാലെ നടക്കാനും ഒന്നും...വേണമെങ്കില്‍ അവിടിരുന്ന് ചെയ്തൊ”
നിറഞ്ഞ കണ്ണുകളുമായ് ബാത്ത് റൂമില്‍ കയറി പൈപ്പു വെള്ളത്തിന്റെ ശബ്ദത്തിനൊപ്പം തേങ്ങിക്കരഞ്ഞു..കണ്ണാടിയില്‍ തെളിഞ്ഞു വന്ന ചുവന്ന കണ്ണും മൂക്കും എന്നെ വല്ലാതെ തുറിച്ചു നോക്കിക്കൊണ്ടിരുന്നു.
പെട്ടന്ന് മമ്മിയുടെ സ്വരം
“ഇനി ഒന്നര മണിക്കൂര്‍ അതിനകത്താണൊ?”
മുഖം തുടച്ച് വേഗം ബാഗ് തുറന്ന് പുസ്തകങ്ങള്‍ എടുത്ത് വച്ചു.
പെട്ടന്ന് പുസ്തകത്തോടൊപ്പം ഒരു പൊട്ടിയ ഒരു സ്പൈഡര്‍മാന്റെ രൂപം.
മമ്മി കാണാതിരിക്കാന്‍ അതു ധൃതിയില്‍ ബാഗിലേക്കു തള്ളുന്നതിനിടിയില്‍ മമ്മി കണ്ടു.
“എന്താ അത്”
“മമ്മീ അത്, മോള് തന്നതാ...ഇന്ന് ചേട്ടന് ബര്‍ത്ത്ഡെ ഗിഫ്റ്റ്“
മമ്മിയുടെ വല്ലാതായ മുഖം... എന്നെ നോക്കി ചിരിച്ചു കൊണ്ട് പതുക്കെ അടുത്ത് വന്നിരുന്നു...
“മോനെ...മമ്മി എല്ലാം മറന്നല്ലോടാ..”
എന്നെ നെഞ്ചോട് ചേര്‍ത്ത് പിടിച്ച് നെറ്റിയില്‍ തെരു തെരെ ഉമ്മ വെക്കുമ്പോള്‍ ഞാന്‍ മമ്മിയുടെ കണ്ണീരിന്റെ ചൂട് അറിയുകയായിരുന്നു.
സ്നേഹിച്ചു കൊതി തീരാതെ, ജീവിതത്തിന്റെ തത്രപ്പാടിനിടയില്‍ എന്തൊക്കെയൊ എവിടെയൊക്കെയൊ ഉപേക്ഷിക്കപ്പെടേണ്ടി വരുന്ന അമ്മമാര്‍ക്കും, കൊതിച്ചിട്ടും കൊതിച്ചിട്ടും കിട്ടാതെ പോകുന്ന ലാളനയെയും സ്നേഹത്തെയും കുറിച്ചോര്‍ത്ത് വിതുമ്പുന്ന മക്കള്‍ക്കും മാത്രമായി ഒരു കൊച്ചു സ്നേഹ മഴ
28 അഭിപ്രായങ്ങൾ:
“മോനെ...മമ്മി എല്ലാം മറന്നല്ലോടാ..”
എന്നെ നെഞ്ചോട് ചേര്‍ത്ത് പിടിച്ച് നെറ്റിയില്‍ തെരു തെരെ ഉമ്മ വെക്കുമ്പോള്‍ ഞാന്‍ മമ്മിയുടെ കണ്ണീരിന്റെ ചൂട് അറിയുകയായിരുന്നു...
എന്റെ കണ്ണും നിറഞ്ഞു സ്വരം,ആ കുട്ടിക്കും ബെര്‍ത്ത്ഡേ പോയിട്ട് ഒന്ന് ശ്വാസം വിടാന്‍ പോലും നേരം കിട്ടാത്ത അവന്റെ അമ്മയ്ക്കും വേണ്ടി.
മമ്മി,പലതും മറക്കുകയാണ് ,മറക്കേണ്ട ഗതികേടിലാണ്,മക്കള്‍ക്ക് വേണ്ടി
സ്വരം എന്തെഴുതണമെന്നു അറിയുന്നില്ല.അത്ര നന്നായിരിക്കുന്നു. ഇതിലെ കഥാപാത്രങള്‍ ഞാനും മോനും അല്ലെ കുഞുവാവ ഒഴിച്ച്.
