2007, മേയ് 16, ബുധനാഴ്‌ച

അമ്മ

രാവിലെ ഓഫീസില്‍ എത്തി ഇന്‍ബോക്സ് കുത്തി തുറന്നപ്പോള്‍ നിറമുള്ള അക്ഷരങ്ങളില്‍ അമ്മമാരെ സ്നേഹിക്കാനും, അവരുടെ സ്നേഹത്തെക്കുറിച്ച് ഓര്‍മ്മിപ്പിച്ചുകൊണ്ടും ഒരുപാട് ആശംസകള്‍ , അപ്പോഴാണ് ഓര്‍ത്തത് ‍ഇന്ന് ലോകം മുഴുവന്‍ ആശംസകാര്‍ഡുകളിലൂടെയും, സമ്മാനങ്ങളിലൂടെയും അമ്മയെ ഓര്‍ക്കുന്നു. നന്നായി, അമ്മയെ ഓര്‍ക്കാന്‍ ഒരു ദിവസം പ്രത്യേകമായി തന്നെ ഉണ്ടാക്കിയത്. അമ്മക്കു ഗിഫ്റ്റ് കൊടുക്കാന്‍ വെപ്രാളം പിടിച്ച് ഓടുന്ന ഒരുപാട് മക്കളെ ഇന്നലെ ഷോപ്പിങ്ങ് സെന്ററില്‍ കണ്ടിരുന്നു.

ചോദിച്ചപ്പോള്‍ ഒരു 10 വയസ്സുകാരന്‍ പറഞ്ഞു. “അങ്കിള്‍ യു ഡോണ്ട് നോ? എല്ലാരും നാളെ മൊംസ്നു ഗിഫ്റ്റു കൊടുക്കണം. ഞാന്‍ അതു വാങ്ങിക്കുകയാ” എന്റെ തലയ്ക്കകത്തൊരു കൊള്ളിയാന്‍ മിന്നി...അമ്മമാരെവിടെ? ഈ മക്കളുടെ സ്നേഹസമ്മാനം വാങ്ങാന്‍ കൊതിയൂറി നില്‍ക്കുന്നവരെ കാണാന്‍ മനസ്സ് കൊതിച്ചു.

അമ്മമാരുടെ ഒരു പട തന്നെ മുകളില്‍, വസ്ത്രങ്ങള്‍ വാരിവലിച്ചു പരിശോധിക്കുകയാണ്. ഒരു പ്രായമുള്ള മുത്തശ്ശി അവര്‍ക്കിടയിലൂടെ പോവാന്‍ പെടാ പാടു പെടുന്നു. “അമ്മ ദിനത്തില്‍ ഈ കിളവിക്കെന്താ കാര്യം“ എന്ന ഭാവത്തില്‍ ചില അമ്മമാരുടെ തലയാട്ടല്‍. പാവം അമ്മൂമ്മ ഒരു മൂലയ്ക്കു പോയി ഒരു ബെഞ്ചില്‍ ഇരുന്നു. പതുക്കെ അടുത്ത് ചെന്ന് വെറുതെ കുശലം പറയാന്‍ തുടങ്ങി. അറിയാതെ ഞാനൊന്നു കണ്ണടച്ചു പോയി.

അമ്മമാരെക്കുറിച്ച് , പേറ്റു നോവിന്റെ അര്‍ത്ഥമറിയാത്ത മക്കളെക്കുറിച്ച്...
ഓര്‍മ്മകളിലൂടെയുള്ള ഒരു യാത്ര തന്നെ...
നാടിനെക്കുറിച്ച്, വീടിനെക്കുറിച്ച്, പിന്നെ മഞ്ഞുകാലത്ത്, നേരം പുലരുമ്പോള്‍ തലയിലൂടെ സാരിത്തുമ്പ് കൊണ്ട് മൂടി, മുറ്റമടിക്കുന്ന അമ്മയെക്കുറിച്ച്.പിന്നെ അടുക്കളപ്പുറത്ത് തെങ്ങിന്‍ ചുവട്ടില്‍ ചട്ടിയും കുടുക്കയും നിരത്തി വച്ച് വെണ്ണീറും ചകിരിയും കൊണ്ട് പാത്രങ്ങള്‍ വൃത്തിയാക്കുന്നതും... അപ്പോഴേക്കും ചുവന്ന തുടുത്ത ആകാശം പതുക്കെ വെളുക്കാന്‍ തുടങ്ങും, ഒപ്പം കാക്കകളുടെ ആരവങ്ങളും.

