2007, ഓഗസ്റ്റ് 20, തിങ്കളാഴ്‌ച

ss <സ്പേയ്സ്> മാവേലി

ഫ്ലാഷ് ന്യൂസ് തലങ്ങും വിലങ്ങും മനുഷ്യനെ പേടിപ്പിച്ചു കൊണ്ട് സ്ക്രീനിലൂടെ നെട്ടോട്ടം ഓടുന്നു. സൂപ്പര്‍ സ്റ്റാര്‍ ഇന്നവസാനിക്കുന്നു. എസ്.എം.എസുകള്‍ ഇനിയും അയക്കാം. അമ്മമാരും പെങ്ങമ്മാരും ദൈവങ്ങളെ മണിയടിച്ചും, തലയിട്ടടിച്ചും തങ്ങളുടെ ഗ്രൂപ്പില്‍ കേറ്റാനുള്ള എല്ലാ പരിപാടിയും ചെയ്തോണ്ടിരിക്കുന്നു. അമ്പലങ്ങളിലും, പള്ളികളിലും കൂട്ടയോട്ട മത്സരം തന്നെ നടക്കുന്നു. ശാന്തിക്കാരന്റെ മടിശ്ശീലയും ദൈവത്തിന്റെ ഭണ്ടാരപ്പെട്ടിയും നിറഞ്ഞു കവിഞ്ഞൊഴുകുന്നു. വഴിപാടുകള്‍ സെക്രട്ടറിയേറ്റ് നടയ്ക്കലെ സത്യാഗ്രഹം പോലെ ഒന്നിനൊന്നു ഉഗ്രരൂപം പ്രാപിക്കുന്നു. ഈ എസ്.എം.എസ് കണ്ടുപിടിച്ചവനെ ഇപ്പൊ കിട്ടിയിരുന്നെങ്കില്‍ ...എന്റെ പൊന്നേ...!!

മാലോകരുടെ നെട്ടോട്ടം കണ്ട് അന്തം വിട്ട്, മുന്നിലെ ചെളിക്കുണ്ട് കണ്ടില്ല, ഹൈവേ എന്നും വിളിക്കുമത്രേ ഇതിനെ..കുഴിയില്‍ വീഴാതിരിക്കാനുള്ള ചാട്ടത്തിനിടയില്‍ അരയില്‍ നിന്നും ഊര്‍ന്നിറങ്ങിയ ഉടുതുണിയുടെ ഒരറ്റം ഇടത്ത് കൈകൊണ്ട് കൂട്ടിപ്പിടിച്ച് മറ്റെകയ്യിലെ ഓലക്കുട പാറിപോവാതെ കെട്ടിപ്പിടിച്ച് ഒരു വിധത്തില്‍ അമ്പലപ്പറമ്പില്‍ വലിഞ്ഞു കേറി.

കഴിഞ്ഞ പ്രാവശ്യം വന്നപ്പോ ഇങ്ങിനൊന്നുമായിരുന്നില്ലല്ലൊ എന്റെ പ്രജകള്‍. വീടിനു പുറത്തിറങ്ങാതെ പെട്ടിക്കു മുന്നില്‍ അടയിരുന്ന ഇവറ്റകള്‍ക്കിതെന്തുപറ്റിയെന്റെ നാരായണ!! പാതാളത്തില്‍ നിന്നും സൂപ്പര്‍ഫാസ്റ്റ് പിടിച്ചിങ്ങെത്തുവോളം യാത്ര സുഖകരമായിരുന്നു. തലസ്ഥാനം മുതല്‍ കാസര്‍ഗോഡ് വരെ ഓട്ടപ്രദക്ഷിണം നടത്തിയപ്പോഴേക്കും അസ്കിത കലശലായി.നമ്മുടെ രാജ്യത്തിലെ റോഡൊക്കെ നല്ല പപ്പട പരുവത്തിലായതു കൊണ്ട് നട്ടെല്ലിന്റെ നട്ടും ബോള്‍ട്ടും സ്ഥാനം തെറ്റി കിടക്കുന്ന പോലെ. എന്നാലും ആശ്വാസം.നമ്മുടെ പ്രജകള്‍ അപ്പാടെ ദൈവ ഭക്തരും, സ്നേഹ സമ്പന്നരും ആയല്ലോ.

