2010, ഏപ്രിൽ 17, ശനിയാഴ്‌ച

കാറ്റുപോയോ

കാര്‍മേഘങ്ങളും കാറ്റും കോളും എല്ലാം അടങ്ങിയിരിക്കുന്നു. രക്തദാഹികളും, ശവം തീനികളും, വിഷപാമ്പുകളും പത്തിമടക്കി പൊത്തിലൊളിച്ചിരിക്കുന്നു. വാര്‍ത്തകള്‍ സൃഷ്ടിച്ചവരും, വാര്‍ത്തകളുടെ പിന്നാമ്പുറങ്ങള്‍ തേടുന്നവരും, വാര്‍ത്തകളുടെ തലനാരിഴ കീറി മുറിക്കുന്നവരും ഇനി എന്തു പറയും എന്ന് കേള്‍ക്കാനും കാണാനും നമുക്ക് കാത്തിരിക്കാം. ഊഹക്കച്ചവടവും, ഊതിപ്പെരുപ്പിച്ച നുണകളും ഇനി ഏതറ്റത്തു പോയി തട്ടിയുടയും എന്നറിയാന്‍ കാത്തിരുന്നേ മതിയാകൂ.

ഇന്ത്യ കണ്ട ഏറ്റവും വലിയ അഴിമതി വീരനെ കുരിശില്‍ തറയ്ക്കുമെന്ന് പ്രതിഞ്ജ ചെയ്ത രാഷ്ട്രീയ മാധ്യമ മാഫിയ കൂട്ടുകെട്ടിനെ പൊതു ജനം പൊന്നാടയിട്ട് സ്വീകരിക്കുക തന്നെ വേണം. പിണറായി വിജയനെന്ന സമുന്നതനായ നേതാവിനെ ക്രൂശിച്ചു രസിച്ചവരുടെ മുന്നില്‍ നട്ടെല്ലു വളയ്ക്കാതെ, ലാവ്ലിന്‍ കേസിനെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്ന് അര്‍ത്ഥശങ്കയ്ക്കിടയില്ലാതെ പ്രഖ്യാപിച്ച സി.പി.എമ്മിന്റെ ചങ്കൂറ്റം കണ്ട്, അത് കുറ്റവാളിയെ രക്ഷിക്കാനുള്ള അടവ് നയമാണെന്ന് പരിഹസിച്ചവര്‍ ഇനിയെങ്ങനെ തലപൊക്കി നടക്കും. മടിയില്‍ കനമുള്ളവനേ ഭയക്കേണ്ടൂ എന്ന് ആവര്‍ത്തിച്ച പിണറായി ആദര്‍ശ രാഷ്ട്രീയം പ്രസംഗിച്ച് നടക്കുന്നവരുടെ കൂട്ടത്തിലല്ല. മറിച്ച് ആദര്‍ശരാഷ്ട്രീയം ജീവിതത്തില്‍ പ്രയോഗിച്ച് കാണിക്കുന്ന അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ രാഷ്രീയ പര്യായങ്ങളില്‍ ഒന്നാകുന്നു. സി.പി.എം എന്ന രാഷ്ട്രീയ പ്രസ്ഥാനത്തെ തേജോവധം ചെയ്യാന്‍ പല്ലും നഖവും പ്രയോഗിക്കുന്നവരുടെ ചെകിട്ടത്ത് കിട്ടിയ അടിയാണ് സി.ബി.ഐ കോടതിയില്‍ നല്‍കിയ മൊഴി. എന്നിട്ടും മുഖ്യധാരാ മാധ്യമങ്ങള്‍ നല്‍കിയ വാര്‍ത്തകള്‍ “പിണറായി പണം വാങ്ങിയതിന് തെളിവില്ല” എന്നു മാത്രമാണ്. അവിടെയും സംശയം നിലനിര്‍ത്തി ഇത്തിരിയെങ്കിലും പുകമറ സൃഷ്ടിക്കാനുള്ള വൃഥാശ്രമം. പണം വാങ്ങി പക്ഷെ തെളിവില്ല എന്ന മട്ടില്‍.

