2007, ജൂൺ 29, വെള്ളിയാഴ്‌ച

മൌന നൊമ്പരം

ചുറ്റിലും യൂക്കാലി മരങ്ങളുടെ പച്ചപ്പ്, കോടമഞ്ഞിനുമപ്പുറം പ്രകൃതിയുടെ കാഴ്ച മനസ്സിലെ ഓര്‍മ്മകളെ തിരികെ വിളിക്കുകയായിരുന്നു. മഞ്ഞു മൂടിയത് കൊണ്ട് അടുത്തുള്ള മരങ്ങളും പേരറിയാത്ത കാട്ടുചെടികളും, മുള്ളുചെടിയിലെ മഞ്ഞപ്പൂക്കളും മാത്രം കാണാം.
തൊട്ടടുത്ത് സൌഹൃദത്തിന്റെ നനുത്ത തലോടലോടെ എന്റെ കൂട്ടുകാരി. അവളെ ഞാന്‍ എപ്പൊഴായിരുന്നു പരിചയപ്പെട്ടത്. ഓര്‍ക്കുന്നില്ല. അവള്‍ ഒരുപാട് സംസാരിക്കുന്നുണ്ടായിരുന്നു. ജീവിതത്തെക്കുറിച്ച്, സ്വപ്നങ്ങളെക്കുറിച്ച്. പക്ഷെ ഇന്നലെകളെക്കുറിച്ച് ഒരിക്കലും വ്യക്തമായ് ഒന്നും പറഞ്ഞിരുന്നില്ല.ചോദിക്കാറുമില്ലായിരുന്നു. കാരണം പറയാന്‍ ഇഷ്ടമില്ലാത്തത് എന്തെങ്കിലുമൊക്കെ കാണുമായിരിക്കും എന്നുള്ള ഒരു തോന്നല്‍.
"നിനക്ക് ഈ സ്ഥലം പരിചയമുണ്ടൊ?"
അവളുടെ ചുണ്ടില്‍ പതിവില്ലാത്ത ഒരു കുസൃതിച്ചിരി. ഞാന്‍ അവളോട് ഈ സ്ഥലത്തെക്കുറിച്ച് ഒരിക്കലും ഒന്നും പറഞ്ഞിരുന്നില്ലല്ലോ...പിന്നെ എന്തെ പെട്ടന്നിങ്ങിനെയൊരു ചോദ്യം.ഞാന്‍ അവളുടെ തിളങ്ങുന്ന കണ്ണുകളിലേയ്ക്ക് നോക്കി.

"ഉവ്വ് പരിചയമുണ്ട്. ഇവിടെയായിരുന്നു പഠനയാത്രയുടെ ഒരു ദിവസത്തില്‍ ഞാനും അവളും ഇതുപോലെ കിന്നാരം പറഞ്ഞു നടന്നത്.ഇവിടെവച്ചായിരുന്നു അവളുടെ മനസ്സിലെ അനുരാഗത്തിന്റെ തീവ്രത ഞാന്‍ അറിഞ്ഞതും"

അപ്പോഴേക്കും അവള്‍ നടന്ന് കയറ്റം കയറി തുടങ്ങിയിരുന്നു. ഞാന്‍ സംസാരിച്ച് അവിടെ തന്നെ നില്‍ക്കുന്നത് കണ്ട് അവള്‍ ഓടി താഴേക്ക് വന്നു. തണുപ്പ് കൊണ്ട് ജീന്‍സിന്റെ പോക്കറ്റില്‍ തിരുകിയ കൈ പിടിച്ച് വലിച്ച് നടക്കാന്‍ തുടങ്ങി.

അവളുടെ ഭംഗിയായി ക്രോപ്പ് ചെയ്ത തലമുടി അനുസരണയില്ലാതെ പാറിപ്പറക്കുന്നുണ്ടായിരുന്നു. ചിലപ്പോള്‍ ഇവിടത്തെ കാറ്റിനു കുസൃതികൂടുതലാണ്. വല്ലാതെ ഇക്കിളിപ്പെടുത്തും. പിങ്ക് ജാക്കറ്റും കറുത്ത ജീന്‍സും അവളെ‍ ഒരു കൊച്ചു കുട്ടിയെ പോലെ തോന്നിച്ചു. വരുന്നവഴിക്ക് ഒരു തമിഴന്‍ സമ്മാനിച്ച ചുവന്ന തൊപ്പി ഇതുവരെ അവള്‍ ഊരിവച്ചിട്ടില്ല. സായിപ്പിന്റെ നാട്ടിലെ ശീലങ്ങള്‍ക്കൊപ്പം പിച്ചവെക്കാന്‍ തുടങ്ങിയിട്ട് വര്‍ഷം കുറെയായെങ്കിലും നാടിനോടും വീടിനോടുമുള്ള അവളുടെ അടങ്ങാത്ത അഭിനിവേശം ഇതുവരെ കുറഞ്ഞില്ലല്ലോ. അക്ഷരങ്ങളെ സ്നേഹിച്ചും, സംഗീതത്തെ പ്രണയിച്ചും കാലത്തോട് മത്സരിക്കുകയായിരുന്നോ അവള്‍.