അമ്പലത്തിലെ ആല്‍തറയില്‍ അല്പമൊന്ന് റസ്റ്റെഡുക്കാനിരുന്നു. ഇതേതടാ ഒരു പുതിയ അവതാരം. നമ്മുടെ കഞ്ഞിയില്‍ പാറ്റ ഇടാനുള്ള സെറ്റപ്പാണോ എന്ന മട്ടില്‍ തൊട്ടപ്പുറത്തിരിക്കുന്ന കാവി ഉടുത്ത താടിക്കാരന്‍ രൂക്ഷമായൊന്നു നോക്കി. എന്നിട്ട് അടുത്തിരുന്ന കൈനോട്ടക്കാരനോടൊരു കമന്റും.
“ലവനൊന്നും വേറെ ഒരു പണിയുമില്ലെടേയ്...തലയില്‍ ഒരു തൊപ്പിയും, ഒരു ഓലക്കുടയുമെടുത്തിറങ്ങിക്കോളും...ബാലെയാ അതോ സൂപ്പര്‍സ്റ്റാറിനു പഠിക്കുകയോ...പരട്ട് ജന്മം”
അതു പറഞ്ഞ് സന്യാസിവര്യന്‍ വായിലുണ്ടായിരുന്ന പാ‍ന്‍പരാഗിന്റെ ചുവന്ന വെള്ളം പാറ്റി തുപ്പി.

കാര്യം എക്സ് മിനിസ്റ്റര്‍ ഒക്കെയാണ്. എന്നാലും നാട്ടുകാരു കേറി സവാരിഗിരിഗിരി നടത്തിയാല്‍ പാണ്ടി വണ്ടി കേറിയ പാട്ട പോലെ ആവും തടി. തടിയുണ്ടെങ്കില്‍ പുല്ലും പറിക്കാലോ... ഒന്നും മിണ്ടാതെ ഫ്രീയായി കിട്ടിയ ആട്ടും തുപ്പും അപ്പാടെ വിഴുങ്ങി ഒരൊറ്റ മുങ്ങല്‍.

മഴക്കാലത്തും ദാഹം!! കലികാലം. പെട്ടിക്കടയിലെ ഐസുപെട്ടി കൊതിയോടെ നോക്കി.
“മോനെ ഒരു സംഭാരം”

നാലുറുപ്യ...ഒരു പാക്കറ്റ് നീട്ടി പിടിച്ച് ചെറുപ്പക്കാരന്‍ കണ്ണുരുട്ടി.
“അയ്യൊ മോനെ, സംഭാരം കുടത്തിലല്ലെ? ഇതെന്താ ഇങിനെയൊക്കെ പൊതിഞ്ഞു കെട്ടിയിട്ട്”
“നാശം, ഇതൊക്കെ ഏതു പട്ടിക്കാട്ടില്‍ നിന്നും വരുന്നതാണോ എന്തോ...“
“ആ സാധനത്തിനെന്താ വില”
“പെപ്സിയോ?”
“ആഹ് അതു തന്നെ...കുടിക്കാനുള്ളതല്ലെ?”
കാലം മാറിയില്ലെ, പാതാളത്തില്‍ ചെന്ന് കുടുംബത്തോട് പറയാലോ ഇവിടത്തെ പുതിയ രുചികളും, രീതികളും ഒക്കെ. പരിഷ്കാരം അവിടെയും നടപ്പാക്കാലോ..
ഒരു കൊച്ചു പെപ്സി ടിന്നും വാങ്ങി ശ്രീ സന്യാസിവര്യന്‍ കാണാതെ ആല്‍തറയുടെ മറപിടിച്ച് താഴെയിരുന്നു. തിരിച്ചും മറിച്ചും നോക്കി. ഇതൊന്ന് തുറക്കാനുള്ള ഗുട്ടന്‍സ് എങ്ങനാണാ‍വോ..ഇടത്തും വലത്തുമിട്ട് കുലുക്കി നോക്കി..ഏതെങ്കിലും അടപ്പെങ്ങാനും തുറന്ന് പോന്നാലോ...ഇന്നലെ സൈബര്‍കഫേകാരന്‍ പറഞ്ഞ പോലെ ഇനിയിപ്പോ ഇതു തുറക്കാന്‍ വല്ല പാസ്‌വേര്‍ഡോ മറ്റോ ഉണ്ടാവ്യൊ...ആകെ മൊത്തം കണ്‍ഫ്യൂഷന്‍ അടിച്ചിരിക്കുമ്പോഴതാ വരുന്നു ഒരു കൊച്ചു കുട്ടി. മുടിയൊക്കെ ചെവിക്കിരുവശവും ചട്ടി വച്ചു മുറിച്ച്, ബാക്കി ഭാഗത്തൊക്കെ ചെമ്പന്‍ നിറം പൂശിയിരിക്കുന്നു. കഴുത്തിലൊരു തടിച്ച ഇരുമ്പു ചങ്ങലയും.കയ്യില്‍ പലനിറത്തിലുള്ള കുറെ ചരടും.

