2009, ജനുവരി 1, വ്യാഴാഴ്‌ച

ഗാസയുടെ സ്വപ്നങ്ങള്‍

നിറങ്ങളുംസ്വപ്നങ്ങളുമില്ലാത്ത ഭാവിയെക്കുറിച്ച്...
ആശങ്കകള്‍ പകുത്തെടുക്കാന്‍ കൂടപ്പിറപ്പുകളില്ലാത്ത ഞങ്ങളെക്കുറിച്ച്...
നിലയ്ക്കാത്ത വെടിയൊച്ചകളില്‍ അലിഞ്ഞില്ലാതാവുന്ന പ്രിയപ്പെട്ടവരുടെ ദീനരോദനങ്ങളെക്കുറിച്ച്...
അപ്രിയസത്യങ്ങള്‍ക്ക് നേരെ കണ്ണടയ്ക്കുന്ന എന്റെ ലോകത്തിന്റെ നെറികേടിനേക്കുറിച്ച്...
പ്രാണവായുവിനു പോലും അധിനിവേശക്കാരനോട് ഇരക്കേണ്ടി വരുന്ന ഗതികേടിനെക്കുറിച്ച്..
എന്റെ പേര്, പാലസ്തീന്‍...

പിറന്നു വീഴുന്ന ഓരോ കുഞ്ഞും അഭയാര്‍ത്ഥികളാകണമെന്ന ക്രൂരതയെ കണ്ടില്ലെന്നു നടിക്കാം
പിറന്ന മണ്ണില്‍ ജീവിക്കാനായ് കല്ലുകളുമായ് യുദ്ധം നയിക്കുന്നവരെ കടന്നുകയറ്റക്കാരനാക്കുന്ന
പുതിയ നീതിശാസ്ത്രവും അംഗീകരിക്കാം.
വികൃതമായ ഒരു ഭൂപടം പോലും സ്വന്തമായില്ലാത്ത ഒരു ജനതയുടെ ആത്മരോഷത്തെയും അവഗണിക്കാം.

പക്ഷെ, ഞങ്ങള്‍ കുഞ്ഞുങ്ങള്‍ എന്തു പിഴച്ചു?

അക്ഷരങ്ങള്‍ പഠിക്കേണ്ട ഞങ്ങളിന്ന് കല്ലെറിയാന്‍ പഠിക്കുന്നു.
ചോരകൊണ്ട് ചിത്രങ്ങള്‍ വരക്കുന്നു...
പൊട്ടിയൊലിക്കുന്ന തലച്ചോറുകള്‍ ഞങ്ങള്‍ക്ക് പൊതിച്ചോറിനേക്കാളും പരിചിതമായിരിക്കുന്നു.
ഞങ്ങളുടെ ബാല്യവും കൌമാരവും ചോരപ്പൂക്കള്‍ മാത്രം സ്വപ്നം കാണാന്‍ ശീലിച്ചു തുടങ്ങിയിരിക്കുന്നു

പ്രിയപ്പെട്ട ഇസ്രയേല്‍,
നിന്നെ ഞങ്ങള്‍ പ്രണയിച്ചേനെ...ആരെക്കാളുമേറെ.
നീ വര്‍ഷിക്കുന്ന ബോബുകള്‍ക്കും മിസൈലുകള്‍ക്കും പകരം
ഞങ്ങളുടെ നരച്ചു നിറം കെട്ട കോട്ടിനുള്ളിലെ
തുന്നിക്കെട്ടിയ കുടലിന്റെ പട്ടിണി മാറ്റാന്‍
റൊട്ടിയും ആഹാരപ്പൊതികളും വലിച്ചെറിഞ്ഞെങ്കില്‍...
നിന്നെ ഞങ്ങള്‍ സ്നേഹം കൊണ്ട് പൊതിഞ്ഞേനെ.

10 അഭിപ്രായങ്ങൾ:

swaram പറഞ്ഞു...

