കോടതി വിധികള്‍ എന്നും ഭരണഘടനാനുസൃതമായിരിക്കണമെന്നത് നിസ്തര്‍ക്കമാണ്. ഒരു ഭരണഘടനാ സ്ഥാപനത്തില്‍ നിന്നുണ്ടാവേണ്ട ജനാധിപത്യ മര്യാദകള്‍ പല അവസരങ്ങളിലും കോടതി വിധികളില്‍ ലംഘിക്കപ്പെടുന്നു എന്ന ആക്ഷേപം പലഭാഗങ്ങളില്‍ നിന്നും പല അവസരങ്ങളിലായി ഉയരാറുമുണ്ട്. കോടതി വിധികളും കോടതികളും വിമര്‍ശനങ്ങള്‍ക്ക് അതീതമാണോ അല്ലയോ എന്നത് പോലും സാസ്കാരിക രാഷ്ട്രീയ കേരളം സജീവമായി ചര്‍ച്ചചെയ്തു കൊണ്ടിരിക്കുന്ന വിഷയമാണ്.
പല അവസരത്തിലും സാമാന്യ യുക്തിക്ക് നിരക്കാത്ത രീതിയിലുള്ള വിധികള്‍ കേരളത്തില്‍ വലിയ ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ചു. കോടതികളാല്‍ ഏറ്റവും അധികം വിമര്‍ശിക്കപ്പെട്ടത് ഇടത് ഭരണകൂടങ്ങളാണെന്നത് യാദൃശ്ചികമായിരിക്കാം. തൊട്ടാല്‍ പൊള്ളുന്ന വിഷയങ്ങളെ പൊതു സമൂഹത്തില്‍ സജീവമാക്കാന്‍ ഇടത് ഭരണകൂടങ്ങള്‍ കാണിക്കുന്ന ശുഷ്കാന്തിയായിരിക്കാം ഇതിനു കാരണം.സ്വാശ്രയ കോളേജ് പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് വന്ന കോടതിവിധികളായിരുന്നു ഇതിലേറ്റവുമധികം ശ്രദ്ധിക്കപ്പെട്ടത്.
ഈ കഴിഞ്ഞ ദിവസം കേരളത്തിലെ തൊഴിലാളിസംഘടനകളെ സംശയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തിക്കൊണ്ട് കോടതി നടത്തിയ പരാമര്‍ശം രാഷ്ട്രീയ സംഘടനാ നേതൃത്വത്തെ വല്ലാതെ പ്രകോപിതരാക്കിയിരിക്കുന്നു എന്നാണ് അവരുടെ പ്രസ്താവനകളില്‍ നിന്നും മനസ്സിലാവുന്നത്. പ്രത്യക്ഷത്തില്‍ പ്രകോപനപരമെന്ന് വിലയിരുത്തപ്പെടാമെങ്കിലും കോടതിയുടെ വിമര്‍ശനം പൊതുസമൂഹം പര്‍പൂര്‍ണ്ണമായും സ്വാഗതം ചെയ്യാനേ തരമുള്ളൂ. കാര്യം കാണാന്‍ മാത്രമുള്ള ഒരു സംഘം ചേരലായി തൊഴിലാളി സംഘടനകള്‍ അധപ്പതിച്ചിരിക്കുന്നു എന്നു പറഞ്ഞാല്‍ സംഘടനകളും അവരുടെ നേതൃത്വവും തീര്‍ച്ചയായും പ്രകോപിതരാകും. പക്ഷേ സത്യം അതല്ലെ? മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ സംസ്ഥാന സിക്രട്ടറിയും കേരളത്തിലെ മറ്റേതൊരു പാര്‍ട്ടി നേതാവിനേക്കാളും നന്നായി സമൂഹത്തിന്റെ ഹൃദയമിടിപ്പ് അറിയുന്നവനുമായ പിണറായി വിജയന്‍ “നോക്കുകൂലി” വിഷയത്തില്‍ നടത്തിയ അതിശക്തമായ പ്രതികരണം ഇവിടെ കൂട്ടി വായിക്കപ്പെടേണ്ടതാണ്.