“ഡാ മോനെ, ഒന്നിങ്ങു വന്നെ“
“യേസ് മേന്‍, ഹൌ കേന്‍ ഐ ഹെല്‍പ്പ് യു”
തള്ളിപ്പോയ കണ്ണ് നിമിഷം പോലും പാഴാക്കാതെ പിടിച്ചകത്തോട്ടിട്ട്,
“ഇത്, ഇതൊന്നു തുറക്കണം.“
“സില്ലി മേന്‍..ഇറ്റ്സ് ഏസ് സിമ്പിള്‍ ഏസ് ദിസ് “
ടക്ക്...
സംഭവിച്ചതെന്താണെന്നറിയാതെ അരയില്‍ ചുറ്റിയ മുണ്ടിന്റെ കെട്ടഴിച്ച് മുഖമൊന്ന് തുടച്ചു.
ഒരു തുള്ളി പോലും പുറത്ത് പോകാതെ പതയും നുരയും മുഖത്തും തലയിലും ഒലിച്ചിറങ്ങി.
“യു ഇഡിയറ്റ്, അതു കുലിക്കി കളിക്കുവായിരുന്നൊ ഇത്രയും നേരം”
ഇതും പറഞ്ഞ് ആ ടിന്നും വലിച്ചെറിഞ്ഞ് “യെഹി ഹെ റൈറ്റ് ചോയ്സ് ബേബി” എന്നും പാടിക്കോണ്ട് അവനോടി മറഞ്ഞു.
ആരും കണ്ടില്ല, അല്ലെങ്കില്‍ ചമ്മല്‍ ഓണ്‍ ഡിമാന്റായിപ്പോയേനെ..
മനസ്സിനൊരു സമാധാനവും കിട്ടുന്നില്ല...ഇതെങ്ങ്നാനും എക്സ്ക്ലൂസീവായിട്ട് പാതാളത്തില്‍ ടെലിക്കാസ്റ്റ് ചെയ്താല്‍ മാനക്കേടായിപ്പോവില്ലെ..പ്രതിപക്ഷം അന്തോം കുന്തോമില്ലാരിക്കുന്ന കാലവും. അതും പോരാഞ്ഞ് പാളയത്തില്‍ പട ആവശ്യത്തിലേറെയുണ്ട്. നാരദ സിണ്ടിക്കേറ്റാണെങ്കില്‍ വിടാതെ പുറകെയുണ്ട് താനും. ഇവന്മാരെല്ലാം ചേര്‍ന്ന് വേണമെങ്കില്‍ ചര്‍ച്ചയും അഭിപ്രായസര്‍വ്വേയും വരെ നടത്തിക്കളയും.

ഒരു റാലി വരുന്നുണ്ടല്ലോ. ഇതെന്താ ഈ ഉച്ച നേരത്തൊരു റാലി. വല്ല ഹര്‍ത്താലൊ ബന്ദോ ആണോ നാരായണാ..? ഇതു നമ്മുടെ അണ്ണനല്ലേ, ചിരിച്ചോണ്ട് മറ്റുള്ളവരുടെ മോന്തയ്ക്കെറിഞ്ഞ് റബ്ബര്‍മിഠായി സ്വന്തം വായിലെത്തിച്ച് ളകളക്കളക്ക പറയുന്ന നമ്മുടെ സൂപ്പര്‍ സ്റ്റാര്‍..അങ്ങേര്‍ക്കിതെന്തു പറ്റി.

“വൊവ് മേന്‍, ഇത് അവരുടെ ഫാന്‍സ് അസോസിയേഷന്റെ പരിപാടിയാ” നമ്മുടെ പയ്യന്‍സ് തൊട്ടടുത്ത്.

“അതെ അണ്ണാ പറയുമ്പോ ഒന്നും തോന്നണ്ട...ബാലെയാണെങ്കിലും, ഡാന്‍സ് ആണെങ്കിലും ഫാന്‍സില്ലെങ്കില്‍ കാര്യം പോക്കാ..ചുമ്മ ഇങ്ങിനെ കറങ്ങിയടിച്ചു നടക്കാതെ, ചിക്ക്ലി ഇറക്ക്, കള്ളും പെണ്ണും കൊടുക്ക്...എന്നാല്‍ ജീവിച്ചു പോകാം..അല്ലെങ്കില്‍ ഇങ്ങിനെ വേഷവും കെട്ടി അമ്പലപ്പറമ്പിലെ തറയും ചാരി ഇരിക്കത്തെയുള്ളൂ..”

കൊച്ചിന്റെ വര്‍ത്താനം കേട്ടപ്പോള്‍ തൊണ്ടക്കുഴി അക്കേഷ്യാ കുഴിച്ചിട്ട ചതുപ്പു പോലായി. എന്തൊക്കെ പരീക്ഷണം എന്റെ നാരായണ!! മതി അമ്പലം ചുറ്റിയുള്ള കളി.

