ദിനരാത്രങ്ങളുടെ കൊഴിഞ്ഞു പോക്കില്‍, വര്‍ഷങ്ങള്‍ അസ്തമിക്കുന്നു.
മനുഷ്യര്‍ അതൃപ്തമായ മനസ്സോടെ മരിച്ചു ജീവിക്കുന്നു.
സ്നേഹത്തിന്റെയും സമഭാവനയുടെയും പൊയ്പോയ ഗൃഹാതുരത്വത്തില്‍ തലതല്ലിപ്പിടയുന്ന കുറെ അക്ഷരങ്ങള്‍, ആശസകളുടെ രൂപത്തില്‍ നമുക്ക് ചുറ്റിലും.
ചോരകിനിയുന്ന പോരാട്ടങ്ങളും അടിച്ചമര്‍ത്തപ്പെടുന്നവന്റെ ആര്‍ത്ത നാദങ്ങളും കോണ്ട് ശബ്ദമുഖരിതമായ നവ ലോകം. ആര്‍ ആര്‍ക്കുവേണ്ടിയെന്ന ചോദ്യം വിലാപമായി അലയടിക്കുന്നു. എഴുതപ്പെടാത്ത ചരിത്രത്തിന്റെ എച്ചില്‍കൂനയില്‍ പുഴു നുരയ്ക്കുന്ന നെഞ്ചകവുമായി ബാല്യങ്ങളുടെ വഴിപാടുകള്‍.
വിഷലിപ്തമായ ലോകത്തിന്റെ സ്റ്റാറ്റസിനു ചേരാത്ത കുഴിഞ്ഞ കണ്ണുകളും ഒട്ടിയ വയറും സമൂഹത്തിന്റെ രൂപമാണെങ്കില്‍ പിന്നെയും നമ്മളെന്തിനു മാനുഷികതയെയും, മാനവികതയെയും കുറിച്ച് വാചാലമാകണം.
ഉയരങ്ങളിലേയ്ക്കുള്ള യാത്രയില്‍, ഉന്മൂലനത്തിന്റെയും, അധിനിവേശത്തിന്റെയും ക്രൌരവുമായി സന്ധിചെയ്യുന്നുവെങ്കില്‍ ചോരവീഴുന്ന തെരുവുകളില്‍ പൂക്കാലം സ്വപ്നം കാണുന്നതില്‍ എന്തര്‍ത്ഥം.
പ്രകൃതിയെയും മണ്ണിനെയും മറന്നുള്ള വികസനത്തിന് മുന്നറിയിപ്പുകളായി വന്ന സുനാമിയും, കൊടുങ്കാറ്റും, ഭൂകമ്പങ്ങളും മാനവരാശിയെ ഒട്ടും അസ്വസ്ഥമാക്കുന്നില്ലെന്ന തിരിച്ചറിവ്, വരാനിരിക്കുന്ന കെടുതികളുടെ ഭീകരതയിലേക്ക് വിരല്‍ചൂണ്ടുന്നു. മലിനമാക്കപ്പെട്ട വായുവിനെയും, ജലത്തെയും കുറിച്ചുള്ള ചര്‍ച്ചകള്‍ എങ്ങുമെത്താതെ പോകുന്നുവെങ്കിലും ഇടതടവില്ലാതെ പ്രവഹിക്കുന്ന പുകയും മലിന ജലവും ലോക രക്ഷകരില്‍ ആരെയും ചകിതരാക്കുന്നില്ലെന്നതും ചിന്തനീയമാണ്. കെടുകാര്യസ്ഥതയുടെയും വൃത്തിഹീനതയുടെയും പര്യായങ്ങളായി നില്‍ക്കുന്ന ഭരണകൂടങ്ങളും, ശുചിത്വം സര്‍ക്കാരിന്റെ മാത്രം ചുമതലയാണെന്ന് കരുതിപോരുന്ന ഒരു സമൂഹവും ഉള്ളിടത്തോളം പ്രകൃതി കരഞ്ഞു കൊണ്ടേയിരിക്കും, കാലചക്രം ഉരുളുകയും ചെയ്യും.