കേരളത്തിലെ ഏത് കുഗ്രാമത്തില്‍ പോയാലും അവിടങ്ങളിലൊക്കെ തൊഴിലാളി സംഘടനകള്‍ ശക്തമായ സാനിധ്യമാണ്. പ്രത്യേകിച്ചും സി.പി.എം, സി.പി,ഐ, കോണ്‍ഗ്രസ്, ബി,ജെ.പി എന്നീ പാര്‍ട്ടികളുടെ പോഷകസംഘടനകള്‍. പല പൊതുപ്രശ്നങ്ങളിലും തൊഴിലാളി കൂട്ടായ്മ എന്ന നിലയില്‍ ഈ സംഘടനകള്‍ യോജിച്ച് പ്രവര്‍ത്തിച്ച അനുഭവങ്ങളും നമുക്ക് മുന്നില്‍ അനവധിയുണ്ട്.പുതിയ കാഴ്ചപ്പാടുകള്‍ ഉള്ള ഈ പുതിയ സാഹചര്യത്തില്‍ വികസനം, ജനകീയമായ ഇടപെടലുകള്‍, സാമൂഹ്യ പ്രശ്നങ്ങളോട് കാണിക്കേണ്ട ക്രിയാത്മക നിലപാടുകള്‍, പ്രകൃതിയോട് കാണിക്കേണ്ട ഉത്തരവാദിത്വം എന്നിവയില്‍ വലിയ പരാജയമല്ലേ ഈ സംഘടനകള്‍. സംഘടനാ ശേഷി തൊഴിലാളി വര്‍ഗ്ഗത്തിന്റെ വിലപേശല്‍ ശേഷിയും അതു മൂലം അവരുടെ ജീവിത നിലവാരവും ഉയര്‍ത്തി എന്നത് നിസ്തര്‍ക്കമാണ്.ഇതോടൊപ്പം തന്നെ നാടിന്റെ വികസനത്തിലും സമൂഹത്തിന്റെ സമൂലമായ പുരോഗതിയിലും സജീവമായി ഇടപെടാനുള്ള ഉത്തരവാദിത്വം കൂടെ ഇവര്‍ക്കില്ലെ? ഒട്ടുമിക്ക പൊതു വികസന പ്രശ്നങ്ങളിലും വരട്ടു വാദങ്ങളുമായി മുഖം തിരിക്കുന്ന സമീപനമല്ലെ തൊഴിലാളി യൂനിയനുകള്‍ മുന്നോട്ട് വെക്കുന്നത് എന്നത് കോടതി വിധിക്കെതിരെ പ്രസ്താവനാ മത്സരം നടത്തുന്ന ഇടത്-വലത് തൊഴിലാളി സംഘടനകള്‍ സ്വയംവിമര്‍ശനപരമായി വിലയിരുത്താന്‍ ഇനിയും വൈകിച്ചു കൂടാ.ചുരുക്കി പറഞ്ഞാല്‍ ഇത്തരം ആക്ഷേപങ്ങള്‍ സജീവമാകുമ്പോള്‍ അതിന്റെ കാര്യകാരണങ്ങള്‍ അറിയാനും അതിനു പരിഹാരം നിര്‍ദ്ദേശിക്കാനുമുള്ള ഉത്തരവാദിത്വം മാതൃസംഘടനകളില്‍ നിക്ഷിപ്തമാണ്.