കൊള്ളാലോ അച്ഛന്മാരും ജാഥവിളി തുടങ്ങിയോ...പക്ഷെ അവരുടെ വിളിയില്‍ ഒരു “ഉള്‍വിളി” ഇല്ലാത്തതു പോലെ...ഇടതും വലതും ഇപ്പൊ ന്യൂനമായൊരു പക്ഷവും കൂടെ ചേര്‍ന്നൊ!! കോള്ളാലോ ഈ ഓണക്കളി.
നമ്മളിപ്പോ വരുത്തനാണെങ്കിലും കാര്യമെന്താണെന്ന് അറിയണമല്ലോ

ആഹാ..അങ്ങേര് കാര്യായിട്ട് എന്തൊക്കെയൊ പറയുന്നുണ്ടല്ലോ...
“കുഞ്ഞാടുകളേ നമ്മളുണ്ടാക്കിയ കോളേജ് നമ്മളുടെ സമുദായത്തിലെ പാവങ്ങളെപ്പോലും മൈന്റ് ചെയ്യാതെ, കാശുള്ളവന് മാത്രം സീറ്റ് കൊടുത്താല്‍ ഇവിടുത്തെ സര്‍ക്കാരിന് പൊള്ളും പോലും...എന്നാല്‍ പിന്നെ അതൊന്ന് കാണണമല്ലോ, നമ്മള്‍ ന്യൂനപക്ഷങ്ങള്‍ പറയുന്നപോലെ ചാടികളിച്ചില്ലെങ്കില്‍ വിമോചനനെ വിളിക്കും നമ്മള്‍!! “

ഇതും പറഞ്ഞ് അച്ചന്‍ അരയിലെ വള്ളിയില്‍ തൂക്കിയിട്ട മൊബൈല്‍ ഫോണ്‍ എടുത്തു...എന്നിട്ട് മൈക്കിനു നേരെ പിടിച്ചിട്ട് പറഞ്ഞു...

“നമ്മുടെ കൂടെ എന്തിനും തയ്യാറായി ഒരുങ്ങി നില്‍ക്കുന്ന പാവപ്പെട്ട ഒരു മനുഷ്യന്റെ ശബ്ദമാണിത്, പെണ്ണുള്ളിടത്തെല്ലാം പീഡനം നടത്താമെന്നും പീഡനം എങ്ങനെ സ്വാശ്രയമായി നടത്താം എന്ന് ലേബും പ്രജക്റ്റ് റിപ്പോര്‍ട്ടുമില്ലാതെ പഠിപ്പിച്ചതിന് ഇദ്ദേഹം അനുഭവിച്ച നരകയാതനയ്ക്ക് കയ്യും കണക്കുമുണ്ടൊ..നമ്മള്‍ ഒറ്റക്കെട്ടാവണം ന്യൂനപക്ഷെ പീഠനത്തിനെതിരെ ശക്തമായി പടയൊരുക്കം തന്നെ നടത്തി ഈ തെമ്മാടിപ്പരിഷകളെ നാടുകടത്തണം”

ഹായ്!! കൊള്ളാലോ അച്ഛന്‍!! ദൈവത്തിന് നിരക്കാത്തതൊന്നു ചെയ്യാത്ത പാവപ്പെട്ട അച്ഛന്‍ തന്നെ...
തിരിഞ്ഞ് നോക്കിയപ്പോള്‍ വെളുത്ത പെയിന്റടിച്ച കര്‍ത്താവതാ കുരിശില്‍ തറഞ്ഞ് കിടന്ന് ദയനീയമായി താഴോട്ട് നോക്കുന്നു.

“എന്റെ കര്‍ത്താവേ, നന്നായി അങ്ങ് ഈ കിടപ്പു കിടന്നത്. ഇത്ര ആണിയല്ലേ പണ്ട് അവന്മാരടിച്ചുള്ളൂ...ഇപ്പോഴെങ്ങാനുമായിരുന്നെങ്കില്‍ വിവരം അറിഞ്ഞേനേ. ഇവന്മാര്‍ ആണിയടിക്കുവേം ചെയ്യും ആസനത്തില്‍ എണ്ണയൊഴിച്ച് തീവെക്കുവേം ചെയ്യും. അതുകൊണ്ട് നീയൊന്നുമറിഞ്ഞില്ല, നീയൊന്നും കേള്‍ക്കുന്നുമില്ല എന്ന മട്ടില്‍ കയ്യും പൊക്കി പിടിച്ചവിടെ തന്നെ തൂങ്ങിക്കോ, സപ്പോര്‍ട്ടിനാ ആണിയെങ്കിലുമുണ്ടല്ലോ”

കര്‍ത്താവിനോടുള്ള ഹോട്ട് ഡിസ്കഷന്‍ കഴിഞ്ഞപ്പോഴേക്കും, കുറെ പിള്ളേരു കൂടി ഉടുതുണി പിടിച്ചു വലിക്കുന്നു.