"മോനെ...മമ്മി എല്ലാം മറന്നല്ലോടാ..”... നാനാവിധമായ ‘തിരക്കു’കളില്‍ പെട്ട് മക്കളെയും ബന്ധങ്ങളെയും സ്വന്തം ജീവിതം തന്നെയും “എല്ലാം മറന്നു പോകുന്ന”വര്... അറിയാതെതന്നെ ‘24 x 7’ സംസ്കാരത്തിന്റെ ഇരകളാകുമ്പോള്‍ നഷ്ടപ്പെട്ടു പോകുന്ന നന്മകള്, ഓര്‍മകള്‍... ‘സ്വരം’ വരച്ചിട്ടത് മികച്ചൊരു വാങ്മയ ചിത്രം. കൂടുതല്‍ എഴുതാന്‍ വാക്കുകള്‍ കടമെടുക്കേണ്ടി വരുമെന്നു തോന്നുന്നതു കൊണ്ടു മാത്രം നിര്‍ത്തട്ടെ.
നമ്മളറിയാതെ, കൈമോശം വന്നു പോകുന്ന ചില നല്ല ശീലങ്ങള്‍...ആരെയും കുറ്റപ്പെടുത്താനാവാതെ നമുക്ക് എല്ലാം “അഡ്ജസ്റ്റ് ചെയ്ത്” ജീവിക്കാം...അങ്ങനെ സമാധാനിക്കാം..വ്യാമോഹങ്ങളൊന്നുമില്ലാതെ.
നന്ദി വല്യമ്മായി...
വേഴാംബലെ,
മനസ്സൊന്നു തേങ്ങിയെങ്കില്‍ നന്മ നഷ്ടപ്പെടാത്ത ആ നല്ല മനസ്സിന് നന്ദി.
വിജി,
ഇരകളായ് പോയ നമ്മള്, നന്മകളുടെ ശേഷിപ്പുകള്‍ തേടി, ചിതലരിക്കാത്ത നന്മകള് നട്ടു നനച്ചു വളര്‍ത്തേണ്ടിയിരിക്കുന്നു...
" കൊതിച്ചിട്ടും കൊതിച്ചിട്ടും കിട്ടാതെ പോകുന്ന ലാളനയെയും സ്നേഹത്തെയും കുറിച്ചോര്‍ത്ത് വിതുമ്പുന്ന മക്കള്‍ക്കും മാത്രമായി ഒരു കൊച്ചു സ്നേഹ മഴ ........................"
വളരെ ഹൃദയസ്പര്‍ശിയായ പോസ്റ്റ്..... , ഇനി വരുമ്പോള്‍ വിശദമായി എഴുതാം....
സ്നേഹിച്ചു കൊതി തീരാതെ, ജീവിതത്തിന്റെ തത്രപ്പാടിനിടയില്‍ എന്തൊക്കെയൊ എവിടെയൊക്കെയൊ ഉപേക്ഷിക്കപ്പെടേണ്ടി വരുന്ന അമ്മമാര്‍ക്കും, കൊതിച്ചിട്ടും കൊതിച്ചിട്ടും കിട്ടാതെ പോകുന്ന ലാളനയെയും സ്നേഹത്തെയും കുറിച്ചോര്‍ത്ത് വിതുമ്പുന്ന മക്കള്‍ക്കും മാത്രമായി ഒരു കൊച്ചു സ്നേഹ മഴ...
അങ്ങനെമാത്രമല്ലെ നമുക്ക് പറയാന്‍ പറ്റൂ..
അറിയാതെ കയറി വന്ന് നല്ല വാക്കുകള്‍ കോറിയിട്ട സുകുമാരേട്ടാ... ഒരുപാട് നന്ദി.
ഡിങ്കനെ ഇങ്ങനെ കരയിക്കല്ലേ പ്ലീസ് :(
qw_er_ty
പ്രിയപ്പെട്ട ഡിങ്കാ..
കരഞ്ഞെങ്കില്‍, ആ നല്ല മനസ്സില്‍ ഇനിയും സ്നേഹം കൈമോശം വന്നില്ലെന്നര്‍ത്ഥം...ആശ്വാസം! മനസ്സില്‍ സ്നേഹം കാത്തു സൂക്ഷിക്കുന്ന ഒരുപാട് ഹൃദയങ്ങള്‍ ഇവിടൊക്കെയുണ്ടല്ലൊ...നന്ദി.
മമ്മി പലതും മറക്കുന്നത് മക്കള്‍ക്ക് വേണ്ടിയാണെന്ന് വല്യമ്മായി കുറിച്ചുകണ്ടു...
അങ്ങനെ സമാധാനിക്കാം...