വികസനപ്രക്രിയയില്‍ സജീവ പങ്കാളികളായിക്കൊണ്ട്, തങ്ങളുടെ ആദര്‍ശങ്ങളെ മുറുകെപ്പിടിച്ച് സാമൂഹ്യമായ ഉത്തരവാദിത്വങ്ങള്‍ കൂടി നിറവേറ്റിക്കൊണ്ട് മുന്നോട്ട് പോകുന്ന തൊഴിലാളി സംഘടനകളോട് മാത്രമേ പുതിയ തലമുറയ്ക്ക് അനുഭാവം പ്രകടിപ്പിക്കാന്‍ കഴിയൂ എന്നുള്ള ശക്തമായ സന്ദേശം ഉള്‍ക്കൊള്ളാന്‍ എന്നു തൊഴിലാളി യൂണിയനുകള്‍ തയ്യാറാകുന്നുവോ അന്ന് മാത്രമേ നമ്മുടെ നാടിന്റെ ഭാവി ശോഭനമാവുമെന്ന് പ്രത്യാശിക്കാനാവൂ. അവകാശങ്ങളെക്കുറിച്ചു മാത്രം ബോധവല്‍ക്കരിക്കപ്പെട്ട ഒരു തൊഴിലാളി സമൂഹത്തെ കടമകളെക്കുറിച്ച് കൂടി ബോധ്യപ്പെടുത്താനുള്ള ഉത്തരവാദിത്വം കൂടെ സംഘടനകള്‍ ഏറ്റെടുത്തേ മതിയാകൂ.പല കോടതി വിധികളോടും പൊതുജനം ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തിയെങ്കിലും ഇക്കുറി തൊഴിലാളി സംഘടനകളുടെ നിലപാടുകളോടുള്ള കോടതിയുടെ വിയോജിപ്പിനോട് പൊതുസമൂഹം പൂര്‍ണ്ണമായും യോജിച്ചു എന്നതാണ് സത്യം.മാനേജ് മെന്റിന്റെ കെടുകാര്യസ്ഥത ചര്‍ച്ചചെയ്യപ്പെടുമ്പോഴും സത്യസന്ധമായ സ്വയംവിമര്‍ശനം നടത്താന്‍ സംഘടനകള്‍ വൈകിച്ചു കൂടാ.
നയജി.കോം
2 അഭിപ്രായങ്ങൾ:
അവകാശങ്ങളെക്കുറിച്ചു മാത്രം ബോധവല്‍ക്കരിക്കപ്പെട്ട ഒരു തൊഴിലാളി സമൂഹത്തെ കടമകളെക്കുറിച്ച് കൂടി ബോധ്യപ്പെടുത്താനുള്ള ഉത്തരവാദിത്വം കൂടെ സംഘടനകള്‍ ഏറ്റെടുത്തേ മതിയാകൂ.പല കോടതി വിധികളോടും പൊതുജനം ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തിയെങ്കിലും ഇക്കുറി തൊഴിലാളി സംഘടനകളുടെ നിലപാടുകളോടു വിയോജിപ്പിനോട് പൊതുസമൂഹം പൂര്‍ണ്ണമായും യോജിച്ചു എന്നതാണ് സത്യം.മാനേജ് മെന്റിന്റെ കെടുകാര്യസ്ഥത ചര്‍ച്ചചെയ്യപ്പെടുമ്പോഴും സത്യസന്ധമായ സ്വയംവിമര്‍ശനം നടത്താന്‍ സംഘടനകള്‍ വൈകിച്ചു കൂടാ.
"വികസനപ്രക്രിയയില്‍ സജീവ പങ്കാളികളായിക്കൊണ്ട്, തങ്ങളുടെ ആദര്‍ശങ്ങളെ മുറുകെപ്പിടിച്ച് സാമൂഹ്യമായ ഉത്തരവാദിത്വങ്ങള്‍ കൂടി നിറവേറ്റിക്കൊണ്ട് മുന്നോട്ട് പോകുന്ന തൊഴിലാളി സംഘടനകളോട് മാത്രമേ പുതിയ തലമുറയ്ക്ക് അനുഭാവം പ്രകടിപ്പിക്കാന്‍ കഴിയൂ ...."
valare sariyanu...
Chechi
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