2007, മാർച്ച് 30, വെള്ളിയാഴ്‌ച

ഡയറിക്കുറിപ്പുകള്‍..

ഇതൊരു കഥയല്ല...ജീവനുള്ള മനുഷ്യരുടെയും, ഊര്‍ജ്ജമുള്ള ബന്ധങ്ങളുടെയും ചില ചിത്രങ്ങള്‍ എന്റെ പരിമിതികള്‍ക്കുള്ളില്‍ നിന്നു കൊണ്ട് പകര്‍ത്താനുള്ള ഒരു ശ്രമം.

ദുബൈ നഗരത്തില്‍ എത്തിയത് ഒരു അര്‍ദ്ധരാത്രിയായിരുന്നു. തീര്‍ത്തും അപരിചിതമായ റോഡുകളും, തിരക്കേറിയ തെരുവുകളും, പ്രകാശ ഗോപുരങ്ങളും എന്റെ പുറകിലേക്ക് ഒഴുകി പോവുന്നു. പെട്ടന്ന് കാര്‍ ബ്രെയ്ക്ക് ചെയ്തു...തൊട്ടു മുന്നിലൂടെ ഒരു വലിയ വാന്‍ വേഗത്തില്‍ കയറിപോയി. കാറിന്റെ ചില്ലുകള്‍ താഴ്ത്തിയിട്ട് വാനിനെ നോക്കി പാക്കിസ്താനി ഡ്രൈവര്‍ എനിക്കു തീരെ പരിചിതമല്ലാത്ത ഉര്‍ദുവില്‍ എന്തൊക്കെയൊ വിളിച്ചു പറഞ്ഞു. പറയുന്നത് തെറി ആണെന്നു അയാളുടെ അമര്‍ഷം നിറഞ്ഞ മുഖഭാവത്തില്‍ നിന്നും ഊഹിച്ചു. ഞങ്ങള്‍ പിന്നെയുംകുറെ ദൂരം മുന്നോട്ട് പോയി. ഒരുപാട് വാഹനങ്ങള്‍ നിരനിരയായി നിര്‍ത്തിയിട്ടിരിക്കുന്ന ഒരു കോളനിയില്‍ ആ യാത്ര ചെന്നവസാനിച്ചു.

10 ദിര്‍ഹംസ് ഡ്രൈവര്‍ക്ക് കൊടുത്ത് പെട്ടിയും എടുത്ത് സുഹൃത്തും,ഞാനും പുറത്തിറങ്ങി.

എല്ലില്‍ കുത്തുന്ന തണുപ്പായിരുന്നു പുറത്ത്. മരുഭൂമിയില്‍ ചൂടുമാത്രമാണെന്ന് തെറ്റിദ്ധരിച്ച എന്നെ ഒന്നു കളിയാക്കാനും എന്റെ സുഹൃത്ത് മടിച്ചില്ല. രാത്രിയിലെ മങ്ങിയ വെളിച്ചത്തില്‍ ഇരുനില കെട്ടിടങ്ങളാണ് ചുറ്റിലും എന്നു മാത്രമെ മനസ്സിലായുള്ളൂ. നേരിയ വെളിച്ചം മാത്രമുള്ള നീണ്ട ഇടനാഴിയിലൂടെയായിരുന്നു പിന്നീടുള്ള നടത്തം. ഒത്തിരി മുറികളുടെ വാതിലുകള്‍ കണ്ട് അമ്പരന്നു നിന്ന എന്നെ, അവന്‍ ഒരു വാതില്‍ തുറന്ന് അകത്തേയ്ക്ക് ക്ഷണിച്ചു. അഴിച്ചിട്ട സോക്സിന്റെ രൂക്ഷഗന്ധമായിരുന്നു ആ‍ ഇടനാഴി മുഴുവന്‍. ബാച്ചിലര്‍ ജീവിതത്തിന്റെ അശ്രദ്ധമായ നീക്കിയിരിപ്പുകള്‍ ആ മുറിയില്‍ വളരെ വ്യക്തമായി കാണാമായിരുന്നു.

മൂന്ന് കട്ടിലും, മൂന്ന് അലമാരയും പിന്നെ ടി.വി യും, വി.സി.ഡി യും, കമ്പ്യൂട്ടറും ഒരു വലിയ വെള്ളത്തിന്റെ ബോട്ടിലും ആയിരുന്നു ആ മുറിയിലെ പ്രധാന അലങ്കാര വസ്തുക്കള്‍. നേരിയ കൂര്‍ക്കം വലി കേട്ട ഭാഗത്തേക്ക് നോക്കിയ എന്നോട് കൂട്ടുകാരന്‍ പറഞ്ഞു..അത് അജി, മറ്റെയാള്‍ തോമ‍. രണ്ടുപേരും നല്ല ഉറക്കം. അവരറിഞ്ഞതേ ഇല്ല ഇങ്ങിനെ രണ്ടുപേര്‍ അകത്തു കയറിയത് പോലും.

വേഗം വസ്ത്രങ്ങാളൊക്കെ മാറി, കിടക്കാനുള്ള സ്ഥലത്തിനായ് കണ്ണോടിച്ചപ്പോള്‍ കൂട്ടുകാരന്‍ പറഞ്ഞു
“ഒരുമയുണ്ടെങ്കില്‍ സിങ്കിള്‍കോട്ടില്‍ രണ്ടു പേര്‍ക്ക് സുഖമായിട്ട് കിടക്കാം"
അങ്ങനെ ഞങ്ങള്‍ ഒരേ കട്ടിലില്‍, ഒരേ മൂട്ടകളുടെ കടിയും വാങ്ങി വളരെ അച്ചടക്കത്തോടെ കിടപ്പു തുടങ്ങി. ഒരാള്‍ മലര്‍ന്ന് കിടക്കുമ്പോള്‍ മറ്റെ ആള്‍ ചരിഞ്ഞു കിടന്നെ മതിയാകൂ...അസുഖകരമായ കിടത്തം, എന്നാല്‍ ഇന്നോര്‍ക്കുമ്പോള്‍ സുഖകരമായ ഒരോര്‍മ്മ.