അമ്മയെകുറിച്ച് നമുക്കെന്തെങ്കിലും അറിയുമൊ? രാവിലെ മുതല്‍ നേരം വൈകുവോളം കുടുംബത്തെ പരിലാളിച്ചും സാന്ത്വനപ്പെടുത്തിയും ഒരു മെഴുകു തിരിപോലെ മറ്റുള്ളവര്‍ക്ക് വെളിച്ചം പകര്‍ന്ന് , സ്വയം എരിഞ്ഞു തീരുന്ന സ്ത്രീത്വത്തിന്റെ തേജസ്സുറ്റ മുഖം. ആവശ്യങ്ങളും അഭിപ്രായങ്ങളും ഒന്നുമില്ലെ അമ്മയ്ക്ക്?
എപ്പൊഴും തിരക്കിലാണ് അമ്മ, അച്ഛന്റെ കാര്യങ്ങള്‍ നോക്കണം, അലക്കണം, മക്കളെ സ്കൂളില്‍ വിടണം, ഭക്ഷണം പാകം ചെയ്യണം. വീട് വൃത്തിയാക്കണം, നാത്തൂനും, അമ്മായി അമ്മയും പറയുന്ന കുത്തുവാക്കുകള്‍ക്കിടയില്‍ കിടന്ന് എരിഞ്ഞു പൊള്ളുകയും, എന്തെങ്കിലും പ്രശ്നങ്ങള്‍ വരുമ്പോ ആരോടും പറയാതെ മനസ്സില്‍ അതൊക്കെ കൊണ്ടു നടന്ന്, ഒരു മൂലയില്‍ ഒതുങ്ങി നിന്ന് പൊട്ടിക്കരയുകയും ചെയ്യുന്ന പാവം അമ്മ.

പത്തുമാസം ചുമന്ന് നടക്കുമ്പോള്‍ അനുഭവിക്കുന്ന കഷ്ടപ്പാട്. ഗര്‍ഭാവസ്ഥയുടെ പ്രശ്നങ്ങളും അസ്വസ്ഥകളും. പക്ഷെ അമ്മയ്ക് പരിഭവവും പരാതിയുമില്ല. തന്റെ വയറ്റില്‍ വള്രുന്ന മകള്‍ അല്ലെങ്കില്‍ മകന്‍ നല്ല ആരോഗ്യമുള്ളതാവണെ എന്നു മനസ്സുരുകി പ്രാര്‍ത്ഥിക്കും. വയറില്‍ കുഞ്ഞിന്റെ ചെറിയൊരു അനക്കം കാണുമ്പോള്‍ പുഞ്ചിരി തൂകുന്ന അമ്മ. സ്വപ്ങ്ങള്‍ മുഴുവന്‍ കുഞ്ഞിലാവുന്നു. അതിന്റെ വളര്‍ച്ച ആരോഗ്യം.
അവസാനം പ്രസവിച്ച് വളര്‍ത്തി വലുതാവുമ്പോള്‍ എല്ലാം മറന്ന് സ്വപ്ങ്ങള്‍ തേടി പറന്ന് പോകുന്ന കുഞ്ഞിനെ നോക്കി നെടുവീര്‍പ്പിടുന്ന അമ്മ. അടുക്കളയിലെ കരിപുരണ്ട സാരിത്തലപ്പില്‍ കണ്ണീരൊപ്പിക്കൊണ്ട് അമ്മ വീണ്ടും പതിവുകള്‍ ആവര്‍ത്തിക്കുന്നു. ശാപങ്ങളും അപസ്വരങ്ങളും ഇല്ലാതെ തന്റെ കുഞ്ഞിന് നന്മള്‍ മാത്രം വരണെ എന്ന പ്രാര്‍ത്ഥനയോടെ.