“മക്കളേ ഇതു ഞാനാടാ, നിങ്ങളുടെ അപ്പനപ്പൂപ്പന്മാരുടെ കൂടെ ചേറ്റിലും പറമ്പത്തും പണിയെടുത്ത് മുച്ചീട്ട് കളിച്ച്, ഒറ്റ കുടത്തില്‍ കള്ളും കുടിച്ച് നടന്ന്, കം‌പ്ലീറ്റ് സോഷ്യലിസം കൊടി പിടിക്കാതെ നടപ്പിലാക്കിയ ഞാന്‍, ആ മാവേലി തമ്പുരാനാ മക്കളേ ഇത്..”

“തള്ളേ, ലവന്‍ ആളു പുലിയാണ് കേട്ടാ.. ഒറ്റ ശ്വാസത്തില്‍ അമിട്ടാ‍ണല്ലാ പൊട്ടിക്കണെ, സുരേഷ് ഗോപി അണ്ണന്റെ അണ്ണാക്കില്‍ രഞ്ഞിത്തണ്ണന്‍ എത്ര പൊളപ്പന്‍ ഡയലോഗ് തള്ളിയാലും ഇത്രയ്ക്ക് പൊളക്കൂല്ല കേട്ടാ, തമ്പ്രാനാ ല്ലെ? ആറാം തമ്പുരാന്റെ ആരെങ്കിലുവാണൊ തള്ളേ”

കൊച്ചുങ്ങളുടെ നാക്കില്‍ ഇതേത് ഭാഷ നാരായണ!! പണ്ട് ഇതൊന്നുമില്ലായിരുന്നല്ലോ

“സാര്‍ ജെ.സി.ബി. വേണോ?”
“ജെ.സി.ബിയോ അതെന്തു പുകിലാഡോ”
“ആദ്യായിട്ടാ അല്ലെ ഇങ്ങോട്ട്. ഇതു മൂന്നാറാ സാറേ, മിനിമം ഒരു ജെ.സി.ബി എങ്കിലും ഇല്ലാതെ വഴി നടക്കാന്‍ പറ്റൂല്ല, വേണെങ്കില്‍ പറഞ്ഞോ, ഒപ്പിച്ചു തരാം...കെട്ടിടങ്ങള്‍ ഇഷ്ടം പോലെ പളപളാന്ന് കിടക്കണ കാണുമ്പോ തന്നെ കൊതിയാവുന്നില്ലേ മനുഷ്യാ അതൊക്കെ ഒന്നു മാന്തി പൊളിക്കാന്‍ ”

“അതെന്തിനാ മാന്തിപ്പൊട്ടിക്കുന്നേ, നല്ല സൊയമ്പന്‍ കെട്ടിടാണല്ലോ”

“എന്റെ സാറേ, യെവന്മാരൊക്കെ ആരാന്റെ പറമ്പില്‍ കുത്തിപ്പൊക്കിയിട്ട് ആളായതല്ലേ..അതൊന്നും മാന്തിയാല്‍ പോരാ, ഇവ്നെയൊക്കെ മൈതാനത്ത് നട്ടപ്പൊരിയുന്ന വെയിലത്ത് ഉടുതുണിയില്ലാത കുനിച്ച് നിര്‍ത്തി ചന്തിക്ക് ചാട്ടകൊണ്ട് പെടക്കണം. എന്നാലേ ഈ നാടു നന്നാവൂ”
യെവന്‍ സഹകരണ മന്ത്രീടെ സ്വന്തം ആളു തന്നെ, സത്യവും തെറിയും സമാസമം ചേര്‍ത്ത് മൊത്തം ഇന്നൊവേറ്റീവ് ഐഡീയാസ് ആണല്ലോ എഴുന്നള്ളിക്കുന്നേ..