എന്റെ കൂട്ടുകാരന് നേരം വെളുക്കുമ്പോള്‍ തന്നെ ഇറങ്ങണം. എന്നാലെ 9 മണിയാവുമ്പൊഴേക്കും ജോലി സ്ഥലത്തെത്തൂ. അന്നു രാവിലെ അവന്‍ എന്നെയും എഴുന്നേല്‍‌പ്പിച്ചു. ആകാശം ചുവന്ന് തുടുത്ത് വരുന്നതെ ഉണ്ടായിരുന്നുള്ളൂ...പകല്‍ വെളിച്ചത്തില്‍ ഈ നഗരം ആദ്യമായിട്ടു കാണുന്നതിന്റെ അന്താളിപ്പ്. ഞങ്ങള്‍ തിരക്കില്ലാത്ത ഒരു ചെറിയ റോഡിലൂടെ നടക്കാന്‍ തുടങ്ങി. എനിക്ക് കൃത്യമായ ഒരു സ്ഥല പരിചയം ഉണ്ടാക്കുക ആയിരുന്നിരിക്കണം ഉദ്ധേശം. നേരെ എത്തിയത് ഒരു സൂപ്പര്‍മാര്‍ക്കറ്റിന്റെ മുന്നിലായിരൂന്നു. തൊട്ടപ്പുറത്ത് നിന്നും നാടന്‍ മലയാളാത്തില്‍ ചൂടുള്ള രാഷ്ട്രീയ ചര്‍ച്ചകളുടെ ഒരു ബഹളം തന്നെ. ഈ വാണിജ്യ നഗരത്തിലെ മലയാളി സാനിധ്യം ഒരുപാട് കേട്ടറിഞ്ഞിരുന്നെങ്കിലും ആദ്യം അന്താളിപ്പായിരുന്നു മനസ്സില്‍.

ഞങ്ങള്‍ ചായക്കടയില്‍ കയറിയപ്പോള്‍ തന്നെ ഹൃദ്യമായ പുഞ്ചിരിയോടെ ഹസ്സനിക്കയും ഷാഫിയും പിന്നെ ഔള്ളക്കയും ചോദ്യങ്ങളുടെ കെട്ടഴിക്കാന്‍ തുടങ്ങി. ഊരും പേരും മുതല്‍ ഒരു ശരാശരി ഇന്റര്‍വ്യുവിന്റെ എല്ലാ ചോദ്യങ്ങളും അവിടെ കിട്ടിക്കഴിഞ്ഞിരുന്നു. എന്റെ സുഹൃത്ത് പറഞ്ഞു-
“വിസിറ്റ് വിസയില്‍ ആണ് , ഗ്രാഫിക് ഡിസൈനര്‍. എവിടെയെങ്കിലും ഒഴിവുകള്‍ ഉണ്ടെങ്കില്‍ പറയണം”

ചായയും ദോശയും കഴിച്ച് അവന്‍ തൊട്ടടുത്ത ബസ്സ് സ്റ്റോപ്പിലേയ്ക്ക് നടന്ന് പോയി. ഞാന്‍ കുറച്ചു നേരം അവിടെ തന്നെ ഇരുന്നു. കയറി വരുന്ന പരിചയക്കാരോടൊക്കെ പൈസ കൊടുക്കാതെയുള്ള പര‍സ്യങ്ങള്‍ തുടങ്ങിയിരുന്നു ഹസ്സനിക്കയും ഔള്ളക്കയും.

“ നമ്മുടെ സ്വന്തം കുട്ടിയാണ്. എന്തെങ്കിലും ശരിയാക്കി കൊടുക്കൂ.“

അതെ, ഞാന്‍ മിനുട്ടുകള്‍കൊണ്ട് അവര്‍ക്കു സ്വന്തം കുട്ടിയായിരിക്കുന്നു. പ്രവാസത്തിന്റെ മുറിവുകളിലും സ്വത്ത്വം തിരിച്ചറിയുന്ന ആ നല്ല മനസ്സുകള്‍. ഭംഗിവാക്കുകളും, പൊങ്ങച്ചങ്ങളും അവര്‍ക്ക് അപരിചിതമായിരുന്നു. അന്നും, ഇന്നും.

കാലം പിന്നിട്ടപ്പോള്‍, അവരെ ഞാന്‍ ഒരുപാട് അടുത്തറിയുകയായിരുന്നു. വേദനിക്കുന്ന ഒത്തിരി അനുഭവങ്ങളുടെ ഒരു വലിയ കലവറ തന്നെയാണ് കൂലിവേല ചെയ്യുന്ന പ്രവാസിയെന്ന യാഥാര്‍ത്ഥ്യം മനസ്സിനെ വല്ലാതെ അലോസരപ്പെടുത്തിക്കൊണ്ടിരുന്നു. ഇടത് പക്ഷവും വലതു പക്ഷവും അവര്‍ക്കിന്നും പ്രതീക്ഷയുടെ തുരുത്തുകളാണ്...വ്യാമോഹങ്ങളാവാതിരുന്നെങ്കില്‍!!