ജീവിത സായാഹ്നത്തില്‍ ഒറ്റപ്പെടലിന്റെ വേദനയുമായി അമ്മ ജീവിക്കുന്നു. അടുക്കള വാതിലിലൂടെ എന്നെങ്കിലും ആരെങ്കിലും വരുമെന്ന പ്രതീക്ഷയോടെയുള്ള നോട്ടം...മിണ്ടാനും പറയാനു ആരുമില്ലാതെ ഒരു ജീവിതം ജീവിച്ചു തീര്‍ക്കുന്നതിന്റെ പരിഭവം ആ കുഴിഞ്ഞ കണ്ണുകളില്‍ ഉണ്ടായിരുന്നൊ? ഒരിക്കലുമില്ലായിരിക്കാം...ആ മനസ്സിലെ പ്രതീക്ഷകളൊക്കെ എന്നെ കരിഞ്ഞു പോയിരിക്കുന്നു.

അവധികാലമാവുമ്പോള്‍ പേരക്കുട്ടികള്‍ക്കായുള്ള കാത്തിരിപ്പ്. അവിടെ വന്നാല്‍ പിള്ളാര് ഒന്നും പഠിക്കാതെ തെണ്ടിതിരിഞ്ഞു നടക്കും, അതൊന്നും പറ്റില്ലെന്ന കര്‍ക്കശസ്വരത്തിലുള്ള മറുപടി, ഒന്നും മിണ്ടാതെ അമ്മ ഫോണും പിടിച്ച് നിസ്സഹായായി നില്‍ക്കും. അവര്‍ക്ക് അവരുടെ ജീവിതം നന്നായി നോക്കണ്ടെ, എല്ലാം വേണ്ടതു തന്നെ...അച്ഛന്റെ ദീര്‍ഘ നിശ്വാസം. ആവര്‍ത്തിക്കപ്പെടുന്ന ദിനരാത്രങ്ങള്‍. ആര്‍ക്കൊ വേണ്ടിയുള്ള കാത്തിരിപ്പിനിടയില്‍ അസുഖങ്ങള്‍...പരസ്പരം ആശ്വസിപ്പിക്കാന്‍ വാര്‍ദ്ധക്യത്തിന്റെ വിട്ടുവീഴ്ച്കള്‍.

അവസാനം ഒരു ദിവസം എല്ലാവരും എത്തുന്നു...കുഴിമാടത്തില്‍ ഒരിത്തിരി കണ്ണീരു വീഴ്ത്താന്‍...ഒന്നും ഒന്നിനും പകരമാവില്ലെന്ന് ആരായിരുന്നു നമ്മളെ പഠിപ്പിച്ചത്. അച്ചന്റെ കൂട്ടില്ലാതെ അമ്മ കരയുകയായിരിക്കും. പക്ഷെ പരിഹാരം ഉണ്ടല്ലൊ...അതൊന്നും ശരിയാവില്ല...മരുന്നും കുഴമ്പും പിന്നെ നൂറുകൂട്ടം പ്രശ്നങ്ങളും, ഇതിനൊക്കെ നമുക്കെവിടെയാ സമയം. പിന്നെ ആരെങ്കിലും ഒക്കെ വരുമ്പോള്‍, ആകെ പ്രശ്നം തന്നെയാവും. പിള്ളേരാണെങ്കില്‍ എപ്പൊഴും ചുറ്റിപറ്റി നടക്കും...അടക്കിപിടിച്ച സംസാരം.