പ്രിയപ്പെട്ട ഇസ്രയേല്‍,
നിന്നെ ഞങ്ങള്‍ പ്രണയിച്ചേനെ...ആരെക്കാളുമേറെ.
നീ വര്‍ഷിക്കുന്ന ബോബുകള്‍ക്കും മിസൈലുകള്‍ക്കും പകരം
ഞങ്ങളുടെ നരച്ചു നിറം കെട്ട കോട്ടിനുള്ളിലെ
തുന്നിക്കെട്ടിയ വയറിന്റെ പട്ടിണി മാറ്റാന്‍
റൊട്ടിയും ആഹാരപ്പൊതികളും വലിച്ചെറിഞ്ഞെങ്കില്‍...
നിന്നെ ഞങ്ങള്‍ സ്നേഹം കൊണ്ട് പൊതിഞ്ഞേനെ.

e-Pandithan പറഞ്ഞു...

നവ വത്സര ആശംസകള്‍

മൂര്‍ത്തി പറഞ്ഞു...

കരയല്ലേ കുഞ്ഞേ..ഇത് ആക്രമണമല്ല, വെറും തിരിച്ചടി മാത്രം. അങ്ങനല്ലേ പറയാവൂ. അങ്ങനല്ലേ അവര്‍ പറഞ്ഞുകൊണ്ടിരിക്കുന്നത്. വിശക്കുന്നു എന്നു പറഞ്ഞ് കരയാതെ, 110 ബോംബറുകള്‍ 100 ടണ്‍ ബോംബിട്ടാല്‍ ഓരോ ബോംബറും ഇട്ട ശരാശരി ബോംബ് എത്ര എന്ന കണക്കൊക്കെ പഠിക്കുവാന്‍ നോക്കൂ..

swaram പറഞ്ഞു...

നന്ദി ഇ-പണ്ഡിതന്‍
മൂര്‍ത്തി,
ഒഴുകുന്ന കണ്ണീരും, ഒടുങ്ങുന്ന ജീവനുകളും കാണാതെ, കുടിപ്പകയുടെ കണക്കുപുസ്തകങ്ങള്‍ സൂക്ഷിക്കാന്‍ എന്തെളുപ്പം.അധിനിവേശം അടുക്കളപ്പുറത്തെത്തുമ്പോഴെ തിരിച്ചറിയൂ...സമയം ഒത്തിരി വൈകിപ്പോയെന്ന്.നിഷ്കളങ്കമായ ബാല്യങ്ങള്‍ക്ക് നേരെയുള്ള ആക്രമണം എന്തിന്റെ പേരിലായാലും ന്യായീകരിക്കപ്പെടരുത് എന്നു തന്നെയാണെന്റെ പക്ഷം.

മൂര്‍ത്തി പറഞ്ഞു...

എന്റെ കമന്റ് ചീറ്റിപ്പോയോ?

riyaz ahamed പറഞ്ഞു...

മൂര്‍ത്തിയുടെ സറ്റയര്‍ കൊള്ളാം. കുഞ്ഞുങ്ങള്‍ തീനാളങ്ങള്‍ നക്കി വിശപ്പു മാറ്റട്ടെ.

Sheefa KK പറഞ്ഞു...

"ഞങ്ങളുടെ നരച്ചു നിറം കെട്ട കോട്ടിനുള്ളിലെ
തുന്നിക്കെട്ടിയ വയറിന്റെ പട്ടിണി മാറ്റാന്‍
റൊട്ടിയും ആഹാരപ്പൊതികളും വലിച്ചെറിഞ്ഞെങ്കില്‍..."
hridayathilekkazhnnirangunna vakkukal...oru thulli kannuneerallathe mattenthu namukku nalkanakum?

വിജി പിണറായി പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
വിജി പിണറായി പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
വിജി പിണറായി പറഞ്ഞു...

ഞാന്‍ ഇവിടെ ഇടാന്‍ ഒരു നീണ്ട കമന്റ് തയ്യാറാക്കിയതായിരുന്നു. പക്ഷേ...

Israel's 'War' on Terror

ഇതു കണ്ടു കഴിഞ്ഞ് ഒരു കമന്റ് വേറെ വേണോ...?