2007, ഒക്‌ടോബർ 7, ഞായറാഴ്‌ച

വാക്കുകളുടെ പെരുമഴക്കാലം...

അതെ, യുക്തിഭദ്രമായ, സ്ഫോടനാത്മകമായ വാക്കുകളുടെ പെരുമഴക്കാലം ഇവിടെ അവസാനിക്കുന്നു.
ഭാവനാ സമ്പന്നമായ, തീക്ഷണമായ അക്ഷരങ്ങള്‍ കൊണ്ട് മലയാള മസ്തിഷ്കങ്ങളോട് സദാ ജാഗരൂകരായിരിക്കണമെന്ന് പെരുമ്പറകൊട്ടിയ മാനുഷികാശയങ്ങളുടെ സൂക്ഷിപ്പുകാരന്‍ അരങ്ങൊഴിഞ്ഞിരിക്കുന്നു. തനിക്ക് ശേഷം പ്രളയമല്ലെന്നും, വരും തലമുറയുടെ ഇടര്‍ച്ചയില്ലാത്ത പോരാട്ടങ്ങളാണെന്നും സ്വപ്നം കണ്ട വിജയന്‍ മാഷ്. ലാളിത്യമെന്നാല്‍ ജീവിതചര്യയിലൂടെ തെളിയിക്കേണ്ട നൈര്‍മല്യമാണെന്ന് ഓരോ നിമിഷവും മലയാളത്തെ ഓര്‍മ്മപ്പെടുത്തിയ മഹാശയന്‍. അതിജീവനത്തിന്റെ പുതിയ മന്ത്രധ്വനികള്‍ കേട്ട് അധികാരത്തിന്റെ ഇരുണ്ട ഇടനാഴികളിലിരുന്ന് അധിനിവേശത്തിന്റെ പുതിയ തന്ത്രങ്ങള്‍ പണിയുന്ന നരിച്ചീറുകള്‍പോലും ഇളകിമറിഞ്ഞത് ചരിത്രം. സന്ധിചെയ്യലും ഒറ്റിക്കൊടുക്കലും മാര്‍ക്സിയന്‍ തത്വശാസ്ത്രത്തിന്റെ ഇഴപിരിയാത്ത ചരടിലെ പോറലുകളാണെന്ന് ഉറക്കെ വിളിച്ചു പറയാന്‍ ചങ്കുറപ്പു കാട്ടിയ മലയാളത്തിന്റെ മനുഷ്യസ്നേഹിയായ സ്വന്തം വിജയന്‍മാഷ്. തന്റെ ജന്മം ഒന്നും തച്ചുടക്കാനല്ലെന്നും വേദനിക്കുന്ന മനുഷ്യന്റെ മരവിപ്പു കാണാത്ത ഇസങ്ങളോടുള്ള തീരാത്ത പകയാണെന്നും വേദനിച്ച പാവം മനുഷ്യന്‍. വഴിതെറ്റി പിരിഞ്ഞപ്പോഴും മാര്‍ക്സിസം മാത്രമാണ് നന്മയുടെ തുരുത്തെന്ന് ലോകത്തെ ബോധ്യപ്പെടുത്തിയ അമാനുഷികനല്ലാത്ത സാത്വികന്‍. എരിയുന്ന വയറിനെ നോക്കി പുച്ഛിക്കുന്നവനെ ചട്ടുകം കൊണ്ടടിക്കണമെന്നു തന്നെ ഉറക്കെ വിളിച്ചു പറയുന്ന ഉശിരുള്ള വിപ്ലവകാരി.ജീവിതവും മരണവും സമരമാണെന്ന ഓര്‍മ്മപ്പെടുത്തലുകള്‍ മലയാളമനസ്സാക്ഷിയെ എന്നും വിടാതെ പിന്തുടരാതിരിക്കില്ല.

വാക്കുകള്‍ക്കിവിടെ ഇടര്‍ച്ച വന്നു കൂട. സ്വപ്നങ്ങള്‍ നേര്‍ത്തു കൂട. അഗ്നിപടര്‍ത്തിയ ചിന്തകളും ചിന്താ ശകലങ്ങളും വികലമായ ചിന്താധാരയെ സൃഷ്ടിക്കുന്നവരുടെ കൈകളിലെത്തിക്കൂടാ. സ്വാര്‍ത്ഥമായ ഒന്നിന്റെയും കൂടെചേര്‍ത്തു വായിച്ചുകൂട ഈ നല്ല മനുഷ്യന്റെ പേരുപോലും. മണ്ണിനെയും വിണ്ണിനെയും, ജലത്തെയും, പൈതൃകത്തേയും നമ്മുടേതായ എല്ലാത്തിനെയും സംരക്ഷിക്കേണ്ട ഭാരിച്ച ചുമതല നിറവേറ്റാനുള്ള ഉത്തരവാദിത്വം നമുക്കാണ്. ഈ തലമുറയ്ക്കാണ്. അതിന് കഴിയാതെ വന്നാല്‍ അത് വേദനയ്ക്കിടയിലും ചിന്തകളെ സമൂഹത്തിന്റെ രാസത്വരകമാക്കിയ മാഷിനോട് ചെയ്യുന്ന നീതികേടാവും.

നിറയാത്ത കണ്ണുകളോടെ, വിതുമ്പാത്ത ഹൃദയത്തോടെ മാഷുടെ സ്വപ്നങ്ങള്‍ക്ക് നമുക്ക് നിറം പകരാം...

3 അഭിപ്രായങ്ങൾ:

swaram പറഞ്ഞു...

തനിക്ക് ശേഷം പ്രളയമല്ലെന്നും, വരും തലമുറയുടെ ഇടര്‍ച്ചയില്ലാത്ത പോരാട്ടങ്ങളാണെന്നും സ്വപ്നം കണ്ട വിജയന്‍ മാഷ്. ലാളിത്യമെന്നാല്‍ ജീവിതചര്യയിലൂടെ തെളിയിക്കേണ്ട നൈര്‍മല്യമാണെന്ന് ഓരോ നിമിഷവും മലയാളത്തെ ഓര്‍മ്മപ്പെടുത്തിയ മഹാശയന്‍. അതിജീവനത്തിന്റെ പുതിയ മന്ത്രധ്വനികള്‍ കേട്ട് അധികാരത്തിന്റെ ഇരുണ്ട ഇടനാഴികളിലിരുന്ന് അധിനിവേശത്തിന്റെ പുതിയ തന്ത്രങ്ങള്‍ പണിയുന്ന നരിച്ചീറുകള്‍പോലും ഇളകിമറിഞ്ഞത് ചരിത്രം. സന്ധിചെയ്യലും ഒറ്റിക്കൊടുക്കലും മാര്‍ക്സിയന്‍ തത്വശാസ്ത്രത്തിന്റെ ഇഴപിരിയാത്ത ചരടിലെ പോറലുകളാണെന്ന് ഉറക്കെ വിളിച്ചു പറയാന്‍ ചങ്കുറപ്പു കാട്ടിയ മലയാളത്തിന്റെ മനുഷ്യസ്നേഹിയായ സ്വന്തം വിജയന്‍മാഷ്.

കുറുമാന്‍ പറഞ്ഞു...

അതെ, നിറയാത്ത കണ്ണുകളോടെ, വിതുമ്പാത്ത ഹൃദയത്തോടെ മാഷുടെ സ്വപ്നങ്ങള്‍ക്ക് നമുക്ക് നിറം പകരാം.

ശ്രീ പറഞ്ഞു...

:)