അമ്മ ഒന്നും വിചാരിക്കരുത്, ഇവിടെ ഇങ്ങിനെ തനിച്ചിരുന്നിട്ട് എന്താ കാര്യം. വീടു വാടകയ്ക്ക് കൊടുക്കുവൊ വില്‍ക്കുകയൊ ചെയ്യാം. അവിടെ നില്‍കാമെന്നു വച്ചാല്‍ ആകെയുള്ളതെ രണ്ടു മുറിയാ, അമ്മക്ക് സൌകര്യം മതിയായില്ലെങ്കിലൊ. ഇവിടെ നാടു വിട്ടു പോകാനും അമ്മക്ക് വിഷമം കാണും. എല്ലാരും പറയുന്നു നല്ല സൌകര്യമുള്ളതാ അമ്മത്തൊട്ടില്‍ എന്ന്. അവിടാവുമ്പോള്‍ അമ്മക്ക് പറഞ്ഞിരിക്കാന്‍ ഒരു പോലെയുള്ള ഇഷ്ടം പോലെ ആള്‍ക്കാരും കാണും.

അമ്മ ചിരിക്കുകയാണ്...

അമ്മയുടെ സ്നേഹത്തിന്റെയും പരിലാളനയുടെയും ഊഷ്മളതിയില്‍ നിന്നും ഒരുപാടകലേയ്ക്ക് എത്തിപ്പെട്ടു പോയ എന്റെ വിധിയെ ശപിച്ചു കൊണ്ട്, പ്രവാസം എനിക്കു നല്‍കിയ ഒറ്റപ്പെടലിന്റെ അനാധത്വത്തെ പഴിച്ചു കൊണ്ട്, ഈ ലോകത്തിലെ മക്കളെ മാറോടടുക്കിപിടിച്ച് സ്നേഹം കൊണ്ട് തുലാഭാരം നടത്തുന്ന എല്ലാ അമ്മമാര്‍ക്കും വേണ്ടി ഈ എഴുത്ത് സമര്‍പ്പിക്കുന്നു. ഒപ്പം അമ്മയെന്ന വാക്കിന്റെ അര്‍ത്ഥവ്യാപ്തി അറിഞ്ഞിട്ടും, അറിഞ്ഞില്ലെന്നു നടിക്കുന്നവരോട് ഒരു വാക്ക്. ആത്മഹത്യ പോലും നിങ്ങള്‍ക്കുള്ള ശിക്ഷയാവില്ല. പുതിയ അമ്മ ദിനങ്ങളുടെ ആഘോഷത്തിമര്‍പ്പിനിടയില്‍ ആരും അറിയുന്നുണ്ടാവില്ല നാളെ നമുക്കായ് കരുതി വച്ചതെന്താണെന്ന്. കാലത്തിന്റെ ചുവരെഴുത്തുകള്‍ നമുക്കെന്നും അന്യമാണല്ലൊ? അമ്മയെ, അമ്മയെയെങ്കിലും വേദനിപ്പിക്കാതിരിക്കുക-ഒരിക്കലും. മാതൃത്വം ഒരു സുകൃതമാണ്. അത് തിരിച്ചറിയാതിരിക്കരുത് ജീവനുള്ളിടത്തോളം.

16 അഭിപ്രായങ്ങൾ:

swaram പറഞ്ഞു...