പെട്ടന്ന് എന്റെ കയ്യും വിട്ട് അവളോടി.."ഹേയ്...ഈ സ്ഥലം എന്തു രസമാ...പ്രണയിക്കുന്നവര്‍ക്കുള്ള സ്വര്‍ഗ്ഗ രാജ്യം ഇതു തന്നെ."അവിടെ ചരിഞ്ഞിരിക്കുന്ന രണ്ടു പാറക്കല്ലുകള്‍. അവള്‍ ഒരു കൊച്ചു കുട്ടിയുടെ നിഷ്കളങ്കതയോടെ അവിടെയിരുന്നു. "അവിടെയിരിക്കെടോ"എന്റെ കണ്ണുകളിലേക്ക് ഇറങ്ങി വന്നിട്ട് "എന്നിട്ടിപ്പോ അവളെവിടെയുണ്ട്?" ചിരിച്ചു കൊണ്ട് തലയാട്ടി. "അറിയില്ല"

"നിനക്കറിയുമോ...ഞാന്‍ ഇങ്ങിനെ ചിരിക്കുന്നു. പക്ഷെ ആര്‍ക്കുമറിയില്ല എന്റെ വേദന. എനിക്കവനെ ഒത്തിരി ഇഷ്ടായിരുന്നു. പക്ഷെ എനിക്കൊരിക്കലും മനസ്സിലാകാത്ത കുറേ കാര്യങ്ങളും പറഞ്ഞ് കാത്തിരിക്കരുതെന്നും ഒരിക്കലും അങ്ങനെയൊരു ജീവിതത്തെക്കുറിച്ച് സ്വപ്നം കാണരുതെന്നും പറഞ്ഞു."

ഒരു കല്ലെടുത്ത് ആഴമറിയാത്ത വലിയ കൊല്ലിയിലേക്കവള്‍‌ അലസമായി വലിച്ചെറിഞ്ഞു.
"നിനക്ക് സുഖാണോ" അറിയാതെ എന്റെ മനസ്സില്‍ നിന്നും വന്ന ചോദ്യം

അവള്‍ തലയും താഴ്ത്തിയിരുന്നു. പിന്നെ എന്നെ തുറിച്ചു നോക്കി അവളുടെ കണ്ണിലെ തിളക്കത്തിനിടയിലും ഒരിറ്റു കണ്ണീര്‍.

"എയ്യ് ...കരയരുത്. ഈ നല്ല ദിവസം കരഞ്ഞു തീര്‍ക്കാനുള്ളതല്ല"അവള്‍ പെട്ടന്ന് കണ്ണു തുടച്ചു.
"സുഖം..ജീവിതം സുഖം, പക്ഷെ ഒരു ദിവസം പോലും മനസ്സില്‍ സുഖമെന്തെന്നറിഞ്ഞില്ല. സ്നേഹിച്ച പുരുഷനെ ജീവിതകാലം മുഴുവനും ഒന്നിച്ചു കിട്ടിയില്ലെങ്കില്‍..." അവള്‍ക്ക് വാക്കുകള്‍ മുഴുമിപ്പിക്കാന്‍ കഴിഞ്ഞില്ല...ചുമലില്‍ തട്ടി ആശ്വസിപ്പിച്ചു.

"ജീവിതം ഒന്നേയുള്ളൂ. അതിനി ജീവിച്ചു തീര്‍ത്തേ മതിയാകൂ."

"നീ അറിയോ, എല്ലാമുണ്ടായിട്ടും ഞാന്‍ അനാഥയെപ്പോലെയാണ്. എപ്പൊഴും അലഞ്ഞു നടക്കുന്ന മനസ്സ്. അതിനിടയില്‍ പലപ്പോഴായ് കണ്ടുമുട്ടുന്ന പല മുഖങ്ങള്‍. എപ്പോഴൊ ചില മനസ്സുകള്‍ എന്നെ വല്ലാതെ വലിച്ചടുപ്പിക്കുന്ന പോലെ തോന്നിപ്പോയി. ഒരുപാട് സ്നേഹം നല്‍കിക്കൊണ്ട്, ആശ്വസിപ്പിച്ചുകൊണ്ട്.