എല്ലാം മറന്നുള്ള ഓട്ടത്തിനൊടുവില്‍ അവര്‍ വളര്‍ത്തിയെടുക്കുന്നതും എല്ലാം മറക്കുന്ന മക്കളെയായിരിക്കും...
അഗതികളായിപ്പോകുന്ന സകലകുട്ടികള്ക്കുംവേണ്ടു സന്താനഗോപാലമെഴുതിയ കവി പോലും മറന്ന ദുഃഖമാണീ കുഞ്ഞുങ്ങളുടേത്...
ഭാവിയുടെ ബീജഗണിതത്തില്‍ അനാഥമാകുന്ന വര്‍ത്തമാനം... അവരീ അനാഥത്വത്തിന്റെ വഴിയേ നടന്നു ശീലിക്കൂ... അവരാണ് നമ്മുടെ ഭാവി.
സ്വരം , നന്നായിരിക്കുന്നു .
Ente kannukalum niranju poyi....., areyum kuttapeduthanakilla, jeevikkanayulla thirakkinidayil nammudethaya nalla nimishangal evideyo bali kodukendi varunnu ee adhunika yugathil
വായിച്ച് കണ്ണു നിറഞ്ഞു, ജീവിതത്തിന്റെ തിരക്കുകള്‍ക്കിടയില്‍ അറിയാതെ മറവിയിലേയ്ക്കു വീണുപോകുന്ന ബന്ധങ്ങള്‍...സ്വന്തം കുഞിന്റെ പിറന്നാള്‍ പോലും മറന്നുപോകുന്ന അമ്മ..എങ്കിലും അമ്മയെ മനസ്സിലാക്കുന്ന നന്മയുള്ള കുട്ടി..കൊള്ളാം നന്നായിരിയ്ക്കുന്നു നിഷാന്ത്..
മനൂ, അനാഥത്വത്തിന്റെ വഴിയെ അവരെ ഉപേക്ഷിക്കുന്നതിനു പകരം, ഒരിത്തിരി സ്നേഹം വല്ലപ്പോഴുമൊക്കെ അവര്‍ക്ക് നല്കാന് എല്ലാവര്ക്കും കഴിയുമായിരിക്കും ഒരു പക്ഷെ.അവരുടെ വേദന നമ്മുടേതുമാണെന്ന തിരിച്ചറിവോടെ മറുകുറി എഴുതിയതിനു ഒരുപാട് നന്ദി.
അരീക്കോടന്‍,
നന്ദി.
ചേച്ചീ,
കാലം സ്നേഹത്തിനായ് വഴിമാറുമെന്ന വെറുവാക്കില്‍ നമുക്ക് ആത്മാഹുതി ചെയ്യാനാവില്ലല്ലൊ...നമുക്ക് നഷ്ടപെട്ട നല്ല നിമിഷങ്ങളില്‍, പലതും ഇനി വരും തലമുറയ്ക്ക് നഷ്ടപ്പെടാതിരിക്കാന്‍ എന്തെങ്കിലും ഒക്കെ ചെയ്തെ പറ്റൂ...അല്ലെങ്കില്‍ വരും തലമുറകള്‍ ചരടു പൊട്ടിയ പട്ടം പോലെ ലക്ഷ്യമില്ലാതെ, ബന്ധങ്ങളെക്കുറിച്ചും, വേരുകളെക്കുറിച്ചും, അവരെക്കുറിച്ചു പോലുമറിയാതെ വെറുമൊരു കളിപ്പാട്ടം മാത്രമായി പോവില്ലെ..ആശങ്കകള്‍ പങ്കു വെക്കുന്നു അത്രമാത്രം...നിറഞ്ഞ മനസ്സിന്റെ സ്നേഹത്തിനു ഒരു പാട് നന്ദി.
veendum karayichu...ellaam makkal ku vendi.... aayirikam... pakshe snehathinum valsalyathinum pakaram veykaan mattenthundu... ee makkal valarnu valuthaayi parannakalumbo appozhaayirikum mummy ... amma aayi maarunnathu...thanichaakumbo
ശ്രീയേച്ചീ...
മമ്മിയും അമ്മയും വെറും വിളിപ്പേരുകളാണെന്ന് അവരുടെ കൊച്ചു മസ്തിഷ്കത്തില്‍ ചാപ്പ കുത്തിയത് നമ്മള് തന്നെ അല്ലെ? വികാരവും, വിവേകവും എന്തെന്നറിയാതെ ആസക്തമായ ജീവിതത്തോട് സന്ധിചെയ്യാന്‍ അവരെ പ്രേരിപ്പിച്ചതും നമ്മളല്ലെ?