അമ്മയുടെ സ്നേഹത്തിന്റെയും പരിലാളനയുടെയും ഊഷ്മളതിയില്‍ നിന്നും ഒരുപാടകലേയ്ക്ക് എത്തിപ്പെട്ടു പോയ എന്റെ വിധിയെ ശപിച്ചു കൊണ്ട്, പ്രവാസം എനിക്കു നല്‍കിയ ഒറ്റപ്പെടലിന്റെ അനാധത്വത്തെ പഴിച്ചു കൊണ്ട്, ഈ ലോകത്തിലെ മക്കളെ മാറോടടുക്കിപിടിച്ച് സ്നേഹം കൊണ്ട് തുലാഭാരം നടത്തുന്ന എല്ലാ അമ്മമാര്‍ക്കും വേണ്ടി ഈ എഴുത്ത് സമര്‍പ്പിക്കുന്നു. ഒപ്പം അമ്മയെന്ന വാക്കിന്റെ അര്‍ത്ഥവ്യാപ്തി അറിഞ്ഞിട്ടും, അറിഞ്ഞില്ലെന്നു നടിക്കുന്നവരോട് ഒരു വാക്ക്. ആത്മഹത്യ പോലും നിങ്ങള്‍ക്കുള്ള ശിക്ഷയാവില്ല. പുതിയ അമ്മ ദിനങ്ങളുടെ ആഘോഷത്തിമര്‍പ്പിനിടയില്‍ ആരും അറിയുന്നുണ്ടാവില്ല നാളെ നമുക്കായ് കരുതി വച്ചതെന്താണെന്ന്. കാലത്തിന്റെ ചുവരെഴുത്തുകള്‍ നമുക്കെന്നും അന്യമാണല്ലൊ? അമ്മയെ, അമ്മയെയെങ്കിലും വേദനിപ്പിക്കാതിരിക്കുക-ഒരിക്കലും. മാതൃത്വം ഒരു സുകൃതമാണ്. അത് തിരിച്ചറിയാതിരിക്കരുത് ജീവനുള്ളിടത്തോളം.

സാരംഗി പറഞ്ഞു...

അമ്മയെക്കുറിച്ചുള്ള ആത്മാര്‍ഥമായ ഒരു വിവരണം..നന്നായി ട്ടോ. അമ്മമാരെ ഓര്‍ക്കാന്‍ ഒരു പ്രത്യേക ദിവസത്തിന്റെ ആവശ്യം ഇല്ല എന്നു തന്നെയാണു എന്റെയും അഭിപ്രായം..കാലെങ്ങാനും കല്ലിലൊന്നു തട്ടിയാല്‍ 'അമ്മേ' ന്നല്ലെ ആദ്യം വായില്‍ വരുന്നത്‌..:))

ppanilkumar പറഞ്ഞു...

priyappetta chithale....njan ente ammayodu parayarundu..enne prasavikkan patti ennathanu ammayku labhicha ettavum valiya bhagyam ennu. Vazhakkundakumbol amma parayum njan ninte ammayanenna karyam marakkaruthu. Njan marupadiothum....athinum oru kanakku vaykini. Achanillathayathinte soonyatha enikku nallavannam ariyam. Aniyathiyude kalyanathinum mattum...pakshe Amma illathavuka....sankalpikkan pattunnilla. Amma enna randaksharathinu vakkukal kondu nirvachikkan sadhikkilla....kannu eeranavunnu..sathyam. Jeevithathil thirichadikal undavumbol..alpa neram aduthirunnu...a lalana..niswartha sneham anubhavikkan sadhikkunnu ennathanu ente jeevithathinu poornatha nalkunnathu. Sarvam saha...ennathu anvarthamakkunnathu ammayude lalana anubhavikkumbol aanu. Enthinum oru swathanthryam....parayan orupadundu..pakshe..

വല്യമ്മായി പറഞ്ഞു...

ആത്മാര്‍ത്ഥമായ എഴുത്ത്.അഭിനന്ദനങ്ങള്‍

swaram പറഞ്ഞു...