വളരെ ശാന്തമായ ഈ കോളനി- ഭൂരിപക്ഷവും മലയാളികള്‍, പിന്നെ അറബികളും ഫിലിപ്പിനൊകളും തിങ്ങിപാര്‍ക്കുന്നു. നഗരത്തിന്റെ നടുവിലാണെങ്കിലും, അതിന്റെ പ്രൌഡിയൊ മാസ്മരികതയൊ ഒന്നും പ്രകടമാകാത്ത ഒരു പ്രദേശം. അന്താരാഷ്ട്രവിമാനത്താവളം നോക്കിയാല്‍ കാണുന്ന അകലത്തിലാണ്. തലയ്ക്കു മുകളിലൂടെ നിലത്തിറങ്ങാന്‍ ഒരുങ്ങുന്ന വിമാനങ്ങളുടെ മുരള്‍ച്ച ഇന്ന് ജീവിതത്തിന്റെ ഒരു ഭാഗമായിരിക്കുന്നു.

ദിവസം രണ്ടുകഴിഞ്ഞു. വിസിറ്റ് വിസക്കാരന്റെ ഹണിമൂണ്‍ പിരിയഡ് കഴിഞ്ഞു എന്നര്‍ത്ഥം. ഇനി ജോലി തെണ്ടണം. വൃത്തിയായി തയ്യാറാക്കിയ തൊഴില്‍ ജാതകവും, ഒപ്പം ആര്‍ക്കൊക്കെയൊ എപ്പൊഴൊക്കെയൊ ചെയ്ത് കൊടുത്ത കുറെ ഡിസൈന്‍ വര്‍ക്കുകളുടെ ആല്‍ബവും ഒരു ബാഗിലാക്കി യാത്ര തുടങ്ങി.

ദിവസം തുടങ്ങുന്നത് തന്നെ പത്രത്തിലെ ക്ലാസിഫൈഡ് സെക്‍ഷനില്‍ ആയിരുന്നു . പിന്നെ ഫോണ്‍ വിളികള്‍, ചോദ്യോത്തരങ്ങള്‍...ഇടയ്ക്കെപ്പൊഴൊ വന്ന നീണ്ട സര്‍ക്കാര്‍ അവധികള്‍ വിസിറ്റ് വിസക്കാരന്റെ ആധികള്‍ക്ക് ആക്കം കൂട്ടി. അതിനിടയ്ക്കു തന്നെ കുറെ തൊഴില്‍ വാഗ്ദാനങ്ങള്‍ കിട്ടിത്തുടങ്ങിയിരുന്നു.

ആയിടക്കാണ് എന്റെ കൂട്ടുകാരന്‍ പറഞ്ഞത്, “നമുക്ക് ഗള്‍ഫ് ന്യൂസില്‍ ഒരു പരസ്യം കൊടുക്കാം”
എഴുതി തയ്യാറാക്കിയ പരസ്യവാചകവുമായി ഞാന്‍ സുഹൃത്തിന്റെ നിര്‍ദ്ശാനുസരണം പത്രതിന്റെ ഓഫീസ് തേടി അലയാന്‍ തുടങ്ങി.

അലച്ചിലിനിടയില്‍ പെട്ടന്നൊരാള്‍ പുറകില്‍ തട്ടി വിളിച്ചു.

“ഡാ...നീയിതെവിടെ പോവുന്നു”

ഞെട്ടി തിരിഞ്ഞു നോക്കി. തലയില്‍ റെയ്ബാന്‍ ഗ്ലാസ്സും കയറ്റിവച്ച്, തടിച്ച് സുമുഖനായ ഒരു ചെറുപ്പക്കാരന്‍, എപ്പൊഴൊ കണ്ടു മറന്ന ചിരി.

“നിനക്കെന്നെ മനസ്സിലായില്ലെ?“

ഞാന്‍ ഒന്നൂകൂടെ ആ മുഖത്തേയ്ക്കൊന്ന് തറപ്പിച്ചു നോക്കി.
അതെ, അവന്‍ തന്നെ, പ്ലസ്ടു പരീക്ഷയില്‍ കോപ്പിയടി പിടിച്ച ടീച്ചറെ ഭീഷണിപെടുത്തിയതിന് സ്കൂളില്‍ നിന്നും പുറത്താക്കിയ അതേ കക്ഷി.

“ഡാ...നീ ഇവിടെ?”
അവനൊന്ന് മൂളിക്കൊണ്ട് ചിരിച്ചു...

പിന്നെ എന്നെയും കൂട്ടി ഒരു വലിയ ജ്യൂസ് കടയിലേക്ക് കയറി. തലപ്പാവു വച്ച ഒരു ഫിലിപ്പിനൊ പെണ്‍കുട്ടി എന്തൊക്കെയൊ ചോദിച്ചു. തടിച്ച മെനുകാര്‍ഡില്‍ നോക്കി അവന്‍ എന്തൊക്കെയൊ ഓര്‍ഡര്‍ ചെയ്തു.

“എന്തു കഴിക്കും“ പ്രതീക്ഷിക്കാതെ എന്നോടൊരു ചോദ്യം.
സത്ത്യത്തില്‍ അതിലെ ഒന്നും എനിക്കറിയില്ലായിരുന്നു. ആകെ മനസ്സിലായത് ലെമണ്‍ ജ്യൂസ് മാത്രമാ‍യിരുന്നു. അതു മതിയെന്നു പറഞ്ഞു.

“നീ എപ്പൊഴാ വന്നത്” അന്താളിച്ച് ഇരിക്കുന്ന എന്നോടുള്ള അടുത്ത വലിയ ചോദ്യം.

നീണ്ട ഇടവേളയിലെ കഥ മുഴുവന്‍ ഒറ്റയിരിപ്പിന് ഞങ്ങള്‍ പറഞ്ഞു തീര്‍ത്തു. അവനിപ്പൊ ഇവിടെ എന്തൊക്കെയൊ ബിസിനസുകള്‍ ഉണ്ടെന്നും മറ്റും മറ്റും. ബിസിനസിന്റെയൊ ദുബൈയുടെ തന്നെയൊ ബാലപാഠങ്ങള്‍ അറിയാത്ത ഞാന്‍ എല്ലാം കേട്ടിരുന്നു.