എന്തിനായിരുന്നു ഈ പടപ്പുറപ്പാട്. സ്വന്തം ചെയ്തികളില്‍ ഒരിക്കല്‍ പോലും കുറ്റബോധം തോന്നാത്ത അഴിമതിക്കാരുടെ കൂടാരങ്ങളെ സംരക്ഷിക്കാനോ? അതോ കമ്മ്യൂണിസ്റ്റുകാരും അഴിമതിയുടെ ഭാഗമാണെന്നു വരുത്തി രാഷ്ട്രീയ സാമൂഹ്യ കേരളത്തില്‍ അരാജകത്വം സൃഷ്ടിച്ച് അതില്‍ മുതലെടുപ്പ് നടത്താന്‍ മത വര്‍ഗ്ഗീയ ശക്തികള്‍ക്കും സാമ്രാജത്വ ശക്തികള്‍ക്കും വളക്കൂറുള്ള മണ്ണൊരുക്കാനോ? കേരളത്തിലെ ഇടത്പക്ഷ മനോഭാവികള്‍ക്കിടയില്‍ അതിശക്തമായ ചലനമുണ്ടാക്കാന്‍ മാധ്യമങ്ങളുടെ അതിശക്തമായ പ്രചാരവേലയിലൂടെ കഴിഞ്ഞു എന്നത് നിസ്തര്‍ക്കമാണ്. പിണറായി കള്ളനാണെന്നും, പാര്‍ട്ടി പടുത്തുയര്‍ത്തിയ പത്ര-മാധ്യമ ശ്രൃംഗലകള്‍ മൊത്തം കള്ളം പണത്തിലൂടെ ഉണ്ടാക്കിയതാണെന്നുമുള്ള പ്രചാരങ്ങള്‍ ഒളിഞ്ഞും തെളിഞ്ഞും തൊടുത്തു വിടാന്‍ ഒരറപ്പും ഇക്കൂട്ടര്‍ കാണിച്ചില്ല. കൃത്യമായ അജണ്ടയിലൂടെ സി.പി.എമ്മിനെയും അതിന്റെ നേതാക്കളേയും താറടിച്ച് മൂലക്കിരുത്താമെന്ന മാസ്റ്റര്‍പ്ലാന്‍. അതിനെ ചങ്കൂറ്റത്തോടെ നേരിട്ട പിണറായിക്കും പ്രസ്ഥാനത്തിനും അഭിമാനിക്കാം. സത്യത്തിന്റെ മുഖം ഇടതുപക്ഷത്തിന്റെ സ്വന്തമാണെന്ന് അടിവരയിട്ടു പറഞ്ഞ് പാര്‍ട്ടിക്കിനി ജനങ്ങള്‍ക്കിടയിലേക്കിറങ്ങാം.

ഒപ്പം കമ്യൂണിസ്റ്റ് മുഖം മൂടിയണിഞ്ഞ് വൃത്തിഹീനമായ വഴികളിലൂടെ സഞ്ചരിക്കുന്ന ഒരുകൂട്ടം ശിങ്കിടികളെ ചവറ്റു കൊട്ടയിലേക്കെറിയാനും പാര്‍ട്ടി തയ്യാറാവണം. അനാവശ്യമായ വിവാദങ്ങള്‍ സൃഷ്ടിച്ച് എല്ലാ നന്മകളെയും വെട്ടി നിരത്താന്‍ സദാ ജാഗരൂകരായി ഒരു പടതന്നെ നിലയുറപ്പിച്ചത് മറന്നു കൂടാ. ചില നേതാക്കളുടെ മക്കളും, മരുമക്കളും ആശ്രിതരും ചേര്‍ന്ന് നടത്തുന്ന നെറികെട്ട ചില കൂട്ടുകെട്ടുകളും സംരംഭങ്ങളും അസത്യമാണെന്ന് പുരപ്പുറത്ത് കയറി വിളിച്ചു കൂവിയാലും, അതില്‍ അല്പമെങ്കിലും സത്യമുണ്ടെന്നത് അംഗീകരിച്ചേ മതിയാവൂ. അവരെ നിലയ്ക്കു നിര്‍ത്താനുള്ള ബാധ്യത കൂടെ പ്രസ്ഥാനം സമയം കളയാതെ ഏറ്റെടുക്കണം.