“അല്ല സാറെ സാറിതെവിടുന്ന് വരുന്നു. യാത്രാക്ഷീണം ശ്ശി ണ്ടല്ലോ..“

“കാസര്‍കോഡീന്ന് ഇങ്ങോട്ടൊരു വരവ് നടത്തിയതാ”

“പരിവാരങ്ങളൊന്നിമില്ലേ കൂടെ, ബക്കറ്റു പിരിവും ഇല്ലല്ലോ, അല്ലേലും സാറിനി യാത്ര നടത്തിയിട്ടും വല്യ മെച്ചോന്നും ഉണ്ടാവില്ല, സാറിന്റെ തൊട്ടുമുന്നെയാ ഒരുഗ്രന്‍ യാത്ര പോയത്, അതങ്ങ് തിരുവനന്തപുരത്തെത്തുമ്പോഴേക്കും നവകേരളം അമിട്ടുപൊട്ടും പോലെ ഒരൊറ്റ തെളിയലായിരിക്കും, ബക്കറ്റും നിറയും സാറെ, അല്ല സാറെ, സാറു കൊച്ചീല്‍ പോയില്ലെ..അവിടല്ലേ ഇക്കുറി പൂരം നടക്കുന്നെ”

“എന്റെ പൊന്നുമോനെ, കടപ്പുറത്ത് പൂഴിയിറക്കല്ലെഡാ...കൊച്ചീന്റെ ബോര്‍ഡര്‍ എത്തിയപ്പോ തന്നെ ഞാനാ ഏറിയ തന്നെ സ്കിപ്പ് ചെയ്തില്ലെ, പോരാത്തതിനെ കോര്‍പ്പറേഷന് ഫ്രീയായിട്ട് ഒരു കേപ്ഷനും കൊടുത്തു- “
ഇതും പറഞ്ഞ് നിന്ന നില്പില്‍ സ്വല്പം ഇടത്തോട്ടൊന്ന് ബെന്റായിട്ട് ഡയലോഗ് കാച്ചി..
“മണവും പനിയുമില്ലാതെ നമുക്കെന്താഘോഷം!! നമ്മളു വന്നു പോയ വിവരം നാലാളറിയട്ടെന്നെ.”

കൊച്ചീന്റെ താഴെ പാതാളത്തിലെ സീലിങ്ങിലെ ഹോള്‍സ് കപ്ലീറ്റ് പിള്ളേര് അടച്ചിട്ടും ലീക്കേജ് വരുമ്പോ നാട്ടുകാരുടെ കല്ലേറ് മൊത്തം നമ്മുടെ കൊട്ടാരത്തിലേക്കാണെന്ന് ഈ പിശാചിനോട് പറഞ്ഞിട്ടെന്താ കാര്യം

പെട്ടന്ന് ജലപീരങ്കിയുമായി തോക്കും ലാത്തിയുമൊക്കെയായിട്ട് ഒരു ബറ്റാലിയന്‍. തൊട്ടു മുന്നില്‍ കുറെ കുട്ടികളും.
“എന്റെ നാരായണാ...പിള്ളേരു പിടുത്തത്തിലും പ്രൊഫഷണലിസായോ എന്റെ നാട്ടില്‍ !!”
ഒരെത്തും പിടിയും കിട്ടാത്ത ഐഡിയാസാണല്ലോ ഇതൊക്കെ...

ഉള്ള ജീവനും ബാക്കിയുള്ള തലക്കനവും പെരുവഴിക്കിട്ട് പെരുപ്പിക്കാതെ ഓടിക്കേറിയത് ഒരു സ്സേജില്‍

പെട്ടന്ന് ഒരു സുന്ദരികൊച്ചു വന്ന് കെട്ടിപ്പിടിച്ചു.

“ഹേയ് മാന്‍ യു ലൂക്സ് റിയലി ഗ്രെയ്റ്റ്. കോസ്റ്റ്യൂസ് ഒക്കെ അടിപൊളി“

അവള്‍ എന്റെ പിടിവിട്ട് ഇത്തിരി അകലെ മാറിയപ്പോഴാണ് സാധനത്തിന്റെ ഭൂമിശാസ്ത്രം പിടികിട്ടിയത്.
ഉടുതുണി ഇതിലേറേ ഇനി മുറുക്കണമെങ്കില്‍ വല്ല കോയില്‍ വൈന്റിങ്ങ് ടെക്നോളജിയും വേണ്ടിവരും. ചുണ്ടത്ത് മുറിക്കി കാര്‍ക്കിച്ചു തുപ്പിയ പോലത്തെ ചുവപ്പ്...ചിരിയാണെങ്കില്‍ പഴംചക്ക പാറപ്രത്ത് വീണപോലെ.
അന്തം വിട്ട് നിന്ന എന്നെ നോക്കി കാണികള്‍ ചിരിച്ചു. എക്സ് മന്ത്രിയാണെങ്കിലും പഠിച്ച പണി മറക്കരുതല്ലോ..തിരിച്ചും പൂര്‍വ്വാധികം ശക്തമായി തന്നെ ചിരിച്ചു.
ഹ ഹ ഹ!!