“കാശു വല്ലതും വേണൊ ഡാ” കാലങ്ങള്‍ കഴിഞ്ഞിട്ടും കൈമോശം വരാത്ത നല്ല സൌഹ്രിദത്തിന്റെ ആ ചോദ്യത്തില്‍ സന്തോഷം കൊണ്ട് ഞാന്‍ അറിയാതെയൊന്നു പുളഞ്ഞു.

“ഇപ്പൊ വേണ്ട, ആവശ്യത്തിനുള്ളത് കയ്യില്‍ ഉണ്ട്.”

അവന്റെ പുതുമ മാറാത്ത കാറില്‍ പത്രമോഫീസിന്റെ ഗെയ്റ്റില്‍ എന്നെ ഇറക്കി.
ഒരു കാര്‍ഡും തന്നു ആവശ്യം വരുമ്പോള്‍ വിളിക്കാന്‍.

പച്ച നിറമുള്ള ചില്ലുകള്‍ പിടിപ്പിച്ച ആ കൂറ്റന്‍ കെട്ടിടത്തിലായിരുന്നു പത്രത്തിന്റെ ഓഫീസ്. ടൈയും കോട്ടുമിട്ട് കടിച്ചാല്‍ പൊട്ടാത്ത ഇഗ്ലിഷില്‍ അവര്‍ എന്തൊക്കെയൊ എന്നോട് ചോദിച്ചു. തിരിച്ചറിഞ്ഞ ചില വാക്കുകള്‍, അവ കൂട്ടി ചേര്‍ത്ത് ഞാന്‍ മറുപടി കൊടുത്തു. ഇഗ്ലിഷ് മീഡിയത്തില്‍ ചേര്‍ക്കാതിരുന്ന അച്ഛനോട് ഇത്തിരി അമര്‍ഷം തോന്നിയൊ അപ്പോള്‍.

ഞാന്‍ അല്പമൊന്നു നടന്നു മാറിയപ്പോള്‍ കോട്ടിട്ട ചെറുപ്പക്കാരന്‍ പുറകിലോട്ടു നോക്കി വിളിച്ചു പറയുന്നുണ്ടായിരുന്നു “ഹമീദെ..എത്ര നേരായെടാ ഒരു ചായക്കു പറഞ്ഞിട്ട്”

അവിടത്തെ പരിപാടികള്‍ കഴിഞ്ഞ് പുറത്തിറങ്ങിയപ്പോഴേയ്ക്കും ഉച്ചവെയിലിന്റെ ശക്തി കൂടിയിരുന്നു. തൊട്ടടുത്ത ബസ്സ്സ്റ്റോപ്പിലേയ്ക്ക് എത്താന്‍ രണ്ടു റൊഡുകള്‍ മുറിച്ചു കടന്നു. അപ്പോഴേയ്ക്കും ബസ്സ് വന്നു. നല്ല തിരക്കായിരുന്നു ബസ്സില്‍. മുന്നിലൂടെയെ ആള്‍കാരെ കടത്തിവിടൂ...ഒരു ഡ്രൈവര്‍ മാത്രം എത്ര മനോഹരമായി അതു കൈകാര്യം ചെയ്യുന്നു. ആദ്യം കയറിയ ഉടനെ ടിക്കറ്റ് എടുക്കണം. അതു കഴിഞ്ഞു സൌകര്യമുള്ള ഒരു സ്ഥലം കണ്ടുപിടിച്ചു നില്‍ക്കാന്‍. ടിക്കറ്റ് എടുത്തില്ലെങ്കിലും അയാള്‍ക്ക് കുഴപ്പമില്ല. ഇടക്കിടെ കയറിവരുന്ന ചെക്കിങ്ങ് ഇന്‍സ്പെക്ടര്‍മാര്‍ എഴുതി തരുന്ന ഭാരിച്ച ഫൈന്‍ താങ്ങാനുള്ള ശേഷി വേണം യാത്രക്കാരന് എന്നു മാത്രം.

വായില്‍ നിറയെ മുറുക്കാന്‍ ചവച്ച് ഒരു ബംഗാളി, തൊട്ടു മുന്നില്‍ ഇരിക്കുന്ന ഫിലിപ്പിനിപെണ്ണീനെ ആര്‍ത്തിയോടെ നോക്കുന്നു. വലിയ ജുബ്ബ പോലത്തെ വസ്ത്രം ധരിച്ച പാക്കിസ്ഥാനികളാണ് ബസ്സില്‍ കൂടുതലും. വെള്ളത്തോട് അലര്‍ജിയുള്ളവരാണോ ഇവര്‍.- ഒരു വൃത്തികെട്ട മണം, ബസ്സിലാകെ. വസ്ത്രത്തിന്റെ അരികുകള്‍ മുഴുവനും അഴുക്ക് പുരണ്ട് കറുപ്പു നിറമായിരിക്കുന്നു. പച്ചകള്‍ എന്നാണ് പൊതുവെ പാക്കിസ്ഥാനികള്‍ അറിയപ്പെടുന്നത്. നമ്മള്‍ മലയാളികള്‍ മലബാറി എന്ന ഓമനപ്പേരിലും.