കുഞ്ഞു നാളില്‍ മഞ്ഞപ്പാവാടായും കുപ്പായവും ഇട്ട് കൂട്ടുകാരോടൊത്ത് നാട്ടുമാവിന്റെ ചോട്ടിലെ ഓലപ്പന്തലില്‍ മണ്ണപ്പം ചുട്ട് കളിച്ചപ്പോള്‍ എന്തൊരു സുഖായിരുന്നു. മനസ്സില്‍ വേദനകള്‍ ഒന്നുമില്ലായിരുന്നു. എന്നും കളിയും ചിരിയും. ഇന്നെന്റെ മോള്‍ക്ക് അതുപോലും ആസ്വദിക്കാനാവുന്നുണ്ടൊ. സായിപ്പിന്റെ നാട്ടിലെ ശീലങ്ങള്‍ക്കപ്പുറം അവള്‍ക്ക് ചിന്തിക്കാന്‍ കഴിയുമായിരിക്കും എന്നാശ്വസിക്കാനല്ലേ കഴിയൂ

ശരീരത്തോടൊപ്പം മനസ്സും വളര്‍ന്നപ്പോള്‍ എല്ലാം അല്‍ഭുതങ്ങളായിരുന്നു. കലാലയത്തിന്റെ ചുറ്റുമതിലിനടുത്തെവിടെയോ എന്നും എന്നെ പിന്തുടര്‍ന്ന ആ കണ്ണുകളോട് എപ്പൊഴാണോ ഇഷ്ടം തോന്നി തുടങ്ങിയത്. പിന്നെ പകലുകള്‍ക്കും രാത്രികള്‍ക്കും നിറങ്ങളുടെ ഉത്സവമായിരുന്നു. മനസ്സും സ്വപ്നങ്ങളും പങ്കുവെച്ചും ജീവിതകാലം വരെ ഒന്നിച്ചുണ്ടാകുമെന്നുമൊക്കെ...സ്നേഹം കൊണ്ട് തുലാഭാരം നടത്തി. "

ഇടയ്ക്ക് ഏങ്ങലുകള്‍ ഉയര്‍ന്നിട്ടും അവള്‍ എന്നെ നോക്കിക്കൊണ്ട് വേദനകളുടെ കെട്ടഴിച്ചു കൊണ്ടിരുന്നു.

"പക്ഷെ അവസാനം...എന്തിനായിരുന്നു അങ്ങനെ ഒക്കെ...ഇത്രയും ക്രൂരത എന്നോടു തന്നെ വേണമായിരുന്നോ...ഞാന്‍ കാത്തിരിക്കുമായിരുന്നല്ലോ ജീവനുള്ള കാലമത്രയും"

ഞന്‍ എഴുന്നേറ്റ് അടുത്ത് ചെന്ന്. കൈപിടിച്ചവളെ എഴുന്നേല്‍പ്പിച്ചു.

"വാ നടക്കാം" നേരത്തെ കണ്ട ഉന്മേഷവും പ്രസരിപ്പും ഒക്കെ പോയിരിക്കുന്നു. എന്റെ കയ്യും പിടിച്ച് പേടിച്ചരണ്ട ഒരു കുഞ്ഞിനെപ്പോലെ അവള്‍ നടന്നു. "നിനക്ക് തണുക്കുന്നുണ്ടൊ? എങ്കില്‍ നമുക്ക് മുറിയിലേക്ക് പോകാം"

പാറിപ്പറക്കുന്ന മുടി ഒതുക്കിക്കൊണ്ട് അവള്‍ പറഞ്ഞു "വേണ്ട...കുഴപ്പമില്ല. ഒരു പക്ഷെ ഇനി ജീവിതത്തില്‍ ഒരിക്കലും കണ്ടുമുട്ടില്ല നമ്മള്‍. ഈ നിമിഷങ്ങള്‍ എനിക്കു വേണം കാലങ്ങളോളം സൂക്ഷിച്ചു വെക്കാന്‍. നല്ല സൌഹൃദത്തിന്റെ ഓര്‍മ്മയ്ക്കായ്"