“അമ്മ” എന്ന വികാരം എഴുതി പിടിപ്പിക്കാന്‍ ഇറങ്ങിത്തിരിച്ച എന്റെ പക്വതയില്ലായ്മ ഞാന്‍ തിരിച്ചറിഞ്ഞു എഴുത്തു തുടങ്ങിയപ്പോള്‍ തന്നെ...കാരണം ഒരു കടലുപോലെ വിശാലമായ അമ്മ മനസ്സിനെ നാലുവരികളില്‍ എങ്ങനെ ഒതുക്കി തീര്‍ക്കും?പക്ഷെ ലോകം ആര്‍ഭാടപൂര്‍വ്വം അമ്മ ദിനം ആഘോഷിക്കുമ്പോള്‍ എന്തോ കുത്തിക്കുറിക്കാനുള്ള തോന്നല്‍.സാരംഗി, അനില്‍ഭായ്,വല്യമ്മായി നന്ദിപറയുന്നില്ല, അമ്മയെ ഒരുപാട് സ്നേഹിക്കുന്ന നല്ലമനസ്സുകളോട് നന്ദി പറഞ്ഞാല്‍ അതു സൌഹൃദത്തോട് കാണിക്കുന്ന നന്ദികേടാവില്ലെ?

അപ്പൂസ് പറഞ്ഞു...

എത്ര പറഞ്ഞാലും വീണ്ടും വീണ്ടും പറയാന്‍ ബാക്കി നിര്‍ത്തുന്നു അമ്മമാര്‍..

Sreekumar P.S. പറഞ്ഞു...

yaanthrikamaaya jeevithathinteyum... nirvikaratha niranja bandhangaludeyum... nishphalatha manassilaakki... jeevithathinte yaadharthyathilekku namme koottikondupokunna... oru manoharamaaya ithal.... amma...

valare nannayirikkunnu...

....sreekumar p.s.

വിജി പിണറായി പറഞ്ഞു...

‘അമ്മ’... ഉപാധികളും പരിധികളുമില്ലാത്ത സ്നേഹത്തിന്റെ, വാത്സല്യത്തിന്റെ, പരിലാളനകളുടെ മൂര്‍ത്തിമദ്‌ഭാവമായ അമ്മ. ജീവിതം മുഴുവന്‍ മക്കള്‍ക്കു വേണ്ടി ഉഴിഞ്ഞുവെച്ച് അവര്‍ക്കായി തപസ്സു ചെയ്യുന്ന അമ്മ.

ജന്മം നല്‍കിയ അമ്മയെ ഓര്‍ക്കാന്‍ ഒരു ‘വാണിജ്യവല്‍കൃത ദിവസം’ വേണമെന്നു കരുതുന്നവരെക്കുറിച്ച് എന്തു പറയാന്‍...? ഇനിയൊരിക്കല്‍ തങ്ങള്‍ ജീവിച്ചിരിക്കുന്നു എന്ന് ഓര്‍ക്കാനും അവര്‍ക്ക് ഒരുപക്ഷേ ഒരു ദിവസം വേണ്ടിവന്നേക്കും. കിടക്കട്ടെ ഒരു ‘ലിവിങ് പീപ്പ്‌ള്‍‌സ് ഡേ’!