വിളിപ്പേരിന്റെ വേരുകള്‍ തേടിയപ്പോള്‍, അത് ചരിത്രത്തില്‍ നിന്നടര്‍ത്തിയെടുത്ത സത്യങ്ങളാണെന്നറിഞ്ഞു. ഇവിടെ ആദ്യമായി എത്തിയതും പ്രവാസജീവിതം തുടങ്ങിയതും ഒക്കെ മലബാറില്‍ നിന്നെത്തിയവരായിരുന്നു. ഒപ്പം ഗള്‍ഫ് രാജ്യങ്ങള്‍ക്ക് വ്യാപാര വാണിജ്യ ബന്ധമുണ്ടായിരുന്നത് കോഴിക്കോട് പോലുള്ള മലബാര്‍ പ്രദേശങ്ങളുമായിട്ടായിരുന്നു. അറബിക്കല്യാണം ഒരുകാലത്ത് വളരെ അധികം പ്രചാരമുള്ളതായിരുന്നല്ലൊ. അങ്ങനെ മലയാളികള്‍ മൊത്തത്തില്‍ ഇവര്‍ക്ക് മലബാറികള്‍ ആയി എന്നു ചരിത്രം.

വൈകുന്നേരങ്ങളില്‍ പുതിയ പുതിയ സ്ഥലങ്ങള്‍ തേടിയുള്ള കാല്‍നട യാത്രയായിരുന്നു..ഷോപ്പിംഗ് മാലുകള്‍, പാര്‍ക്കുകള്‍...പല ദേശങ്ങളില്‍ നിന്നും വന്നവര്‍, പല ഭാഷകള്‍ സംസാരിക്കുന്നവര്‍, പല രീതികള്‍. പല തരം വസ്ത്രധാരണ രീതികള്‍. യുവത്വത്തിന്റെ ചാപല്യങ്ങളായിരിക്കാം ഞങ്ങളെ “വായ് നോക്കികള്‍” എന്നു വിളിക്കാന്‍ മറ്റുള്ളവരെ പ്രേരിപ്പിച്ചത്. എന്തൊക്കെ പറഞ്ഞാലും വായ്നോട്ടം ഒരു കലയാക്കാന്‍ തന്നെ ഞങ്ങള്‍ തീരുമാനിച്ചു കഴിഞ്ഞിരുന്നു.

അങ്ങനെ 21 ദിവസം കഴിഞ്ഞു. മനസ്സിനു പിടിച്ച ഒരു ജോലി, എന്റെ തൊഴില്‍ ജാതകം അവര്‍ക്കും ഇഷ്ടമായി...കല്യാണക്കുറിയും ലഭിച്ചു. അവധി ദിനങ്ങള്‍ പിന്നെയും എന്റെ മടുപ്പിക്കുന്നു വെറുതെയിരിപ്പിന് നീളം കൂട്ടി. അങ്ങനെ ഒരു ചൊവ്വാഴ്ച എന്നോട് രാജ്യം വിടാന്‍ പറഞ്ഞു. തൊഴില്‍ വിസ എടുക്കണമെങ്കില്‍ അത് അത്യാവശ്യമായിരുന്നു.

കേട്ടു പരിചയം മാത്രമുള്ള കിഷ് എയര്‍വേയ്സില്‍ ഷാര്‍ജ-മസ്കറ്റ്-ഷാര്‍ജ ആയിരുന്നു യാത്ര. എയര്‍പോര്‍ട്ട് തികച്ചും ഒരു ഇസ്ലാമിക്ക് കള്‍ച്ചറിന്റെ രീതിശാസ്ത്രങ്ങളോടെ തന്നെ പണിതതായിരുന്നു. റഷ്യന്‍ പൈലറ്റ് ആണു വിമാനം പറത്തുക എന്നൊക്കെ സ്ഥിരം യാത്രക്കാര്‍ അനോന്ന്യം പറയുന്നത് കേട്ടു. അങ്ങനെ ദൈവ വിളി വന്നു. വിമാനത്തിന്റെ അടുത്തു വരെ നല്ല വൃത്തിയും വെടിപ്പും ഒക്കെ ഉള്ള ബെന്‍സ് കമ്പനിയുടെ ബസ്സിലായിരുന്നു യാത്ര. വിമാനത്തിന്റെ അടുത്തെത്തിയപ്പോള്‍, യാത്രക്കാരെല്ലാവരും ഇറങ്ങാന്‍ തയ്യാറായി. മനസ്സിലെ വിമാന സ്വപ്നങ്ങളെ അപ്പാടെ തകിടം മറിക്കാനുള്ള നില്‍‌പായിരിന്നു കിഷ് എയര്‍വേയ്സിന്റെത്. പൈലറ്റ് ടയര്‍ ചവിട്ടി നോക്കുന്നു..തുരുമ്പിച്ച ചിറകുകളും, ഇളകിയ ചായവും എല്ലാ മുഖങ്ങളിലും ഭയത്തിന്റെ നിഴലാട്ടമുണ്ടക്കിയിരുന്നു.

മരണഭയത്തില്‍ ഇടറിയ കാല്‍ വെപ്പോടെ ഒരോരുത്തരായി അവരവരുടെ ഇരിപ്പിടത്തില്‍ ഇരുന്നു. എന്റെ സ്ഥാനം ഏറ്റവും പുറകിലായിരുന്നു. എല്ലാവര്‍ക്കും ഈ യാത്ര പൂര്‍ണ്ണമായും വിസമാറുന്നതിനുള്ളത് മാത്രമായിരുന്നു. എന്റെ തൊട്ടു മുന്നിലെ സീറ്റിലെ രണ്ട് ഫിലിപ്പിനൊ പെണ്‍കുട്ടികള്‍ അവരുടെ ഭാഷയില്‍ എന്തൊക്കെയൊ പറഞ്ഞ് പൊട്ടിച്ചിരിക്കുന്നുണ്ടായിരുന്നു. ഇവിടെ ഏറ്റവും കുറഞ്ഞ വേതനത്തിന് പണിയെടുക്കുന്നത് അവരാണ്. പക്ഷെ അവരുടെ ജീവിത രീതി മൊത്തത്തില്‍ അമേരിക്കന്‍ ശൈലികളുടെ കടമെടുപ്പായിരുന്നു. നൈറ്റ് ക്ലബ്ബിലും, ഡാന്‍സ് ബാറിലും, സൂപ്പര്‍ മാര്‍ക്കറ്റുകളിലെ കാഷ്യറായും, കമ്പനികളിലെ സെക്രട്ടറിയായും എന്തിനേറെ തെരുവുകളില്‍ വിലപേശുന്ന വേശ്യകളായും ഈ കൊച്ചു രാജ്യത്ത് ഇവര്‍ നിറഞ്ഞ് ജീവിക്കുന്നു.