അരാഷ്ട്രീയവാദം ഏറെ സ്വീകരിക്കപ്പെട്ട ഒരു വര്‍ഷം കൂടിയായിരുന്നു 2007. ഇടതിന് നേരെ ഏറ്റവും രൂക്ഷമായ രാഷ്ട്രീയ-മാധ്യമ കയ്യേറ്റമുണ്ടായതും 2007 ന്റെ പ്രത്യേകത തന്നെ. മലീമസമാക്കപ്പെടുന്ന രാഷ്ടീയ-സാമൂഹ്യ മണ്ഡലത്തിന് തിളക്കമാര്‍ന്ന നാളെകള്‍ ഉണ്ടായേക്കുമെന്ന പ്രത്യാശ 2008 ലേക്ക് നീക്കി വയ്ക്കാം. വിശ്വാസികളെയും വിശ്വാസത്തെയും രാഷ്ടീയമായി ദുരുപയോഗം ചെയ്യാനും, അതിന്റെ പേരില്‍ സാമൂഹ്യമായ വേര്‍തിരിവുകള്‍ ഉണ്ടാക്കാനുമുള്ള ശ്രമവും അതിനെതിരായ ശക്തമായ പ്രതിരോധവും ഈ വര്‍ഷത്തിന്റെ തിളക്കം കൂട്ടുന്നു. കൂട്ടത്തല്ലിനിടയില്‍ ചോരയുടെ മണം തേടുന്നവരെയും കേരള ജനത തിരിച്ചറിഞ്ഞു എന്നതും പ്രത്യേകതയായിരുന്നു. അരാഷ്ട്രീയതയ്ക്കെതിരെയും, സാമൂഹ്യമായ പുരോഗതിക്കുവേണ്ടിയുമുള്ള ശക്ത്മായ പോരാട്ടത്തിന്റെ വേദിയാകട്ടെ വരും വര്‍ഷങ്ങള്‍.
ആസ്വാദനരീതിയില്‍ മലയാളിക്കു വന്ന മാറ്റം വളരെ പ്രകടമായതായിരുന്നു ഈ വര്‍ഷം. സിനിമയില്‍, അവാര്‍ഡ് പടങ്ങള്‍ എന്ന് ലേബല്‍ ചെയ്യപ്പെടാവുന്ന പല സിനിമകള്‍ക്കും കിട്ടിയ ശക്തമായ ജനപ്രിയത കലാസ്വാദനത്തിലെ നിലവാരപ്പട്ടികയുടെ മുന്‍നിരയിലേക്ക് മലയാളിയെ പിടിച്ചു കയറ്റുന്നു. ഒപ്പം, സൂപ്പര്‍ എന്നും മെഗാ എന്നും വമ്പന്‍ ബജറ്റെന്നും പറഞ്ഞ് മലയാളി പ്രേക്ഷകരെ ഹൈജാക്ക് ചെയ്യാന്‍ ഇനിയും കഴിയില്ലെന്ന് മലയാളത്തിന്റെ വമ്പന്‍ സ്രാവുകള്‍ക്ക് തിരിച്ചറുവുണ്ടായ വര്‍ഷവും ഇതു തന്നെ. ടിവി എന്ന ജനകീയ മാധ്യമത്തില്‍ പരീക്ഷണങ്ങളുടെ കാലമായിരുന്നു ഇത്. റിയാലിറ്റി ഷോകളിലൂടെ പൈങ്കിളി സീരിയലുകളില്‍ നിന്നും മലയാളിയെ രക്ഷപ്പെടുത്തിയ 2007 ചാനലുകളുടെ “ചാകര” വര്‍ഷമായിരുന്നു. ചാനലുകളുടെ പിന്നാമ്പുറക്കഥകള്‍ സജീവമായി ചര്‍ച്ചചെയ്യപ്പെട്ടതും,വാര്‍ത്തകളില്‍ വെള്ളം ചേര്‍ക്കുന്നതും, അതു വെളിവാക്കപ്പെടുന്നതും കണ്ട് മലയാളി പകച്ചു പോയതും ഈ വര്‍ഷം തന്നെ.
നഷ്ടങ്ങളുടെ കുത്തൊഴുക്കായിരുന്നു 2007. സമൂഹത്തിന്റെ നാനാ തുറകളെയും സജീവമാക്കി നിര്‍ത്തിയ ഒരുപാട് പ്രഗല്‍ഭരുടെ വേര്‍പാട് തീരാ നഷ്ടമുണ്ടാക്കിയ വര്‍ഷം. അവര്‍ നിര്‍ത്തിവച്ചിടത്തു നിന്നും വീണ്ടുമൊരു തുടക്കമുണ്ടാവുമെന്ന പ്രത്യാശയോടെ തന്നെ 2008 നെ വരവേല്‍ക്കാം.
ചിതലിലൂടെ, പരിചയപ്പെട്ട, മനസ്സ് തുറന്ന് അഭിപ്രായങ്ങളും ആശയങ്ങളും പങ്കുവെച്ച പ്രിയപ്പെട്ട കൂട്ടുകാര്‍ക്ക് , എല്ലാവിധ ആശംസകളും നേരുന്നു.സ്നേഹിക്കുവാനും സ്നേഹിക്കപ്പെടാനും ഒപ്പം നന്മയുടെ തുരുത്താവാനും എല്ലാവര്‍ക്കും കഴിയട്ടെ.