‘ചിതല്‍’ വാക്കുകളിലൂടെ എന്നെ വര്‍ഷങ്ങള്‍ക്കു പിന്നിലേക്ക് കൂട്ടിക്കൊണ്ടുപോയി. മനസ്സിന്റെ ഏതോ കോണില്‍ മായാതെ, ഒളി മങ്ങാതെ കിടന്നിരുന്ന സുഖമുള്ള കുറേ ഓര്‍മകള്‍. ഇട്യ്ക്ക് ഒരു സ്വകാര്യ നൊമ്പരമായി കടന്നു വന്ന റീന ടീച്ചര്‍. തലച്ചോറില്‍ രക്തസ്രാവവുമായി മരണത്തോടു മല്ലടിക്കുന്ന മകന്റെ ജീവനു വേണ്ടി പിടയ്ക്കുന്ന മനസ്സുമായി കണ്ണീരും പ്രാര്‍ഥനകളുമായി കഴിയുന്ന ആ അമ്മയെക്കുറിച്ചോര്‍ത്തപ്പോള്‍... മനസ്സ് വല്ലാതെയൊന്നുലഞ്ഞു.
...
മക്കള്‍ക്കു വേണ്ടി മാത്രം ജീവിക്കുന്ന എത്രയോ അമ്മമാര്‍. അവരെക്കുറിച്ച് ഓര്‍ക്കാന്‍ പോലും നേരമില്ലാതെ സുഖങ്ങള്‍ക്കു പിന്നാലെ പരക്കം പായുന്ന കുറേ മക്കള്‍... പരാതികളും പരിഭവങ്ങളും ഉള്ളിലൊതുക്കി വൃദ്ധസദനങ്ങളില്‍ നാളുകള്‍ തള്ളിനീക്കുമ്പോഴും മക്കളുടെ സന്തോഷത്തിനു വേണ്ടി പ്രാര്‍ഥിക്കുന്ന ഒത്തിരി അമ്മമാര്‍... മക്കളോട് അവര്‍ ഒരിക്കലും ചോദിക്കാത്ത ഒരു ചോദ്യം ആ അമ്മമാര്‍ക്കു വേണ്ടി ഞാന്‍ ചോദിച്ചോട്ടെ - ഒരു പഴയ സിനിമാ ഗാനത്തിലെ വരികള്‍ കടമെടുത്തിട്ടെങ്കിലും...

“പഞ്ചാഗ്നിമധ്യേ തപസ്സുചെയ്താലുമീ
പാപകര്‍മത്തിന്‍ പ്രതിക്രിയയാകുമോ....?”

swaram പറഞ്ഞു...

എത്ര പറഞ്ഞാലും വീണ്ടും വീണ്ടും പറയാന്‍ ബാക്കി നിര്‍ത്തുന്നു അമ്മമാര്‍.. അപ്പൂസ് പറഞ്ഞത് എത്ര ശരി.
ശ്രീ,
വഴിതെറ്റിയുള്ള നമ്മുടെ യാത്രകള്‍ക്കിടയില്‍ അമ്മയെന്ന നന്മയുടെ തുരുത്ത് കാണാതെ പോകുന്നവരെ ഒന്നോര്‍മ്മപ്പെടുത്താന്‍ തോന്നി..അത്രമാത്രം..
വിജി,
അനുഭവങ്ങള്‍ നമ്മെ ഒരുപാട് പഠിപ്പിക്കും, സ്നേഹത്തെക്കുറിച്ച്,വാത്സല്യത്തെക്കുറിച്ച്...പക്ഷെ ഒന്നും കണ്ടിലെന്നു നടിക്കുന്ന തലമുറയെ ന്മ്മള്‍ എന്തു ചെയ്യും?

വേഴാമ്പല്‍ പറഞ്ഞു...

ജീവിത സായാഹ്നത്തില്‍ ഒറ്റപ്പെടലിന്റെ വേദനയുമായി അമ്മ ജീവിക്കുന്നു. അടുക്കള വാതിലിലൂടെ എന്നെങ്കിലും ആരെങ്കിലും വരുമെന്ന പ്രതീക്ഷയോടെയുള്ള നോട്ടം...മിണ്ടാനും പറയാനു ആരുമില്ലാതെ ഒരു ജീവിതം ജീവിച്ചു തീര്‍ക്കുന്നതിന്റെ പരിഭവം ആ കുഴിഞ്ഞ കണ്ണുകളില്‍ ഉണ്ടായിരുന്നൊ? ഒരിക്കലുമില്ലായിരിക്കാം...ആ മനസ്സിലെ പ്രതീക്ഷകളൊക്കെ എന്നെ കരിഞ്ഞു പോയിരിക്കുന്നു.
ചിതല്‍ നന്നായിരിക്കുന്നുട്ടോ .

swaram പറഞ്ഞു...