എന്റെ തൊട്ടടുത്തിരുന്ന മലയാളി സുഹൃത്ത് അപ്പോഴെക്കും എന്നോട് കുശലാന്വേഷണം നടത്തി തുടങ്ങിയിരുന്നു. ഇവിടെ ഏതോ കമ്പനിയില്‍ എന്‍‌ജിനീയറാ‍യിട്ടു വന്നതാണെന്നും, ഇവിടത്തെ കെട്ടിടങ്ങളുടെ നിര്‍മ്മാണരീതികളും, അതിന്റെ ബലവും, ബലാരിഷ്ടതകളും ഒക്കെ പറഞ്ഞുകൊണ്ടിരിന്നു അദ്ദേഹം. നീളന്‍ സീറ്റില്‍ ഇരുന്ന് സുന്ദരികളായ റഷ്യക്കാരികളെ എല്ലാവരും ഒളികണിട്ടു നോക്കുന്നുണ്ടായിരുന്നു. വാതിലുകള്‍ അടഞ്ഞു. പെട്ടന്ന് വെള്ള വസ്ത്രം ധരിച്ച ഒരു സുന്ദരി വന്ന്..എല്ലാവരോടും സീറ്റ് ബെല്‍ട്ട് ഇടാന്‍ പറഞ്ഞു.
“ഇവളൊക്കെ എന്തിനാ വസ്ത്രം ഇടുന്നത്, ഇട്ടിട്ടും ഒക്കെ കാണാലൊ” എന്റെ എന്‍‌ജിനീയര്‍ സുഹൃത്ത് ഗവേഷണം തുടങ്ങിയിരുന്നു.

ഓഫാകാതിരുന്നു ഒരു ലൈറ്റിന്റെ അടുത്ത് പോയി ആ ശുഭ്ര വസ്ത്രധാരിണി രണ്ട് ഇടി കൊടുത്തു...അതു പെട്ടന്ന് തന്നെ അനുസരണയോടെ കണ്ണടച്ചു. വിജയഭാവത്തില്‍ സുന്ദരി എല്ലാവരെയും നോക്കി കണ്ണിറുക്കി. എല്ലാ കണ്ണൂകളിലും അല്‍ഭുതം ആയിരുന്നിരിക്കണം.

“ഇങ്ങിനെയും വിമാനമൊ?”

എന്‍‌ജിനീയര്‍ സുഹൃത്ത് വെടി പൊട്ടിച്ചു

“എങ്ങിനെയെങ്കിലും ഇതൊന്നു പറന്നു പൊങ്ങി ജീവനോടെ താഴെയിറക്കി തന്നാല്‍ മതിയായിരുന്നു”

പെട്ടന്നു മുന്നിലിരുന്ന ഒരു അപ്പൂപ്പനും അമ്മൂമ്മയും ഞങ്ങളെ നോക്കി കണ്ണുരുട്ടി. ജീവിതസായാഹ്നത്തിലും ജീവിക്കാനുള്ള ആസക്തിയാണോ അതോ പേരക്കുട്ടികളോടൊപ്പം കളിച്ചും ചിരിച്ചും മതിയാകാത്തതിന്റെ പരിഭവമായിരുന്നൊ ആ ദേഷ്യത്തിന് പിന്നിലെന്നു കുറെ നേരം ഞാന്‍ ആലോചിച്ചു

അപ്പൊഴേയ്ക്കും വിമാനത്തിന്റെ എന്‍‌ജിനുകള്‍ മുരണ്ടു തുടങ്ങിയിരുന്നു.
(തുടരും...)

2007, മാർച്ച് 25, ഞായറാഴ്‌ച

ചില കുനുഷ്ടു ചിന്തകള്‍!!


മൂട്ട...
നല്ല തണുപ്പുള്ള ഒരു രാത്രിയാണ് ഗള്‍ഫ് സ്വപ്നങ്ങള്‍ക്ക് കൊമ്പ് മുളച്ചത്...അങ്ങനെ ഇവിടെ വിമാനം ഇറങ്ങി. ഗള്‍ഫിന്റെ പ്രാരാബ്ദം, വന്ന അന്നു തന്നെ അറിയിക്കാതിരിക്കാനാണോ ആവോ എന്റെ കൂട്ടുകാരന്‍ ബസ്സില്‍ കയറ്റാതെ എന്നെ ഒരു പാക്കിസ്താനിയുടെ കാറിലായിരുന്നു കൊണ്ടുപോയത്. നാട്ടില്‍ ഒത്തിരിയൊന്നും കാറിനെ ആശ്രയിക്കാത്തത് കൊണ്ട് ഇത്തിരി ഗമയില്‍ തന്നെ കയ്യൊക്കെ നിവര്‍‌ത്തി വെച്ചിരുന്നു...