“ജഡ്ജസ് ഇനി നിങ്ങളുടെ കമന്റ് ആണ്, നമുക്ക് നേരെ ജഡ്ജസിന്റെ അടുത്ത് നേരിട്ട് പോകാം അല്ലെ ”
അവളെന്നെ നോക്കിയൊന്നു കണ്ണിറുക്കി

“ഓ ആയിക്കോട്ടെ, ഏതു പാതാളത്തിലു വേണേലും പോകാലോ”

നമ്മുടെ ഉടയാടകളേക്കുറിച്ചും, നടപ്പിനെക്കുറിച്ചും, ഓലക്കുടയുടെ കളര്‍കോമ്പിനേഷനെക്കുറിച്ചും ഒക്കെ എല്ലാരും പറഞ്ഞു. നടുത്തളത്തില്‍ വിളിച്ചു നിര്‍ത്തി കോപ്ലിമെന്റ് കൊടുക്കുന്ന പരിപാടി കൊട്ടാരത്തില്‍ പോലുമില്ലല്ലോ...സംഗതി കൊള്ളാം.

ഒരുനിമിഷം കൊട്ടാരത്തിലെ അന്തപ്പുരത്തിലെ സുന്ദരികളുടെ ഉടയാളകളെ ഓര്‍ത്തുപോയി...ഭാഗ്യം ഇങ്ങോട്ട് ഒന്നിനെയും കൊണ്ടു വരാതിരുന്നത്, അല്ലെങ്കില്‍ പറഞ്ഞു പറഞ്ഞ് പീഡിപ്പിച്ചു കളഞ്ഞേനെ വായ്നോക്കികള്‍
പെട്ടന്ന് സുന്ദരി തോളത്തൂടെ കയ്യിട്ട് സുഖിപ്പിച്ചു കൊണ്ട്
“ഇനി നമുക്ക് ഓഡിയന്‍സിനോട് എസ്.എം.എസ് ചെയ്യാന്‍ പറയാം, ഇന്നൊരു ചെയ്ഞ്ചാവട്ടെ, നമുക്കു രണ്ടു പേര്‍ക്കും പാതി പാതി പറയാം”

വോട്ട് ചെയ്യേണ്ട ഫോര്‍മാറ്റ്...

“എസ് എസ് സ്പേസ്”

ആ ത്രിലോക സുന്ദരി കരിനാക്കു ബാക്കിയിലേക്കും കൂടെ വളക്കുന്നതിനു മുന്നെ നോം അറ്റാക്ക് ചെയ്തു..

“മാവേലി”
ഒന്നൂടെ പറയാം...ss <സ്പേയ്സ്> മാവേലി

14 അഭിപ്രായങ്ങൾ:

swaram പറഞ്ഞു...

കാര്യം എക്സ് മിനിസ്റ്റര്‍ ഒക്കെയാണ്. എന്നാലും നാട്ടുകാരു കേറി സവാരിഗിരിഗിരി നടത്തിയാല്‍ പാണ്ടി വണ്ടി കേറിയ പാട്ട പോലെ ആവും തടി. തടിയുണ്ടെങ്കില്‍ പുല്ലും പറിക്കാലോ... ഒന്നും മിണ്ടാതെ ഫ്രീയായി കിട്ടിയ ആട്ടും തുപ്പും അപ്പാടെ വിഴുങ്ങി പതുക്കെ സ്ഥലം കാലിയാക്കി.

“എസ് എസ് സ്പേസ്”

ആ ത്രിലോക സുന്ദരി കരിനാക്കു ബാക്കിയിലേക്കും കൂടെ വളക്കുന്നതിനു മുന്നെ നോം അറ്റാക്ക് ചെയ്തു..

“മാവേലി”

അനാഗതശ്മശ്രു പറഞ്ഞു...

ഇനി ജുഡ്ജസിന്റെ കമന്റ്സ്
അല്ല കൊമന്റ്സ് (രഞിനി സ്റ്റൈല്‍ )

Sul | സുല്‍ പറഞ്ഞു...

“...ഇതെങ്ങ്നാനും എക്സ്ക്ലൂസീവായിട്ട് പാതാളത്തില്‍ ടെലിക്കാസ്റ്റ് ചെയ്താല്‍ മാനക്കേടായിപ്പോവില്ലെ..പ്രതിപക്ഷം അന്തോം കുന്തോമില്ലാരിക്കുന്ന കാലവും. അതും പോരാഞ്ഞ് പാളയത്തില്‍ പട ആവശ്യത്തിലേറെയുണ്ട്. നാരദ സിണ്ടിക്കേറ്റാണെങ്കില്‍ വിടാതെ പുറകെയുണ്ട് താനും. ഇവന്മാരെല്ലാം ചേര്‍ന്ന് വേണമെങ്കില്‍ ചര്‍ച്ചയും അഭിപ്രായസര്‍വ്വേയും വരെ നടത്തിക്കളയും.“