കേരളത്തെ അപ്പാടെ പിണറായി വിഴുങ്ങിയെന്ന് കലിതുള്ളീ ഉറഞ്ഞ് എഴുതിപ്പരത്തിയവരും, “ന്യൂ ജനറേഷന്‍ ഇടത് ചിന്തകരും“ അന്തിചര്‍ച്ചകളിലെ വെറും വെളിച്ചപ്പാടുകള്‍ മാത്രമായിരുന്നുവെന്ന് തിരിച്ചറിയേണ്ടിയിരിക്കുന്നു. തെളിവുകളുടെ കുത്തൊഴുക്കുകളും മാലപ്പടക്കളും കണ്ട് മഞ്ഞളിച്ചു പോയ മലയാളക്കരയോട് ചുരുങ്ങിയ പക്ഷം ഒരു മാപ്പ് പറയാനുള്ള സാമാന്യ മര്യാദയെങ്കിലും ചാനല്‍ വ്യഭിചാരം തൊഴിലാക്കിയ എക്സ് വിപ്ലവകാരികള്‍ കാണിക്കുമോ എന്ന് നമുക്ക് നോക്കാം.ഒരു കാലത്ത് വിപ്ലവത്തിന് വീര്യം പോരെന്ന് പറഞ്ഞവരും, പാര്‍ട്ടിക്കകത്ത് ഒളിയുദ്ധം നടത്തി കുപ്പത്തൊട്ടിയിലേക്ക് വലിച്ചെറിയപ്പെട്ടവരും ഒരേ നാ‍ക്കും നോക്കുമായി സി.പി.എമ്മിനും പിണറായിക്കുമെതിരെ ചാനലുകളിലും പത്രത്താളുകളിലും വിശുദ്ധമാലാഖകള്‍ ചമഞ്ഞപ്പോള്‍ ചോദ്യം ചെയ്യപ്പെട്ടത് മലയാളിയുടെ സാമാന്യബോധത്തെയായിരുന്നില്ലേ? എന്നിട്ടും പലരും പലതും വിശ്വസിച്ചു. വരിയുടയ്ക്കപ്പെട്ടവന്റെ ശൌര്യവുമായി വരുന്ന എക്സ് വിപ്ലവകാരികളെയും, മാധ്യമ-രാഷ്ട്രീയ കൂട്ടുകെട്ടുകളേയും സഹിക്കേണ്ട ബാധ്യത ഇനി നമുക്കുണ്ടാവില്ലെന്ന് മാത്രം പ്രത്യാശിക്കാം.

പിണറായിക്ക് നയിക്കാം...രക്തക്കൊതിയന്മാരുടെ പല്ലു പിഴുതെടുത്ത ആത്മവിശ്വാസവുമായി.കൈമോശം വരാത്ത ആദര്‍ശ ശുദ്ധിയുടെ പത്തരമാറ്റില്‍ സി.പി.എമ്മിന് നെഞ്ചൂക്കോടെ പ്രതിയോഗികളെ വെല്ലുവിളിക്കാം. പാര്‍ട്ടിയ്ക്കിതെന്തു പറ്റിയെന്ന് ഒരു നിമിഷമെങ്കിലും വേദനിച്ചു പോയവര്‍ക്ക് ആശ്വസിക്കാം. നമ്മളിഷ്ടപ്പെട്ടത്, നമ്മള്‍ സ്നേഹിച്ചത് ഒന്നും വെറുതെയായില്ലെന്ന്. സഖാവ് വി.എസി ന് വരികള്‍ക്കിടയില്‍ അര്‍ത്ഥം പെറുക്കുന്ന പത്രക്കാരോട് തുറന്ന് പറയാം...ഞങ്ങളുടെ പാര്‍ട്ടി സിക്രട്ടറി അഴിമതിയുടെ കറപുരളാ‍ത്ത കമ്യൂണിസ്റ്റ്കാരനാണെന്ന്.

2 അഭിപ്രായങ്ങൾ:

swaram പറഞ്ഞു...