പ്രകാശത്തില്‍ കുളിച്ച് നില്‍ക്കുന്ന അത്ഭുത നഗരത്തിലെ കാഴ്ച്ചകള്‍ കണ്ടുകൊണ്ടുള്ള യാത്ര...
പ്രവാസം രക്തപങ്കിലമാണെന്ന് ആദ്യമറിഞ്ഞത് അപ്പോഴായിരുന്നു- മൂട്ടയ്ക്ക് സ്തുതി!! ഞാനൊന്ന് ചരിഞ്ഞു ചൊറിയാന്‍ തുടങ്ങി...കൂടെയുള്ളവന്‍ ആസനം ചൊറിയുന്നത് കണ്ടാലുള്ള ചമ്മല്‍ ആവശ്യത്തിലേറെ. പക്ഷെ മൂട്ടആശാന്‍ സ്ഥലകാലബോധമില്ലാതെ പരിപാടി തുടരുകയാണ്.

പതുക്കെ പതുക്കെ ഈ മഹാരാജ്യവും, മൂട്ടയും തമ്മിലുള്ള “ബന്ധം” ബോധ്യപ്പെട്ടു തുടങ്ങി. രാത്രി ചെല്ലുമ്പോള്‍ മൂട്ടയിറങ്ങും.. കരിമ്പിന്‍ തോട്ടത്തില്‍ ആന ഇറങ്ങും പോലെ... പിന്നെ കടിയായി...ചൊറിച്ചിലായി... പിടിച്ചു പൊട്ടിച്ചാല്‍ ചോര തെറിക്കും... മൂട്ടയുടെ മണമില്ലെങ്കില്‍ പ്രവാസം പൂര്‍ണ്ണമാവില്ല!!

അവധി ദിനങ്ങളില്‍ ബോംബിങ്ങ്, ബെയ്ഗണിംഗ്... ആശ്വാസം...മൂട്ട ഒതുങ്ങി!!
5 നാള്‍ കഴിയുമ്പോള്‍ വീണ്ടും ചൊറിച്ചില്‍, പെറുക്കല്‍, കൊലപാതകം!! കള്ളവണ്ടിയില്‍ കേറിയാല്‍ അവിടെയും മൂട്ട. അലക്കി തേച്ച് ടൈയും കോട്ടുമിട്ട് ഓഫീസില്‍ എത്തിയാല്‍ ആളുകളുടെ വിചിത്ര നോട്ടം.-കാര്യം പിടികിട്ടി...മൂട്ട കൃത്യ സമയം പാലിച്ച് ഓഫീസിലും എത്തിയീരിക്കുന്നു. അടുത്ത കാലത്ത് ആരോ പറഞ്ഞു- മൂട്ടയെ ഈ രാജ്യത്തിന്റെ ദേശീയ മൃഗമാക്കി പ്രഖ്യാപിക്കണം!!

ഈ എഴുത്ത് ഈ ഭൂലോകത്തിലെ സകലമാന മൂട്ടകള്‍ക്കും, മൂട്ടകളുടെ വിക്രിയയില്‍ മനം നൊന്ത് ആത്മഹത്യയെ കുറിച്ച് പോലും ചിന്തിക്കുന്നവര്‍ക്കും മാത്രമായി സമര്‍പ്പിക്കുന്നു.
മുട്ട...
ബാച്ചിലര്‍ പ്രാവാസികളുടെ സന്തത സഹചാരി... കിതപ്പ് വരുമ്പോള്‍ ചിന്തിക്കും - കൊളസ്റ്റ്രോള്‍... കാത്സ്യം വേണം - അപ്പൊഴും മുട്ട!! പ്രായം കൂടുമ്പോള്‍ വൈദ്യന്‍ പറയും “വായു“!! എന്നാലും രാവിലെ മുട്ടയും ബ്രഡും തന്നെ വേണം.. വേറെ വഴിയില്ലാ...ജീവിക്കണ്ടേ!!!

2007, മാർച്ച് 23, വെള്ളിയാഴ്‌ച

മായക്കാഴ്ച്ച!!


ഉച്ച വെയിലിന്റെ കത്തലിനു
പട്ടിണിക്കോലങ്ങളുടെ
എരിയുന്ന വയറിന്റെ ചൂടുണ്ടോ?

മരുഭൂമിയില്‍ മരുപ്പച്ച തേടി അലയുന്ന
വര്‍ണ്ണഭേദമില്ലാത്ത പേക്കോലങ്ങള്‍ക്ക്
ഇല്ലായ്മയുടെ മായക്കാഴ്ച്ചയാണോ നാളെയും?

കനലും കാറ്റുമില്ലാതെ എരിയുന്ന ജന്മങ്ങളെങ്ങും...
ആര്‍ത്തു ചിരിക്കുകയാണ് വറുതിയുടെ പ്രേതങ്ങള്‍...

ചെമ്മീനും നെല്ലും
തോട്ടികളുടെ കിനാവുകളും
കണ്ണീരില്‍ കഥയെഴുതിയപ്പോള്‍...
ഞാന്‍ ഈ വരണ്ട മഷിത്തണ്ടുമായി
എഴുതാന്‍ പുറങ്ങളില്ലാതെ...
കഥയില്ലാത്തവനായ്...
ഇതുമൊരു മായക്കാഴ്ച്ച!!

2007, മാർച്ച് 15, വ്യാഴാഴ്‌ച

ഓര്‍മ്മ...


കുട്ടിക്കാലത്തിന്റെ ഓര്‍മകള്‍ക്ക് എന്നും നാട്ടു മാങ്ങയുടെ മാധുര്യമാണ്..ഒര്‍മകളിലേയ്കുള്ള ഒരു തിരിച്ചു പോക്ക്..ഓര്‍ക്കാനും ഓമനിക്കാനും മാത്രമായി..