നേരം പോയതറിഞ്ഞില്ല. രാവിലെ അതിരാവിലെ കുളിച്ചു തയ്യാറായി. 10 മണിയാവുമ്പോഴേക്കും റെയില്‍‌വെ സ്റ്റേഷനില്‍ എത്തണം. അവളെയും പ്രതീക്ഷിച്ച് കൂട്ടുകാര്‍ അവിടെ കാത്തു നില്‍ക്കുമെന്നാണ് പറഞ്ഞത്.
ഹോട്ടലിലെ അവളുടെ മുറിയുടെ കോളിങ്ങ് ബെല്‍ അടിച്ചു, വെളുത്ത വസ്ത്രങ്ങളണിഞ്ഞ് ഈറന്‍ മുടിയുമായ് അവള്‍ പുഞ്ചിരിച്ചു. അകത്തേക്ക് കയറിത്തുടങ്ങിയ എന്റെ മുഖത്തേക്ക് മുടിയിലെ വെള്ളത്തുള്ളികള്‍ തെറിപ്പിച്ച് അവളുടെ കുറുമ്പ് കാട്ടി.

"ഒരു 10 മിനിറ്റ് കൂടെ.ഞാന്‍ റെഡി. നീ അവിടെ ഇരിക്ക്"

ജനലിനടുത്തേക്ക് ചെന്ന് പുറത്തെക്കാഴ്ചകള്‍ നോക്കി നിന്നപ്പോള്‍ പുറകില്‍ നിന്നും ഒരു വിളി."മാഷെ ഒന്നു ഹെല്‍പ്പ് ചെയ്യെടോ" പെട്ടി അടുക്കി വെക്കുകയായിരുന്നു അവള്‍.ഇന്നലെ രാത്രി പിരിയുന്നതു വരെ തൊട്ടാവാടിയായിരുന്ന ഈ കുട്ടി ഇന്നെങ്ങിനെ ഇത്ര ധൈര്യം കാണിക്കുന്നു. അല്‍ഭുതത്തോടെ അവളെ നോക്കി.
കൂസലില്ലാതെ അവള്‍ പറഞ്ഞു "ഈ വേര്‍പിരിയല്‍ എങ്കിലും സന്തോഷത്തോടെ ആവാലോ""കറക്ട്..ഇപ്പൊഴാണ് അതിന്റെ ഒരു സുഖം കിട്ടിയേ" ഞാനും വിട്ടു കൊടുത്തില്ല.
കൃത്യസമയത്ത് തന്നെ റെയില്‍‌വ്വേ സ്റ്റേഷനില്‍ എത്തി. എല്ലാവരും അവിടെ കാ‍ത്തിരിക്കുന്നുണ്ടായിരുന്നു.വണ്ടി എത്താനും താമസിച്ചില്ല.

കൂട്ടുകാരോടൊപ്പം സംസാരിച്ചു കൊണ്ട് അവളും വണ്ടിയുടെ അടുത്തേക്ക് നടന്നു. എന്നെ ഒന്നു നോക്കുക പോലും ചെയ്യാതെ. വണ്ടിയില്‍ ഓരോരുത്തരായി കയറി. അവസാനത്തെ ഊഴം അവളുടെതായിരുന്നു.വണ്ടി പതുക്കെ നീങ്ങിതുടങ്ങി..പെട്ടന്ന് ആരോ ഒരു പാക്കറ്റ് എന്റെ നേരെ വലിച്ചെറിഞ്ഞു.

"എന്നെ തനിച്ചാക്കി പോയ കൂട്ടുകാരാ..നിന്നെ എനിക്കു ഭയമാണ്, നീ എന്നെ അറിയുന്നു. നിന്റെ കണ്ണുകള്‍ എന്നെ നിന്റെ ഹൃദയത്തിലേക്ക് വലിച്ചടുപ്പിക്കുന്നു. നിന്റെ സ്നേഹമൂറുന്ന വാക്കുകള്‍ എന്റെ മനസ്സിലെ അറ്റുപോയ പ്രണയഭാവത്തിനു ഉണര്‍വു നല്‍കുന്നപോലെ...വേണ്ട...ഒന്നും വേണ്ട...നിന്നെ എനിക്കിഷ്ടമാണ്. എനിക്കറിയാം,നിനക്കെന്നെയും ഒരുപാട് ഇഷ്ടമാണെന്ന്. ഒരിക്കലും പറയാതിരുന്ന ഒരു നല്ല ഇഷ്ടം. നമ്മുടെ സൌഹൃദത്തിനിടയിലെ പ്രണയത്തിന്റെ നേര്‍ത്ത മഞ്ഞുപാളികളെ നമുക്കവഗണിക്കാം...നല്ല ഇന്നിനും നാളെയ്ക്കും വേണ്ടി. നന്മകള്‍ മാത്രം നേരുന്നു"

5 അഭിപ്രായങ്ങൾ:

swaram പറഞ്ഞു...