സ്വരം,
നന്നായിരിക്കുന്നു ഈ എഴുത്ത്. ടോട്ടാലിറ്റിയില്‍ കൊള്ളാം. പിന്നെ അവിടെയിവിടെ ചില സംഗതികളൊക്കെ പോയിട്ടുണ്ട്. ആ പാണ്ടി ലോറി കേറുന്നിടത്ത് ഒരു സംഭവം ഇല്ലേ. അതു ശരിയായില്ല. അതൊരു സംഭവം ആയി തന്നെ വരണം. അതാണ് ഈ എഴുത്തിന്റെ ജീവന്‍. പിന്നെ എസ് എം എസ് കണ്ടുപിടിച്ചവനെ ഉമ്മ വെക്കുന്ന ഭാഗം, അതൊന്നു കൂടി നന്നാക്കാമായിരുന്നു. അതൊന്നും ശരിയായില്ല.

ബാക്കി ദീദി പറയും:)

-സുല്‍

ശ്രീ പറഞ്ഞു...

അതു കൊള്ളാമല്ലോ

രസമായിരിക്കുന്നു
:)

ഇക്കാസ് മെര്‍ച്ചന്റ് പറഞ്ഞു...

കൊള്ളാം. കുറച്ചു കൂടി കവറേജ് കൊടുക്കാമായിരുന്നു മാവേലിയുടെ കേരളയാത്രയ്ക്ക്

കുതിരവട്ടന്‍ :: kuthiravattan പറഞ്ഞു...

:-)

swaram പറഞ്ഞു...

അനാഗതശ്മശ്രു
ആദ്യത്തെ തേങ്ങ അടി!!
സുല്‍..
ആ കമന്റ് വായിച്ച് ഞാന്‍ ചിരിച്ച് ചിരിച്ച് നമ്മുടെ മാവേലിയുടെ അവസ്ഥയായി പോയി, എന്നു വച്ചാല്‍ തൊണ്ടക്കുഴി അക്കേഷ്യാ കുഴിച്ചിട്ട ചതുപ്പു പോലായി എന്നു തന്നെ!!.
ശ്രീ,ഇക്കാസ്, കുതിരവട്ടന്‍, വന്നതിലും കമന്റടിച്ചതിലും നന്ദ്രി!!ഇക്കാസെ, ഇപ്പൊ തല്ലുമ്പോ സന്യാസിയും, അച്ഛനും മാത്രെ കൈവെക്കൂ..ഇത്തിരികൂടി വിസ്തരിച്ചാലത്തെ അവസ്ഥ...അയ്യോ!!

കൃഷ്‌ | krish പറഞ്ഞു...

മാവേലി കണ്ട ഇന്നത്തെ കേരളം..ഇനിയും പലതും ചേര്‍ക്കാം. എന്തായാലും നന്നായിരിക്കുന്നു.

swaram പറഞ്ഞു...

കൃഷ് സത്യമാണ്. ഒരുപാട് എഴുതാനുണ്ട്. പക്ഷെ സമയക്കുറവും, വായനയില്‍ വിരസത വന്നാലോ എന്ന ചിന്തയും. വന്നതിലും മറുപടി ഇട്ടതിലും ഒരുപാട് നന്ദി

shareena പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
വേഴാംബല്‍ പറഞ്ഞു...

സ്വരം, നന്നായിരിക്കുന്നു മാവേലിയുടെ കേരള യാത്ര.
അടുത്ത ആഴ്ച്ചകളില്‍ മാവേലി തിരക്കിലായിരിക്കും.ദുബായില്‍ ഒരുപാട് ബുക്കിങ് ഉണ്ടെന്നൊരു ന്യൂസ് കേട്ടു

സാരംഗി പറഞ്ഞു...

ഹ ഹ..കൊള്ളാം ചിതല്‍സെ. നര്‍മം നന്നായിട്ടുണ്ട്. പാവം മാവേലി.

മയൂര പറഞ്ഞു...

നന്നായിട്ടുണ്ട് ചിതല്‍....

swaram പറഞ്ഞു...

വേഴാം‌ബലേ മാവേലിയുടെ ബുക്കിങ്ങ് ഒക്കെ കൊള്ളാം..പക്ഷെ സാലിക്ക് വന്ന കാര്യം ഒന്നോര്‍മ്മിപ്പിച്ചേക്കണം കേട്ടോ..
സാരംഗി, മയൂര “നര്‍മ്മം” ആയി എന്നു കേട്ടപ്പോള്‍ തന്നെ ആശ്വാസമായി!!