പൊളിച്ചെഴുത്ത് നമ്മളില്‍ നിന്നും തന്നെ തുടങ്ങണം. ലോകത്തിന്റെ ഏതു കോണിലാണെങ്കിലും അമ്മ എന്നു കേള്‍ക്കുമ്പോള്‍ ശബ്ദമിടറുന്ന, വാത്സല്യത്തിന്റെ താരാട്ടു കേള്‍ക്കുന്ന മക്കളാവണം വരും തലമുറ...അത്യാഗ്രഹം ആവാതിരിക്കട്ടേ.
വായിച്ച് കണ്ണു നിറഞ്ഞു, ജീവിതത്തിന്റെ തിരക്കുകള്‍ക്കിടയില്‍ അറിയാതെ മറവിയിലേയ്ക്കു വീണുപോകുന്ന ബന്ധങ്ങള്‍...
സ്വാര്‍ത്ഥതയില്ലാത്ത നല്ല തിരിച്ചറിവ്...ഒരുപാട് നന്ദി സാരംഗി
ഇങ്ങനൊക്കെ എങ്ങും സംഭവിക്കാതിരിക്കട്ടേ ഒരു കഥയായിട്ട് പോലും വിശ്വസിക്കാന്‍ കഴിയുന്നില്ല!!
qw_er_ty
..തെരു തെരെ ഉമ്മ വെക്കുമ്പോള്‍ ഞാന്‍ മമ്മിയുടെ കണ്ണീരിന്റെ ചൂട് അറിയുകയായിരുന്നു...
ആ കണ്ണീരിന്റെ ചൂടെങ്കിലും ബാക്കിയാവട്ടെ അവര്‍ക്കായിട്ട്.
ഇഷ്ടമായി.
സാജന്,
എഴുതിയ കഥയക്ക് ജീവിക്കുന്നവരോ മരിച്ചവരോ ആയ ആരോടും സാമ്യമില്ല എന്നെഴുതിവച്ചാല്‍ കളവാകും എന്നത് കൊണ്ടാണ് എഴുതാതിരുന്നത്.പ്രവാസത്തിന്റെ ഇടനാഴികളില്‍ ഒരുപാട് കുഞ്ഞുങ്ങളുടെ സ്നേഹം കിട്ടാതെയുള്ള വിതുമ്പലുകളും, അവരെ ആശ്വസിപ്പിക്കാനാവാതെ ഉഴലുന്ന രക്ഷിതാക്കളുടെ വിങ്ങലുകളും നൊമ്പരമായി അവശേഷിക്കുന്നു...അതാണ് സത്യം
അപ്പൂസ്, കണ്ണീരു മാത്രം എവിടെയും...ഒരുപാട് നന്ദി..
സ്വരം
നന്നായിരിക്കുന്നു.
(പാട്ടു നിര്‍ത്താനല്ല പറഞ്ഞത്, തുടരുക)
ആശംസകള്‍!
-സുല്‍
സ്നേഹിച്ചു കൊതി തീരാതെ, ജീവിതത്തിന്റെ തത്രപ്പാടിനിടയില്‍ എന്തൊക്കെയൊ എവിടെയൊക്കെയൊ ഉപേക്ഷിക്കപ്പെടേണ്ടി വരുന്ന അമ്മമാര്‍ക്കും, കൊതിച്ചിട്ടും കൊതിച്ചിട്ടും കിട്ടാതെ പോകുന്ന ലാളനയെയും സ്നേഹത്തെയും കുറിച്ചോര്‍ത്ത് വിതുമ്പുന്ന മക്കള്‍ക്കും മാത്രമായി ഒരു കൊച്ചു സ്നേഹ മഴ...
സുല്‍, ഈ വികാരങ്ങളോടൊപ്പം സഞ്ചരിക്കാന്‍ കാട്ടിയ നല്ല മനസ്സിന് നന്ദി.
“മോനെ...മമ്മി എല്ലാം മറന്നല്ലോടാ..”
എന്നെ നെഞ്ചോട് ചേര്‍ത്ത് പിടിച്ച് നെറ്റിയില്‍ തെരു തെരെ ഉമ്മ വെക്കുമ്പോള്‍ ഞാന്‍ മമ്മിയുടെ കണ്ണീരിന്റെ ചൂട് അറിയുകയായിരുന്നു...
