നിറങ്ങളുംസ്വപ്നങ്ങളുമില്ലാത്ത ഭാവിയെക്കുറിച്ച്...
ആശങ്കകള്‍ പകുത്തെടുക്കാന്‍ കൂടപ്പിറപ്പുകളില്ലാത്ത ഞങ്ങളെക്കുറിച്ച്...
നിലയ്ക്കാത്ത വെടിയൊച്ചകളില്‍ അലിഞ്ഞില്ലാതാവുന്ന പ്രിയപ്പെട്ടവരുടെ ദീനരോദനങ്ങളെക്കുറിച്ച്...
അപ്രിയസത്യങ്ങള്‍ക്ക് നേരെ കണ്ണടയ്ക്കുന്ന എന്റെ ലോകത്തിന്റെ നെറികേടിനേക്കുറിച്ച്...
പ്രാണവായുവിനു പോലും അധിനിവേശക്കാരനോട് ഇരക്കേണ്ടി വരുന്ന ഗതികേടിനെക്കുറിച്ച്..
എന്റെ പേര്, പാലസ്തീന്‍...
പിറന്നു വീഴുന്ന ഓരോ കുഞ്ഞും അഭയാര്‍ത്ഥികളാകണമെന്ന ക്രൂരതയെ കണ്ടില്ലെന്നു നടിക്കാം
പിറന്ന മണ്ണില്‍ ജീവിക്കാനായ് കല്ലുകളുമായ് യുദ്ധം നയിക്കുന്നവരെ കടന്നുകയറ്റക്കാരനാക്കുന്ന
പുതിയ നീതിശാസ്ത്രവും അംഗീകരിക്കാം.
വികൃതമായ ഒരു ഭൂപടം പോലും സ്വന്തമായില്ലാത്ത ഒരു ജനതയുടെ ആത്മരോഷത്തെയും അവഗണിക്കാം.
പക്ഷെ, ഞങ്ങള്‍ കുഞ്ഞുങ്ങള്‍ എന്തു പിഴച്ചു?
അക്ഷരങ്ങള്‍ പഠിക്കേണ്ട ഞങ്ങളിന്ന് കല്ലെറിയാന്‍ പഠിക്കുന്നു.
ചോരകൊണ്ട് ചിത്രങ്ങള്‍ വരക്കുന്നു...
പൊട്ടിയൊലിക്കുന്ന തലച്ചോറുകള്‍ ഞങ്ങള്‍ക്ക് പൊതിച്ചോറിനേക്കാളും പരിചിതമായിരിക്കുന്നു.
ഞങ്ങളുടെ ബാല്യവും കൌമാരവും ചോരപ്പൂക്കള്‍ മാത്രം സ്വപ്നം കാണാന്‍ ശീലിച്ചു തുടങ്ങിയിരിക്കുന്നു
പ്രിയപ്പെട്ട ഇസ്രയേല്‍,
നിന്നെ ഞങ്ങള്‍ പ്രണയിച്ചേനെ...ആരെക്കാളുമേറെ.
നീ വര്‍ഷിക്കുന്ന ബോബുകള്‍ക്കും മിസൈലുകള്‍ക്കും പകരം
ഞങ്ങളുടെ നരച്ചു നിറം കെട്ട കോട്ടിനുള്ളിലെ
തുന്നിക്കെട്ടിയ കുടലിന്റെ പട്ടിണി മാറ്റാന്‍
റൊട്ടിയും ആഹാരപ്പൊതികളും വലിച്ചെറിഞ്ഞെങ്കില്‍...
നിന്നെ ഞങ്ങള്‍ സ്നേഹം കൊണ്ട് പൊതിഞ്ഞേനെ.