അച്ചന്റെയും അമ്മയുടെയും വിരല്‍ തുമ്പില്‍ തൂങ്ങിയാടി റയില്‍ പാളത്തിനു മുകളില്‍ കൂടിയുള്ള വൈകുന്നേരങളിലെ യാത്രകളും , തോട്ടിലെ മിന്നിമായുന്ന സ്വര്‍ണ്ണ വരയുള്ള മത്സ്യങ്ങളും , മുഴങ്ങി കേള്‍ക്കുന്ന അമ്പലത്തിലെ ശംഖധ്വനിയും , പിന്നെ, വാടക വീടിന്റെ പിന്നാമ്പുറത്ത് മണ്ണപ്പം ചുട്ടുകളിക്കുന്ന ഒരു ചേച്ചിയും കുഞ്ഞനിയനും ..ഓര്‍മകള്‍ക്ക് പുതുമഴയുടെ തുടിപ്പും പ്രസരിപ്പും ...

വലിയ ഇരുനില വാടക വീട്, പഴകി ദ്രവിച്ച ഞാലിയും , പൊട്ടിതുടങ്ങിയ ഓടുകളും . അചന്റെ തീരാത്ത പ്രാരാബ്ദങളായിരുന്നു ആ വീടിന്റെ കണ്ടുപിടുത്തത്തിനു പിന്നിലെന്ന തിരിച്ചറിവുണ്ടാകാന്‍ കാലം ഏറെ വേണ്ടി വന്നു...തപാല്‍ വകുപ്പിലെ ഉദ്യോഗം രണ്ടു വലിയ കുടുംബങ്ങളുടെ വിദ്യാഭാസത്തിനും ആഹാരത്തിനും തികയാതെ വരുമ്പൊ, ആശങ്കാകുലനാവുന അച്ചന്റെ മനസ്സറിയാതെ, ഓടുന്ന പച്ച തത്ത വാങ്ങി തരാന്‍ ശാഠ്യം പിടിക്കുന്ന ഉണ്ട കണ്ണനെ അമ്മ വാരിയെടുത്ത് ഉമ്മ വെക്കുന്നതും .. കാലത്തിന്റെ വിക്രിതികള്‍ ആയിരുന്നിരീക്കാം ...

മണ്ണെണ്ണ തിരിയിട്ട് അക്ഷരങ്ങള്‍ കൂട്ടി വായിക്കാന്‍ പഠിക്കുന്ന ചെച്ചിയൊടൊപ്പമിരുന്ന് മായാവിയുടെ കൊമ്പും , കപീഷിന്റെ വാലും നോക്കി , ആരു വന്നാലും പുറകെ കൂടി കഥ പറയിക്കുന്ന ബാല്യത്തിന്റെ തിണ്ണ മിടുക്ക്...

അക്ഷരങ്ങളെ പ്രണയിക്കാന്‍ ശീലിപ്പിച്ചതും അച്ഛനായിരുന്നു...ഒരിക്കലും മുടങ്ങാതെ എത്തുന്ന ചിത്ര കഥകളും , അമ്പിളി മാമനെ നോക്കി കൊണ്ട് അച്ഛന്റെ മടിയില്‍ കിടന്ന് കേട്ട ഹിറ്റ്ലെറും , ലെനിനും ,സാര്‍ ചക്രവര്‍ത്തിയും , ചരിത്രമറിയാതെയുള്ള ചരിത്രത്തിന്റെ ബാലപാഠങ്ങളായിരുന്നു...

ഉച്ച കഴിഞ്ഞുള്ള പതിവുറക്കം , അമ്മയെ ഉറക്കി കിടത്തി പരമ്പിന്റെ തെക്കെ മൂലയിലെ പ്ലാവിന്റെ കീഴെ പൊയിരുന്നു സ്കൂളില്‍ നിന്നും ചേച്ചി വരുന്നതും കാത്തുള്ളാ നില്‍പ്...അതിനിടയ്ക്ക് അണ്ണാറ കണ്ണനും കൊട്ടയ്ക പക്ഷികളും വഴിയെ പോകുന്ന വല്യമ്മമാരുടെ കുശലാന്വെഷണങ്ങളും ..രസമുള്ള ഒര്‍മകള്‍ ..
ചേച്ചി വരുമ്പൊ വിയര്‍പ്പിലും മണ്ണിലും കുതിര്‍ന്ന ഒരു കഷ്ണം കടല മിഠായി കൊണ്ടു വരും ..കുഞ്ഞനിയനുള്ള സ്നേഹ സമ്മാനം!!

2007, മാർച്ച് 1, വ്യാഴാഴ്‌ച

സമയം കണ്ണടയ്കുന്നു...

ഇന്ന്, വല്ലാത്തൊരു വൈകുന്നേരം ആയിരുന്നു...ഒരു ബോട്ടില്‍ ബിയറിന്റെ ഓരം ചേര്‍ ന്ന് ഇന്നലെകളുടെ ഉല്‍ സവങളിലേക്കുള്ള തിരിച്ചു പോക്കായിരുന്നു...അടുത്ത സുഹ്രുത്തുക്കള്‍ എല്ലാവരും ...എപ്പൊഴൊക്കെയൊ മുറിഞു പോയ വാക്കുകള്‍ ...ഇടറിയ സ്വരങള്‍ ..ഗദ്ഗദം കൊണ്ട് പതറിപ്പോയ മനസ്സ്...
സ്വപ്നങള്‍ ക്കിടയിലെ രൌദ്ര ദൂരങളെകുരിച്ചുള്ള ഓര്‍ മ്മപെടുത്തലുകള്‍ ... ഒരോരുത്തരും പരസ്പരം എത്ര സ് നേഹിക്കുന്നു ...ഒരിക്കലും വറ്റാത്ത സ് നേഹത്തിന്റെ ഈ തെളിനീരുറവ എന്നും ഇതുപോലെ...
നന്ദി സുഹ്രുത്തെ...ഇതുപോലൊരു സായാഹ്നം സമ്മാനിച്ചതിന്...സമയം കണ്ണടയ്കുന്നു...നമുക്കും സ്വപ്നങള്‍ കാണാം ...