ഈ അമ്മയെ കീറിമുറിയ്ക്കരുത്..കാരണം ഇത് കരിയറിന് വേണ്ടി കുട്ടികളെ മന:പൂര്‍വ്വം മറക്കുന്ന സെല്‍ഫിഷായ അമ്മയല്ല മറിച്ച് ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിയ്ക്കാനുള്ള തത്രപ്പാടില്‍ കുറെ സമയത്തേയ്ക്ക് സ്വന്തം കുട്ടികളെ മറയ്ക്കേണ്ടി വരുന്ന, പിന്നെ ആ മറവിയുടെ ആത്മഗ്ലാനിയില് ഓരൊ നിമിഷവും ഉരുകുന്ന ഒരമ്മയാണ്. വല്യമ്മായിയുടെ വാക്കുകള്‍ അക്ഷരം പ്രതി ശരിയാണ് “മറക്കേണ്ട ഗതികേടിലാണ്,മക്കള്‍ക്ക് വേണ്ടി“
സ്വരം, ഈ കഥയില്‍ ഒരു കൂട്ടം പ്രവാസി അമ്മകളുടെയും കുഞ്ഞുങ്ങളുടെയും തേങ്ങല്‍ കേള്‍ക്കാം എനിയ്ക്ക്, അത് കൊണ്ട് തന്നെ കണ്ണ് നിറഞ്ഞു. നന്നായി അവതരിപ്പിച്ചിരിയ്ക്കുന്നു പ്രമേയം.
ഈ അമ്മയെ കീറിമുറിയ്ക്കരുത്..കാരണം ഇത് കരിയറിന് വേണ്ടി കുട്ടികളെ മന:പൂര്‍വ്വം മറക്കുന്ന സെല്‍ഫിഷായ അമ്മയല്ല മറിച്ച് ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിയ്ക്കാനുള്ള തത്രപ്പാടില്‍ കുറെ സമയത്തേയ്ക്ക് സ്വന്തം കുട്ടികളെ മറയ്ക്കേണ്ടി വരുന്ന, പിന്നെ ആ മറവിയുടെ ആത്മഗ്ലാനിയില് ഓരൊ നിമിഷവും ഉരുകുന്ന ഒരമ്മയാണ്.
നിമിഷ, ഈ അമ്മയ്ക്ക് മക്കളെ ആവോളം സ്നേഹിക്കാന്‍ കഴിയട്ടെ എന്നു മാത്രം ആശംസിക്കുന്നു...അമ്മമാരുടെ വേദനകളെ അതുപോലെ ചിതലില്‍ പകര്‍ത്തിയതിനു ഒരു പാട് നന്ദി.
ആനുകാലികങ്ങള്‍ ഐ.ടി.യിലെ വളര്‍ച്ചയും ശമ്പളത്തിന്റെ വലിപ്പവും പെരുപ്പിച്ചെഴുതുമ്പോള് അവരുടെ ജോലി സമയം കണ്ട് അത്ഭുതപ്പെട്ടിട്ടുണ്ട്. അടുത്ത തലമുറയെ ഇതെങ്ങനെ ബാധിക്കും എന്ന് ആലോചിച്ചിട്ടുമുണ്ട്.
നല്ല രചന!
നിര്‍മ്മലേച്ചീ..
ഹിമാലയത്തോളം വളരുമ്പോഴും സ്വത്വം നഷ്ടപ്പെട്ട വെറും ആള്‍ക്കൂട്ടങ്ങള്‍ മാത്രമായേക്കാം വരും തലമുറ..അങ്ങനെ ആവാതിരിക്കാന്‍, നമ്മള് മനസ്സും, കണ്ണും, കാതും തുറന്നേ മതിയാകൂ എന്ന് തോന്നുന്നു.
aaa kochindee cheriya oru agraham....adhu chaidhu kodukan pattatheee aaa amayudee vedanna....arukku veendiya eee ottavum chattavum....endhu needi eeee jeevidhadhil....Oru ammayudee kazhivukeedu ( i dont know the exact words ) edhil ninnu mansil avunnundu....tears were rolling from my eyes when i was reading the childs sadness and visualising aaa kochu endhu alojichittindavum ennu okeeee.....i am feeling heavy in my heart......
tears were rolling from my eyes when i was reading the childs sadness and visualising aaa kochu endhu alojichittindavum ennu okeeee.....i am feeling heavy in my heart......
http://chithal.blogspot.com/2007/05/blog-post_23.html
മറ്റൊരു നല്ല മനസ്സ്, അത്രയേ പറയാനുള്ളൂ ചേച്ചീ..
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