വേഴാമ്പലെ,
കരിഞ്ഞ് പോയെന്ന് തോന്നുന്ന സ്വപ്നങ്ങളില്‍ നിന്നും ഫിനിക്സ് പക്ഷിയെപ്പോലെ ജീവിതത്തെ ഉയിര്‍ത്തേഴ്നില്‍പ്പിക്കാനുള്ള ശക്തമായ ചുവടുവെപ്പുകളാവട്ടെ ജീവിതത്തോടുള്ള പുതിയ തലമുറയുടെ കാഴ്ച്ചപ്പാട്..ഒരുപാട് നന്ദി വന്ന് നല്ല വാക്കുകള്‍ കോറിയിട്ടതിന്.

സുല്‍ |Sul പറഞ്ഞു...

എങ്ങനെയെല്ലാം എഴുതിയാലും തീരാത്ത ഒന്നല്ലേ അമ്മ.
സ്വരം നിങ്ങള്‍ അതു നന്നായി എഴുതി..
“അമ്മയെ, അമ്മയെയെങ്കിലും വേദനിപ്പിക്കാതിരിക്കുക-ഒരിക്കലും.“

-സുല്‍

swaram പറഞ്ഞു...

പ്രിയപ്പെട്ട സുല്‍,
“അമ്മയെ, അമ്മയെയെങ്കിലും വേദനിപ്പിക്കാതിരിക്കുക-ഒരിക്കലും.“
അമ്മയെ ഒരുപാട് സ്നേഹിക്കുന്ന ആ വികാരത്തെ ഹൃദ്യത്തോട് ചേര്‍ത്തു വെക്കുന്ന നമുക്ക് ഇതു മാത്രമല്ലെ ഈ ലോകത്തോട് പറയാന്‍ കഴിയൂ..

അജ്ഞാതന്‍ പറഞ്ഞു...

ippo kari puranda ammamaarundoh . evidey thirinjonnu nokiyaalum avidangalilokkey theepetty kudalle.. evideyaa muttam... ennokey chodikkam.. pravvasikaley karayipikkan orumbettirangiyirikaa rain..orthittum kaaryamillenariunna novukal..jeevitham ketty pedukkaan nettottamodumbo paavam ammamaarey marakkukayaanoh makkal orikalumalla athavarudey gathikedaaa....ammamaarudeum... ammamarkoru dinam athintey aavshaymundoh illa ennu thanneyaanu enteum viswaasam.. enkilum enikum kitty gift ..artham arinju nthanneyaanoh aavoh

swaram പറഞ്ഞു...

ശ്രീയേച്ചി,
എന്റെ വാക്കുകള്‍ അറിയാതെയെങ്കിലും ഒരിത്തിരി നൊമ്പരം സമ്മാനിച്ചുവെങ്കില്‍, അതു നിങ്ങളുടെ നല്ല മനസ്സിന്റെ നൈര്‍മ്മല്യം കൊണ്ടു മാത്രമാണ്. ഒരുപാട് നന്ദി വന്നതിലും, ഒരു പിടി അക്ഷരങ്ങള്‍ എഴുതിയിട്ടതിനും..

Unknown പറഞ്ഞു...

Amma vaichappol endee amma ennikku veendi chaidha thyagangal ....njaan endee makkallukku chaiyunnda thyagangal ellam endee kannindee munbil enganee varukayayirrunnu....ammaiykku mothers dayyikku verudhee oru gift koduthal madhi enna dharana koreee makkallkku indu...adhu allaa aaa ammaiykku vendadhu....sneham mathram....makkal sugamayittu irikunnu enna vijaram mathram madhi aaa ammayikku....sneha thoodula anneshanam adannu avarku veenda gift....i very much pity the children sending their mothers to Old home....they r reserving for themselves....Adipoli....no words to put ....