കേരളത്തെ അപ്പാടെ പിണറായി വിഴുങ്ങിയെന്ന് കലിതുള്ളീ ഉറഞ്ഞ് എഴുതിപ്പരത്തിയവരും, “ന്യൂ ജനറേഷന്‍ ഇടത് ചിന്തകരും“ അന്തിചര്‍ച്ചകളിലെ വെറും വെളിച്ചപ്പാടുകള്‍ മാത്രമായിരുന്നുവെന്ന് തിരിച്ചറിയേണ്ടിയിരിക്കുന്നു. തെളിവുകളുടെ കുത്തൊഴുക്കുകളും മാലപ്പടക്കളും കണ്ട് മഞ്ഞളിച്ചു പോയ മലയാളക്കരയോട് ചുരുങ്ങിയ പക്ഷം ഒരു മാപ്പ് പറയാനുള്ള സാമാന്യ മര്യാദയെങ്കിലും ചാനല്‍ വ്യഭിചാരം തൊഴിലാക്കിയ എക്സ് വിപ്ലവകാരികള്‍ കാണിക്കുമോ എന്ന് നമുക്ക് നോക്കാം.ഒരു കാലത്ത് വിപ്ലവത്തിന് വീര്യം പോരെന്ന് പറഞ്ഞവരും, പാര്‍ട്ടിക്കകത്ത് ഒളിയുദ്ധം നടത്തി കുപ്പത്തൊട്ടിയിലേക്ക് വലിച്ചെറിയപ്പെട്ടവരും ഒരേ നാ‍ക്കും നോക്കുമായി സി.പി.എമ്മിനും പിണറായിക്കുമെതിരെ ചാനലുകളിലും പത്രത്താളുകളിലും വിശുദ്ധമാലാഖകള്‍ ചമഞ്ഞപ്പോള്‍ ചോദ്യം ചെയ്യപ്പെട്ടത് മലയാളിയുടെ സാമാന്യബോധത്തെയായിരുന്നില്ലേ? എന്നിട്ടും പലരും പലതും വിശ്വസിച്ചും. വരിയുടയ്ക്കപ്പെട്ടവന്റെ ശൌര്യവുമായി വരുന്ന എക്സ് വിപ്ലവകാരികളെയും, മാധ്യമ-രാഷ്ട്രീയ കൂട്ടുകെട്ടുകളേയും സഹിക്കേണ്ട ബാധ്യത ഇനി നമുക്കുണ്ടാവില്ലെന്ന് മാത്രം പ്രത്യാശിക്കാം.

വിജി പിണറായി പറഞ്ഞു...

ശ്ശോ...! എന്തൊക്കെയായിരുന്നു പുകില്...! കമലാ ഇന്റര്‍‌നാഷനല്, ടെക്‍നിക്കാലിയ, കൊട്ടാരം പോലത്തെ വീട്... 100 സിംഗപ്പൂര്‍ യാത്ര... 500 കോടിയുടെ അഴിമതി... ആരോപണങ്ങള്‍ ബലൂണ്‍ പോലെ അങ്ങനെ വീര്‍ത്തു വീര്‍ത്ത് വരുന്നതു കണ്ട് അവസാനം അത് ബോംബു പോലെ പൊട്ടുമെന്നും അതില്‍ പിണറായി ശവമായി അവസാനിക്കുമെന്നുമൊക്കെ സ്വപ്നം കണ്ട്... അവസാനം ആ സോപ്പു കുമിളയ്ക്ക് സി ബി ഐ അണ്ണന്മാരു തന്നെ ഒരു കുത്ത് കൊടുത്തപ്പോള്‍ കഥ മൊത്തം ശവമായി! 474 കോടിയുടെ (?!)(നഷ്ടം എന്ന് സി ബി ഐ തന്നെ പറയുന്ന 374 കോടിയും യഥാര്‍ഥത്തില്‍ ചെലവാകുമായിരുന്നു എന്നു പലരും പറയുന്ന 100 കോടിയും) പദ്ധതിയില്‍ ഒരു പൈസ പോലും കമ്മീഷന്‍ വാങ്ങാതെ നാട്ടിലെ ജനങ്ങള്‍ക്ക് ഉപകാരപ്രദമായ ഒരു സ്ഥാപനം തുടങ്ങാന്‍ മാത്രം മുന്‍‌കൈയെടുത്ത വിജയന്‍ മന്ത്രിയെന്നതിനേക്കാള്‍ യഥാര്‍ഥ ജനസേവകനായാണ് പ്രവര്‍ത്തിച്ചത് എന്നും ‘ധനസേവക’ന്മാര്‍ മറ്റു ചിലരായിരുന്നു എന്നും ഇനിയെങ്കിലും തുറന്നു പറയുമോ ‘മ’ മാധ്യമങ്ങള്‍?