എന്നെ തനിച്ചാക്കി പോയ കൂട്ടുകാരാ..നിന്നെ എനിക്കു ഭയമാണ്, നീ എന്നെ അറിയുന്നു. നിന്റെ കണ്ണുകള്‍ എന്നെ നിന്റെ ഹൃദയത്തിലേക്ക് വലിച്ചടുപ്പിക്കുന്നു. നിന്റെ സ്നേഹമൂറുന്ന വാക്കുകള്‍ എന്റെ മനസ്സിലെ അറ്റുപോയ പ്രണയഭാവത്തിനു ഉണര്‍വു നല്‍കുന്നപോലെ...വേണ്ട...ഒന്നും വേണ്ട...നിന്നെ എനിക്കിഷ്ടമാണ്. എനിക്കറിയാം,നിനക്കെന്നെയും ഒരുപാട് ഇഷ്ടമാണെന്ന്. ഒരിക്കലും പറയാതിരുന്ന ഒരു നല്ല ഇഷ്ടം. നമ്മുടെ സൌഹൃദത്തിനിടയിലെ പ്രണയത്തിന്റെ നേര്‍ത്ത മഞ്ഞുപാളികളെ നമുക്കവഗണിക്കാം...നല്ല ഇന്നിനും നാളെയ്ക്കും വേണ്ടി. നന്മകള്‍ മാത്രം നേരുന്നു

സാരംഗി പറഞ്ഞു...

"പാറിപ്പറക്കുന്ന മുടി ഒതുക്കിക്കൊണ്ട് അവള്‍ പറഞ്ഞു "വേണ്ട...കുഴപ്പമില്ല. ഒരു പക്ഷെ ഇനി ജീവിതത്തില്‍ ഒരിക്കലും കണ്ടുമുട്ടില്ല നമ്മള്‍. ഈ നിമിഷങ്ങള്‍ എനിക്കു വേണം കാലങ്ങളോളം സൂക്ഷിച്ചു വെക്കാന്‍. നല്ല സൌഹൃദത്തിന്റെ ഓര്‍മ്മയ്ക്കായ്"


കഥ വായിച്ചു. ഇഷ്ടമായി. പറയാതെ മനസ്സില്‍ ഒളിപ്പിച്ച ഒരു പ്രണയം വരികള്‍ക്കിടയിലൂടെ വായിച്ചെടുക്കാന്‍ പറ്റുന്നു. ഇനിയും എഴുതൂ, നല്ല കഥകള്‍.

swaram പറഞ്ഞു...

സാരംഗി, പ്രണയിക്കാത്ത മനസ്സുകളുണ്ടൊ? കൂടുതലും അര്‍ത്ഥപൂര്‍ണ്ണമാകാത്ത പ്രണയങ്ങളായിരുന്നുവെന്ന് മാത്രം. ഒരു പാട് സ്ന്തോഷം വന്നതിലും കമന്റിയതിലും.

വേഴാമ്പല്‍ പറഞ്ഞു...

സ്വരം, ചില സൌഹൃദങ്ങള്‍ ചിലപ്പോള്‍ പ്രണയത്തിന്റെ നേര്‍ത്ത മഞ്ഞുപാളികള്‍ തീര്‍ത്തേക്കാം.അവയെ കണ്ടില്ലെന്നു നടിച്ചൂ ജീവിതതിന്റെ യാഥാര്‍ത്യത്തിലേക്കു തിരിച്ചു നടത്തിക്കുന്ന ഒരു പാട് നല്ല വരികള്‍ കൊണ്ട് സമ്പന്നമായ എഴുത്ത്,ഇനിയും എഴുതൂ.

swaram പറഞ്ഞു...

സ്വരം, ചില സൌഹൃദങ്ങള്‍ ചിലപ്പോള്‍ പ്രണയത്തിന്റെ നേര്‍ത്ത മഞ്ഞുപാളികള്‍ തീര്‍ത്തേക്കാം.അവയെ കണ്ടില്ലെന്നു നടിച്ചൂ ജീവിതതിന്റെ യാഥാര്‍ത്യത്തിലേക്കു തിരിച്ചു നടത്തിക്കുന്ന ഒരു പാട് നല്ല വരികള്‍ കൊണ്ട് സമ്പന്നമായ എഴുത്ത്,ഇനിയും എഴുതൂ.

വേഴാംബലേ ഇങ്ങിനെ ചിലതൊക്കെ ഈ കുഞ്ഞു കഥയില്‍ സംഭവിച്ചോ? ഒരു പാട് നന്ദി വന്നതിലും കമന്റുകൊണ്ട് കഥയെ ഒന്നു പിടിച്ചുലച്ചതിനും.